26 June Sunday
ഇന്ന്‌ ലോക ഭൗമദിനം

നമുക്ക്‌ പോകാൻ മറ്റൊരിടമില്ല

ഡോ. എ രാജഗോപാൽ കമ്മത്ത്‌Updated: Friday Apr 22, 2022

അമൂല്യമായ ഭൂപ്രകൃതിയെ ധൂർത്തടിച്ചതിന്റെ തിക്തഫലങ്ങൾ ആഗോളവ്യാപകമായി നാം അനുഭവിക്കാൻ തുടങ്ങിയിട്ട് കുറേ ദശകങ്ങളായി. ഇത്‌ ഓർമിപ്പിക്കാൻ ഭൗമദിനവും ഭൗമ മണിക്കൂറുമൊക്കെ നാം ആചരിക്കുന്നു. എന്നാൽ, ഇത്തരം തിരിച്ചറിവുകൾ ഉണ്ടായിട്ടും വളരെ വിശിഷ്ടമായ ഈ ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കുന്ന പ്രവൃത്തികൾ തുടരുന്നു. മനുഷ്യന്റെ ചെയ്തികൾ അന്തരീക്ഷത്തെയും ശുദ്ധജലസമ്പത്തിനെയും മഹാസമുദ്രത്തെയും അന്തരീക്ഷത്തിന്റെ ഘടനയെയുംവരെ മാറ്റിമറിച്ചു. വായുവിൽ ഓക്സിജന്റെ അളവ് കുറഞ്ഞു. അതിനോടൊപ്പം വിഷവാതകങ്ങളുടെ അളവ് വർധിക്കുകയുംചെയ്തു. ശ്വാസകോശരോഗങ്ങളും വിഷാദരോഗവുംവരെ ഇതിന്റെ ഉൽപ്പന്നങ്ങളാണ്.

ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് 418 പിപിഎം കടന്നിരിക്കുന്നു. കഴിഞ്ഞ എട്ടുലക്ഷം വർഷത്തിനിടയിലെ ഏറ്റവും വലിയ അളവാണ്‌ ഇത്. ഇതിന്‌ ഹേതുവാകുന്നത് ഫോസിൽ ഇന്ധനങ്ങളാണ്. അന്തരീക്ഷത്തിന്റെ താപം ഏറുന്നതിന്റെ പ്രധാന കാരണം ഈ വാതകമാണ്. തൽഫലമായി ഹിമാനികളും ഹിമശേഖരങ്ങളും ഉരുകി സമുദ്രനിരപ്പു വർധിച്ചു. കാർബൺ ഡയോക്സൈഡ് മഹാസമുദ്രങ്ങളിൽ എത്തിച്ചേർന്ന് കാർബോണിക് അമ്ലം ഉണ്ടാകുകയും സമുദ്രജലത്തിന്റെ പിഎച്ച് മൂല്യം കുറഞ്ഞ് അമ്ല മയം വർധിക്കുകയും ചെയ്യുന്നു. ഇത് സമുദ്രത്തിലെ ജീവികളെ ദോഷകരമായി ബാധിക്കുന്നു.  കൂടാതെ മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളും അന്തരീക്ഷത്തിൽ ഹാനി വളർത്തുന്നു.

ആംബിയന്റ് എയർ ക്വാളിറ്റി ഇൻഡക്സ് വഴി വായുവിന്റെ ഗുണനിലവാരം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ മിക്ക നഗരത്തിലും പർട്ടിലേറ്റ് മാറ്റർ എന്നുവിളിക്കുന്ന പലയിനം സൂക്ഷ്മ ധൂളീശകലങ്ങൾ ക്രമാതീതമായി കാണാം. മിക്ക ഏഷ്യൻ രാജ്യത്തിലെയും സ്ഥിതി ഇതുതന്നെ. ജനസംഖ്യ വർധിക്കുമ്പോൾ വാഹനങ്ങളും ഉൽപ്പാദനവും ഉപയോഗവും വർധിക്കുന്നു. വായുവും ജലവും മലിനമാകുന്നു. റഫ്രിജറന്റുകളിലെയും സ്പ്രേ ക്യാനുകളിലെയും ഹൈഡ്രോ ഫ്ളൂറോ കാർബൺ വാതകങ്ങൾ അളവറ്റ്‌ വർധിക്കുന്നതു തടയാൻ സാധിച്ചെങ്കിലും നേരത്തേ അതു വരുത്തിവച്ച ഓസോൺ കവചം പൂർവസ്ഥിതിയിലാകാൻ ഇനിയും സമയമെടുക്കും. ഓസോൺ കുറഞ്ഞതുമൂലം സൂര്യനിലെ അൾട്രാവയലറ്റ് രശ്മികളിലുള്ള ഘടകം, -യുവിസി -ഭൂമിയിൽ എത്തുന്നു ചിലയിടത്ത്‌. അത് ജീവജാലങ്ങൾക്ക് ഹാനികരമാണ്. പിന്നെ നിർബാധം ഭൂമിയിൽ എത്തുന്ന യുവിഎ, യുവിബി എന്നിവയും സൂര്യാഘാതത്തിനും  സൂര്യാതപത്തിനും കാരണമാകുന്നു. കോൺക്രീറ്റ്, ടാർ എന്നിവയുള്ള ഇടങ്ങൾ വർധിച്ചതിനാൽ അൾട്രാവയലറ്റ് പ്രതിഫലിച്ച് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു.

ഭൂമിയിൽ ശുദ്ധജലസ്രോതസ്സുകൾ കുറഞ്ഞുവരുന്നു. മിക്ക നദികളും വറ്റിവരളുന്നു. നദികൾക്ക് ജലം എത്തിച്ചിരുന്ന വനപ്രദേശങ്ങൾ ഇല്ലാതായതാണ് കാരണം

കരപ്രദേശത്തിന്റെയും സമുദ്രത്തിന്റെയും താപനിലയിൽ വ്യത്യാസം ഇല്ലാത്തതുമൂലം കരക്കാറ്റും കടൽക്കാറ്റും കുറയുന്നു. അങ്ങനെ അന്തരീക്ഷത്തിൽ ആർദ്രത അപ്രകാരംതന്നെ നിലകൊള്ളുന്നു. പച്ചപ്പ്‌ കുറഞ്ഞതിനാൽ കരയിൽനിന്നു താപവികിരണം ഉണ്ടാകുന്നു. ഇത് തൊട്ടടുത്ത സമുദ്രത്തിന്റെ ഉപരിതലത്തെ ചൂടുപിടിപ്പിക്കുന്നു. തൽഫലമായി ജലത്തിന്റെ ബാഷ്പീകരണം വർധിക്കുകയും ന്യൂനമർദപ്രദേശങ്ങൾ വളർന്ന് ചുഴലിക്കാറ്റുകളായി മാറുകയും ചെയ്യുന്നു. ഇത് കേരളത്തിൽ നാം അനുഭവിക്കുന്ന ഒന്നാണ്. ഓഖി പെട്ടെന്നുണ്ടായത് ഇത്തരം പ്രതിഭാസംമൂലമാണ്.

ചുഴലിക്കാറ്റുകളും വർധിച്ചു
ലോകത്ത് തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ എണ്ണം വർധിക്കുമെന്ന് മുൻകൂട്ടിക്കണ്ടിരുന്നു. അപ്രകാരംതന്നെ സംഭവിക്കുന്നതായി കാണാം. അത്‌ലാന്റിക്കിലെയും പസഫിക്കിലെയും ചുഴലിക്കാറ്റുകൾ വർധിച്ചു, തീവ്രതയും വർധിച്ചു. ഇത്‌ കേരളത്തിലെ മൺസൂൺ പ്രളയത്തിന്‌ ഇടയാക്കുന്ന പേമാരിക്കു കാരണമായി. ഇനിയുള്ള വർഷങ്ങളിൽ ഇത്തരം പ്രതിഭാസം തുടർച്ചയായി ഉണ്ടാകാം. മൺസൂണിന്റെ ഘടനതന്നെ മാറി.

ഭൂമിയിൽ ശുദ്ധജലസ്രോതസ്സുകൾ കുറഞ്ഞുവരുന്നു. മിക്ക നദികളും വറ്റിവരളുന്നു. നദികൾക്ക് ജലം എത്തിച്ചിരുന്ന വനപ്രദേശങ്ങൾ ഇല്ലാതായതാണ് കാരണം. പിന്നെ മാലിന്യവുമുണ്ട്. മെർക്കുറിയും ഭാരമേറിയ മൂലകങ്ങളും നദികളിലും മറ്റുമുള്ളത് മത്സ്യങ്ങളിൽ എത്തുന്നു. അത് ആഹരിക്കുന്ന മനുഷ്യരിലും അത്‌ എത്തുന്നു. ഇത്തരം മൂലകങ്ങൾ പുറംതള്ളാനുള്ള രീതി നമ്മുടെ ശരീരത്തിന്‌ അറിയില്ല. അതെല്ലാം അവയവങ്ങളിൽ അടിഞ്ഞുകൂടി രോഗാവസ്ഥകൾക്കു കാരണമാകുന്നു. സമുദ്രത്തിലെ മത്സ്യസമ്പത്തിലും മാലിന്യമുണ്ട്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ജലത്തിലൂടെ തിരികെ നമ്മളിലേക്ക്‌ എത്തുന്നു. മത്സ്യങ്ങളിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശമുണ്ട്. അതെല്ലാം നമ്മുടെ ശരീരത്തിൽ എത്തുന്നു.

നഗരങ്ങളിലെ താപനിലയിൽ ഗണ്യമായ വർധനയുണ്ടാകുന്നത് കോൺക്രീറ്റും ടാർ റോഡുകളും മൂലമാണ്. അടുത്തടുത്ത് വീടുള്ള ഇടങ്ങളിലും ഫ്ലാറ്റ് പോലെയുള്ള കോൺക്രീറ്റ് ടവറുകൾ ഉള്ളയിടത്തും താപദ്വീപുകൾ രൂപപ്പെടുന്നു. പകൽ മുഴുവൻ സൂര്യാതപം ആഗിരണംചെയ്ത് കോൺക്രീറ്റ് ടവറുകൾ അതെല്ലാം വികിരണംചെയ്ത് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. വനങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്നു. ജനസംഖ്യ വർധിക്കുന്നതുമൂലം ആളുകൾ വനമെല്ലാം വെട്ടിവെടിപ്പാക്കി വാസസ്ഥലങ്ങളാക്കി മാറ്റും. ഇതുമൂലം കാലാവസ്ഥയിൽ ഗണ്യമായ മാറ്റമുണ്ടായി. വനപ്രദേശങ്ങളെ ആശ്രയിച്ചിരുന്ന ജീവികൾ നാട്ടിലേക്ക്‌ ഇറങ്ങുമ്പോൾ അവയിൽ സുഷുപ്തിയിലായിരുന്ന വൈറസുകൾ നാട്ടിലെ ജീവികളിലെത്തി നിപായും സാഴ്സും മേഴ്സും കോവിഡുമൊക്കെ വരുത്തിവയ്‌ക്കുന്നു.

വികസനമെന്നതിന്റെ ആദ്യത്തെ അജൻഡ മാലിന്യരഹിതമായ ചുറ്റുപാടുകളും ശുദ്ധവായുവും ശുദ്ധജലവും ആയിരിക്കണം. മാലിന്യം ഒട്ടുംതന്നെ വലിച്ചെറിയാത്ത രീതി എല്ലാവരും പിന്തുടരണം

കൂടാതെ ഇത്തരം ജീവികളെ ആഹരിക്കുന്നതിലൂടെയും രോഗബാധയുണ്ടായി. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ചെറിയ ഇടത്ത് ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുന്ന മിയാവാക്കി രീതി അവലംബിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും മിയാവക്കി സാമൂഹ്യവനങ്ങൾ നിർബന്ധമാക്കണം. പിന്നെ ഒഴിഞ്ഞ ഇടത്ത്‌ സ്വാഭാവികമായ രീതിയിൽ മരങ്ങൾ നട്ടുപരിപാലിക്കുന്നതും ഒരളവുവരെ ഗുണംചെയ്യും. ഗാർഹികമാലിന്യവും വ്യാവസായികമാലിന്യവും ദിനംപ്രതി വർധിച്ചുവരുന്നു. വികസനമെന്നതിന്റെ ആദ്യത്തെ അജൻഡ മാലിന്യരഹിതമായ ചുറ്റുപാടുകളും ശുദ്ധവായുവും ശുദ്ധജലവും ആയിരിക്കണം. മാലിന്യം ഒട്ടുംതന്നെ വലിച്ചെറിയാത്ത രീതി എല്ലാവരും പിന്തുടരണം. ഗാർഹികമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന പദ്ധതികൾ കൂടുതൽ ഊർജിതമാക്കണം. ആഹാരം വെറുതേ കളയുന്നത്‌ നിർത്തലാക്കണം. മറ്റൊരു രാജ്യത്തും ആഹാരം ഈ രീതിയിൽ വലിച്ചെറിയുന്ന ജനതയെ കണ്ടിട്ടില്ല. അവരൊക്കെ ആവശ്യത്തിനുള്ളതുമാത്രം വാങ്ങി ഉപയോഗിക്കുന്നു. ആ ശീലം നമ്മളും പിന്തുടരേണ്ടത് അത്യാവശ്യം തന്നെ. ചടങ്ങിനും മറ്റും ധാരാളം ആഹാരം പാഴാക്കിക്കളയുന്നതായി കാണാം. ഇതിനെല്ലാം ഒരറുതി വരുത്തണം. ആഹാരം പാഴാക്കുന്നതിന്റെ തിക്തഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം കുട്ടിക്കാലത്തുതന്നെ തുടങ്ങണം.

ഭൂമിയിലെ സസ്യസമ്പത്ത് കുറഞ്ഞുവരികയാണ്. മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും ആശ്രയം സസ്യങ്ങളോ സസ്യങ്ങളെ ആഹരിക്കുന്ന ജീവികളോ ആണ്. ആ ജീവികളിൽ പലതും വംശനാശത്തിന്റെ വക്കിലാണ്. കാക്കകളും അങ്ങാടിക്കുരുവികളും എണ്ണത്തിൽ കുറഞ്ഞുവരികയാണ്. അവയൊക്കെ കാലക്രമേണ അപ്രത്യക്ഷമാകാം. ഇത്തരത്തിൽ പോയാൽ അന്തരീക്ഷത്തിന്റെ ഘടന മാറുകയും വായു വിഷമയമായിത്തീരുകയും ചെയ്യും. ഒപ്പം ശുദ്ധജലവും കിട്ടാതാകും. നാം പിന്തുടരുന്ന രീതികൾ ഇത്തരമൊരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. ആണവായുധ പരീക്ഷണം, കേടുവന്ന റിയാക്ടറുകൾ, റിയാക്ടർ അപകടങ്ങൾ എന്നിവയിൽനിന്നുള്ള ആണവമാലിന്യം ഭൂമിയെമ്പാടും പരന്നിട്ടുണ്ട്. ചെർണോബിൽ, ത്രീമൈൽ ഐലൻഡ്, ഫുക്കുഷിമ എന്നിവിടങ്ങളിലെയും പലതരം ആണവ പരീക്ഷണങ്ങളുടെയും ബാക്കിപത്രമായ റേഡിയോ ആക്ടീവതയുള്ള മാലിന്യം വായുവിലൂടെയും ജലത്തിലൂടെയും ഭക്ഷ്യവസ്തുക്കളിലൂടെയും ഭൂമിയിലെ എല്ലാ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും എത്തിച്ചേർന്നിരിക്കുന്നു. ഇത്തരം ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾപോലും ലോകം ഇന്ന് ആണവായുധപ്രയോഗത്തിന്റെ ഭീഷണിയിലാണ്. പ്രകോപനത്തിലൂടെ ആണവായുധ പ്രയോഗം സാധ്യമാക്കുന്നവർ വിസ്മരിക്കുന്ന ഒരുകാര്യമുണ്ട്. ആണവായുധം പതിച്ചയിടങ്ങളിലുള്ളവർ അപ്പോൾതന്നെ ഇല്ലാതാകും. എന്നാൽ, വിദൂരദേശങ്ങളിലിരുന്ന് ഇതെല്ലാം നിയന്ത്രിക്കുന്നവരിൽ ആണവമാലിന്യം എത്തിച്ചേരുന്നതു തടയാൻ ഒന്നിനുമാകില്ല.

ഭൂമിയെ വാസയോഗ്യമാക്കി നിലനിർത്തുകയെന്നത് സർക്കാരുകളുടെ മാത്രമല്ല, മറിച്ച് വ്യവസായങ്ങളുടെയും വ്യക്തികളുടെയുംകൂടി കടമയാണ്. അതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള ആഹ്വാനമാണ് ഭൗമദിനാചരണത്തിലൂടെ പ്രചരിപ്പിക്കുന്നത്. വ്യവസായങ്ങൾക്ക് കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്വംപോലെ വ്യക്തികൾക്ക് പേഴ്സണൽ സാമൂഹ്യ ഉത്തരവാദിത്വവും ഉണ്ടാകണം. ഭൂമിയെ സംരക്ഷിക്കാനായി ധനവും സമയവും ചെലവഴിക്കാൻ സർക്കാരുകളും വ്യവസായശാലകളും വ്യക്തികളും തയ്യാറാകണം. എന്നാൽ, മാത്രമേ ഈ ഹരിതഭൂവിനെ വാസയോഗ്യമാക്കി നിലനിർത്താനും വരുംതലമുറകൾക്ക് ആരോഗ്യപ്രദമായ ജീവിതം പ്രദാനം ചെയ്യാനും കഴിയൂ. ഇതിനായുള്ള ചെലവുകൾ ദാനമല്ല മറിച്ച് ഭൂമിയിലുള്ള നിക്ഷേപമാണ്. തിരികെ അനേക മടങ്ങായി ശുദ്ധവായുവും ശുദ്ധജലവും മാലിന്യമൊട്ടുമില്ലാത്ത ചുറ്റുപാടുകളും ആരോഗ്യവും ലഭിക്കുന്നതിനുള്ള നിക്ഷേപം.

(ശാസ്‌ത്രനിരീക്ഷകനും എഴുത്തുകാരനുമാണ്‌
 ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top