18 August Sunday

ബഹുമുഖ പ്രതിഭയും കമ്യൂണിസ്റ്റുമായ നവോത്ഥാന നായകൻ

കെ എൻ ബാലഗോപാൽ Updated: Monday Mar 11, 2019

നവോത്ഥാന നായകരിലെ അത്ഭുതപ്രതിഭാസമാണ് ഡോ. വി വി വേലുക്കുട്ടി അരയനെന്നുപറയാം. സ്വാമി വിവേകാനന്ദൻ കേരളത്തെ "ഭ്രാന്താലയം' എന്നു വിളിച്ച പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കരുനാഗപ്പള്ളിയുടെ തീരദേശമായ ആലപ്പാട് ഗ്രാമത്തിൽ ജനിച്ച വേലുക്കുട്ടി അരയൻ, ഈ ലോകത്തോടു വിട പറയുംവരെ നിരന്തരം പ്രവർത്തിച്ച മേഖലകളുടെ വൈവിധ്യവും വ്യാപ്തിയും പരിശോധിച്ചാൽ ആരും അത്ഭുതപ്പെടും. ജാതിപരമായ വിവേചനങ്ങളും സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയും നേരിട്ടുകൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികൂടിയായിരുന്നു, ഡോ. വേലുക്കുട്ടി അരയൻ എന്ന വസ‌്തുത ചേർത്തുവായിച്ചുകൊണ്ട് വേണം അദ്ദേഹം വ്യാപരിച്ച മേഖലകളിലേക്ക് കണ്ണോടിക്കേണ്ടത്. ബഹുമുഖപ്രതിഭയും ഉല്പതിഷ്ണുവുമായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യൻകാളി, ടി കെ  മാധവൻ, ചങ്ങനാശേരി പരമേശ്വരൻപിള്ള, മന്നത്ത‌് പത്മനാഭൻ, പട്ടം താണുപിള്ള, മഹാകവി കുമാരനാശാൻ, സി കേശവൻ, സി എസ് സുബ്രഹ്മണ്യൻപോറ്റി തുടങ്ങിയവരുടെ ശ്രേണിയിൽനിന്ന‌് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിയ ഏക നവോത്ഥാന നായകനും ഡോ. വി വി വേലുക്കുട്ടി അരയനാണ്.

സാമൂഹ്യപരിഷ്കർത്താവ്, സ്വാതന്ത്ര്യസമരസേനാനി, സാഹിത്യകാരൻ, നിരൂപകൻ, പത്രാധിപർ, പത്രമുടമ, കലാകാരൻ, അയിത്തോച്ചാടന പ്രക്ഷോഭനേതാവ്, ശാസ്ത്രഗവേഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭിഷഗ്വരൻ, ബഹുഭാഷാപണ്ഡിതൻ, നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകൻ, പ്രഭാഷകൻ, രാഷ്ട്രീയനേതാവ്, യുക്തിവാദി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നെന്നു മാത്രമല്ല, മേൽപ്പറഞ്ഞ ഓരോ മേഖലയെയും വെവ്വേറെ എടുത്തു പരിശോധിച്ചാൽ ഓരോന്നിലും നിർണായകസംഭാവനകൾ നൽകിയ അസാധാരണ പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന യാഥാർഥ്യവും അംഗീകരിക്കേണ്ടിവരും.

ഡോ. വി വി  വേലുക്കുട്ടി അരയൻ ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ ശോഭിച്ച മികച്ച സാഹിത്യകാരനായിരുന്നു.  കവിതകൾ, കഥകൾ, നോവലുകൾ, പരിഭാഷകൾ. ആട്ടക്കഥ, ലേഖനങ്ങൾ, നിരൂപണങ്ങൾ, ഓട്ടൻതുള്ളൽ, ബാലസാഹിത്യകൃതികൾ, ഖണ്ഡകാവ്യങ്ങൾ, നാടകങ്ങൾ, ആക്ഷേപഹാസ്യങ്ങൾ, ഗീതങ്ങൾ, പ്രഹസനങ്ങൾ തുടങ്ങി പ്രകാശിതങ്ങളും അപ്രകാശിതങ്ങളുമായി ധാരാളം സാഹിത്യസൃഷ്ടികൾ അദ്ദേഹത്തിന്റേതായി സാഹിത്യലോകത്തിനു ലഭിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയും പുരോഗമനസ്വഭാവവുമുള്ളതാണ് മിക്ക കൃതികളും.

പ്രഗത്ഭനായ പരവൂർ കേശവനാശാന്റെ ശിഷ്യനായും "സുജനാനന്ദിനി 'യുടെ സഹപത്രാധിപരായും പത്രപ്രവർത്തനത്തിൽ ചുവടുവച്ച ഡോ.വേലുക്കുട്ടി അരയൻ, 1917-ൽ അന്നത്തെ സാമൂഹ്യാവസ്ഥയെ വെല്ലു വിളിച്ചുകൊണ്ട് "അരയൻ’ പത്രം  ആരംഭിച്ചതുമുതൽ 1969 ൽ അന്തരിക്കും വരെ വ്യത്യസ്തങ്ങളായ നിരവധി പത്രമാസികകളുടെ പത്രാധിപരായും ഉടമയായും അരനൂറ്റാണ്ടിലധികംകാലം പ്രവർത്തിച്ചു. രാജഭരണത്തെ വിമർശിച്ചതിന്റെപേരിൽ 1921ലും 1938ലും "അരയൻ’ പത്രം കണ്ടു കെട്ടുകയും ശ്രീമൂലം പ്രജാസഭയിലേക്കുള്ള ഡോ.വേലുക്കുട്ടി അരയന്റെ നോമിനേഷൻ റദ്ദാക്കപ്പെടുകയും ചെയ‌്തു.

ബഹുഭാഷാപണ്ഡിതനും ഉജ്ജ്വലപ്രഭാഷകനുമായിരുന്ന ഡോ.വേലുക്കുട്ടി അരയൻ 1948ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിൽനിന്ന‌് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായി മത്സരിച്ചു. അയിത്തോച്ചാടന പ്രക്ഷോഭത്തിലും അവ കാശസമരങ്ങളിലും പിന്നോക്ക ജനവിഭാഗങ്ങളെയാകെ സംഘടിപ്പിച്ചു കൊണ്ട് കേരളത്തിലെമ്പാടും ചലനങ്ങൾ സൃഷ്ടിച്ച ഒരു നവോത്ഥാന നായകൻ, 1940-കളിൽ കമ്യൂണിസ്റ്റായിമാറിയത് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ജനലക്ഷങ്ങളെ എത്രമേൽ സ്വാധീനിച്ചെന്ന വസ്തുത, ഇ എം എസ് തന്റെ ലേഖനങ്ങളിൽ വിവരിക്കുന്നുണ്ട്. 1994-ൽ ദേശാഭിമാനി വാരികയിലൂടെ പുറത്തുവന്ന ഇ എം എസിന്റെ ലേഖനത്തിൽ ഇപ്രകാരം പറയുന്നു:

പിന്നോക്കജാതികളിൽപ്പെട്ട ദശലക്ഷക്കണക്കിനുള്ള ബഹുജനങ്ങളും മുന്നോക്കജാതികളിൽപ്പെട്ട ദരിദ്രലക്ഷങ്ങളും ചേർന്ന ഐക്യത്തിലൂടെമാത്രമേ രാജ്യത്തിന്റെ പുരോഗതിയും പിന്നോക്കജാതിക്കാരുടെ മോചനവും സാധിക്കുകയുള്ളൂ എന്ന സത്യം മനസ്സിലാക്കിയ ആദ്യത്തെ കേരളീയ രാഷ്ട്രീയനേതാക്കളിൽ ഒരാളാണ‌് ഡോ. വി വി വേലുക്കുട്ടി അരയൻ’

- ‘‘ദേശീയ സ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹ്യവും രാഷ്ടീയവുമായ പുരോഗതി എന്നിവയുടെ ഭാഗമായിമാത്രമേ പിന്നോക്കജാതിക്കാർക്ക് അവരനുഭവിക്കുന്ന അവശതകളിൽനിന്ന‌് രക്ഷപ്പെടാൻ കഴിയുള്ളൂവെന്ന് ഡോ. വേലുക്കുട്ടി അരയൻ മനസ്സിലാക്കി. പിന്നോക്കജാതികളിൽപ്പെട്ട ദശലക്ഷക്കണക്കിനുള്ള ബഹുജനങ്ങളും മുന്നോക്കജാതികളിൽപ്പെട്ട ദരിദ്രലക്ഷങ്ങളും ചേർന്ന ഐക്യത്തിലൂടെമാത്രമേ രാജ്യത്തിന്റെ പുരോഗതിയും പിന്നോക്കജാതിക്കാരുടെ മോചനവും സാധിക്കുകയുള്ളൂ എന്ന സത്യം മനസ്സിലാക്കിയ ആദ്യത്തെ കേരളീയ രാഷ്ട്രീയനേതാക്കളിൽ ഒരാളാണ‌് ഡോ. വി വി വേലുക്കുട്ടി അരയൻ’’...
ഇ എം എസ് ഇങ്ങനെ തുടരുന്നു:

""സ്വന്തം സമുദായത്തെ സേവിക്കൽ, തൊഴിലാളിവർഗത്തെയാകെ സംഘടിപ്പിക്കൽ, പൊതു രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കൽ എന്നിവ പരസ്പരവിരുദ്ധമല്ല, പരസ്പരപൂരകമാണ് എന്നും അവയുടെ യുക്തിയുക്തമായ പരിണാമമാണ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷപ്രസ്ഥാനം വളർത്തി ശക്തിപ്പെടുത്തലെന്നും ഒരു പിന്നോക്കസമുദായ നേതാവായിരുന്ന ഡോ. വേലുക്കുട്ടി അരയൻ മനസ്സിലാക്കിയിരുന്നുവെന്നാണല്ലോ ഇതിനർഥം. ഇത‌് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ വിശേഷിച്ചും പ്രസക്തമാണ‌്. ’’

പുന്നപ്ര-വയലാർ സമരത്തിന്റെയും ശൂരനാട് സമരത്തിന്റെയും നേതാക്കൾക്ക്  ആലപ്പാട് പഞ്ചായത്തിലും സ്വഗൃഹത്തിലും സുരക്ഷിത താവളമൊരുക്കിയ ഡോ. വേലുക്കുട്ടി അരയന്റെ അച്ചടിശാലയിലാണ് അക്കാലത്തെ കമ്യൂണിസ്റ്റ‌് പാർടി രേഖകളും നോട്ടീസുകളും അച്ചടിച്ചിരുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മക്കളും കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാലസംഘാടകരും നേതാക്കളുമായി മാറി.

ധിഷണാശാലിയും ചരിത്രകാരനുമായ പി ഗോവിന്ദപ്പിള്ളയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്: - ‘‘ആധുനിക കേരളചരിത്രത്തിന്റെ വിവിധ പരിവർത്തനധാരകളെല്ലാം ഡോ. വേലുക്കുട്ടി അരയനെപ്പോലെ സ്വായത്തമാക്കുകയും  ശാസ‌്ത്രം, - സാഹിത്യം, - സംഘടന, -രാഷ്ട്രീയം,- പത്രപ്രവർത്തനം, -കല എന്നിവയിലെല്ലാം ഒരേപോലെ നിഷ‌്ണാതനായി ശോഭിക്കുകയും അറസ്റ്റും തടവും നിരോധനവും ഉൾപ്പെടെ എല്ലാവിധ ത്യാഗങ്ങളെയും വരിക്കുകയുംചെയ്ത മറ്റൊരാളെ അദ്ദേഹത്തോടൊപ്പം താരതമ്യത്തിന‌് ലഭിക്കുമോയെന്ന‌് സംശയമാണ‌്.’’

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top