01 February Wednesday

2004ന്റെ ഭീതിയിൽ സംഘപരിവാർ

സാജൻ എവുജിൻUpdated: Wednesday Oct 19, 2022

ഒടുവിൽ ആർഎസ്‌എസും മോദിസർക്കാർ നയങ്ങൾക്കെതിരെ  മിണ്ടിത്തുടങ്ങി. രാജ്യത്ത്‌ 20 കോടി പേർ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെന്നും നാലുകോടി പേർ തൊഴിൽ രഹിതരാണെന്നും അസമത്വം പെരുകിവരികയാണെന്നും ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പരിതപിക്കുന്നു. എത്ര വലിയ നേതാവായാലും  രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികൾ ഒറ്റ വ്യക്തിക്ക്‌ പരിഹരിക്കാൻ കഴിയില്ലെന്ന്‌ ആർഎസ്‌എസ്‌ സർസംഘചാലക്‌ മോഹൻ ഭാഗവത്‌ പറഞ്ഞതിനു പിന്നാലെയാണ്‌ ഇത്‌. രാജ്യഭരണം കൈയാളുന്ന ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്‌എസിലെ ഏറ്റവും പ്രമുഖരായ രണ്ടുപേരുടെ ഈ പരസ്യപ്രതികരണങ്ങൾ മോദിസർക്കാരിന്റെ പരാജയങ്ങളിൽ സംഘപരിവാറിനുള്ള ആശങ്കയുടെയും അതൃപ്‌തിയുടെയും ബഹിർസ്‌ഫുരണമാണ്‌.

ഇന്ത്യ വൻസാമ്പത്തികശക്തിയായി മാറിയെന്നൊക്കെ കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും അവകാശപ്പെടുമ്പോഴാണ്‌  രാജ്യത്തെ പൊള്ളുന്ന യാഥാർഥ്യം ദയനീയമാണെന്ന്‌ ആർഎസ്‌എസിന്‌ സമ്മതിക്കേണ്ടിവരുന്നത്‌. 2004ലെ  അനുഭവം ആർഎസ്‌എസ്‌ ഓർക്കുന്നുണ്ടാകാം. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം അന്നത്തെ ബിജെപി സർക്കാർ പ്രചണ്ഡമായി പ്രചരിപ്പിക്കുമ്പോഴാണ്‌ ലഖ്‌നൗവിൽ സൗജന്യ സാരി വിതരണകേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും  21 സ്‌ത്രീകൾക്ക്‌ ജീവൻ നഷ്ടപ്പെട്ടത്‌.  ‘തിളക്ക’ത്തിനു പിന്നിലുള്ള ദാരിദ്ര്യം മറനീക്കി. ആ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽനിന്ന്‌ പുറത്തായി.

വാജ്‌പേയിയുടെ കാലത്ത്‌ ബിജെപിയും ആർഎസ്‌എസും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിട്ടുണ്ട്‌.  നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി  2014ൽ കേവല ഭൂരിപക്ഷംനേടി അധികാരത്തിൽവന്നശേഷം സംഘപരിവാർ  ഒറ്റമനസ്സായി കഴിഞ്ഞുവരികയായിരുന്നു. കേന്ദ്രത്തിന്റെ തൊഴിൽനയങ്ങൾക്കെതിരെ ബിഎംഎസ്‌ ഇടയ്‌ക്കിടെ പ്രസ്‌താവനകൾ ഇറക്കിയതൊഴിച്ചാൽ സംഘപരിവാർ സംഘടനകൾ  ഭരണത്തിനെതിരെ അപസ്വരം ഉയർത്തിയില്ല.  ആർഎസ്‌എസിന്റെ ദീർഘകാല അജൻഡയുടെ ഭാഗമായി ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വനിയമ ഭേദഗതി, അയോധ്യയിൽ രാമക്ഷേത്ര നിർമാണം എന്നിവ  മോദിഭരണത്തിൽ സാക്ഷാൽക്കരിക്കുകയും ചെയ്‌തു. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുവേണ്ടി ആർഎസ്‌എസ്‌ പ്രവർത്തകർ കഠിനാധ്വാനം നടത്തി. വർഗീയതയിൽ ചാലിച്ച നുണപ്രചാരണംവഴി ധ്രുവീകരണം സൃഷ്ടിക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്‌ പൊതുവെ ബിജെപിക്ക്‌ പ്രയോജനം നൽകുകയും ചെയ്‌തു. എന്നാൽ, വരുംമാസങ്ങളിൽ തുടർച്ചയായി നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ൽ ലോക്‌സഭാ  തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ബിജെപിക്ക്‌ ജനങ്ങളെ സമീപിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. വർഗീയതയ്‌ക്ക്‌ അപ്പുറത്തുള്ള ജീവിതപ്രശ്‌നങ്ങൾ  ജനങ്ങൾ ചിന്തിച്ചുതുടങ്ങി.  ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ ഗുജറാത്തിലും ഭരണവിരുദ്ധവികാരം തീവ്രമാണ്‌. ആഹാരം, വസ്‌ത്രം, പാർപ്പിടം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടുന്നില്ല.

വൈദ്യുതിനിരക്ക്‌ വർധനയ്‌ക്കെതിരെ ഗുജറാത്തിൽ ഭാരതീയ കിസാൻസംഘ്‌ (ബികെഎസ്‌) പ്രക്ഷോഭത്തിലാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, തൊഴിൽനിയമങ്ങൾ ഭേദഗതിചെയ്യൽ എന്നിവയിൽ അമർഷം പ്രകടിപ്പിച്ച്‌ ബിഎംഎസ്‌ പ്രധാനമന്ത്രിക്ക്‌ കത്തുനൽകി. ബഹുരാഷ്‌ട്ര കമ്പനികളെ മോദിസർക്കാർ പ്രോത്സാഹിപ്പിക്കുന്നതിന്‌ എതിരായി ആർഎസ്‌എസിന്റെ സ്വദേശി ജാഗരൺ മഞ്ച്‌ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്‌. അടിത്തട്ടിൽ ഒറ്റപ്പെടുകയാണെന്നു കണ്ടാണ്‌ സംഘപരിവാർ സംഘടനകൾ  ഈ നിലപാട്‌ എടുക്കുന്നത്‌. രാജ്യത്ത്‌ നടപ്പാക്കുന്ന തീവ്ര സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി  വൻകിട കോർപറേറ്റുകളുടെ ആസ്‌തികൾ നാൾക്കുനാൾ പെരുകുമ്പോൾ മറുവശത്ത്‌ ദരിദ്രരുടെ എണ്ണം  പലമടങ്ങായി വർധിക്കുന്നു. രാജ്യാന്തര ഏജൻസികളുടെ റിപ്പോർട്ടുകളിലും ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ഭീകരമുഖം വരച്ചുകാട്ടുന്നു. ആഗോള പട്ടിണിസൂചികയിൽ  കഴിഞ്ഞവർഷം 101–-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം 107–-ാം സ്ഥാനത്തായി. ജർമൻ സംഘടന വെൽത്ത്‌ ഹംഗർഹിൽഫ്‌,  ഐറിഷ്‌ സന്നദ്ധപ്രസ്ഥാനമായ വേൾഡ്‌വൈഡ്‌ കൺസേണിന്റെ സഹകരണത്തോടെ  തയ്യാറാക്കുന്ന ഈ പട്ടിക  ശാസ്‌ത്രീയമല്ലെന്ന്‌ കഴിഞ്ഞവർഷവും ഇത്തവണയും കേന്ദ്ര സർക്കാർ പ്രതികരിച്ചു. ഏതായാലും ആർഎസ്‌എസിന്റെ വിമർശം അശാസ്‌ത്രീയമാണെന്ന്‌ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

കോൺഗ്രസിലെ ജനാധിപത്യം

ഇരുപത്തിരണ്ട്‌ വർഷത്തിനുശേഷം എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ പൂർത്തിയായപ്പോൾ ജനാധിപത്യം പൂത്തുലഞ്ഞുവെന്നാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ അവകാശവാദം. മൊത്തം 9308 വോട്ടർമാരും ഹൈക്കമാൻഡ്‌ നാമനിർദേശം ചെയ്‌തവരാണ്‌. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർ ആരുമില്ല. എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കും  ശരിക്കുള്ള മത്സരം  നടക്കുമെന്ന്‌ ഹൈക്കമാൻഡ്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നുവേണം കരുതേണ്ടത്‌. പദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാത്ത സാഹചര്യത്തിൽ സോണിയ കുടുംബത്തിന്‌ സ്വീകാര്യനായ ഒരാളെ മത്സരമില്ലാതെ തെരഞ്ഞെടുക്കാനുള്ള പദ്ധതിയാണ്‌ പൊളിഞ്ഞത്‌. ശശി തരൂർ മത്സരത്തിൽ ഉറച്ചുനിന്നതോടെ വോട്ടർപട്ടിക പുറത്തുവിടേണ്ടിവന്നു. വിവിധ പിസിസികൾ തട്ടിക്കൂട്ടി അയച്ചുകൊടുത്ത പട്ടികകളിൽ വിലാസമില്ലാതെ വോട്ടർമാരും കടന്നുകൂടി.

വോട്ടർമാരിൽ മൂന്നിലൊന്നും ഇത്തരക്കാരായിരുന്നു. സ്ഥാനാർഥികൾക്കുപോലും വോട്ടർപട്ടികയുടെ പകർപ്പ്‌ കൈമാറാൻ തെരഞ്ഞെടുപ്പ്‌ അതോറിറ്റി വൈമനസ്യം പ്രകടിപ്പിച്ചത്‌ ഈ തട്ടിക്കൂട്ടൽ മൂടിവയ്‌ക്കാനാണ്‌. തരൂർ പത്രിക നൽകിയപ്പോൾ വരണാധികാരി കൈമാറിയ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 500 പേരെ പിന്നീട്‌ കാണാതായെന്ന്‌  അദ്ദേഹത്തിന്റെ പക്ഷത്തുള്ളവർ വെളിപ്പെടുത്തി. പുതുതായി 600 പേരെ  ചേർക്കുകയും ചെയ്‌തു.  സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചശേഷം വോട്ടർപട്ടികയിൽ തിരുത്തുണ്ടായത്‌ തെരഞ്ഞെടുപ്പിന്റെ സാധുത ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്‌.

കോൺഗ്രസ്‌ ഭാരവാഹികൾ പക്ഷംപിടിക്കരുതെന്ന വരണാധികാരിയുടെ മാർഗനിർദേശം പല സംസ്ഥാനത്തും ലംഘിക്കപ്പെട്ടു. സോണിയ ഗാന്ധിയുടെ പിന്തുണയിലാണ്‌ താൻ സ്ഥാനാർഥിയായതെന്ന്‌ മല്ലികാർജുൻ ഖാർഗെ സമ്മതിച്ചു. എതിർപക്ഷത്തിന്റെ ഇത്തരം  നീക്കങ്ങളിൽ  പ്രകോപിതനായ തരൂർ, ചിലർ സോണിയ ഗാന്ധിയുടെ ആളുകളായി ചമഞ്ഞ്‌ ‘നേതാഗിരി’ കളിക്കുകയാണെന്ന്‌ തുറന്നടിക്കുകയും ചെയ്‌തു. തരൂർ മത്സരിച്ചതിലുള്ള അമർഷം പല നേതാക്കളും പരസ്യമായി പ്രകടിപ്പിച്ചു. ഇതിനുശേഷവും കോൺഗ്രസിൽ ജനാധിപത്യം നിറഞ്ഞുനിൽക്കുകയാണെന്ന്‌ അവകാശപ്പെടുന്നതാണ്‌ വിചിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top