20 September Monday

സ്‌ത്രീധന നിരോധന നിയമം 
ഫലപ്രദമായി നടപ്പാക്കണം

മൃദുൽ ഈപ്പൻ, അഡ്വ. ജെ സന്ധ്യUpdated: Friday Jul 9, 2021

നിലനിൽക്കുന്ന പുരുഷാധിപത്യ ചട്ടക്കൂടുള്ള സമൂഹത്തിൽ നിയമങ്ങൾ പാസാക്കിയതുകൊണ്ടുമാത്രം സാമൂഹ്യമാറ്റവും ലിംഗനീതിയും ഉറപ്പാക്കാൻ കഴിയില്ലെന്നത്‌ യാഥാർഥ്യമാണ്‌. ലിംഗപദവിയുടെ അടിസ്ഥാനത്തിലുള്ള അധികാര അസമത്വം, കുടുംബത്തിനകത്ത്‌ സ്‌ത്രീകൾക്ക്‌ നേരിടേണ്ടിവരുന്ന സാമ്പത്തിക ആശ്രയത്വം, സമൂഹത്തിലെ അവളുടെ അവസ്ഥ തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പുരുഷാധിപത്യ സമൂഹം ചോദ്യം ചെയ്യുന്നില്ല. ഇത്തരം പ്രശ്‌നങ്ങളൊക്കെ ഉടലെടുക്കുന്നത്‌ സ്‌ത്രീകൾക്ക്‌ സമൂഹത്തിൽ അധികാരം ഇല്ലാത്തതുകൊണ്ടാണ്‌. ലിംഗ സമത്വ സമൂഹത്തിനായി അവബോധം സൃഷ്ടിക്കാൻ മറ്റ്‌ നടപടികൾകൂടി കൈക്കൊണ്ടാലേ ഇത്തരം നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാനാകൂ. ഈ നിയമങ്ങളുടെ കീഴിൽ വരേണ്ടതായി വിശദീകരിച്ചിരിക്കുന്ന സ്ഥാപന സംവിധാനങ്ങൾ യഥാസമയം ഉണ്ടാകുന്നില്ല എന്നതും പ്രധാന പരിമിതികളായി ചൂണ്ടിക്കാട്ടുന്നു.

വിസ്‌മയയുടെ അതിദാരുണമായ മരണത്തെ തുടർന്ന്‌ സ്‌ത്രീധന സമ്പ്രദായത്തിനെതിരെ സമൂഹത്തിൽ ഉച്ചത്തിൽ പ്രകടിപ്പിക്കുന്ന രോഷത്തിന്റെ പശ്‌ചാത്തലത്തിൽ 1961ലെ സ്‌ത്രീധന നിരോധന നിയമത്തെ സൂക്ഷ്‌മമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. ഈ നിയമം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന്‌ പരിശോധിക്കേണ്ടതാണ്‌. രാജ്യത്താകെ വിവാഹ കരാർ ഉറപ്പിക്കുന്നതിനുള്ള അവശ്യപ്രമാണമായി സ്‌ത്രീധനത്തിന്റെ വ്യാപ്‌തി വർധിക്കുന്നതിനുള്ള തെളിവുകൾ ധാരാളമുണ്ട്‌. കേരളത്തിലും സ്‌ത്രീധനം മുഖ്യഘടകമാകുന്നുണ്ടെന്ന്‌ കാണാനാകും. സ്‌ത്രീധനം വാങ്ങുന്ന സമ്പ്രദായമില്ലാത്ത വിഭാഗങ്ങൾക്കിടയിൽപ്പോലും അത്‌ ആവശ്യപ്പെടുന്ന പ്രവണത വർധിക്കുകയാണ്‌. സ്‌ത്രീധനം സ്‌ത്രീകളുടെ അന്തസ്സ്‌ കുറയ്‌ക്കുന്നതോടൊപ്പം രക്ഷിതാക്കളെ സാമ്പത്തിക ബാധ്യതയിലേക്കും തള്ളിവിടുന്നു. പാവപ്പെട്ട കുടുംബങ്ങളെ ദരിദ്രരാക്കുന്നു. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്‌ത്രീധനം കാരണമാകുന്നുണ്ട്‌. വിവാഹം കഴിഞ്ഞ്‌ മാസങ്ങൾക്കകംതന്നെ സ്‌ത്രീകളുടെ ജീവഹാനിക്കും ആത്മഹത്യയിലേക്ക്‌ നയിക്കുന്നതിനും പ്രധാന കാരണം ആവശ്യപ്പെട്ട സ്‌ത്രീധനം കൊടുക്കാൻ കഴിഞ്ഞില്ലെന്നതാണ്‌.

വലിയ സ്‌ത്രീധനം ആവശ്യപ്പെടുന്നതിനാൽ ജോലിയുള്ളതും ഉന്നത വിദ്യാഭ്യാസം നേടിയതുമായ പെൺകുട്ടികളെപ്പോലും യഥാസമയം വിവാഹം ചെയ്‌തുകൊടുക്കാൻ രക്ഷിതാക്കൾക്ക്‌ സാധിക്കുന്നില്ല. അഖിലേന്ത്യാ ശരാശരിയേക്കാൾ കേരളത്തിൽ അവിവാഹിതകളായവർ കൂടുതലാണ്‌. സംസ്ഥാനത്തെ സ്‌ത്രീധന നിരക്കിൽ സാരവത്തായ വിപുലീകരണം ഉണ്ടായിട്ടുണ്ടെന്നതിന്റെ സൂചനകൾ പുറത്തുവരുന്നുണ്ട്‌. 1996ൽ ഇടത്തരം കുടുംബത്തിലെ വിവാഹത്തിന്‌ രണ്ട്‌ ലക്ഷം രൂപവരെ സ്‌ത്രീധനം നൽകേണ്ടിയിരുന്നു. എന്നാൽ, ഇന്ന്‌ അത്‌ വർധിച്ചു. ഈ സമ്പ്രദായം വാണിജ്യവൽക്കരിക്കപ്പെട്ടു. ആകർഷകമായ കുടുംബത്തിൽനിന്ന്‌ വിവാഹ കരാർ ഒപ്പിടാൻ പണം ഒരു ഘടകമായി മാറി.
സ്‌ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന്‌ സാമൂഹ്യമായ ചിന്താഗതിയിൽ കാതലായ മാറ്റം വരുത്തുന്നതിന്‌ പ്രാധാന്യം നൽകണം. ഒപ്പംതന്നെ കുടുംബസ്വത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശം നൽകണം. മാന്യമായ ശമ്പളം ലഭിക്കുന്ന ജോലി ഉറപ്പാക്കി സ്‌ത്രീകളെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരണം.

സ്‌ത്രീധന 
നിരോധന നിയമം
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും വൻതോതിൽ വർധിക്കുകയും ഇതിന്റെ പേരിൽ നിരവധി കുടുംബങ്ങൾ കണ്ണീരിലാകുകയും ചെയ്തതോടെയാണ് സ്ത്രീധനം നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനുംവേണ്ടി നിയമനിർമാണം നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്. ഇതേത്തുടർന്ന് 1961-ൽ കേന്ദ്രസർക്കാർ സ്ത്രീധന നിരോധന നിയമം പാസാക്കി. ഇതിലൂടെ സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചു. 1984-ലും 1986ലും നിയമത്തിൽ ഭേദഗതി വരുത്തി.

വിവാഹസമയത്തോ അതിനുമുമ്പോ പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്ക്‌ കൊടുക്കുന്നതോ, മാതാപിതാക്കളോ മറ്റാരെങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. മുസ്ലിം വ്യക്തിനിയമമനുസരിച്ചുള്ള - വരൻ, വധുവിന് നൽകുന്ന വിവാഹമൂല്യം - മഹർ ഈ നിർവചനത്തിൽപ്പെടില്ല. വിവാഹച്ചെലവിലേക്ക് കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ, വധൂവരന്മാർ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം നൽകുന്ന തുകകൾ സ്ത്രീധന നിരോധന നിയമത്തിന്റെ കീഴിൽ വരുന്നതല്ല. കൂടാതെ, ഭാവിയിൽ സ്ത്രീധനം സംബന്ധിച്ച് തർക്കമുണ്ടാകാതിരിക്കാനായി വധൂവരന്മാർക്ക് ലഭിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി ഒപ്പിട്ടു സൂക്ഷിക്കണമെന്നും നിയമത്തിൽ പറയുന്നു.

സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും വേണ്ടിയുള്ള കരാറുകളും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതും അഞ്ചു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കൂടാതെ 15,000 രൂപയോ സ്ത്രീധനത്തുകയോ ഏതാണോ കൂടുതൽ ആ സംഖ്യ പിഴശിക്ഷയും ഉണ്ടായിരിക്കും. മാതാപിതാക്കളാണ് സ്ത്രീധനം വാങ്ങാനും കൊടുക്കാനും പ്രേരിപ്പിക്കുന്നത് എങ്കിൽ 6 മാസംമുതൽ രണ്ട്‌ വർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കണം.ഇത്തരം കേസുകൾക്ക് ജാമ്യം ലഭിക്കാനും രാജിയാക്കാനും വ്യവസ്ഥയില്ല.

വിവാഹത്തിനുമുമ്പാണ് സ്ത്രീധനം കിട്ടിയത് എങ്കിൽ മൂന്ന്‌ മാസത്തിനകം വധുവിന്റെ പേരിലേക്ക്‌ ഇത് മാറ്റണം. ഇതിനുമുമ്പ് വധു മരിച്ചു പോകുകയാണെങ്കിൽ അവരുടെ അവകാശികൾക്ക് സ്ത്രീധനം കൈവശം മടക്കി വാങ്ങാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമം 304 ബി. പ്രകാരം വിവാഹശേഷം ഒരു സ്ത്രീ ഏഴു കൊല്ലത്തിനകം തീ പൊള്ളലേറ്റോ മറ്റു മുറിവുകൾമൂലമോ മരണപ്പെട്ടാൽ ഭർത്താവോ ബന്ധുക്കളോ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പെരുമാറിയിട്ടുണ്ടെങ്കിൽ അത്തരം മരണം സ്ത്രീധനക്കൊലപാതകത്തിന്റെ പരിധിയിൽ വരും. ഇത് ഏഴ്‌ വർഷംമുതൽ ജീവപര്യന്തംവരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്.

മാതാപിതാക്കളിൽനിന്നോ മറ്റ് ബന്ധുക്കളിൽനിന്നോ വധുവിന്റെയോ വരന്റെയോ രക്ഷാധികാരികളിൽനിന്നോ സ്ത്രീധനം ആവശ്യപ്പെട്ടാൽ, ആറുമാസംമുതൽ രണ്ട് വർഷംവരെ തടവ്‌ ലഭിക്കും. പതിനായിരം രൂപവരെ പിഴയും. ഏതെങ്കിലും പത്രത്തിലോ ആനുകാലികത്തിലോ മറ്റേതെങ്കിലും മാധ്യമങ്ങളിലോ ഉള്ള ഏതെങ്കിലും പരസ്യത്തിലൂടെ അയാളുടെ സ്വത്തിലോ പണത്തിലോ ഏതെങ്കിലും പങ്ക് അല്ലെങ്കിൽ ഏതെങ്കിലും ബിസിനസിലെയോ മറ്റ് താൽപ്പര്യങ്ങളിലെയോ ഒരു പങ്ക്, മകന്റെയോ മകളുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും വിവാഹത്തെ പരിഗണിച്ച് നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്യുന്നതും കുറ്റമാണ്‌. ഇതിന്‌ ആറുമാസംമുതൽ അഞ്ച് വർഷംവരെയുള്ള തടവിനും 15,000 രൂപവരെ പിഴയടയ്‌ക്കാനും ശിക്ഷിക്കാം. ഏതെങ്കിലും തരത്തിലുള്ള സ്ത്രീധനം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന്‌ കോടതിയിൽ തെളിയിക്കേണ്ട ബാധ്യത കുറ്റം ചെയ്‌തവർക്കാണ്‌.

ഈ നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും നടപ്പാക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനായി ജില്ലാതലത്തിൽ സ്ത്രീധന നിരോധന ഓഫീസറെ സംസ്ഥാന സർക്കാരുകൾ നിയമിക്കണം. ഇയാളുടെ മുഖ്യ ചുമതലകൾ ഇവയാണ്‌.

1. നിയമത്തിലെ വ്യവസ്ഥകൾ‌ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

2. സ്ത്രീധനം ആവശ്യപ്പെടുന്നതും ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതും സാധ്യമായത്രയും തടയുക.

3. കുറ്റകൃത്യങ്ങൾ ചെയ്യുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുക.

4.സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളതോ അല്ലെങ്കിൽ ഈ നിയമപ്രകാരം ഉണ്ടാക്കിയ നിയമങ്ങളിൽ വ്യക്തമാക്കിയതോ ആയ അധിക പ്രവർത്തനങ്ങൾ നിർവഹിക്കുക.

ഉദ്യോഗസ്ഥരെ അവരുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ പ്രകടനത്തിൽ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനുമായി സംസ്ഥാന സർക്കാരിന് അഞ്ചിൽ കൂടുതൽ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടുന്ന ഉപദേശക സമിതിയെ നിയമിക്കാം. നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന്‌ കേന്ദ്ര –-സംസ്ഥാന സർക്കാരുകൾക്ക്‌ എപ്പോൾ വേണമെങ്കിലും ആവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്‌. നിലവിലെ സാഹചര്യം പരിഗണിച്ച്‌ നിയമം ഫലപ്രദമായി നടപ്പാക്കാൻ സർക്കാരുകൾ ജാഗ്രത കാട്ടണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top