21 October Wednesday

ഓണക്കാലത്തും വേദനിക്കുന്നവരെക്കുറിച്ചാണ്‌ ഓർമ - ഡോ. എം ലീലാവതി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 31, 2020

എല്ലാവരെയുംപോലെ എന്റെ ഓണക്കാലവും പൂക്കളമിട്ടും ഓണത്തപ്പനെ പ്രതിഷ്‌ഠിച്ചും കൈകൊട്ടിക്കളിച്ചും അല്ലലില്ലാത്തതായിരുന്നു. എന്നാൽ, എല്ലാക്കാലവും തന്റെ ഉള്ളിൽ ഇല്ലാത്തവനെ ചൊല്ലി ഒരു വേദനയുണ്ടായിരുന്നു. അതിനാൽ മതിമറന്ന്‌ ഓണം ആഘോഷിച്ച ഓർമകൾ എനിക്കില്ല. 

ഗുരുവായൂരിനടുത്ത്‌ കോട്ടപ്പടി എന്ന ചെറിയ ഗ്രാമത്തിലായിരുന്നു ചെറുപ്പകാലം. ഇന്നത്തെപ്പോലെ പൂ വിലയ്‌ക്ക്‌ വാങ്ങാൻ കിട്ടില്ല. പണം ഇല്ലാത്തതിനാലല്ല പൂവ്‌ വാങ്ങാതിരുന്നത്‌. പൂവ്‌ വാങ്ങുന്ന രീതിയേ അന്നുണ്ടായിരുന്നില്ല. അതിനാൽ ഇന്നത്തെപ്പോലെ കോലാഹലമായ പൂക്കളമല്ല ‌ ഇടുന്നത്‌. അത്തം തുടങ്ങുന്നതിന്‌‌ മുമ്പുതന്നെ കുട്ടികൾക്ക്‌  പൂവ്‌ പറിക്കാനായി വട്ടികൾ നൽകും. വട്ടികൾ കഴുത്തിൽ തൂക്കിയാണ്‌ പൂവ്‌  പറിക്കാനുള്ള യാത്ര. പ്രധാനം തുമ്പപ്പൂ ആണ്‌. മുക്കൂറ്റി, ചെത്തി, കൊങ്കിണി, കദളി, തുളസി എന്നിങ്ങനെ വിവിധ നിറത്തിലെ പൂവുകൾ തൊടിയിൽനിന്നുതന്നെ ശേഖരിക്കും. വൈകിട്ട്‌ പറിക്കുന്ന പൂവുകൾ വാടാതിരിക്കാൻ വെള്ളം തളിച്ചുവയ്‌ക്കും. അതാണ്‌ രാവിലെ കളത്തിൽ ഇടുന്നത്‌. പൂക്കളം ഇടുന്നത്‌ കുട്ടികളുടെ അവകാശമായിരുന്ന കാലമായിരുന്നു അന്ന്‌. കളത്തിന്‌ പകിട്ടില്ലെങ്കിലും നന്നായി ആസ്വദിച്ചിരുന്നു ആ കാലം...


 

ഓണക്കോടിയിലും ഇന്നത്തെ കടുത്ത നിറങ്ങൾ ഉണ്ടായിരുന്നില്ല. ചേന്ദമംഗലം മുണ്ട് പ്രസിദ്ധമായിരുന്ന കാലമായിരുന്നതിനാൽ അമ്മ എല്ലാവർക്കും പാവുമുണ്ട്‌ വാങ്ങിത്തരും. അതുടുത്തുവേണം പുന്നത്തൂർ കോവിലകത്ത്‌ കൈകൊട്ടിക്കളിയിൽ പങ്കെടുക്കാൻ. മുതിർന്നവരുടെ ചുവട്‌ കണ്ട്‌ അതിനനുസരിച്ച്‌ വയ്‌ക്കുക മാത്രമാണ്‌ കുട്ടികൾ ചെയ്യുന്നത്‌. അല്ലാതെ ആരും പഠിപ്പിക്കാറില്ല. മച്ചാട്ട്‌ ഇളയതിന്റെ പാട്ടുകളാണ്‌ പാടുന്നത്‌. ദുഷ്യന്തന്റെ നായാട്ടിനെ സൂചിപ്പിക്കുന്ന ‘ഓടും മൃഗങ്ങളെ തേടീ നരപതി......’ എന്ന പാട്ടാണ്‌ ഏറെയും പാടിയിട്ടുള്ളത്‌.

ഉത്രാടംമുതൽ അഞ്ചുദിവസം ഊണിനൊപ്പം നേന്ത്രപ്പഴങ്ങൾ ഉണ്ടാകും. ശർക്കരവരട്ടിയും ഉപ്പേരിയും ഓണത്തിന്‌ മുമ്പുതന്നെ എല്ലാ വീടുകളിലും തയ്യാറായിരിക്കും. അക്കാലത്ത്‌  വിരുന്നുകാർ വരുന്നത്‌ കുറവായിരുന്നു. എങ്കിലും തിരുവോണത്തിനുശേഷം പാട്ടക്കാർ കാഴ്‌ച ക്കുലകളുമായി എത്തുമായിരുന്നു. പാട്ടക്കാരനും ജന്മിയും തമ്മിൽ നിലനിന്നിരുന്ന വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ നേന്ത്രക്കുലകൾ. പാട്ടക്കാരനും ജന്മിക്കും നഷ്‌ടം വരില്ലെങ്കിലും രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന കർഷകത്തൊഴിലാളിക്ക്‌ യാതൊരു ആനുകൂല്യവും ഇല്ലായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ അതൊന്നും മനസ്സിലായിരുന്നില്ല.

ഓണത്തേക്കാൾ ഏറെ തിരുവാതിരക്കാലത്താണ്‌ ഇല്ലാത്തവന്റെ വേദന കൂടുതൽ മനസ്സിലാക്കിയത്‌. തിരുവാതിരക്കാലത്താണ്‌ പാവപ്പെട്ട വീട്ടിലെ കുട്ടികൾ ഈർക്കിലുമായി വീടുകളിൽ കയറിയിറങ്ങുക. ജന്മിമാരുടെ വീട്ടിൽ ഈർക്കിലുമായി എത്തുന്ന കുട്ടികൾ നിരാശപ്പെടാറില്ല.  പലതരത്തിലെ ചെറുപഴങ്ങൾ ഈർക്കിലിൽ കുത്തിനൽകും. ഈർക്കിലുമായി വരുന്ന കുട്ടിയെ കാണുമ്പോഴാണ്‌ ഇല്ലാത്തവന്റെ വീടിനെക്കുറിച്ച്‌ ഓർമിക്കുന്നത്‌.  ഇല്ലാത്തവർ‌ ഉണ്ടെന്ന ബോധ്യം എന്നും ഉണ്ടായിരുന്നതിനാൽ ഓണം ഒരിക്കലും ആഘോഷിക്കാൻ തോന്നിയിട്ടില്ല.

മഹാബലിയുടെ സ്വപ്‌നമായ മാനുഷരെല്ലാം ഒന്നുപോലെ എന്ന കാലം ഒരിക്കലും കേരളത്തിൽ ഉണ്ടായിരുന്നില്ല. പഴയകാലത്ത്‌ തൊഴിലാളികൾക്ക്‌ ഒരു ആനുകൂല്യവും നൽകിയിരുന്നില്ല. എന്നാൽ, ഇന്ന്‌ കാലം മാറി. തൊഴിലാളികൾക്ക്‌ ധാരാളം ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട്‌. അതിനാൽതന്നെ അവർക്ക്‌ ഓണം നന്നായി ആഘോഷിക്കാനാകും‌. അതേസമയം ‘തൊഴിലില്ലാളികൾ’ എന്ന ഒരു വലിയ വിഭാഗം പുതുതായി രൂപപ്പെട്ടിട്ടുണ്ട്‌‌. അവർക്ക്‌ ഓണം വന്നാലും ഒരു മാറ്റവും ഇല്ല.
ഇപ്പോൾ സർക്കാർ വിവിധ സാമൂഹ്യ പെൻഷനുകൾ സമയത്ത്‌ നൽകുന്നതിനാൽ തൊഴിലില്ലാത്തവർക്കും ചെറിയ രീതിയിൽ ഓണം ആഘോഷിക്കാനാകുന്നുണ്ടെന്നത്‌ ആശ്വാസം. എങ്കിലും ലഭിക്കുന്ന സംഖ്യ താരതമ്യേന തുച്ഛമാണ്‌.
ജീവിതത്തിൽ ആദ്യമായി കഴിഞ്ഞ ഓണത്തിനാണ്‌ വീട്ടിൽ തനിച്ചായത്‌. ഇത്തവണ മകൻ ഒപ്പമുണ്ട്‌. കോവിഡ്‌ ഭീതിയിൽ ഓണം എങ്ങനെയാകും എന്ന്‌ കണ്ടറിയണം. എല്ലാവർക്കും ഒരുപോലെ ഓണം ആഘോഷിക്കാൻ പറ്റുന്ന ഒരു കാലം വരും എന്ന പ്രതീക്ഷയിലാണ്‌ ഞാനിപ്പോഴും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top