28 September Thursday

തെരഞ്ഞെടുപ്പോ ? ധൈര്യം ചോർന്ന്‌ ബിജെപി

സാജൻ എവുജിൻUpdated: Tuesday Sep 19, 2023

തെരഞ്ഞെടുപ്പുകളെ ആവേശത്തോടെ കണ്ടിരുന്ന ബിജെപിക്ക്‌ ഇപ്പോൾ തെരഞ്ഞെടുപ്പ്‌ എന്നുകേട്ടാൽ ഭയമാണ്‌. തുടർച്ചയായി വിജയം ആഘോഷിച്ചിരുന്ന സ്ഥിതിയാകെ  മാറി. അടുത്തകാലത്തായി തിരിച്ചടികളാണ്‌ ആവർത്തിക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലുംവരെ ബിജെപിക്ക്‌ പ്രഹരമാണ്‌ കിട്ടുന്നത്‌. 15 വർഷം അടക്കിഭരിച്ച ഡൽഹി നഗരസഭാ ഭരണംവരെ നഷ്ടപ്പെട്ടു; പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രചാരണത്തിന്‌ ഇറങ്ങിയതാണ്‌. ജനങ്ങളെ അടിക്കടി സമീപിക്കാനുള്ള ഭയം കാരണം ഒറ്റത്തെരഞ്ഞെടുപ്പ്‌  മതിയെന്നാണ്‌ പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്‌. ഇതേക്കുറിച്ച്‌ നിർദേശം നൽകാൻ കേട്ടുകേൾവിയില്ലാത്ത രീതിയിൽ മുൻരാഷ്‌ട്രപതിയെ നിയോഗിച്ചിരിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ബിജെപിയുടെ എക്കാലത്തെയും വലിയ വിജയമായിരുന്നു. എന്നാൽ, മാസങ്ങൾക്കുശേഷം നടന്ന മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ടുവിഹിതം വൻതോതിൽ ഇടിഞ്ഞു. ഹരിയാനയിൽ സർക്കാരുണ്ടാക്കാൻ പ്രാദേശിക കക്ഷിയെ കൂട്ടുപിടിക്കേണ്ടിവന്നു. മഹാരാഷ്‌ട്രയിൽ ശിവസേന എൻഡിഎ വിട്ടുപോകുകയും ബിജെപിക്ക്‌ ഭരണം നഷ്ടപ്പെടുകയും ചെയ്‌തു. ശിവസേനയെ പിളർത്തി  ഭരണം തിരികെ പിടിക്കാൻ നടത്തിയ കുതിരക്കച്ചവടം വിജയിച്ചെങ്കിലും രാഷ്‌ട്രീയമായി വലിയ വില കൊടുക്കേണ്ടിവന്നു. ശിവസേനാ വിഘടിതവിഭാഗം നേതാവ്‌ ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായിരിക്കെ ബിജെപിയുടെ മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‌ ഉപമുഖ്യമന്ത്രിയായി ഒതുങ്ങേണ്ടിവന്നു. 2019 അവസാനം നടന്ന ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഭരണം നഷ്ടമായി. 2020ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു.

ബംഗാൾ, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ കേന്ദ്ര ഭരണകക്ഷിക്ക്‌ കനത്ത ക്ഷീണമായി. ഉത്തർപ്രദേശിലും അസമിലും ഗുജറാത്തിലും ശക്തമായ പ്രതിപക്ഷനിര ഉയർന്നുവരാതിരുന്ന സാഹചര്യത്തിൽ ബിജെപിക്ക്‌ ഭരണം നിലനിർത്താനായി. ത്രിപുരയിൽ ആക്രമണപരമ്പര സൃഷ്ടിച്ചും വോട്ടുകൾ ഭിന്നിപ്പിച്ചും വൻതോതിൽ പണമൊഴുക്കിയും ഭരണത്തിൽ തുടരാനായെങ്കിലും ബിജെപിയുടെ വോട്ടുവിഹിതം 10 ശതമാനം ഇടിഞ്ഞു. ഹിമാചൽപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ ഭരണം നഷ്ടമായി. ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വത്തിന്‌ തെല്ലും ശുഭപ്രതീക്ഷയില്ല. അഴിമതിയും കെടുകാര്യസ്ഥതയും ദുർഭരണവും ബിജെപി പ്രവർത്തകരിൽ നിരാശ പടർത്തിയിരിക്കുന്നു. ഇരട്ട എൻജിൻ ഭരണത്തിന്റെ മേനി നടിക്കൽ മണിപ്പുർ കലാപത്തോടെ അവസാനിപ്പിക്കേണ്ടിവന്നു. കേന്ദ്ര സർക്കാരിന്റെ ഒത്താശയിൽ വളർന്നുപന്തലിച്ച അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുമ്പോഴും പ്രധാനമന്ത്രിക്ക്‌ പ്രതികരണമില്ല.

കപടവാഗ്‌ദാനങ്ങളുമായി ജനങ്ങളെ വീണ്ടും അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ പരമാവധി ഒഴിവാക്കിയാലോയെന്ന ചിന്ത ഉദയംചെയ്യുന്നത്‌ സ്വാഭാവികം. ജനങ്ങൾ അത്രത്തോളം ബിജെപിയെ വെറുക്കുന്നുണ്ടെന്ന്‌ അവർ മനസ്സിലാക്കുന്നു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന നിർദേശമൊക്കെ ഇതിന്റെ ഫലമാണ്‌. അടുത്തവർഷം നടക്കേണ്ട  ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബിജെപി കടുത്ത ആശങ്കയോടെയാണ്‌ കാണുന്നത്‌.  നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുന്നത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ സ്വാധീനിക്കുമെന്ന ഭീതി  നേതൃത്വത്തെ പിടികൂടിയിട്ടുണ്ട്‌. ഈ തെരഞ്ഞെടുപ്പുകൾ ഇപ്പോൾത്തന്നെ  ഒരേസമയം നടത്തണോ  നിയമസഭാ തെരഞ്ഞെടുപ്പുകൾ നീട്ടാൻ വഴിയുണ്ടോ എന്നൊക്കെ ആലോചന നടക്കുന്നു.

ജനവികാരം മറികടക്കാൻ  ഇത്തരത്തിൽ  പലതരം ആലോചനകളും പദ്ധതികളുമാണ്‌ ബിജെപിയിൽ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്‌ ഇതിന്റെ ഭാഗമായാണ്‌.  കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ മോദിസർക്കാരിന്റെ താൽപ്പര്യങ്ങൾക്ക്‌ ഒത്താശ ചെയ്യുന്നതായി പലതവണ പരാതിയുയർന്നു. ഇതുകൊണ്ടും മതിയാകാതെ തെരഞ്ഞെടുപ്പുകമീഷനെ പൂർണമായും കേന്ദ്ര സർക്കാർ ഏജൻസിയാക്കി മാറ്റുകയാണ്‌. മുഖ്യ തെരഞ്ഞെടുപ്പുകമീഷണർ നിയമനത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ തിരക്കിട്ട്‌  ബിൽ കൊണ്ടുവന്നു. മോദിസർക്കാരിന്റെ ചൊൽപ്പടിക്ക്‌  നിൽക്കുന്നവരെ തെരഞ്ഞെടുപ്പുകമീഷൻ തലപ്പത്ത്‌ കൊണ്ടുവരികയാണ്‌ ലക്ഷ്യം.

പ്രതിപക്ഷ കൂട്ടായ്‌മയായ ‘ഇന്ത്യ’യെ പ്രധാനമന്ത്രി തുടർച്ചയായി ആക്ഷേപിക്കുന്നത്‌ പരിഭ്രമത്തിന്‌ തെളിവാണ്‌. രാഷ്‌ട്രീയത്തിലെ നവാഗതർ ഉപയോഗിക്കുന്ന ഭാഷയിലാണ്‌ പ്രധാനമന്ത്രി  സംസാരിക്കുന്നത്‌. വിശ്വഗുരു എന്ന്‌ ബിജെപി കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി പ്രതിപക്ഷസ്വരം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. സർക്കാരിനെ വിമർശിക്കുന്നവർ രാജ്യത്തെ ആക്രമിക്കുകയാണെന്ന്‌ പ്രധാനമന്ത്രി പറയുന്നു.
ഏറ്റവുമൊടുവിൽ കേൾക്കുന്നത്‌ ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ്‌. 2019ൽ ആണ്‌ ഒടുവിൽ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ജെഎൻയുവിനെ കാവിവൽക്കരിക്കാൻ എല്ലാ ശ്രമവും നടത്തിയിട്ടും അവിടെ തെരഞ്ഞെടുപ്പ്‌ നടത്താൻ ധൈര്യമില്ല. തെരഞ്ഞെടുപ്പിന്‌ സമയമായിട്ടില്ലെന്നാണ്‌ വൈസ്‌ ചാൻസലർ പറയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top