03 July Friday

കൊറോണയേക്കാൾ വലിയ മഹാമാരി - എളമരം കരീം എഴുതുന്നു

എളമരം കരീംUpdated: Thursday May 14, 2020

കോവിഡ് 19 വ്യാപനം സൃഷ്ടിച്ച ഭീതിജനകമായ അവസ്ഥയിൽനിന്ന് മോചിതരാകാൻ ജനങ്ങളാകെ വെമ്പൽകൊള്ളുന്ന സാഹചര്യത്തിലും കുത്തക മുതലാളി വർഗത്തിന് വേണ്ടി തൊഴിലാളിദ്രോഹ നടപടികൾ കൈക്കൊള്ളാൻ ബിജെപി സർക്കാരുകൾക്ക് ഒരു മടിയുമില്ല. അതിൽനിന്ന് വ്യത്യസ്തമായ നയം തങ്ങൾക്കുമില്ലെന്ന് കോൺഗ്രസ് സർക്കാരുകളും തെളിയിക്കുന്നു. രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ ദുർബലമാക്കുന്ന ഏതാനും സംസ്ഥാന സർക്കാരുകളുടെ നടപടികളെയാണ് ഇവിടെ സൂചിപ്പിച്ചത്. ലോക്ക്ഡൗൺ വ്യവസായ–-വാണിജ്യസേവന മേഖലകളെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ്‌. 

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, യു പി സർക്കാരുകൾ ഫാക്ടറീസ് നിയമം മൂന്നുവർഷത്തേക്ക് മരവിപ്പിക്കാൻ ഓർഡിനൻസ് ഇറക്കി. ഫാക്ടറീസ് നിയമത്തിലെ വകുപ്പ് 5 പ്രകാരം അടിയന്തരാവസ്ഥ പോലുള്ള സാഹചര്യത്തിൽ ഇത്തരം നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് അധികാരം നൽകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫാക്ടറീസ് ആക്ട് വകുപ്പ് 5നെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് നടപടി . കേന്ദ്ര സർക്കാർ ഈ നടപടിയെ അനുകൂലിക്കും എന്ന് അവർക്ക് ഉറപ്പുണ്ട്‌. വ്യവസായ തർക്കനിയമം, കരാർ തൊഴിലാളി നിയമം എന്നിവയും നടപ്പാക്കുന്നതിൽനിന്ന് വ്യവസായങ്ങളെ 1000 ദിവസത്തേക്ക് ഒഴിവാക്കി. 3 വർഷം തൊഴിലുടമകൾക്ക് ഇഷ്ടം പോലെ ജോലി ചെയ്യിക്കാം. 

തൊഴിലാളികളുടെ ഒരു ദിവസത്തെ സാധാരണ ജോലി സമയം 12 മണിക്കൂർ ആക്കി മാറ്റി. നിലവിൽ ഒരു ദിവസം  8 മണിക്കൂർ ആണ്. ആഴ്ചയിൽ 48 മണിക്കൂർ. ഇനിയത് ആഴ്ചയിൽ 72 മണിക്കൂർ ആകും. ഈ മാറ്റം ഐഎൽഒ  പ്രമാണത്തിന് എതിരാണ്‌.  1886ൽ ചിക്കാഗോയിലെ തൊഴിലാളികൾ ഉയർത്തിയ മുദ്രാവാക്യമാണ് 8 മണിക്കൂർ ജോലി. യൂറോപ്യൻ രാജ്യങ്ങളിൽ ആഴ്ചയിൽ 5 ദിവസം ജോലി, ദിവസം 7 മണിക്കൂർ (ഒരാഴ്ചയിൽ  35 മണിക്കൂർ) എന്നതാണ് വ്യവസ്ഥ എന്നും ഓർക്കണം. ഗുജറാത്ത്‌, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, മഹാരാഷ്ട്ര സർക്കാരുകളും നോട്ടിഫിക്കേഷൻ ഇറക്കാനുള്ള ശ്രമത്തിലാണ്‌. 


 

പുതിയ നിക്ഷേപകരെ ആകർഷിക്കാൻ എന്ന പേരിലാണ് ബിജെപി സർക്കാരുകൾ ഈ നടപടികൾ സ്വീകരിക്കുന്നത്. തൊഴിൽ നിയമങ്ങൾ അയവേറിയതിനാൽ  കൂടുതൽ നിക്ഷേപം വരുമെന്നാണ് അവരുടെ വാദം. ഇതിന്റെ  അടിസ്ഥാനത്തിലാണ് രാജ്യത്തെ 44 തൊഴിൽ നിയമങ്ങൾ ദുർബലമാക്കി 4 കോഡുകളാക്കിമാറ്റാൻ മോഡി സർക്കാർ തീരുമാനിച്ചത്‌ .  അതിലൊന്ന് ‘കോഡ് ഓൺ വേജസ്’  പാർലമെന്റ്പാസാക്കി. രാജ്യസഭയിൽ ഈ നിയമത്തെ എതിർത്ത് വോട്ട് ചെയ്തത് ഇടതുപക്ഷവും, ഡി എം കെ, സമാജ് വാദി പാർടികളും മാത്രമാണ്‌.  കോൺഗ്രസ് അനുകൂലിച്ചു. കോൺഗ്രസ്‌,  തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർടികൾ ഒരു ഭിന്നഅഭിപ്രായവും എഴുതാൻ സന്നദ്ധമായില്ല. ഈ സാഹചര്യമാണ് തൊഴിലാളികളുടെ അവകാശം ചവിട്ടി മെതിക്കാൻ ബിജെപിക്ക് ധൈര്യം നൽകുന്നത്‌.  2019–-20 വർഷത്തെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യവസായ വളർച്ചയ്ക്ക് തടസ്സം നിലവിലുള്ള തൊഴിൽ നിയമങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു.

2014 ൽ മോഡി അധികാരത്തിൽ വന്ന ഉടനെ ഗുജറാത്ത്‌,  രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ തൊഴിൽ നിയമങ്ങളിൽ തൊഴിലുടമകൾക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തി. ഇതുകാരണം ഈ സംസ്ഥാനങ്ങൾ വ്യവസായ വളർച്ചയിൽ മുന്നേറി എന്ന് അവകാശപ്പെട്ടു.  മാറ്റം വരുത്താത്ത പശ്ചിമ ബംഗാൾ, കേരളം, അസം, ജാർഖണ്ഡ്‌, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ വ്യവസായ വളർച്ചയിൽ പിറകിലായി  എന്നും വാദിക്കപ്പെട്ടു.

തൊഴിൽ നിയമങ്ങൾ വളർച്ചയ്ക്കും വികസനത്തിനും തടസ്സമാണോ എന്ന പ്രശ്നം സംബന്ധിച്ച് അടുത്തകാലത്തായി ഇന്ത്യയിൽ 3 പഠനങ്ങൾ നടന്നു. ഒന്നാമത്തെ പഠനം  2015ൽ  നടന്നു. ‘തൊഴിൽ നിയമ പരിഷ്കാരങ്ങൾ രാജസ്ഥാനിൽ സൃഷ്ടിച്ച ഫലം ’ എന്നതായിരുന്നു പഠനവിഷയം. 2014 ൽ രാജസ്ഥാനിലെ ബിജെപി സർക്കാർ മൂന്ന് പ്രധാന തൊഴിൽ നിയമങ്ങൾ( 1947 ലെ വ്യവസായ തർക്ക നിയമം, 1948 ലെ ഫാക്ടറീസ് ആക്ട്‌ , 1970 ലെ കരാർ തൊഴിലാളി നിയമം)  മുതലാളി വർഗത്തിന് അനുകൂലമായി ഭേദഗതി ചെയ്തു. തൊഴിൽ നിയമ ഭേദഗതികൾ കൊണ്ട് വ്യവസായങ്ങൾക്ക് പ്രത്യേക ഉത്തേജനം  ഉണ്ടായില്ല എന്നതാണ് പഠന റിപ്പോർട്ട്‌. വ്യവസായ വളർച്ചയ്ക്ക് വിഘാതമായത്, ഭരണപരമായ നടപടികൾ, വായ്പകൾ ആവശ്യത്തിന് ലഭിക്കാത്തത്, വെള്ളം, വൈദ്യുതി ലഭ്യത കുറവ്‌, നികുതികളുടെ അശാസ്ത്രീയത, വിദഗ്ധ തൊഴിലാളികളുടെ ദൗർലഭ്യം ഇതെല്ലാമായിരുന്നു. ‘ഹയർ ആൻഡ്‌  ഫയർ’ എന്ന തൊഴിലാളി വിരുദ്ധ നടപടിയേക്കാൾ സർക്കാർ ശ്രദ്ധ ചെലുത്തേണ്ടത് മുകളിൽ പറഞ്ഞ കാര്യങ്ങളിലാണ്‌.

രണ്ടാം പഠനം രാജസ്ഥാൻ, ആന്ധ്രാപ്രദേശ്‌, ഹരിയാന, യു പി എന്നീ സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ ദുർബലമാക്കിയതിന്റെ ഫലം സംബന്ധിച്ചായിരുന്നു. തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് 2 വർഷത്തിനുശേഷം ആയിരുന്നു ഈ പഠനം. തൊഴിൽ നിയമ ഭേദഗതികൾ കൂടുതൽ നിക്ഷേപം ആകർഷിക്കാനോ വ്യവസായവൽക്കരണം  ഉത്തേജിപ്പിക്കാനോ, തൊഴിൽ സൃഷ്ടിക്കാനോ പര്യാപ്തമായില്ല  എന്നായിരുന്നു പഠനറിപ്പോർട്ട്‌.


 

മൂന്നാമത്തെ പഠനം നടത്തിയത് കൺസ്യൂമർ യൂണിറ്റി ആൻഡ്‌   ട്രസ്റ്റ്  എന്ന ഏജൻസി ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലവസരം നൽകുന്ന ടെക്‌സ്‌റ്റൈൽസ്‌,  ഗാർമെന്റ്‌സ്‌ മേഖല കേന്ദ്രീകരിച്ച് ആയിരുന്നു ഇവരുടെ പഠനം. തൊഴിൽ നിയമ ഭേദഗതികൾ വന്ന് നാലുവർഷം കഴിഞ്ഞ ശേഷമായിരുന്നു പഠനം .ഗുണപരമായ ഒരു മാറ്റവും ദൃശ്യമായില്ലെന്നാണ് റിപ്പോർട്ട്‌. രാജ്യത്തെ ടെക്‌സ്‌റ്റൈൽസ് വ്യവസായങ്ങളുടെ വളർച്ചയിൽ പ്രധാന ഘടകം തൊഴിലാളി അല്ല, മറിച്ച് അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഊർജം, കടത്തുകൂലി തുടങ്ങിയവയാണെന്നായിരുന്നു പഠനറിപ്പോർട്ട്‌. അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിച്ചാൽ, തൊഴിലാളികളുടെ വേതനം വർധിച്ചാലും വ്യവസായത്തിന് പ്രശ്നം ഉണ്ടാകില്ല എന്നും കണ്ടെത്തി. ഇന്ത്യ ഇന്ന് നേരിടുന്ന മുഖ്യപ്രശ്നം ഉപയോഗത്തിലെ ഇടിവാണ്‌. തൊഴിലെടുക്കുന്നവരുടെ വേതനം കുറയുന്നതാണ് വാങ്ങൽ കഴിവ് കുറയാനിടയാക്കുന്നത്‌. 

മേൽപ്പറഞ്ഞ മൂന്ന് പഠനങ്ങളും തെളിയിക്കുന്നത് വ്യവസായ വളർച്ചയ്ക്ക് തടസ്സം തൊഴിൽ നിയമങ്ങൾ അല്ല എന്നാണ്‌.  2019–-20 വർഷങ്ങളിൽ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായ മേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടത് തൊഴിൽ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ അല്ലല്ലോ. ജനസംഖ്യയിൽ വലിയൊരു വിഭാഗം വരുന്ന തൊഴിലാളികളുടെ വരുമാനം വെടിഞ്ഞാൽ കമ്പോളങ്ങൾ തകരും. രാജ്യം തന്നെ പ്രതിസന്ധിയിലാകും. 2019 ആദ്യം മുതൽ അത്തരമൊരു പ്രതിസന്ധി ഇന്ത്യയിൽ രൂപംകൊണ്ടതാണ്‌.

ആദായനികുതി വകുപ്പ്‌  പുറത്തുവിട്ട കണക്കനുസരിച്ച് 2019–-20 സാമ്പത്തികവർഷം 3, 16,000 വ്യക്തികൾ മാത്രമാണ് തങ്ങൾക്ക് 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായതായി വെളിപ്പെടുത്തിയത്. ലോകത്താകെയുള്ള സമ്പത്തിന്റെ സ്ഥിതി  പരിശോധിച്ചാൽ ഭീകരമായ അസമത്വം വ്യക്തമാകും. 2020 ലെ ഓക്സ്ഫാം റിപ്പോർട്ട് പറയുന്നത്, ലോകത്തെ 2153 ശതകോടീശ്വരന്മാർ ലോകജനതയുടെ 60 ശതമാനം വരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്തിന് സമമായ സമ്പത്തിന്‌  ഉടമകളാണ്‌. നികുതി വെട്ടിച്ചും, രാഷ്ട്രസമ്പത്ത് കൊള്ളയടിച്ചും തൊഴിലാളികളെ ചൂഷണം ചെയ്തുമാണ് ഇത് സാധിച്ചത്. ‘സിലിക്കൺ സിക്സ്’ എന്നറിയപ്പെടുന്ന ബഹുരാഷ്ട്രകുത്തകകൾ, ഗൂഗിൾ, ഫെയ്‌സ്ബുക്ക്‌, ആമസോൺ, നെറ്റ്ഫിക്സ്‌, ആപ്പിൾ, മൈക്രോസോഫ്റ്റ് 2010 ലും 2019 നും ഇടയിൽ നികുതി ഒഴിവ് നേടിയ തുക 100 ബില്യൺ ഡോളറാണ്. (7,60,000 കോടി രൂപ).


 

സാമ്രാജ്യത്വശക്തികൾക്ക് വഴങ്ങി കുത്തകകൾക്ക് അനുകൂലമായ നയങ്ങൾ അടിക്കടി നടപ്പാക്കുന്ന മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ സമരം ഉയരണം. ആർഎസ്എസ് നേതൃത്വം നൽകുന്ന ബി എംഎസിന് പോലും മോഡി സർക്കാരിന്റേയും സംസ്ഥാന ബിജെപി സർക്കാരുകളുടെയും  തൊഴിലാളി വിരുദ്ധ നടപടികളെ എതിർക്കേണ്ടി വന്നിരിക്കുകയാണ്‌.

തൊഴിൽ നിയമങ്ങൾ സസ്പെൻഡ് ചെയ്ത നടപടിയെ ‘കാട്ടുനീതി’ എന്നാണ് ബിഎംഎസ് വിമർശിച്ചത്‌. ഇത് കൊറോണയേക്കാൾ വലിയ മഹാമാരി ആണെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. കൂടുതൽ പേർക്ക് മോഡി സർക്കാരിന്റെ തനിനിറം ബോധ്യപ്പെട്ടു വരികയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top