18 August Sunday

മോഡി ഭരണത്തിന്റെ ബാക്കിപത്രം

ഡോ. ജെ പ്രഭാഷ്Updated: Wednesday Mar 13, 2019

സർക്കാരുകളെ മാറിമാറി പരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയവെ റാം മനോഹർ ലോഹ്യ ഉപയോഗിച്ചൊരു ഉപമയുണ്ട്. ‘‘ഓരോ ഗവൺമെന്റും വറച്ചട്ടിയിൽ കിടക്കുന്ന റൊട്ടിയാണ്. ഒരുവശം വെന്തുകഴിഞ്ഞാൽ മറുവശം തിരിച്ചിടണം.’’ ഈ പറച്ചിൽ നന്നേ ചേരുന്നൊരു ഗവൺമെന്റാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. അതിന്റെ ഒരുവശം വെന്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ മറ്റൊരു രാഷ്ട്രീയ ബദലിനെ പരീക്ഷിക്കാൻ സമയമായി.

ഇന്ത്യ എന്ന ആശയത്തെ ഏറ്റവും പ്രതിലോമപരമായി നിർവചിക്കാൻ ശ്രമിച്ചൊരു സർക്കാരാണ്  നരേന്ദ്ര മോഡിയുടേത്.  ഭരണഘടനാശിൽപ്പികൾ വിഭാവനംചെയ്ത ജനാധിപത്യത്തിന്റെയും സമ്പന്നമായ നമ്മുടെ വൈജാത്യത്തിന്റെയും സ്ഥാനത്ത് ഹിന്ദുത്വം എന്ന ഏകത്വത്തെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ അതിന്റെ ‘ഭരണ നേട്ടം'. ഇനിയും പലതുമുണ്ട് ഈ ‘നേട്ടത്തിന്റെ’ പട്ടികയിൽ. അവയെക്കുറിച്ച് പിന്നീട് പറയാം.
2014ൽ പറഞ്ഞത്

2014ലെ തെരഞ്ഞെടുപ്പുവേളയിൽ നരേന്ദ്ര മോഡി പലരോടും പലതാണ് പറഞ്ഞത്. ഉത്തർപ്രദേശിലെ അമേഠിയിൽവച്ച് തന്റെ മന്ത്രം സ്വയം കളവ് ചെയ്യാതിരിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നാണെങ്കിൽ, മുബൈയിൽ എത്തിയപ്പോൾ സ്വയം വിശേഷിപ്പിച്ചത് ‘ഹിന്ദു ദേശീയവാദി' എന്നാണ്. അഴിമതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും വലിയ വായിൽ സംസാരിക്കാനും  അമാന്തം കാണിച്ചില്ല. ശുചിത്വത്തിന്റെ പര്യായമായി സ്വച്ഛ് ഭാരതിനെ അവതരിപ്പിച്ചു. ജനങ്ങൾക്ക് ഇന്റർനെറ്റിന്റെ ലഭ്യത ഉറപ്പാക്കാൻ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചും തൊഴിലാളികളെ പരിശീലിപ്പിക്കാനായി സ്കിൽ ഇന്ത്യയെക്കുറിച്ചും പറഞ്ഞു. 100 സ്മാർട്ട് സിറ്റി, ഗംഗാനദി ശുദ്ധീകരിക്കാൻ മൂന്ന് ബില്യൺ ഡോളർ, ഗ്രാമങ്ങളുടെ വൈദ്യുതിവൽക്കരണം, കയറ്റുമതിയിൽ വൻകുതിപ്പ്, കാർഷികമേഖലയ്ക്ക് മുൻഗണന, കർഷകർക്ക് 50ശതമാനം ലാഭം ഉറപ്പാക്കാൻ പദ്ധതികൾ, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് പ്രതിവർഷം രണ്ടുകോടി തൊഴിലവസരം, ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ. പോരെങ്കിൽ അധികാരത്തിൽ പ്രവേശിച്ച ഉടൻ മോഡി ഒരു ശപഥവും ചെയ്തു. ‘രാഷ്ട്രീയാധികാരത്തെ ഡൽഹിയിൽനിന്ന് ജനങ്ങളിലേക്ക് തിരികെ എത്തിക്കും'.

അഞ്ചുവർഷത്തെ ഭരണം അവസാനിക്കുമ്പോൾ ഇതിൽ എന്തൊക്കെ പ്രവർത്തിപഥത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന വലിയ ചോദ്യം അവശേഷിക്കുന്നു. എല്ലാം പറഞ്ഞുകഴിയുമ്പോൾ, കൂടുതൽ പറയുകയും വളരെക്കുറച്ച് പ്രവർത്തിക്കുകയും ചെയ്തൊരു സർക്കാരാണ് മോഡിയുടേത്.

ഭരണ‘നേട്ടം'
അവസാനം പറഞ്ഞ വാഗ്ദാനത്തിൽനിന്ന് തന്നെ തുടങ്ങാം. അഞ്ചുവർഷത്തെ മോഡി ഭരണത്തിനുകീഴിൽ മുമ്പെങ്ങും  ഇല്ലാത്തവിധം അധികാരം കേന്ദ്രീകരിക്കപ്പെട്ടു എന്നത് നമ്മുടെ അനുഭവസത്യമാണ്. പാർലമെന്റ് മുതൽ റിസർവ് ബാങ്ക് വരെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ അദ്ദേഹം നോക്കുകുത്തികളാക്കി. കേന്ദ്ര‐സംസ്ഥാന ബന്ധങ്ങളെ താറുമാറാക്കുകയും രാജ്യത്തെ സർവകലാശാലകളെയും അന്വേഷണ ഏജൻസികളെയും സ്വന്തം വരുതിയിൽ നിർത്തി അവയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ചെയ്തു.

ഭരണത്തിന്റെ കാര്യത്തിൽ സംഭവിച്ച അധികാര കേന്ദ്രീകരണം പാർടിയിലും അതേ അളവിൽ നടപ്പാക്കി. നരേന്ദ്ര മോഡിയും  അമിത് ഷായും അധികാരകേന്ദ്രങ്ങളായി സ്വയം അവരോധിക്കുകയും പാർടിയുടെ കൂട്ടുത്തരവാദിത്തം നശിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോൾ ബിജെപിക്ക് രണ്ട് കാലേയുള്ളൂ നരേന്ദ്ര മോഡിയും അമിത് ഷായും. മറ്റുള്ളവരെല്ലാം അതിന്റെ വിളക്കുകാലുകളാണ്.

അധികാര വികേന്ദ്രീകരണ വാഗ്ദാനത്തിന്റെ കഥ ഇതാണെങ്കിൽ മറ്റ് വാഗ്ദാനങ്ങളുടെ കഥയും ഭിന്നമാകാൻ തരമില്ലല്ലോ. ഒരുവശത്ത് മോഡിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് റഫേൽ ഇടപാട് നിൽക്കുന്നു. മറുവശത്ത് ചെറുപ്പക്കാരുടെ ഏറ്റവും വലിയ വ്യഥയായി തൊഴിലില്ലായ്മ നിൽക്കുന്നു. അസിം പ്രേംജി സർവകലാശാലയുടെയും നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെയും കണക്കുകൾ വിശ്വസിക്കാമെങ്കിൽ മുമ്പെങ്ങും ഇല്ലാത്തവിധം തൊഴിലില്ലായ്മ ഇന്ത്യയിൽ വർധിച്ചിരിക്കുകയാണ്. വിദ്യാസമ്പന്നരുടെ ഇടയിൽമാത്രം ഇത് 16 ശതമാനമാണ്. തൊഴിലില്ലായ്മയുടെ കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതുതന്നെ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

കാർഷികമേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്. കഴിഞ്ഞ 4 വർഷത്തെ കാർഷിക വളർച്ച വെറും 1.9 ശതമാനമായിരുന്നു എന്ന കാര്യം ഓർക്കുക. കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി 43 ബില്യൺ ഡോളറിൽനിന്ന് (2013‐14) 33 ബില്യൺ ഡോളറായി (2016‐2017) കൂപ്പുകുത്തിയതും, കർഷകർക്ക് ചെലവിന്റെ 50 ശതമാനം ലാഭം എന്ന വാഗ്ദാനം പാഴ്വാക്കായി നിൽക്കുന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. മാത്രമല്ല 2015ൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം ഇക്കാര്യത്തിൽ അതിന്റെ കാപട്യം കൂടുതൽ വെളിവാക്കുന്നു. കാർഷിക വിപണിയെ ദോഷകരമായി ബാധിക്കുമെന്നതുകൊണ്ടാണത്രെ മുകളിൽ പറഞ്ഞ വാഗ്ദാനം നടപ്പിലാക്കാൻ കഴിയാതെ പോയത് ! കഴിഞ്ഞ 23 മാസക്കാലമായി കർഷക ആത്മഹത്യയുടെ കണക്ക് സർക്കാർ പുറത്തുവിടുന്നില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കർഷകവിരുദ്ധ സർക്കാരാണ് നരേന്ദ്ര മോഡിയുടേത് എന്നതിന് ഇതിനെക്കാൾ എന്ത് തെളിവാണ് വേണ്ടത് ?

വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വവും നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതും ദളിത് ‐ ന്യൂനപക്ഷ പീഡനങ്ങളും എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും  നേരെ നടക്കുന്ന അതിക്രമങ്ങളുമെല്ലാം വിരൽചൂണ്ടുന്നത് കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ മോഡി ഭരണത്തിന്റെ ബാക്കിപത്രത്തിലേക്കാണ്.

2014ൽ മോഡിക്കൊപ്പംനിന്ന മധ്യവർഗവും യുവാക്കളും ചെറുകിട‐ഇടത്തരം കച്ചവടക്കാർ പോലും ഓരോരോ കാരണത്താൽ ഇന്ന് നിരാശരാണ്. ആദ്യത്തെ രണ്ട് കൂട്ടർക്ക് വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പ്രശ്നമെങ്കിൽ, മൂന്നാമത്തെ കൂട്ടരെ സംബന്ധിച്ചിടത്തോളം നോട്ട് നിരോധനവും ജിഎസ്ടിയുമാണ് പ്രശ്നം. സാധ്യമാകാത്തത് സാധ്യമാക്കുമെന്ന മോഡിയുടെ പ്രതിച്ഛായയെയാണ് ഇത് തകർത്തിരിക്കുന്നത്.

ജനസമ്മതിയിലെ ഇടിവ്
ഇതെല്ലാം ചേർന്ന് നരേന്ദ്ര മോഡിയുടെ ജനസമ്മതിയിൽ വൻ ഇടിവ് സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. അധികാരത്തിൽ വന്നതിനുശേഷം നടന്ന പാർലമെന്റ് ഉപതെരഞ്ഞെടുപ്പുകളിൽ ഒമ്പത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതും അടുത്തിടെ നടന്ന അഞ്ച് അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. ഇതിനെ ശരി വയ്ക്കുന്നതാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ഡിഎസ്സിന്റെ മൂഡ് ഓഫ് ദി നേഷൻ സർവേകൾ. ഏറ്റവും ഒടുവിൽ നടത്തിയ സർവേയിൽ (2018) പങ്കെടുത്തവരിൽ 47 ശതമാനം പേർ ബിജെപി ക്ക് രണ്ടാമതൊരവസരം നൽകേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്. മറിച്ച് ചിന്തിക്കുന്നവർ 39 ശതമാനം മാത്രമാണ്. 2017നെ അപേക്ഷിച്ച് പാർടിയുടെ ജനപിന്തുണയിൽ സംഭവിച്ച ഇടിവ് 7 ശതമാനമാണത്രെ.

2014ൽ പോലും അദ്ദേഹത്തിന് ഭൂരിപക്ഷം നേടാനായതിൽ സുപ്രധാന പങ്കുവഹിച്ചത് അന്നത്തെ തെരഞ്ഞെടുപ്പിനൊരു തരംഗത്തിന്റെ  സ്വഭാവം ഉണ്ടായിരുന്നതാണെന്ന കാര്യം സ്മരണീയമാണ്. ഇതേസ്വഭാവം തന്നെയാണ് 1971, 77, 84 തെരഞ്ഞെടുപ്പുകൾക്ക് ഉണ്ടായിരുന്നതും. എന്നാൽ, ഇത്തരം തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറിയവർക്ക് തങ്ങളുടെ വിജയം രണ്ടാമതൊരിക്കൽ ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. ചരിത്രം നരേന്ദ്ര മോഡിക്കെതിരാകുകയാണ് ഇവിടെ.

അതുകൊണ്ടുതന്നെ ചരിത്രത്തെ തിരുത്തിക്കുറിക്കാനാകും മോഡി‐ഷാ കൂട്ട്കെട്ട് ശ്രമിക്കുക. നെഹ്രു ‐ ഗാന്ധി കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിച്ചും രാജ്യസുരക്ഷയുടെ സംരക്ഷകർ തങ്ങളാണെന്ന് പ്രചരിപ്പിച്ചും വർഗീയമായി ചേരിതിരിവ് ഉണ്ടാക്കിയും അധികാരം നിലനിർത്താനാകും അവർ തുനിയുക. ഒപ്പം, പ്രതിപക്ഷഐക്യം അവസരവാദപരവും കെട്ടുറപ്പില്ലാത്തതുമാണെന്ന പ്രചാരണവും ഉണ്ടാകും. രസകരമായ വസ്തുത, ഇത് തന്നെയായിരുന്നു 1977ൽ ഇന്ദിരാ ഗാന്ധിയും 1989ൽ രാജീവ് ഗാന്ധിയും അന്നത്തെ പ്രതിപക്ഷത്തെക്കുറിച്ച്  പറഞ്ഞത് എന്നതാണ്. ഇന്ദിര ഗാന്ധി 1977ൽ പറഞ്ഞത് ഇങ്ങനെ:

‘‘ഒരു വലിയ കഷണം ഇവിടെനിന്ന്, ഒരു ചെറിയ കഷണം അവിടെനിന്ന്, ഈ വിധം തട്ടിക്കൂട്ടിയ ആൾക്കൂട്ടമാണ് പ്രതിപക്ഷം.’’

എന്നാൽ, ഇന്ദിര ഗാന്ധി വിശേഷിപ്പിച്ച ഈ ആൾക്കൂട്ടത്തിനാണ് 1977ലും  1989 ലും ജനങ്ങൾ അധികാരത്തിന്റെ തീട്ടൂരം നൽകിയത് എന്ന് മോഡിയും കൂട്ടരും ഓർക്കുന്നത് നന്നായിരിക്കും.

ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ പ്രതിപക്ഷത്തിനാകണം. പ്രതിപക്ഷ ഐക്യത്തെപ്പോലെ പ്രധാനമാണ് അവർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ അജൻഡയും. ബിജെപിയുടേതിന് ബദലായൊരു പൊളിറ്റിക്കൽ നറേറ്റീവ് അവർക്ക് ഉണ്ടാകണം എന്നാണ് പറഞ്ഞുവരുന്നത്. ഈ തെരഞ്ഞെടുപ്പിലെ അജൻഡ നിശ്ചയിക്കുന്നത് പ്രസ്തുത നറേറ്റീവ്  ആകുകയും വേണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top