11 July Saturday

മാന്ദ്യവും നിഷേധപ്പലിശയും

പ്രഭാത്‌ പട്‌നായിക്‌Updated: Wednesday Oct 30, 2019

യൂറോപ്യൻ കേന്ദ്ര ബാങ്ക്, കഴിഞ്ഞമാസം പലിശനിരക്ക് മൈനസ് 0.5 ശതമാനമാക്കി ചുരുക്കി. അതിനർഥം, നൂറ്‌ യൂറോ വായ്പ കൊടുത്താൽ കാലാവധി കഴിഞ്ഞ് കിട്ടുക 99.5 യൂറോ ആയിരിക്കും എന്നാണ്. അതോടെ ഒരു പുതിയ പ്രവണതയ്‌ക്കാണ് തുടക്കംകുറിച്ചത്. ജർമനിയിലും സ്പെയിനിലും ഇറ്റലിയിലും ചെക്ക് റിപ്പബ്ലിക്കിലും ഗ്രീസിൽ പോലും, സർക്കാർ ബോണ്ടുകൾക്ക് കിട്ടുന്ന ആദായം നെഗറ്റീവായി മാറും. മറ്റൊരർഥത്തിൽ, സർക്കാരിന് കടം കൊടുത്തവർ ബോണ്ടുകൾ കൈവശം വയ്‌ക്കുന്നതിന് കാശ് ചെലവാക്കണം. ദീർഘകാല  ബോണ്ടുകൾക്ക്  ഹ്രസ്വകാല ബോണ്ടുകളേക്കാൾ പലിശ കൂടേണ്ടതാണ്. പക്ഷേ ജർമനിയിൽ ഇപ്പോൾ മുപ്പതുവർഷത്തെ ബോണ്ടിനുപോലും കിട്ടുക നിഷേധാദായമാണ്.
യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ ഈ നയത്തിന് പിറകിലുള്ള ആശയം, കുറഞ്ഞ പലിശവ്യവസ്ഥ കൊണ്ടുവരിക എന്നതാണ്. അതോടെ ഉയർന്ന മുതൽമുടക്ക് ഉറപ്പാക്കാനാകുമെന്നും അതുവഴി മൊത്തം ചോദനവും (ഡിമാന്റ്) ഉൽപ്പാദനവും  തദ്വാരാ തൊഴിലവസരങ്ങളും വർധിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് നിക്ഷേപകർക്കുള്ള പലിശയും താഴ്ത്തുന്നത്.

സമൂഹം മൊത്തത്തിലെടുക്കുമ്പോൾ, തൊഴിലാളികളും ഇടത്തരക്കാരുമായ വിഭാഗം (പെൻഷൻ ഫണ്ടടക്കമുള്ള സംഭാവനകൾവഴി) കോർപറേറ്റ് വിഭാഗത്തിന് നൽകുന്നതാണല്ലോ അറ്റവായ്പ(നെറ്റ് ലെന്റിങ്‌)യായി വരിക. ഇതാകട്ടെ, ഉൽപ്പാദനപരമായാണോ നിക്ഷേപം നടത്തുക എന്നതിനെ  ആശ്രയിക്കുന്നേയില്ല. അങ്ങനെ വരുമ്പോൾ, പലിശനിരക്ക് കുറയ്ക്കുന്നത്, വരുമാനവിതരണം വായ്പ നൽകുന്ന തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും കൈയിൽനിന്ന് വായ്പ വാങ്ങുന്ന കോർപറേറ്റുകളിലേക്ക് തിരിച്ചുവിടും.ഇതാകെച്ചേർന്ന്, പുരോഗമനപരമല്ലാത്ത വരുമാനവിതരണം അനിവാര്യമാക്കിത്തീർക്കും.

 പലിശ വെട്ടിച്ചുരുക്കൽ വന്ന് വന്ന്, മുതലാളിത്തത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം, നാമമാത്ര പലിശ പോലും നെഗറ്റീവാക്കിത്തീർത്തിരിക്കുന്നു. കാശ് കൈകാര്യം ചെയ്യുന്ന സമ്പദ് വ്യവസ്ഥകളിൽ, പലിശനിരക്ക് വെട്ടിച്ചുരുക്കുന്നതിന് ചില പരിമിതികൾ ഉണ്ട് എന്നത് സ്പഷ്ടമാണ്. (കാശ് കൈയിൽ വയ്‌ക്കുന്നതിനുതന്നെ ആദായനികുതി ഈടാക്കുന്നില്ലെങ്കിൽ). കൈയിൽ കാശ് വയ്‌ക്കുന്നതിന്  പലിശയേ നൽകേണ്ടെങ്കിൽ, പിന്നെയാരെങ്കിലും പലിശ അങ്ങോട്ടു കൊടുക്കാനായി നിക്ഷേപിക്കാൻ മുതിരുമോ? നിക്ഷേപകർക്ക് നിഷേധപ്പലിശയല്ലാത്ത ഒരു നിരക്ക് നൽകാനാകണമെങ്കിൽ, വായ്പകൾക്ക് ഈടാക്കാനാകുന്ന പലിശയുടെ കാര്യത്തിൽ ബാങ്കുകൾക്കും പരിമിതിയുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉജ്ജീവിപ്പിക്കുന്നതിനുള്ള ഗതികെട്ട പരിശ്രമത്തിന്റെ ഭാഗമായാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥകളിൽ പലിശ നിരക്ക് നിഷേധാത്മകമായി വെട്ടിച്ചുരുക്കുന്നത്.

ഉത്തേജക നടപടികൾക്കായുള്ള ധനപരമായ നടപടികൾ കൈക്കൊള്ളാൻ സർക്കാരുകൾക്ക് അവസരമുണ്ടായിരുന്നുവെങ്കിൽ ഈ നിഷേധപ്പലിശയുടെ ആവശ്യമേ വരില്ലായിരുന്നു. പക്ഷേ അന്താരാഷ്ട്ര ധനമൂലധനം, ധനകമ്മിക്കെതിരാണ്. (ഇയു രാജ്യങ്ങളിൽ ധനകമ്മി ജിഡിപി യുടെ 3 ശതമാനമേ വരാവൂ എന്നാണ് ). മുതലാളിമാർക്ക് നികുതി ചുമത്തുന്നതിനും അവരെതിരാണ്. തൊഴിലാളികൾക്ക് നികുതി ചുമത്തി അതത്രയും ചെലവാക്കിയതുകൊണ്ടൊന്നും മൊത്തം ചോദനം വർധിപ്പിക്കാനാകില്ലല്ലോ. ധനപരമായ നടപടികൾക്ക് സാധ്യതയേ ഇല്ലാതാകുമ്പോൾ, പിന്നെ മൊത്തം ചോദനം വർധിപ്പിക്കാനുള്ള ഏക മാർഗം പണനയത്തെ ഉപയോഗപ്പെടുത്തുകയാണ്.

ഈ നിസ്സഹായതയും ഗതികേടും ഇന്ത്യയിലും പ്രകടമാണ്. ഇതുവരെ 5 തവണയാണ് റിസർവ് ബാങ്ക് പലിശ വെട്ടിച്ചുരുക്കിയത്. അതുകൊണ്ട് കാര്യമൊന്നുമുണ്ടായില്ല എന്നത് വേറെ കാര്യം. പക്ഷേ അവസാനം ചില ധനപരമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചപ്പോൾ, അതാകെ ചെയ്തത്, കോർപറേറ്റ് നികുതിയിളവുകൾ നൽകുക എന്നത് മാത്രമാണ്. അതാകട്ടെ, വിപരീതഫലമാണുണ്ടാക്കിയത് താനും. അത്തരം ഇളവുകൾക്കുള്ള കാശ് കണ്ടെത്തുന്നത്, തൊഴിലാളികളുടെമേൽ അധികനികുതി ചുമത്തുകയോ അവർക്ക് നൽകേണ്ടതൊന്നും നൽകാതിരിക്കുകയാേ ചെയ്തുകൊണ്ടാണ്. അതാകട്ടെ, മൊത്തം ചോദനത്തെ വികസിപ്പിക്കുകയല്ല, മുരടിപ്പിക്കുകയാണ് ചെയ്യുക.

യൂറോപ്പിൽപോലും ധനനയം പാളുന്നു


വിരാേധാഭാസമെന്നുപറയാം, മറ്റിടങ്ങളിൽ മാത്രമല്ല, യൂറോപ്പിൽപോലും ധനനയമെന്ന ഉപകരണത്തിന്റെ (monetary  instrument) മൂർച്ചക്കുറവ് വേണ്ടുംവിധം പ്രകടിതമാകുന്നുണ്ട്. ഒക്ടോബർ 14 ന്റെ ഫിനാൻഷ്യൽ ടൈംസ് പോലും പറയുന്നത്, ആഗോള സമ്പദ് വ്യവസ്ഥ "ഒരേസമയ മാന്ദ്യത്തിലേക്ക് (Synchronised Stagflation) പ്രവേശിച്ചുകഴിഞ്ഞു എന്നാണ്. "ചില രാജ്യങ്ങളിൽ നേരിയ വളർച്ച, മറ്റു ചിലേടങ്ങളിൽ ഒന്നുകിൽ വളർച്ചയില്ല അതല്ലെങ്കിൽ പിറകാേട്ടടി എന്ന അവസ്ഥയാണ്. "കോർപറേറ്റ് നിക്ഷേപം പലിശനിരക്ക് കാര്യത്തിൽ നിർവികാരമാണ് എന്നതുതന്നെയാണ് പണനയത്തിന്റെ മൂർച്ച കുറയ്ക്കുന്നതിന് പിറകിൽ' മാർക്കറ്റിന്റെ പ്രതീക്ഷിതവളർച്ചയോടുള്ള പ്രതികരണമെന്ന നിലയ്‌ക്കാണ് അറ്റ നിക്ഷേപം വന്നു ചേരുന്നത്. മാർക്കറ്റ് മുരടിപ്പിലാണെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിൽ പലിശനിരക്ക് എത്ര താഴ്ത്തിക്കെട്ടി കോർപറേറ്റ് മേഖലയുടെ ചെലവ് ചുരുക്കിയാലും, ഒരു തരി നിക്ഷേപംപോലും കടന്നുവരില്ല.

പണസംബന്ധമായ കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥർ കരുതുക, ചുരുങ്ങിയ പലിശനിരക്ക് മറ്റൊരു വിധത്തിൽ സഹായകരമാകും എന്ന്‌. അതാകട്ടെ, ആസ്തി വിലക്കുമിളകൾ ഉൽപ്പാദിപ്പിച്ചുകൊണ്ടാണ്. അത്തരമൊരു കുമിള, അത്തരം ആസ്തികൾ കൈവശം വച്ചുപോരുന്നവർക്ക്, കുമിളകൾ പൊട്ടുന്നതുവരെ, തങ്ങൾ സമ്പന്നരാണ് എന്ന തോന്നൽ ഉണ്ടാക്കാൻ ഉതകുന്നിടത്തോളം, ഗണ്യമായ തോതിൽ ഉപഭോഗച്ചെലവ് വർധിക്കുന്നതിലേക്കും അതുവഴി മൊത്തം ചോദനത്തെ ഉത്തേജിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം.പക്ഷേ ഇത് ഒരപകടംപിടിച്ച നിർദേശമാണ്. മാത്രവുമല്ല, ഗണ്യമായ ഉപഭോഗച്ചെലവ് വർധന ഉണ്ടാകുകയാണെങ്കിൽത്തന്നെ, അതിന് സമയമെടുക്കും. 2008ന് ശേഷം ആസ്തി വിലക്കുമിളകൾവഴി സമ്പദ് വ്യവസ്ഥയിലെ ഉത്സാഹാവസ്ഥ ഉത്തേജിപ്പിക്കുക എന്നത്, ക്ഷേമപദ്ധതികളിൽ സർക്കാർ കൂടുതൽ ചെലവിടുക മുതലായ മറ്റു വഴികളുമായി താരതമ്യം ചെയ്യുമ്പോൾ, അതൊരു ആക്ഷേപകരമായ വഴി തന്നെയാണ്. അതുകൊണ്ടുതന്നെ ഒരുത്തേജകം എന്ന നിലയ്‌ക്ക് അതിന്റെ നിറവേറ്റൽശേഷി നഷ്ടപ്പെട്ടിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ, "തലക്കെട്ടായി വരുന്ന സാമ്പത്തിക സൂചികകൾ" എന്നു പറയപ്പെടുന്നവ 2006 വസന്തത്തിനു ശേഷം താണുവീണിരിക്കുന്നു. അക്കാലം തുടങ്ങി ഇതുവരെയുള്ള സമയത്ത് ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ച ഏറെ  മന്ദഗതിയിൽ ആയിരുന്നു. മുരടിപ്പിനെക്കുറിച്ചും മാന്ദ്യത്തെക്കുറിച്ചുമുള്ള ഇപ്പോഴത്തെ ഭീതി വ്യവസ്ഥയുടെ ചിരകാല പ്രതിസന്ധിയുടെ ലക്ഷണമാണ്. കഴിഞ്ഞ ആഴ്ച ഐഎംഎഫിന്റെ പുതിയ മാനേജിങ്‌ ഡയറക്ടർ ഏറ്റുപറഞ്ഞത് "2019ൽ ലോകത്ത് 90 ശതമാനം രാജ്യങ്ങളിലും വളർച്ച കുറയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ എന്നാണ്. സവിശേഷമായി കണ്ണിൽ തറയ്ക്കുന്ന ഒരു കാര്യമാണ്, ഇതുവരെ പ്രതിസന്ധിയിൽ പെടാത്തത് എന്ന് തോന്നിപ്പിച്ച ജർമനിയിൽപോലും മാന്ദ്യത്തിന്റെ സാധ്യതകൾ കണ്ടുതുടങ്ങിയിരിക്കുന്നു എന്നത്.

വ്യാപാരത്തർക്കം ലോകമുതലാളിത്തത്തിന്റെ  പ്രതിസന്ധിയുടെ പ്രതിഫലനം

ഇപ്പോഴത്തെ മാന്ദ്യത്തിന് കാരണമായി മുതലാളിത്ത  വക്താക്കൾ പറയുക, യുഎസ്–-ചൈന വ്യാപാരയുദ്ധം പോലുള്ള സവിശേഷഘടകങ്ങളാണ് എന്നാണ്. ഇതോടെ മുതലാളിമാരുടെ "മൃഗീയാസക്തി’ക്ക് ആഘാതമേറ്റത്രെ! അതാേടെ ഉൽപ്പാദക ആസ്തികളിൽ നിക്ഷേപിക്കാനുള്ള അവരുടെ ആഗ്രഹത്തിന് തടസ്സം വന്നത്രെ! അതാണ് മാന്ദ്യത്തിലേക്ക് പതിച്ചതിന് കാരണമത്രെ!  "സാമ്പത്തികമായ ആത്മവിശ്വാസം തകരുന്നതാ’ണ് വർത്തമാനകാലസാഹചര്യത്തിന്റെ സവിശേഷത എന്നാണ് എക്കണോമിക് ടൈംസ് വിശേഷിപ്പിച്ചത്.
പക്ഷേ അത്തരം വിശദീകരണങ്ങൾ വരുന്നത് പ്രതിസന്ധി ആനുഷംഗികമാണ് എന്ന നിലയ്‌ക്കാണ്, ഘടനാപരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമാണ് എന്ന നിലയ്‌ക്കല്ല തന്നെ. അത്തരം വിശദീകരണങ്ങൾ രണ്ട് പ്രധാന കാര്യങ്ങൾ വിട്ടുകളയുന്നുണ്ട്. ഒന്നാമത്തെ കാര്യം, 2008നുശേഷം ലോക സമ്പദ് വ്യവസ്ഥ ഗണ്യമായ തോതിൽ മന്ദീഭവിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് , തറയിലൂടെ ഇഴയുന്ന പന്തിന്റെ ഗതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടാമതായി, ചൈനയും യുഎസും തമ്മിലുള്ള വ്യാപാരത്തർക്കം ലോകമുതലാളിത്തത്തിന്റെ ഈ നീണ്ടുനിൽക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ്. അമേരിക്കയിലേക്കുള്ള ഇറക്കുമതി വെട്ടിച്ചുരുക്കിയും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക്‌ മറ്റു രാജ്യങ്ങളിൽ മാർക്കറ്റ് പ്രവേശനം നൽകാൻ ഭീഷണിപ്പെടുത്തിയും ഡോണൾഡ് ട്രംപ്‌ കാട്ടുന്ന അക്രമാസക്തമായ സംരക്ഷണനയം അമേരിക്കയിലെ സാമ്പത്തിക ഇടപാടുകളുടെ  തലം വികസിപ്പിക്കുന്നതിനു വേണ്ടിയാണ്.
ചൈനയും യുഎസുമായുള്ള വ്യാപാരയുദ്ധത്തിലേക്കും അതുവഴി സാമ്പത്തിക ആത്മവിശ്വാസത്തകർച്ചയിലേക്കും നയിച്ചതും അതുതന്നെ. ബഹളക്കാരനായ ഡോണൾഡ് ട്രംപിന്റെ പെരുംവായല്ല ഇന്നത്തെ പ്രതിസന്ധിയുടെ മൂല കാരണം. ശക്തമായ വരുമാന അസമത്വ പ്രവണതകളുടെ കെട്ടഴിച്ചുവിടുന്ന നിയോലിബറൽ മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണത്. ഈ പ്രവണതകൾ,   ലോകസമ്പദ് വ്യവസ്ഥയിലും അതത് നാടുകളിലും മൊത്തം ചോദനത്തിന് തടസ്സം സൃഷ്ടിക്കും. 2008നുമുമ്പ് അമേരിക്ക ഈ ചോദനച്ചുരുക്കത്തെ മറികടന്നത്, അവിടത്തെ അതിശക്തമായ ആസ്തിവിലക്കുമിളകളുടെ പരമ്പരകൾ വഴിയാണ്. അവ തകർന്നതോടെ, നിയോലിബറൽ മുതലാളിത്തത്തിന്റെ അമിതോൽപ്പാദന പ്രതിസന്ധിയുടെ സ്വാഭാവികപ്രവണതയാണ് വെളിപ്പെട്ടത്.
അത്തരത്തിലുള്ള ഏത് പ്രതിസന്ധിയും ആദ്യം ബാധിക്കുക അമേരിക്കയെയും യൂറോസോണിനെയുമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിൽനിന്ന് പുറംകരാർ പണി നേടിയ കിഴക്കൻ - ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലും ഇത് വ്യാപിച്ചു. ഈ പ്രതിസന്ധി തുടരുന്നതും  ട്രംപിന്റെ "അയൽപക്കക്കാരൻ പിച്ചക്കാരനാകട്ടെ" മനോഭാവവും കാരണം ഇത് ഏഷ്യൻ രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. അതുവഴി നാമിപ്പോൾ എത്തിനിൽക്കുന്നത് ഒരു യഥാർഥ ആഗോളമാന്ദ്യത്തിലേക്കാണ്. ഇതാകട്ടെ, കടുത്ത വർഗസമരങ്ങളുടെയും ശക്തമായ സാമൂഹ്യ പരിവർത്തനങ്ങളുടെയും പുതുയുഗത്തിന് ആരംഭം കുറിക്കുക തന്നെ ചെയ്യും.


പ്രധാന വാർത്തകൾ
 Top