22 September Tuesday

അഭിമാനപൂർവം റീ സൈക്കിൾ കേരള - എ എ റഹീം എഴുതുന്നു

എ എ റഹീംUpdated: Monday Aug 10, 2020

ആക്രി പെറുക്കിയും പാഴ്‌വസ്‌തുക്കൾ ശേഖരിച്ച്‌ വിറ്റും എല്ലുമുറിയെ പണിയെടുത്തും ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10,95,86537 കോടി രൂപയാണ്. ആദ്യഘട്ടംതന്നെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് സർക്കാരിനുപിന്നിൽ കേരളത്തിലെ യുവത അണിനിരന്നു. ‘ഞങ്ങളുണ്ട്’ എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ തുടരുകയാണ്‌. ലോക്‌ഡൗൺ ആരംഭിച്ച ഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കരികിലേക്ക് ഡിവൈഎഫ്ഐ വളന്റിയർമാരെത്തി. സംസ്ഥാന കേന്ദ്രത്തിൽ 24 മണിക്കൂർ കോൾസെന്റർ ആരംഭിച്ചു. ക്വാറന്റൈൻ കേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാക്കുന്നതിന് യുവാക്കൾ കായികാധ്വാനവുമായി രംഗത്തുവന്നു. ലക്ഷക്കണക്കിന് മാസ്കുകൾ നിർമിച്ച് വിതരണംചെയ്തു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലും ഡിവൈഎഫ്ഐ മറ്റ് യുവജനസംഘടനകൾക്ക് മാതൃകയായി. സർക്കാരിന്റെ സന്നദ്ധം വളന്റിയർ സേനയിൽ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വളന്റിയർമാർ ദൗത്യം തുടരുന്നു.

മഴക്കാലപൂർവ ശുചീകരണവും പരിസ്ഥിതി സംരക്ഷണവും ഒരു അജൻഡയായിത്തന്നെ ഏറ്റെടുത്ത സംഘടനയാണ് ഡിവൈഎഫ്ഐ. ധനശേഖരണവും മേൽപ്പറഞ്ഞ രണ്ട് പ്രവർത്തനവും ഏകോപിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചു. ‘നിങ്ങളുടെ വീട്ടിലെ പഴയ സാധനങ്ങൾ കേരള പുനർനിർമാണത്തിന്’ എന്ന സന്ദേശമാണ്  മുന്നോട്ടുവച്ചത്. വീടുകളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നും ശേഖരിച്ചത് 1542.7 ടൺ സാധനങ്ങളാണ്. ജലാശയങ്ങളിൽനിന്നും സമുദ്രതീരങ്ങളിൽനിന്നും 6.654 ടൺ പ്ലാസ്റ്റിക് ഉൾപ്പെടെ പുനരുപയോഗ സാധ്യതയുള്ള പാഴ്‌വസ്തുക്കളാണ് ശേഖരിച്ച് വിൽപ്പന നടത്തിയത്. മലപ്പുറം ജില്ലാകമ്മിറ്റി പെരുന്നാൾ ദിനത്തിൽ തീരപ്രദേശങ്ങളിൽ ശുചീകരിച്ചു. കനോലി കനാലിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പ്രവർത്തനം നടന്നു.


 

പഴയപത്രങ്ങളും മാസികകളും നോട്ട് ബുക്കുകളും പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക്, ഇരുമ്പ് പാഴ്വസ്തുക്കളും സംഭരിച്ചു.  ഉപയോഗ ശൂന്യമായ വാഹനങ്ങളും ലഭിച്ചു. ചലച്ചിത്ര, സാഹിത്യ–-സാംസ്കാരിക രംഗത്തെ പ്രമുഖർ, മതമേലധ്യക്ഷൻമാർ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ആത്മാർഥമായി സഹകരിച്ചു. മൂന്നാറിലെ കർഷകരായ മാരിയപ്പനും കുമാറും  മൂന്ന് ടൺ കാബേജാണ് നൽകിയത്. ഇടുക്കി പൂമാലയിൽ കർഷകനായ എം ഇ നാരായണൻ തന്റെ കൈതച്ചക്കത്തോട്ടവും നൽകി. തിരുവനന്തപുരത്തെ കാട്ടായിക്കോണത്ത് വീട്ടമ്മ ആടിനെ നൽകി. മലപ്പുറത്ത്‌ നിരവധി പേർ വളർത്തുമൃഗങ്ങളെ നൽകി. ഇറച്ചി വിൽപ്പനക്കാരുടെ സംഘടന മലപ്പുറത്തും പത്തനംതിട്ടയിലും  മൃഗങ്ങളെ നൽകി. കോട്ടയത്ത്‌ വീട്ടമ്മ സ്വന്തം പുരയിടത്തിലെ വൃക്ഷങ്ങൾ നൽകി.

കണ്ണൂർ ബിഷപ് ഹൗസിലെ ആക്രി സാധനങ്ങളും പഴയ പത്രങ്ങളും ബിഷപ് ഡോ. അലക്സ് വടക്കുംതല നൽകി. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് മുഖൈ്യമാം സെയ്ഫുദ്ദീൻ അൽ ഖാസിമിൻ പള്ളിയിലെ പഴയ മോട്ടോർ അടക്കമുള്ള സാധനങ്ങൾ നൽകി. എറണാകുളം കോതമംഗലത്തെ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ട്രസ്റ്റി ഇഞ്ചൂർമന ഇ ജി വിഷ്ണുനമ്പൂതിരി ക്ഷേത്രത്തിൽ ലഭിച്ച അമ്പതോളം പഴയ ഓട്ടുവിളക്കുകളും 100 കിലോ നെല്ലും സംഭാവന നൽകി.  കൈത്തറി മുണ്ടുകൾ വാങ്ങി വീടുകളിൽ എത്തിച്ച്  വിവിധ കമ്മിറ്റികൾ  പണം സമാഹരിച്ചു.

‘ലോക്ആർട്സ്’ കോവിഡ് കാലത്തെ ഡിവൈഎഫ്ഐയുടെ സർഗാത്മക ഇടപെടലായിരുന്നു. ലോക്‌ഡൗൺ സമയത്തെ വിരസത മാറ്റാൻ ചിത്രം വരയ്ക്കാനും പാഴ്സാധനങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കാനും ആഹ്വാനംചെയ്ത ക്യാമ്പയിനായിരുന്നു ലോക്ആർട്സ്. ലോക്ആർട്സിൽ പിറവിയെടുത്ത സൃഷ്ടികൾ വിൽപ്പന നടത്തി  ധനശേഖരണം നടത്തി. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ പ്രസിഡന്റും ചിത്രകാരനുമായ നിഷാന്ത് വി ചന്ദ്രന്റെ ഒരു ചിത്രം ലേലത്തിൽ വാങ്ങിയത്  ക്രിക്കറ്റ്താരം ശ്രീശാന്തായിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റംഗം വി എസ് ശ്യാമ വരച്ച ചിത്രം മാധ്യമപ്രവർത്തകൻ കെ വി മധുവാണ് വാങ്ങിയത്. പ്രശസ്ത ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സഹൽ അബ്ദുൽ സമദ്, സി കെ വിനീത് തുടങ്ങിയവരുടെ ജേഴ്സികൾ ലക്ഷക്കണക്കിന് രൂപയ്‌ക്കാണ് ലേലത്തിൽ വിൽപ്പന നടത്തിയത്. കിണറുകൾ വൃത്തിയാക്കിയും കൃഷിപ്പണി ചെയ്തും വീടുകളിൽ പെയിന്റിങ്‌ നടത്തിയും റോഡ് ടാറിങ്‌ ചെയ്തും ലഭിച്ച കൂലി ഡിവൈഎഫ്ഐ പ്രവർത്തകർ ദുരിതാശ്വാസ നിധിയിലേക്ക് സ്വരുക്കൂട്ടി.


 

കോഴിക്കോട് പേരാമ്പ്ര ബ്ലോക്കിലെ നൊച്ചാട് മേഖലാ കമ്മിറ്റി പാറ ചുമന്ന്   60,000 രൂപയാണ് സമാഹരിച്ചത്. കോട്ടയം കടുത്തുരുത്തി ബ്ലോക്കിലെ കാരിക്കോട്, തിരുവാമേഖലകളിലെ പ്രവർത്തകർ ചെങ്കല്ല് ചുമന്ന് 41,317 രൂപ കണ്ടെത്തി. എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദിന്റെ നേതൃത്വത്തിൽ പോത്താനിക്കാട് മേഖലാകമ്മിറ്റി റബർ മരം മുറിച്ച് ലോഡിങ്‌ നടത്തി 18,600 രൂപ സമാഹരിച്ചു. തിരുവനന്തപുരം ചാല ബ്ലോക്കിലെ കരിമഠം യൂണിറ്റ് കമ്മിറ്റിമാത്രം ഒരു ലക്ഷം രൂപയാണ് നൽകിയത്. തിരുവനന്തപുരം ആനാവൂർ മേഖലാകമ്മിറ്റി ചക്കവറ്റൽ ഉണ്ടാക്കി സമാഹരിച്ചത് 30,000 രൂപയാണ്. പുസ്തക വിൽപ്പനയിലൂടെ തലശേരി ബ്ലോക്ക് കമ്മിറ്റി ഒരുലക്ഷം രൂപയാണ് സമാഹരിച്ചത്.

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് പത്തുകോടിയിലധികം സമാഹരിക്കാൻ സാധിച്ചത് മുഴുവൻ  പ്രവർത്തകർക്കും അഭിമാനത്തോടെ ഓർക്കാം.  4 ജില്ലാകമ്മിറ്റി ഒരുകോടി കടന്നു. കണ്ണൂർ 1,65,64,557 കോടി നൽകി. കോഴിക്കോട് 1,20,01,266 രൂപയും തിരുവനന്തപുരം  1,15,00,000 രൂപയും തൃശൂർ 1,07,29,328 രൂപയും സമാഹരിച്ചു. മലപ്പുറം ഒരു കോടിയോട് അടുത്തെത്തി, 97,07,910 രൂപ. കൊല്ലം 81,25,806, പാലക്കാട് 80,38,668, കാസർകോട്‌  64,21,884, എറണാകുളം 64,00,000, പത്തനംതിട്ട 61,84,337, ആലപ്പുഴ 60,00,000, ഇടുക്കി 35,19,480, കോട്ടയം 22,49,092, വയനാട് 21,66,707 എന്നിങ്ങനെയാണ് നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് യുഡിഎഫ്, ബിജെപി കേന്ദ്രങ്ങൾ വ്യാജപ്രചാരണങ്ങൾ കെട്ടഴിച്ചുവിട്ടു. കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്നതിന് ആസൂത്രിതശ്രമം നടത്തുന്ന പ്രതിപക്ഷം, തുടർച്ചയായി സിഎംഡിആർഎഫിന് എതിരായ പ്രചാരണം സംഘടിപ്പിച്ചു. ശമ്പളം കടം ചോദിച്ച സർക്കാരിനുമുന്നിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച നേതാക്കളുടെ കൺമുമ്പിലാണ് കേരളത്തിന്റെ സമരയൗവനം ആക്രിപെറുക്കിയും അധ്വാനിച്ചും കോടികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top