20 March Wednesday

മനുസ‌്മൃതിയല്ല, ഭരണഘടനയാണ‌് ഉയർത്തിപ്പിടിക്കേണ്ടത‌്

ഐ കെ രവീന്ദ്രരാജ‌്Updated: Thursday Dec 6, 2018

ഇന്ത്യയിലെ ജാതി വ്യവസ്ഥയ്ക്കെതിരെ നിതാന്തസമരം പ്രഖ്യാപിച്ചുകൊണ്ട് ജീവിതാന്ത്യംവരെ പോരാട്ടം നടത്തിയ മഹാനായ നവോത്ഥാന നായകനും ഭരണഘടനാശിൽപിയുമായ ഡോ. ബാബാ സാഹിബ് അംബേദ്കറുടെ 62–ാം  ചരമദിനമാണ് ഇന്ന്. മൗവ് എന്ന സ്ഥലത്ത് റാംജിയുടേയും ഭീമഭായിയുടേയും പുത്രനായി 1891ൽ ഏപ്രിൽ 14നാണ് അംബേദ്കർ ജനിച്ചത്. 1907 ൽ മെട്രിക്കുലേഷനും 1913 ൽ ബിഎയും പാസായ അംബേദ്കറെ ബറോഡ മഹാരാജാവ് ഉന്നത ഉദ്യോഗം നൽകി നിയമിച്ചെങ്കിലും ജാതിവിവേചനങ്ങളും പീഡനങ്ങളും മൂലം അദ്ദേഹത്തിന് ആ ജോലിയിൽ തുടരാനാവാതെ ജോലി രാജി വയ്ക്കേണ്ടിവന്നു. മൂവായിരത്തിയറുനൂറ് വർഷങ്ങളായി നിലനിന്നുവരുന്ന ജാതിവ്യവസ്ഥകൾ രാജ്യത്തെ അധഃസ്ഥിത ‐പിന്നോക്ക ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ അദ്ദേഹം അയിത്ത ജാതിക്കാരുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ദേശീയതലത്തിൽ പ്രവർത്തനം ആരംഭിക്കുകയും ദേശീയ അടിസ്ഥാനത്തിൽ സംഘടന രൂപീകരിച്ച് ജാതിവ്യവസ്ഥക്കും അയിത്തത്തിനുമെതിരെ പോരാട്ടം നടത്തിക്കൊണ്ടുമാണ് സാമൂഹ്യജീവിതം ആരംഭിച്ചത്.

ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ
മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പൊതുകുളങ്ങളിൽനിന്ന് വെള്ളമെടുക്കുകയും  ജാതിവിലക്കുകളെ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുകയും ചെയ്തു. അയിത്തജാതിക്കാരുടെ ഇത്തരത്തിലുള്ള ജാതി വിരുദ്ധ നിലപാടുകളും സമരങ്ങളും ജാതിഹിന്ദുത്വവെറിയന്മാരെ വിറളിപിടിപ്പിച്ചു. ജാതിവ്യവസ്ഥയും വർണാശ്രമധർമവും വിശ്വാസപ്രമാണങ്ങളും ദൈവദത്തമാണെന്ന് വിശ്വസിക്കുന്ന ജാതിഹിന്ദുത്വമേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുമതത്തെ പരിഷ്കരിക്കാനോ നവീകരിക്കാനോ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അംബേദ്കർ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളും സമരങ്ങളും കൂടുതൽ ശക്തമാക്കിക്കൊണ്ടിരുന്നു. ബ്രാഹ്മണ്യത്തിനും അയിത്തത്തിനും എതിരെ മഹഡിലും നാസിക്കിലും അംബേദ്കറുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സത്യാഗ്രഹങ്ങൾ ജാതിഹിന്ദുത്വത്തെ പിടിച്ചുലയ്ക്കുകതന്നെ ചെയ്തു.

ജാതിഹിന്ദുക്കളിൽനിന്ന് അധഃസ്ഥിത പിന്നോക്ക ജനതയ്ക്ക് ഒരു നിതീയും ലഭിക്കുകയില്ലെന്നും അയിത്തജാതിക്കാരോടുള്ള കോൺഗ്രസിന്റെ സ്നേഹം തികഞ്ഞ കാപട്യവും വഞ്ചനയുമാണെന്നും 1932 ആഗസ്ത് 14ന് അംബേദ്കർ ബോംബെയിൽ പ്രഖ്യാപിച്ചു. ദേശീയ സ്വാതന്ത്ര്യസമരം കോൺഗ്രസിന്റെ നേതൃത്വത്തിൽ വളരെ ശക്തമായി നടന്നുവരുന്ന സമയത്ത് അംബേദ്കർ നടത്തിയ ഈ പ്രഖ്യാപനം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. അംബേദ്കറെ ഒറ്റപ്പെടുത്താനുള്ള എല്ലാവിധ നീക്കവും സവർണഹിന്ദുത്വം സൃഷ്ടിച്ചു.

ബ്രിട്ടീഷുകാർ ഇന്ത്യവിട്ട് പോകുകയും ഇന്ത്യക്കാർക്ക് അധികാര കൈമാറ്റം നടത്തുകയും ചെയ്യുമ്പോൾ നൂറ്റാണ്ടുകളായി മനുഷ്യാവകാശം നിഷേധിച്ച് പൊതുവഴിയിൽകൂടി സഞ്ചരിക്കാനുള്ള അവകാശംപോലും ഇല്ലാതെ പുഴുക്കളെപ്പോലെ ജീവിയ്ക്കാൻ വിധിയ്ക്കപ്പെട്ട അധഃസ്ഥിത ജനകോടികളുടെ അവകാശം എന്തെന്ന് നിർണയിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജാതിഹിന്ദുക്കളുടെ കൈയിൽ രാജ്യത്തിന്റെ അധികാരം കിട്ടുമ്പോൾ അവർ അയിത്ത ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയില്ല. അതിനാൽ ഇന്ത്യ സ്വതന്ത്രമാകുന്നതോടൊപ്പം ഈ വിഭാഗം ജനങ്ങളുടെ അവകാശങ്ങൾ പ്രത്യേകമായി  അംഗീകരിക്കുകയും രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുമ്പോൾ അതിൽ പ്രത്യേകമായി ഈ അവകാശങ്ങൾ ഉൾക്കൊള്ളിക്കുകയും വേണമെന്ന് അംബേദ്കർ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യവും ഭരണഘടനാ നിർമാണവും സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ 1930 നവംബർ 12ന് ലണ്ടനിൽ വിളിച്ചുചേർത്ത വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഇന്ത്യയിലെ അയിത്തജാതിക്കാരുടെ ആവശ്യങ്ങൾ അദ്ദേഹം അംഗീകരിപ്പിച്ചത്. ഇതിലൂടെ അയിത്തജാതിക്കാർക്ക് പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു. ഇത് ഇന്ത്യൻ സമൂഹത്തിൽ വലിയ പരിവർത്തനത്തിന് തുടക്കംകുറിച്ചു.

അംബേദ്കർ നേടിത്തന്ന ജനാധിപത്യ‐ രാഷ്ട്രീയ അവകാശങ്ങൾ കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലയളവിലാണ് അദ്ദേഹത്തിന്റെ  ചരമദിനം രാഷ്ട്രം ആചരിക്കുന്നത്


ജനാധിപത്യവും ഹിന്ദുത്വവാദികളും
എല്ലാ തരത്തിലുമുള്ള പ്രതിസന്ധികളേയും എതിർപ്പുകളേയും അതിജീവിച്ച് അംബേദ്കർ ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിയുടെ  ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കഠിനവും ത്യാഗപൂർണവുമായ പ്രവർത്തനങ്ങൾകൊണ്ട് ഭരണഘടനാനിർമാണസഭയിൽ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും അധഃസ്ഥിത ‐ പിന്നോക്ക ന്യൂനപക്ഷ ജനങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ടുള്ള ഭരണഘടന എഴുതി അവതരിപ്പിച്ച് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരംവാങ്ങി. ജനാധിപത്യ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ നെടുംതൂണാണെന്നാണ് അംബേദ്കർ പറയുന്നത്. രാഷ്ട്രീയ ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം, സാമൂഹിക ജനാധിപത്യം എന്നിങ്ങനെ മൂന്നുതരം ജനാധിപത്യ കാഴ്ചപ്പാടിനെയാണ് അംബേദ്കർ ഉയർത്തിക്കാണിക്കുന്നത്. ഒാരോ പൗരനും താനുൾപ്പെടുന്ന സമൂഹത്തിൽ മാന്യവും തുല്യവുമായ സ്ഥാനം ഉണ്ടായിരിക്കണമെന്ന് അംബേദ്കർ നിഷ്ക്കർഷിക്കുന്നുണ്ട്. യഥാർഥ ജനാധിപത്യം ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിത പിന്നോക്ക ജനങ്ങളുടെയുംമേൽ  സമ്മർദതന്ത്രങ്ങൾ പ്രയോഗിക്കുന്നതിന് എതിരാണ്. എല്ലാ തരത്തിലുമുള്ള ചൂഷണവും മർദനവും ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും നിഷേധമാണ്. അടിച്ചമർത്തലുകളും മർദനങ്ങളും ഉള്ളിടത്ത് ജനാധിപത്യം സേച്ഛാധിപത്യമോ ഏകാധിപത്യമോ ആയിത്തീരും എന്നാണ്  അംബേദ്കറുടെ കാഴ്ചപ്പാട്. സാമ്പത്തിക ജനാധിപത്യവും സാമൂഹിക ജനാധിപത്യവും പരാജയപ്പെട്ടാൽ രാഷ്ട്രീയ ജനാധിപത്യവും പരാജയപ്പെടുമെന്നാണ് അംബേദ്കർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അംബേദ്കർ നേടിത്തന്ന ജനാധിപത്യ‐ രാഷ്ട്രീയ അവകാശങ്ങൾ കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലയളവിലാണ് അദ്ദേഹത്തിന്റെ  ചരമദിനം രാഷ്ട്രം ആചരിക്കുന്നത്. സാമൂഹികമായ പിന്നോക്കാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയും ഒന്നാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന സാമുദായിക സംവരണ അവകാശം ഇല്ലാതാക്കാനും ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന മതേതര അവകാശം ഇല്ലാതാക്കാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനും ജാതിഹിന്ദുത്വവാദികൾ ദേശവ്യാപകമായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക സംവരണവാദം ഭരണഘടനാ വിരുദ്ധമാണെന്ന് പലകേസുകളിലും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടും അതൊന്നും അംഗീകരിക്കാതെ സംവരണം തന്നെ എടുത്തുകളയണമെന്ന വാദമാണ് സംഘപരിവാർ ഉയർത്തിയിരിക്കുന്നത്.

സംവരണ പ്രശ്നത്തിലും ശബരിമലയിലെ യുവതീപ്രവേശനകാര്യത്തിലും സുപ്രീംകോടതി വിധിയ്ക്കെതിരെ ഹിന്ദുത്വവാദികൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും സമരങ്ങളും ജനാധിപത്യവിരുദ്ധമാണ്

സംവരണ പ്രശ്നത്തിലും ശബരിമലയിലെ യുവതീപ്രവേശനകാര്യത്തിലും സുപ്രീംകോടതി വിധിയ്ക്കെതിരെ ഹിന്ദുത്വവാദികൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും സമരങ്ങളും ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും മുകളിലാണ് ജാതിഹിന്ദുത്വ സിദ്ധാന്തവും ആചാരവും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവർ പ്രചാരണവും പ്രവർത്തനവും നടത്തിവരുന്നത്. യുവതീപ്രവേശം അംഗീകരിയ്ക്കാത്ത ഹിന്ദുത്വവാദികൾ മനുസ്മൃതിയിലേക്കുള്ള മടക്കയാത്രക്ക് തയ്യാറെടുക്കുകയാണ്. അംബേദ്കർ, സ്വാമി വിവേകാനന്ദൻ,  ശ്രീനാരായണഗുരു,  അയ്യൻകാളി, മന്നത്തുപത്മനാഭൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ നവോത്ഥാന നായകരും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും നേടിത്തന്ന നവോത്ഥാനമൂല്യങ്ങളെ തകർത്ത് കേരളത്തെ മനുസ്മൃതിയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാനാണ് മനുവാദികൾ ശ്രമിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ  ഏഴുപതിറ്റാണ്ടുകൾ പിന്നിട്ട ഇന്ത്യയിൽ ഭരണഘടന വിഭാവനചെയ്ത സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജനാധിപത്യ അവകാശങ്ങളും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന്റെ ഭാഗമായി ജാതി വ്യവസ്ഥയും അയിത്തവും അസമത്വവും ദാരിദ്ര്യവും പൗരാവകാശ നിഷേധവും ഭരണഘടനാ ലംഘനങ്ങളും ഇപ്പോഴും തുടരുകയാണ്.

സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സ്ത്രീ‐പുരുഷ സമത്വവും ഉറപ്പാക്കിയിട്ടുള്ള ഭരണഘടനയെതന്നെ മാറ്റിമറിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മനുസ്മൃതിയിലേക്കു മടങ്ങാൻ മനുവാദികൾ ശ്രമം തുടരുമ്പോൾ അംബേദ്കർ സ്മരണ മനുസ്മൃതിയിലേക്കുള്ള മടക്കയാത്രയ്ക്കെതിരായ സന്ദേശമാകണം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top