30 May Tuesday

കൂട്ടക്കുഴപ്പങ്ങളുടെ കടുംകെട്ട്

മധു നീലകണ്ഠൻUpdated: Sunday Jun 5, 2022

‘വീണ്ടെടുപ്പ് തുടങ്ങി, തിരിച്ചുവരവായി...’ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുൻനിർത്തി തുടർച്ചയായി കേൾക്കുന്ന ഔദ്യോഗിക ഭാഷ്യങ്ങളാണ് ഇതൊക്കെ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും ഭരണത്തെ പിന്തുണയ്‌ക്കുന്ന ചില സാമ്പത്തികവിദഗ്ധരും കോർപറേറ്റ് ധനകാര്യ മാധ്യമങ്ങളും ഇത് ആവർത്തിക്കുന്നു. പെരുമ്പറകൊട്ടി ആഘോഷിക്കുന്ന ഈ അവകാശവാദങ്ങളുടെ നേർവിപരീതമാണ് സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രം. ഔദ്യോഗിക ഏജൻസികളിലൂടെ പുറത്തുവരുന്ന വിവരങ്ങൾതന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയൊരു വിവരമാണ് കേന്ദ്ര സ്ഥിതിവിവര ഓഫീസ് (സിഎസ്ഒ) പോയവാരം പ്രസിദ്ധീകരിച്ച സാമ്പത്തിക വളർച്ച കണക്കുകൾ. സിഎസ്ഒയുടെ റിപ്പോർട്ടു പ്രകാരം പിന്നിട്ട ധനവർഷത്തിലെ (2021–-22) അവസാന പാദത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ച 4.1 ശതമാനംമാത്രം. ഡിസംബറിൽ  റിസർവ് ബാങ്ക് കണക്കാക്കിയത് നാലാം പാദത്തിൽ ആറു ശതമാനം വളർച്ചയുണ്ടാകുമെന്നായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല,  മൂന്നാം പാദത്തിലെ 5.4 ശതമാനത്തിൽനിന്ന് 4.1 ശതമാനമായി ഇടിയുകയും ചെയ്തു.

നാലാംപാദ കണക്കിനൊപ്പം 2021-–- 22 ധനവർഷത്തിലാകെ 8.7 ശതമാനം വളർച്ചയുണ്ടാകുമെന്നും സിഎസ്ഒ പറഞ്ഞിട്ടുണ്ട്. ഇതാണ് സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന കൊട്ടിഘോഷത്തിന്റെ പിൻബലം. എന്നാൽ, മുൻവർഷത്തെ 6.6 ശതമാനം പിന്നോട്ടടിയുമായി (നെഗറ്റീവ്‌ ഗ്രോത്ത്‌) താരതമ്യം ചെയ്താണ് ഇത് വലിയ വളർച്ചയായി പറയുന്നതെന്നതാണ് വസ്തുത.  ‘ലോ ബേസ് ഇഫക്ട്' എന്നൊക്കെ സാമ്പത്തിക ശാസ്ത്രത്തിൽ പറയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടാത്ത പാർടിക്ക് ഇത്തവണ ഒരു സീറ്റ് കിട്ടിയാൽ  അത് വലിയ വർധനയാണല്ലോ. അതുപോലെയാണ് ഈ വളർച്ച കണക്കും. മുന്നേറ്റത്തിന്റെ പ്രത്യക്ഷ സൂചനകളായ സാധനങ്ങളുടെ ഡിമാൻഡോ ഉപഭോഗച്ചെലവോ കാര്യമായി വർധിച്ചുകാണുന്നില്ല. പുതിയ മുതൽമുടക്കുകളും  കുറഞ്ഞു. 2021 –-22ൽ ഗാർഹിക ഉപഭോഗച്ചെലവ് തുടർച്ചയായി ഇടിയുകയായിരുന്നു. നാലാം പാദത്തിൽ ഉപഭോഗച്ചെലവിന്റെ വർധന വെറും 1.8 ശതമാനം. ഗ്രാമങ്ങളിൽ പാൽ, മുട്ട, പഴം, പച്ചക്കറി എന്നിവയൊന്നും വാങ്ങാനാളില്ല. ആരുടെ കൈയിലും പൈസയില്ല. നോട്ടുനിരോധനംമുതൽ തകർന്നടിഞ്ഞ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ല.

ഒരുവശത്ത് വളർച്ചയിലെ പിന്നോട്ടടി. മറുവശത്ത് തീപിടിച്ച വിലകൾ, രൂക്ഷമായ തൊഴിലില്ലായ്മ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ തകർച്ച, വിദേശനാണയ ശേഖരത്തിലെ ചോർച്ച,  ഇറക്കുമതിയിൽ വർധന, ഇറക്കുമതി കൂടുതലായതിനാൽ വ്യാപാരക്കമ്മിയിൽ  വർധന...  ഇതാണ്  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രം. എണ്ണമറ്റ പ്രതിസന്ധികൾ. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. കൂട്ടക്കുഴപ്പത്തിന്റെ കടുംകെട്ടുകൾ. ഒന്നും അഴിക്കാനാകുന്നില്ല. ഒന്ന് അഴിച്ചാൽ മറ്റേത് കൂടുതൽ മുറുകും. ഇത്, 1991 മുതൽ ഇന്ത്യയിൽ നടപ്പാക്കുന്ന നവ ഉദാര (നിയോ ലിബറൽ) സാമ്പത്തികനയത്തിന്റെ ബാക്കിപത്രം. കോവിഡും റഷ്യ–- -ഉക്രയ്‌ൻ യുദ്ധവും സ്ഥിതിഗതി  വീണ്ടും വഷളാക്കി. നവ ഉദാരനയം നടപ്പാക്കിയ രാജ്യങ്ങളുടെയെല്ലാം സ്ഥിതി ഇങ്ങനെയൊക്കെ. നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക പ്രതിസന്ധികളുടെ നിലയില്ലാക്കയത്തിലാണ്.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിലും വരുമാനവും ഇല്ലാത്തതിനാൽ സാധനങ്ങൾക്ക് ഡിമാൻഡ്‌ ഇല്ലാത്തതാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ മുഖ്യ കാരണം. ജനങ്ങളുടെ ക്രയശേഷി (വാങ്ങൽ കഴിവ്) ഇടിഞ്ഞിരിക്കുന്നു. തൊഴിലും വരുമാനവുമുണ്ടായി ക്രയശേഷി വർധിച്ചാലേ ഉപഭോഗച്ചെലവ് കൂടൂ. അങ്ങനെയാണ് ഡിമാൻഡ് കൂടുന്നതും പുതിയ മുതൽമുടക്കുകളുണ്ടാകുന്നതും. അപ്പോൾ, സമ്പദ്‌വ്യവസ്ഥ ചലിക്കും. എന്നാൽ, കൂടുതൽ തൊഴിലവസരത്തിന്‌ സാധ്യതയുള്ള ഹോട്ടൽ -വ്യാപാര മേഖലയിലൊന്നും ഒരു പുരോഗതിയുമില്ല. ഈ രണ്ടു മേഖലയും 2019–- - 20നെ അപേക്ഷിച്ച് ഇപ്പോൾ 11.3 ശതമാനം പിന്നിലാണ്. തൊഴിൽ സാധ്യതയുള്ള നിർമാണമേഖലയിലെ വളർച്ച 3.4 ശതമാനംമാത്രം. ഒരുപാടുപേർക്ക് ജോലി നൽകാൻ കഴിയുന്ന ഉൽപ്പന്നനിർമാണ (മാനുഫാക്ചറിങ്) മേഖലയിൽ നാലാം പാദത്തിലെ വളർച്ച 0.2 ശതമാനംമാത്രം. മാനുഫാക്ചറിങ്ങിലും കാർഷിക മേഖലയിലും ഉൽപ്പാദനച്ചെലവിലെ വർധന മറ്റൊരു പ്രതിസന്ധി.

ഇതിനിടയിലാണ് രൂക്ഷമായ വിലക്കയറ്റം. ഉപഭോക്തൃസൂചികയെ അടിസ്ഥാനമാക്കിയ വിലക്കയറ്റനിരക്ക് ഏപ്രിലിൽ എട്ടു ശതമാനത്തോളമായി. മൊത്തവിലക്കയറ്റ നിരക്ക് 15 ശതമാനവും. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവുമുയർന്ന വില. മൊത്ത വില കൂടുതലായതിനാൽ ചില്ലറവിപണിയിൽ ഇനിയും വില കൂടും. സാധനങ്ങൾക്ക് ഡിമാൻഡ്‌ ഇല്ലാത്തപ്പോൾ വിലയും കൂടിയാലോ. ഉള്ള ഡിമാൻഡും ഇല്ലാതാകും. ഡിമാൻഡ്‌ കൂടുമ്പോഴാണ് സാധാരണഗതിയിൽ വില വർധിക്കുക. ഇവിടെ പക്ഷേ, ഒരു ഡിമാൻഡും ഇല്ലാതിരിക്കെ വില കൂടുന്നു. അതെങ്ങനെ? അതിന് ഉത്തരവാദി കേന്ദ്ര സർക്കാർ തന്നെ. പെടോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം അടിക്കടി വർധിപ്പിച്ച് വരുമാനം കൊയ്തതാണ് പൊതുവിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണം. അടുത്തിടെ അൽപ്പം കുറവുവരുത്തിയെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ അതൊന്നും മതിയാകില്ല.

ഇനി വിലക്കയറ്റം നിയന്ത്രിക്കാനെന്നപേരിൽ റിസർവ് ബാങ്ക് സ്വീകരിക്കുന്ന നടപടികൂടി നോക്കുക. ബാങ്കുകളുടെ പലിശനിരക്ക് വർധിപ്പിക്കുകയെന്ന പരമ്പരാഗതനയമാണ് ആർബിഐയുടേത്.  പലിശ വർധിപ്പിച്ചാൽ, വായ്പയായി സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്ന പണം കുറയുമെന്നും അതുവഴി  ഡിമാൻഡും വിലയും കുറയുമെന്നും ആർബിഐ കരുതുന്നു. പലിശ കുറവെങ്കിൽ വായ്പകൾ വർധിച്ച് ആ പണമെല്ലാം വിപണിയിലെത്തി ഡാമാൻഡ്‌ ഉയർന്ന് വില വർധിക്കുമെന്ന ധാരണയിലാണ് ആർബിഐയുടെ നടപടി. ഇവിടെ പക്ഷേ, ഡിമാൻഡ് വർധിച്ചതുകൊണ്ടല്ലല്ലോ വിലകൾക്ക് തീപിടിച്ചത്. ഇന്ധനവില വർധനയാണ് പൊതുവിലക്കയറ്റത്തിന് പ്രധാന കാരണം. അപ്പോൾ, പലിശനിരക്ക് വർധിപ്പിച്ച് വായ്പ നിയന്ത്രിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലകളെയും വീണ്ടും തളർത്തും. ഡിമാൻഡും മുതൽമുടക്കുകളും പിന്നെയും ഇടിയും. വിലക്കയറ്റം അന്തമില്ലാതെ തുടരുകയും ചെയ്യും.

ഇങ്ങനെ, സാമ്പത്തികരംഗത്ത് ബഹുമുഖ പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. കോവിഡിന് മുമ്പേ മാന്ദ്യം വിഴുങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കോവിഡോടെ വൻ തകർച്ചയിലായി. വീണ്ടെടുപ്പ് അവകാശവാദങ്ങൾക്കിടെ സമ്പദ്‌വ്യവസ്ഥ അതിവേഗം കൂടുതൽ പ്രതിസന്ധിയിലാകുന്നുവെന്നതാണ് യാഥാർഥ്യം. എവിടെയും കൂട്ടക്കുഴപ്പം മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top