07 February Tuesday

ഇന്ത്യയുടെ സാമൂഹ്യ വിപ്ലവകാരി - മന്ത്രി കെ രാധാകൃഷ്‌ണൻ
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനിൽക്കുന്നതിനു പിന്നിൽ ഡോ. ബി ആർ അംബേദ്‌കറുടെ ദീർഘവീക്ഷണമുള്ള ഇടപെടലുകളാണ്. ഒരു രാജ്യത്തിലെ പൗരൻ എന്ന നിലയ്ക്ക് എല്ലാ മനുഷ്യരും തുല്യരാണെന്നും  ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നുമുള്ള അഭിപ്രായം ഭരണഘടനയിൽ എഴുതിച്ചേർത്ത അദ്ദേഹം ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ധിഷണാശാലിയും സാമൂഹ്യ വിപ്ലവകാരിയുമായിരുന്നു. ദീപ്തമായ ആ ഓർമകൾക്ക് ഇന്ന് 66 വയസ്സ്‌ തികയുകയാണ്.

1891 ഏപ്രിൽ 14നാണ് അംബേദ്‌കർ ജനിച്ചത്. ജാതി വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പീഡനങ്ങളെ നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലം. ക്ലാസ്‌മുറിയിൽ സഹപാഠികളോടൊപ്പം ഇരിക്കാൻ അംബേദ്കറെ അനുവദിച്ചിരുന്നില്ല. മൂലയിൽ ഒരു ചാക്കുകഷണം വിരിച്ച് അതിലിരുന്നാണ് അദ്ദേഹം പഠിച്ചത്. അതുപോലെ സ്കൂളിലെ പൊതുടാപ്പിൽനിന്ന് വെള്ളമെടുത്തു കുടിക്കുന്നതിൽനിന്ന്‌ വിലക്കിയിരുന്നു. ഇന്ത്യയുടെ നാനാവിധത്തിലുള്ള പുരോഗതിയെ തടയുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന തിരിച്ചറിവ് അംബേദ്കർക്കുണ്ടായത് സ്വാനുഭവത്തിൽനിന്നാണ്. അടിമത്വത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കാൻ അറിവിന്റെ വെളിച്ചമാണ് അനിവാര്യമെന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് തെളിയിച്ചു. ഭരണഘടനാശിൽപ്പിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയുമായ അംബേദ്കറുടെ ധൈഷണികവും സാമൂഹ്യവുമായ ജീവിതം അതിവിപുലവും സമ്പന്നവുമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ രചനകളും പ്രവർത്തനങ്ങളും കൂടുതലായി മനസ്സിലാക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

1924 ജൂലൈ 20ന് 'ബഹിഷ്കൃത് ഹിതകാരിണി സഭ' എന്നൊരു സംഘടനയ്ക്ക് രൂപം കൊടുത്തു. അധഃസ്ഥിത ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രചാരണം, അവരുടെ സാമൂഹ്യവും സാമ്പത്തികവുമായുള്ള ഉന്നമനം, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കൽ തുടങ്ങിയവയായിരുന്നു പ്രവർത്തനങ്ങൾ. 1925 ജനുവരി നാലിന് സഭയുടെ നേതൃത്വത്തിൽ ദളിത് വിദ്യാർഥികൾക്കായി  ഹോസ്റ്റൽ ആരംഭിച്ചു.  1927ൽ ‘ബഹിഷ്കൃത് ഭാരത്' എന്ന പേരിൽ അദ്ദേഹം  പത്രം തുടങ്ങി. ഇതേ വർഷം തന്നെയാണ് ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും മഹദ് കലാപമുണ്ടാകുന്നതും. അംബേദ്കറുടെ നേതൃത്വത്തിൽ അസ്പൃശ്യരായ ജനങ്ങൾ വിലക്കപ്പെട്ട ചൗദാർ കുളത്തിൽനിന്ന് വെള്ളമെടുത്തുകൊണ്ട് അവകാശം സ്ഥാപിക്കുകയും അതിനെതിരെയുള്ള ജാതിവാദികളുടെ അക്രമവുമാണ് മഹദ് കലാപം എന്ന്‌ അറിയപ്പെടുന്നത്. 1927 ഡിസംബർ 25ന്  ബ്രാഹ്മണാധീശത്വത്തെയും ജാതിവ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കുന്ന ‘മനുസ്മൃതി' പരസ്യമായി കത്തിച്ചു ധീരമായ ഒരു സമരത്തിനു കൂടി അംബേദ്കർ നേതൃത്വം നൽകി. കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി നിജപ്പെടുത്തുക, ജന്മിത്തം അവസാനിപ്പിക്കുക, ചെറുകിട കർഷകരുടെ ജലസേചന നികുതി 50 ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച്  അംബേദ്കറുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി. അംബേദ്കർ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.

ഡോ. അംബേദ്കർ സോഷ്യലിസ്റ്റ് പാത ശക്തിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർ കൂടുതൽ മുന്നേറുമായിരുന്നു

1928ൽ മുംബൈയിലെ ടെക്‌സ്റ്റൈൽ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ടെക്‌സ്റ്റെൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിൽ തൊഴിലാളി നേതാക്കൾക്കൊപ്പം അംബേദ്കർ അണിനിരന്നു. അതുപോലെ 1938 ഫെബ്രുവരി 12, 13 തീയതികളിൽ നടന്ന റെയിൽവേ തൊഴിലാളികളുടെ മഹാസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. അതേവർഷം നവംബർ ഏഴിന് തൊഴിലാളി യൂണിയനുകളുടെ പണിമുടക്കുദിവസം ചെങ്കൊടിയാൽ അലംകൃതമായ വാഹനത്തിൽ പണിമുടക്ക് വിജയിപ്പിക്കാൻ അഭ്യർഥിച്ച് അംബേദ്കർ തൊഴിലാളി മേഖലകളിൽ ചുറ്റി സഞ്ചരിച്ചു. അന്ന് വൈകിട്ട്‌ നടന്ന സമ്മേളനത്തിൽ ബി ടി  രണദിവെ, ഡാങ്കേ എന്നിവരോടൊപ്പം അദ്ദേഹം തൊഴിലാളികളെ അഭിസംബോധന ചെയ്‌തു.  ഡോ. അംബേദ്കർ സോഷ്യലിസ്റ്റ് പാത ശക്തിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർ കൂടുതൽ മുന്നേറുമായിരുന്നു.

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഫാസിസം ലോകജനതയ്ക്ക് ഭീഷണിയാണെന്ന് അംബേദ്കർ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. അക്കാലത്ത് മുംബൈ ആകാശവാണിയിൽ ‘ഇന്ത്യൻ തൊഴിലാളികളും യുദ്ധവും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയും സമത്വം നിഷേധിക്കപ്പെടുകയും സാഹോദര്യം തുടച്ചുനീക്കപ്പെടുകയും ചെയ്യുക എന്നതാണ് നാസിസം വിജയിച്ചാൽ സംഭവിക്കുക. അതുകൊണ്ട് നാസിസത്തിനു മേലുള്ള വിജയത്തിനുവേണ്ടി തൊഴിലാളികൾ യുദ്ധം ചെയ്യണം’. ഇന്ത്യയുടെ സമകാലിക പരിസരത്ത് ഇന്നും പ്രസക്തമായ വാക്കുകളാണിത്.

1949 നവംബർ 15ന് ഭരണഘടനയുടെ കരട് മൂന്നാം വായനയ്ക്കുശേഷമുള്ള ചർച്ചകൾക്ക് മറുപടി പറഞ്ഞുകൊണ്ട് അംബേദ്കർ പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: ‘‘1950 ജനുവരി 26ന് നാം വൈരുധ്യം നിറഞ്ഞ ഒരു ജീവിതത്തിലേക്ക്  കടക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. എന്നാൽ, സാമൂഹ്യ–- സാമ്പത്തിക ജീവിതത്തിൽ നമുക്കുണ്ടാകുക അസമത്വമായിരിക്കും. എത്രയും വേഗം ഈ വൈരുധ്യം ഇല്ലാതാക്കണം. അല്ലെങ്കിൽ അസമത്വം അനുഭവിക്കുന്നവർ ഈ സംവിധാനം തകർത്തുകളയും’’ അംബേദ്കർ ഉന്നയിച്ച ഈ വൈരുധ്യങ്ങൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്.

ഇതിൽനിന്നൊക്കെ വ്യത്യസ്തമായി ലോകത്തിനും ഇന്ത്യയ്ക്കും മുന്നിൽ കേരളം മാതൃകയായി തലയുയർത്തി നിൽക്കുന്നു. നവകേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ബദൽനയങ്ങൾ നടപ്പാക്കുന്നു. വിദ്യാഭ്യാസം, വരുമാനദായകമായ തൊഴിൽ, അർഹരായ എല്ലാ പട്ടികജാതി - പട്ടികവർഗക്കാർക്കും ഭൂമിയും വീടും ലഭ്യമാക്കൽ, അടിസ്ഥാന സൗകര്യവികസനം, സ്വയം പര്യാപ്തത എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകി എൽഡിഎഫ് സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുകയാണ്.

അംബേദ്‌കറുടെ മുൻകൈയിൽ രചിക്കപ്പെട്ട ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഇന്ത്യ എന്ന പരമാധികാര സോഷ്യലിസ്റ്റ്  മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്‌ ആണെന്ന കാഴ്ചപ്പാടിനെ കേന്ദ്ര സർക്കാർ തന്നെ വെല്ലുവിളിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അധികാരങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നു. ഗവർണർമാരുടെ ഇടപെടലുകൾ ഇതിന്റെ ഏറ്റവും സമീപസ്ഥമായ ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഏതൊരു നീക്കവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ള  വെല്ലുവിളിയാണ്.

അംബേദ്കറുടെ സ്മരണദിനമായ ഡിസംബർ ആറിനു തന്നെയാണ് ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി ഉയർന്നുനിന്ന ബാബ്റി മസ്ജിദിന്റെ താഴികക്കുടങ്ങൾ തകർക്കപ്പെട്ടതെന്നത് യാദൃച്ഛികമാകാൻ ഇടയില്ല. അതുകൊണ്ടുതന്നെ അംബേദ്കറെപ്പോലുള്ളവർ വിഭാവനംചെയ്ത ഇന്ത്യക്കുവേണ്ടി പുരോഗമന ജനാധിപത്യവാദികളായ എല്ലാ മനുഷ്യരും അണിചേരുക എന്നതാണ് ഇന്നത്തെ കാലം നമ്മളോട് ആവശ്യപ്പെടുന്ന കടമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top