28 September Monday

ഉണർന്ന് മുന്നേറുന്ന സർവകലാശാലകൾ

കെ ടി ജലീൽUpdated: Saturday Oct 26, 2019


വിദ്യാഭ്യാസമാണ് വികസനത്തിന്റെയും  സ്ഥിരതയുടെയും  അടിസ്ഥാനമെന്ന തിരിച്ചറിവോടെ എൽഡിഎഫ് സർക്കാർ  അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസമേഖലയ്ക്ക്  അഭൂതപൂർവമായ പ്രാധാന്യവും  പിന്തുണയുമാണ്  നൽകിവരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ന് രാജ്യത്തിനാകെ മാതൃകയാണ്. ലോകനിലവാരത്തിലുള്ള നിരവധി സ്കൂളുകൾ ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായി. തകർച്ചയുടെ പടുകുഴിയിൽ വീണുകിടന്നിരുന്ന  പൊതുവിദ്യാലയങ്ങൾ  ഉണർവിന്റെ പാതയിലാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണമേന്മ ഉറപ്പാക്കുകയും പൊതുവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ ഈ മേഖലയിലും ആവർത്തിക്കണമെന്ന ലക്ഷ്യത്തോടെയുമാണ് സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനുമാത്രമായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിന് തീരുമാനമെടുത്തത്.  പ്രവർത്തനം ആരംഭിച്ച് ഒരു വർഷം തികയുന്ന ഉന്നതവിദ്യാഭ്യാസവകുപ്പ് വിദ്യാർഥിക്ഷേമത്തിലും നീതിബോധത്തിലും ഊന്നിയ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ്. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സർവകലാശാലകളും കോളേജുകളും സംസ്ഥാനത്തുണ്ടാകണമെന്നും, അധ്യാപന–അധ്യയന മേഖലകൾ ഉയർന്ന അക്കാദമിക് കീഴ്വഴക്കങ്ങളുടെപേരിൽ  അറിയപ്പെടണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾക്കനുസൃതമായിട്ടാണ്  ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച്  മുന്നോട്ടുപോകുന്നത്.

ആദ്യഘട്ടമെന്നനിലയിൽ  ഉന്നതവിദ്യാഭ്യാസരംഗത്തെ നെടുംതൂണുകളായ സർവകലാശാലകളുടെ ഭരണരംഗം ക്രമപ്പെടുത്തുന്നതിലും  അടിസ്ഥാനസൗകര്യ വികസനത്തിലുമാണ് വകുപ്പ്  ശ്രദ്ധയൂന്നിയത്. സർവകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ സേവനകാലാവധി രാജ്യത്തെ മികച്ച സർവകലാശാലകളിലേതിന് സമാനമായി നാല് വർഷമായി നിജപ്പെടുത്തിക്കൊണ്ട്  ഓർഡിനൻസ് പുറപ്പെടുവിച്ചുകൊണ്ടായിരുന്നു മാറ്റത്തിന്റെ തുടക്കം. മുൻകാലങ്ങളിൽ വൈസ് ചാൻസലർ നിയമനങ്ങൾ ജാതിമതാടിസ്ഥാനത്തിൽ വീതംവച്ചിരുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് പലപ്പോഴും ഉയർന്നുകേട്ടിരുന്നത്. ഇത്തരത്തിൽ നിയമിക്കപ്പെട്ട  പദവിക്ക് അനുയോജ്യമല്ലാത്ത വൈസ് ചാൻസലർമാരും സർവകലാശാലകളുടെ ഭരണനിർവഹണ വിഭാഗവുമായും അക്കാദമിക് സമിതികളുമായും നിരന്തരമെന്നോണം ഉണ്ടായിക്കൊണ്ടിരുന്ന കലഹങ്ങൾ  സർവകലാശാലകളുടെ ശോഭകെടുത്തിയിരുന്നു. അക്കാലത്ത്  സർവകലാശാലകളിലെ  അക്കാദമിക ഗവേഷണപ്രവർത്തനങ്ങൾ പൂർണമായും  സ്തംഭനാവസ്ഥയിലുമായിരുന്നു. പ്രസ്തുതകാലയളവിൽ നിയമിതനായ ഒരു വൈസ് ചാൻസലറെ ചാൻസലറായ ഗവർണർതന്നെ ആസ്ഥാനത്തിന് യോഗ്യനല്ലായെന്ന് കണ്ട് പുറത്താക്കുന്ന സ്ഥിതിവിശേഷവുമുണ്ടായിട്ടുണ്ട്.  എന്നാൽ, ഇന്ന് അത് മാറി.  സംസ്ഥാനത്തെ അഞ്ച് സർവകലാശാലയിൽ വൈസ് ചാൻസലർമാരായി അക്കാദമിക്  രംഗത്തെ പ്രഗൽഭരും പണ്ഡിതരുമായവരെ കണ്ടെത്തി നിയമിച്ചു. ക്ലാസ്മുറികളിൽനിന്നും വിദ്യാർഥികളിൽനിന്നും അകന്നുനിൽക്കാൻ കഴിയാത്ത  അറിവുൽപ്പാദനത്തിൽ നേരിട്ട് പങ്കാളികളാകുന്ന  വൈസ് ചാൻസലർമാർ ഇപ്പോൾ നമുക്കുണ്ട് എന്ന് അഭിമാനപൂർവം പറയാൻ സാധിക്കും. അക്കാദമികരംഗത്തെ കൂടുതൽ ചലനാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്  നാന്ദികുറിച്ചു.  ഇതോടൊപ്പംതന്നെ സർവകലാശാലകളിൽ  സിലബസ് പരിഷ്കരണവും  ആരംഭിച്ചിട്ടുണ്ട്.  മലയാളം സർവകലാശാലയ്ക്കായി ഭൂമിയേറ്റെടുത്തു. സാങ്കേതിക സർവകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന ഓപ്പൺ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിക്കഴിഞ്ഞു.


 

ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സർവകലാശാലകളിലെ  സിൻഡിക്കറ്റുകൾ, വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ തുടങ്ങിയ ഉന്നതാധികാരികളുമായി കൃത്യമായ ഇടവേളകളിൽ ചർച്ചകൾ നടത്തിവരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും  വൈസ്ചാൻസലർമാരുടെ അവലോകനയോഗം ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്നു. കുത്തഴിഞ്ഞുകിടന്നിരുന്ന പരീക്ഷാനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും പരീക്ഷാഫലപ്രഖ്യാപനങ്ങൾ കാലവിളംബംകൂടാതെ  നടത്താനും കഴിഞ്ഞത് അഭിമാനകരമായ നേട്ടമായിത്തന്നെയാണ്  പൊതുസമൂഹം വിലയിരുത്തുന്നത്.

ബിരുദ പ്രോഗ്രാമുകളുടെ അവസാനവർഷ പരീക്ഷാഫലം ഏപ്രിൽ മുപ്പതിനകവും അവസാനവർഷ  ബിരുദാനന്തരബിരുദ പരിക്ഷാഫലം  മെയ്  31 നകവും പ്രസിദ്ധീകരിക്കണമെന്ന നിർദേശവും സർവകലാശാലകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ സെപ്തംബർ– ഒക്ടോബർ മാസംവരെ നീണ്ടുപോയ ഫലപ്രഖ്യാപനങ്ങളാണ് ഏപ്രിൽ– മെയ് മാസങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞത്. ഇതുമൂലം കേരളത്തിൽനിന്നുള്ള നിരവധി കുട്ടികൾക്ക് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ മെരിറ്റിൽത്തന്നെ ചേരാനായത് എടുത്തുപറയേണ്ടതാണ്. ഈ രംഗത്ത് ഒരു വ്യവസ്ഥാപിതത്വം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. സർവകലാശാലകൾ വിദ്യാർഥികൾക്ക് നൽകുന്ന സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ച് പൈതൃകകോളേജുകൾ മെച്ചപ്പെടുത്തി. കുസാറ്റിന് കിഫ്ബിവഴി 240 കോടിരൂപയുടെ ധനസഹായമാണ് അനുവദിക്കപ്പെട്ടത്.

ഒരുസമത്വാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുന്നതിനും പ്രാദേശിക സംസ്കാരത്തെ ചൈതന്യവത്താക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പിന്നോക്ക മേഖലകളിൽ പ്രത്യേകിച്ചും കോടികളുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് ഈ കാലയളവിൽ  പൂർത്തീകരിക്കപ്പെട്ടത്.   വിവിധ പദ്ധതികളിലായി സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായുള്ള റൂസ പദ്ധതി ഒന്നാംഘട്ടത്തിന് 194 കോടിരൂപയും രണ്ടാംഘട്ടത്തിന് 374 കോടിരൂപയും അനുവദിക്കപ്പെട്ടു. ഈ തുകകളുടെ 40 ശതമാനം  സംസ്ഥാന സർക്കാർ വിഹിതമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ച് പൈതൃകകോളേജുകൾ മെച്ചപ്പെടുത്തി. കുസാറ്റിന് കിഫ്ബിവഴി 240 കോടിരൂപയുടെ ധനസഹായമാണ് അനുവദിക്കപ്പെട്ടത്. മറ്റ് സർവകലാശാലകൾക്കും കിഫ്ബി ഫണ്ട്  ലഭ്യമാക്കുന്നതിനുള്ള നടപടികൾ  പൂർത്തിയായിക്കഴിഞ്ഞു. 

കേരളത്തിൽ  ആദ്യമായി  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  റോബോട്ടിക്സ് എൻജിനിയറിങ്, ബാച്ചിലർ ഇൻ ഡിസൈനിങ് എന്നിവയിൽ ബിരുദ ബിരുദാനന്തര പഠനം ആരംഭിക്കാനായതും പ്രത്യേകം പ്രസ്താവ്യമാണ്. വിദ്യാർഥികൾക്ക് അസാപിന്റെ നേതൃത്വത്തിൽ  വിവിധ വ്യവസായസ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും ഇന്റേൺഷിപ് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കാനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും നല്ല ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം  സർക്കാരിനുണ്ട്.  ഇക്കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് മുഖ്യധാരാമാധ്യമങ്ങൾ ഉന്നതവിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന  ഗുണപരമായ  മാറ്റങ്ങളെ  പ്രശംസിച്ചുകൊണ്ട് സമീപകാലത്ത് എഡിറ്റോറിയൽവരെ എഴുതിയത്.

ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവരാണ് സർവകലാശാലകൾക്കെതിരെയും വ്യക്തിപരമായി ഈ ലേഖകനെതിരെയും  ദുരാരോപണങ്ങളുമായി  രംഗത്ത് വന്നിരിക്കുന്നത്. മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ ശമ്പളം  എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കുകയും  മൂല്യനിർണയത്തിൽ പിഴവ് വരുത്തുന്ന അധ്യാപകർക്ക് കനത്ത പിഴ ചുമത്തുകയുംചെയ്ത സർക്കാർ  നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പലർക്കും ഇഷ്ടപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്.  സർവകലാശാലയിലെ ക്രിയാത്മകമായ മാറ്റങ്ങൾക്ക്  നേതൃത്വപരമായ പങ്കല്ലാതെ  മറ്റൊരുതരത്തിലുള്ള ഇടപെടലുകളും ഉന്നതവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടില്ല. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്നുവെന്ന് പറയപ്പെടുന്ന പോസ്റ്റ് മോഡറേഷൻ  അവരുടെ സിൻഡിക്കറ്റാണ് തീരുമാനിച്ചത്. അല്ലാതെ അദാലത്തിലല്ല. അതിൽ മന്ത്രിക്കോ മന്ത്രിയുടെ ഓഫീസിനോ യാതൊരു പങ്കുമില്ല.2012ൽ യുഡിഎഫ് കാലത്ത് കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റും  അതേവർഷംതന്നെ കുസാറ്റിലും സമാനമായ പോസ്റ്റ്  മോഡറേഷൻ ബിടെക് കോഴ്സിന് നൽകിയിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് തുടങ്ങിവച്ച മാറ്റങ്ങളെ ദുരാരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top