09 December Friday

വിവാദക്കാർ മറയ്‌ക്കുന്ന 
വസ്തുതകൾ - എളമരം കരീം 
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

കെഎസ്ആർടിസിയെ എൽഡിഎഫ് സർക്കാരിനെതിരായുള്ള ദുഷ് പ്രചാരണത്തിന് ആയുധമാക്കിയിരിക്കുകയാണ് ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങൾ. മുതലക്കണ്ണീരുമായി യുഡിഎഫും ബിജെപിയും തകർത്താടുന്നുണ്ട്. സംസ്ഥാന താൽപ്പര്യമോ തൊഴിലാളി താൽപ്പര്യമോ സംരക്ഷിക്കാനല്ല ഇവരാരും ശ്രമിക്കുന്നത്. അവസരം കിട്ടിയാൽ തൊഴിലാളികളെ അധിക്ഷേപിക്കാൻ ആവേശം കാണിക്കുന്നവരാണ് ഇവരെല്ലാവരും. 2022 മാർച്ച് 28, 29 തീയതികളിൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ- ജനദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ ഉറഞ്ഞുതുള്ളുകയായിരുന്നല്ലോ‘മാധ്യമ' കേസരികൾ. പൊതുമേഖലയെ തകർക്കരുതെന്നായിരുന്നു പണിമുടക്കിൽ ഉയർത്തിയ പ്രധാന മുദ്രാവാക്യം. അന്ന് കാണാത്ത വികാരം ഇവർക്ക് പെട്ടെന്ന് പൊട്ടിമുളച്ചത് എന്തടിസ്ഥാനത്തിലാണ്?

പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയം. 1991 മുതൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകൾ പൊതുമേഖലയെ തകർക്കുന്ന നയം സ്വീകരിച്ചപ്പോഴെല്ലാം ശക്തിയായി എതിർക്കുകയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ചെയ്തവരാണ് എൽഡിഎഫ് സർക്കാരുകൾ.

2001ൽ അധികാരമേറ്റ യുഡിഎഫ് സർക്കാർ എഡിബി വായ്പയ്‌ക്കുള്ള വ്യവസ്ഥയുടെ ഭാഗമായി നിയോഗിച്ച "എന്റർപ്രൈസസ് റിഫോംസ് കമ്മിറ്റി'യുടെ ശുപാർശകൾ പ്രകാരം 26 സംസ്ഥാന പൊതുമേഖലാ സ്ഥാപനമാണ് അടച്ചുപൂട്ടിയത്. തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനിൽപ്പിന്റെ ഫലമായാണ് സ്വകാര്യവൽക്കരണവും വിൽപ്പനയും 26ൽ ഒതുങ്ങിയത്.

2003ൽ വാജ്പേയി സർക്കാർ വൈദ്യുതി സ്വകാര്യവൽക്കരണ നിയമം കൊണ്ടുവന്നപ്പോൾ കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചവരാണ്  യുഡിഎഫ് സർക്കാർ. ജീവനക്കാരുടെ ശക്തമായ പ്രക്ഷോഭമാണ് അവരെ പിന്തിരിപ്പിച്ചത്. 2006ൽ വന്ന എൽഡിഎഫ് സർക്കാർ വൈദ്യുതി ബോർഡിനെ പൊതുമേഖലാ കമ്പനിയാക്കി നിലനിർത്താൻ തീരുമാനിച്ചു. ക്രോസ് സബ്സിഡിയിലൂടെ ചെറുകിട ഉപയോക്താക്കൾക്ക് ആശ്വാസം ലഭിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പൊതുമേഖലയോട് ബിജെപിയും കോൺഗ്രസും കൈക്കൊള്ളുന്ന നിലപാട് നന്നായറിയാവുന്ന കേരളജനതയെ വിഡ്ഢികളാക്കാമെന്ന വ്യാമോഹത്തിലാണ് കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ നിറംചാലിച്ച് പ്രചാരണം നടത്താൻ എൽഡിഎഫ് വിരുദ്ധർ ഒന്നിച്ചു ശ്രമിക്കുന്നത്.

2016ൽ എൽഡിഎഫ് അധികാരമേറ്റ സമയത്ത് കെഎസ്ആർടിസി അതീവ ഗുരുതര പ്രതിസന്ധിയിലായിരുന്നു. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന യുഡിഎഫ് സർക്കാരിന്റെയും നയങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ജീവനക്കാർക്ക് കൃത്യമായി ശമ്പളവും വിരമിച്ചവർക്ക് പെൻഷനും നൽകാൻ കഴിഞ്ഞില്ല. പെൻഷൻ മുടങ്ങിയതിനാൽ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത ദുരനുഭവവും ഉണ്ടായി.

സ്ഥാപനത്തിന്റെ വസ്തുവകകൾ പണയപ്പെടുത്തി, കടമെടുത്താണ് അക്കാലത്ത് ഓരോ മാസത്തെയും ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. കെടിഡിഎഫ്സി (കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ്‌ ഫിനാൻസ് കോർപറേഷൻ), ഹഡ്കോ, വിവിധ ജില്ലാസഹകരണ ബാങ്കുകൾ, എൽഐസി, പവർ ഫിനാൻസ് കോർപറേഷൻ തുടങ്ങി കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി. 16 ശതമാനംവരെ കൊള്ളപ്പലിശയ്‌ക്കായിരുന്നു വായ്പ. കടം പെരുകി 3100 കോടിയിലെത്തി.

പ്രതിദിന വരുമാനത്തിൽനിന്ന് പിടിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ ‘എസ് ക്രോ' സംവിധാനത്തിലായിരുന്നു വായ്പയുടെ വ്യവസ്ഥകൾ. ഒരു ദിവസം ശരാശരി അഞ്ച്‌ കോടി രൂപ വരുമാനം ലഭിക്കുമ്പോൾ മൂന്ന്  കോടി വായ്പാ തിരിച്ചടവിലേക്ക് പോയി. ബാക്കി രണ്ട് കോടി മാത്രമാണ് ഹെഡ് ഓഫീസിലേക്ക് എത്തിയിരുന്നത്. ഡീസൽ വില നൽകാൻപോലും തികയുമായിരുന്നില്ല. കടം ലഭിക്കാത്ത സാഹചര്യം വന്നപ്പോൾ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ മുടങ്ങി. കമ്പനികൾ ഡീസൽ നൽകുന്നത് നിർത്തി. 2016ൽ എൽഡിഎഫ് വരുമ്പോൾ അവസ്ഥ ഇതായിരുന്നു.

പെൻഷൻ
1984ലാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിച്ചത്.  1984ൽ പ്രതിവർഷം പെൻഷൻ നൽകാൻ രണ്ട് കോടി മതിയായിരുന്നു. 2016 ആകുമ്പോഴേക്കും ദിവസം രണ്ടുകോടി വേണ്ടിവരുന്നു. റവന്യു വരുമാനത്തിൽനിന്ന്‌ ഈ തുക കണ്ടെത്തുക അസാധ്യം. സ്ഥാപനം കടക്കെണിയിലായതോടെ 2013ൽ പെൻഷൻ മുടങ്ങി. 2014 ഡിസംബറിൽ, കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നടത്തിയ അനിശ്ചിതകാല സമരത്തിന്റെ ഫലമായി, പെൻഷൻ ബാധ്യതയുടെ അമ്പത് ശതമാനം- പരമാവധി പ്രതിമാസം 20 കോടി സർക്കാർ നൽകുമെന്ന തീരുമാനമുണ്ടായി. എന്നിട്ടും,  പ്രതിസന്ധിമൂലം ബാക്കി തുക കണ്ടെത്താനോ പെൻഷൻ കൃത്യമായി നൽകാനോ കെഎസ്ആർടിസിക്ക് കഴിഞ്ഞില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ അവസ്ഥ ഇതായിരുന്നു. ഇതെല്ലാം വിസ്മരിച്ചും മറച്ചുവച്ചുമാണ് യുഡിഎഫും ബിജെപിയും എൽഡിഎഫ് വിരുദ്ധരും  പ്രചാരണം നടത്തുന്നത്.

എൽഡിഎഫ് സർക്കാരിന്റെ 
ഇടപെടൽ
2016ൽ എൽഡിഎഫ് വന്നയുടനെ, കെഎസ്ആർടിസിയെ പുനരുദ്ധരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോർപറേഷന്റെ അവസ്ഥ പഠിച്ച് പുനരുദ്ധാരണ റിപ്പോർട്ട് തയ്യാറാക്കാൻ പ്രശസ്ത സാമ്പത്തികവിദഗ്ധൻ പ്രൊഫ. സുശീൽ ഖന്നയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോർട്ട്  സമർപ്പിച്ചു.

 

പ്രധാന നിർദേശങ്ങൾ

(എ) സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ
(1) ആസൂത്രണം ഇല്ലാതെയുള്ള കടം വാങ്ങലും ലാഭകരമല്ലാത്ത പ്രവർത്തനങ്ങളും സ്ഥാപനത്തിന് ഭീമമായ സാമ്പത്തികനഷ്ടം ഉണ്ടാക്കി. (2011 മുതൽ 2016 വരെയുള്ള യുഡിഎഫ് സർക്കാരാണ് ഇതിനുത്തരവാദി) സർക്കാർ സഹായം ലഭ്യമല്ലാത്തതുകൊണ്ട് അടിസ്ഥാനസാമ്പത്തികം കടം വാങ്ങൽ മാത്രമായി ചുരുങ്ങി. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാക്കി സാമ്പത്തിക പുനഃസംഘടന നടത്തണം.

(2) വലിയ പെൻഷൻ ബാധ്യത സ്ഥിതി ഗുരുതരമാക്കി.

(3) ബാങ്ക്, ധന സ്ഥാപനങ്ങളിൽനിന്ന്‌ ചെലവുകൾക്കായി വായ്പയെടുത്തു കൂട്ടുന്നത് കെഎസ്ആർടിസിയുടെ ഉൽപ്പാദനക്ഷമതയെ ബാധിച്ചു.

(4) സർക്കാരിന്റെയും ധനവകുപ്പിന്റെയും സഹായത്തോടെ കൺസോർഷ്യം രൂപീകരിച്ച്, പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ കുറഞ്ഞ പലിശയ്‌ക്ക് വായ്പ ലഭ്യമാക്കണം.

(5) കൺസഷനും യാത്രാസൗജന്യങ്ങൾക്കുമുള്ള നഷ്ടപരിഹാരം അനുവദിക്കണം.

(6) കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി മാനേജ്മെന്റിനെ പ്രൊഫഷണലൈസ് ചെയ്യണം.

ഖന്ന റിപ്പോർട്ടിലെ ഈ നിർദേശങ്ങൾ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. കൂടിയ പലിശയ്‌ക്ക് എടുത്ത 3100 കോടി രൂപയുടെ വായ്പകൾ, പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്, കുറഞ്ഞ പലിശയുള്ള ദീർഘ വായ്പയാക്കി മാറ്റി. ഇതുമൂലം ഒരു ദിവസത്തെ കടം തിരിച്ചടവ് മൂന്ന് കോടി രൂപയിൽനിന്ന് ഒരു കോടിയായി. കോർപറേഷന് ഒരു വർഷം 730 കോടിയുടെ ബാധ്യതയാണ് ഈ ഒറ്റ നടപടിയിലൂടെ കുറഞ്ഞത്.

സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്, പെൻഷൻ വിതരണത്തിന് ബദൽമാർഗം സ്വീകരിച്ചു. ഈ ബാധ്യത നിറവേറ്റുന്നത് സർക്കാരാണ്.  ജീവനക്കാർക്ക് മുഴുവൻ പെൻഷനും നൽകുന്നത് സർക്കാരാണ്. ഒരു വർഷം 800 കോടി രൂപയുടെ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നത്‌. ഇനി  കടം എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഓരോ മാസത്തെയും വരവും ചെലവും തമ്മിലുള്ള അന്തരം സാമ്പത്തികസഹായമായി അനുവദിക്കുകയും ചെയ്യുന്നു. 2016നു ശേഷം സാമ്പത്തികസഹായമായി 7366.64 കോടിയും  പദ്ധതി വിഹിതമായി 87.38 കോടി രൂപയും ചേർത്ത് ആകെ 7454.02 കോടി  സർക്കാർ നൽകി. 

മഹാമാരിയും ഇന്ധനവിലവർധനയും പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമായി. അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുകയും വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഇന്ധനവില കുത്തനെ ഉയർന്നതോടെ ചെലവ് ഗണ്യമായി വർധിച്ചു. സർക്കാർ സഹായമുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാൻ  കഴിയാത്തതിന്റെ ഒരു കാരണം ഇതാണ്. ഖന്ന റിപ്പോർട്ട് പ്രകാരം മാനേജ്മെന്റും തൊഴിലാളികളും നടപ്പാക്കേണ്ട നിർദേശങ്ങൾ നടപ്പാക്കാതെ പോയതും പ്രതിസന്ധി രൂക്ഷമാക്കി.

1992നു ശേഷം മൾട്ടിപ്പിൾ ഡ്യൂട്ടി സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഒരു ‘ക്രൂ' അതിരാവിലെ എത്തി, 16 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്ന "ഡബിൾ ഡ്യൂട്ടി' സമ്പ്രദായമാണ് അധികവും. രണ്ട് ‘ഡ്യൂട്ടി' ഒന്നിച്ചെടുക്കുന്നതുമൂലം ഈ ‘ക്രൂ' (സംഘം) ആഴ്ചയിൽ മൂന്ന് ദിവസംമാത്രം ജോലിക്ക് വന്നാൽ മതിയാകും. ഇത് ഉൽപ്പാദനക്ഷമതയെയും ഫ്ളീറ്റ് യൂട്ടിലൈസേഷനെയും ഒരുപോലെ ബാധിക്കുന്നുവെന്നതിനാലാണ് സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് മാറണമെന്ന് സുശീൽ ഖന്ന നിർദേശിച്ചത്.

ഇപ്രകാരം ക്രമീകരിച്ച് നൽകുന്നതിനെക്കുറിച്ച്, തെറ്റിദ്ധാരണ പരത്തുന്ന കുപ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്.  ദിവസം 12 മണിക്കൂർ ജോലി ചെയ്യാൻ മാനേജ്മെന്റ്‌ നിർബന്ധിക്കുന്നു എന്നാണ് കള്ളപ്രചാരണം. ഒരു ദിവസത്തെ വേതനത്തിന് പ്രസ്തുത ദിവസം എട്ട്‌ മണിക്കൂർ ജോലി ചെയ്യുകയെന്ന തത്വത്തിൽനിന്ന് ഒരു വ്യതിചലനവും  മാനേജ്മെന്റ്‌ നടത്തുന്നില്ല.

പാർസൽ സർവീസ് നടത്തുന്ന സ്വകാര്യസ്ഥാപനങ്ങളിൽ ഡ്രൈവർ, ക്ലീനർ എന്നിവരുടെ ജോലിസമയം കണക്കാക്കുന്നത്, 1961ലെ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് അനുസരിച്ചാണ്. കേരളത്തിലെ സ്വകാര്യബസുകളിലെയും ഡ്യൂട്ടി നിശ്ചയിക്കുന്നത് ഇതേ നിയമപ്രകാരമാണ്.   ഇതെല്ലാം മറച്ചുവച്ചാണ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ചില ടിയു നേതാക്കളും യുഡിഎഫ്, ബിജെപി നേതാക്കളും ചില മാധ്യങ്ങളും സർക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത്. കർണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സിംഗിൾ ഡ്യൂട്ടി  സമ്പ്രദായമുണ്ട്.  

പ്രതിസന്ധി പരിഹരിക്കാൻ ഖന്ന റിപ്പോർട്ടിലെ നിർദേശങ്ങളിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾമാത്രം ചെയ്താൽ പോരാ. 2016–-17ൽ 325 കോടി  സഹായം നൽകിയേടത്ത് കോവിഡ് സാഹചര്യവുംകൂടി കണക്കിലെടുത്ത്, 2021–--22ൽ 2076 കോടി സർക്കാർ സഹായം നൽകിയിട്ടും ശമ്പളംപോലും കൃത്യമായി നൽകാൻ കഴിയാതെ വരുന്നത്, മാനേജ്മെന്റും ജീവനക്കാരും ഗൗരവമായി കണക്കിലെടുക്കണം. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജീവനക്കാരും മാനേജ്മെന്റും കർശന നിലപാട് സ്വീകരിക്കണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾ എല്ലാ ജീവനക്കാരും മനസ്സിലാക്കണം.

കെഎസ്ആർടിസിയെ പൊതുമേഖലയിൽ നിലനിർത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. അത് വളരെ എളുപ്പവുമുള്ളതല്ല. പൊതുമേഖലയെ തകർക്കുന്ന കേന്ദ്രനയത്തോട് ഏറ്റുമുട്ടിയേ ഇത് വിജയിക്കൂ. കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമഭേദഗതി, ഡീസൽ-–-ഓയിൽ വിലകളിലുണ്ടായ വൻവിലക്കയറ്റം, ട്രാൻസ്പോർട്ട് മേഖലയെയാകെ പ്രതിസന്ധിയിലാക്കി. കേരളത്തിൽ അരലക്ഷത്തോളമുണ്ടായിരുന്ന സ്വകാര്യ ബസ്‌ സർവീസ്‌ പതിനായിരത്തോളമായി. വരുമാനസ്രോതസ്സുകൾ അടച്ച്  സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിന്റെ ദ്രോഹനടപടികൾക്ക് വിധേയമാകുമ്പോഴാണ് സർക്കാർ കെഎസ്ആർടിസിയെ സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നത്.

ഇപ്പോൾ  മുതലക്കണ്ണീരൊഴുക്കുന്ന മാധ്യമങ്ങൾ ഏതാനും മാസങ്ങൾക്കുമുമ്പ്  കെഎസ്ആർടിസിയെ തകർത്തത് ട്രേഡ് യൂണിയനുകളും തൊഴിലാളികളുമാണെന്ന് പ്രചരിപ്പിച്ചവരാണ്. ഏതാനും ചില തൊഴിലാളികൾ  പ്രശ്നങ്ങൾ പൂർണമായി മനസ്സിലാക്കാതെ സർക്കാരിനെതിരെ വിമർശം  ഉയർത്തിയപ്പോൾ തൊഴിലാളികൾ  -മാധ്യമങ്ങൾക്ക് ചക്കരയായി. ഇത് തൊഴിലാളിസ്നേഹം കൊണ്ടല്ലെന്ന് വ്യക്തമാണല്ലോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top