22 March Friday

ട്രംപിന്റെ നയതന്ത്രവികൃതികൾ

ഡോ. പി ജെ വിൻസെന്റ്Updated: Monday Jun 11, 2018


അസാധാരണവും അപ്രതീക്ഷിതവുമായ വാക്കും പ്രവൃത്തിയുമാണ‌് ഡോണൾഡ് ട്രംപിന്റെ മുഖമുദ്ര. ഏറെ പ്രതീക്ഷിക്കപ്പെട്ട ട്രംപ്‐കിം ഉച്ചകോടി ഏകപക്ഷീയമായി റദ്ദാക്കി തന്റെ തനിസ്വരൂപം അദ്ദേഹം ഒരിക്കൽക്കൂടി പുറത്തെടുത്തു. എന്നാൽ, കൊറിയകളുടെ പരസ്പര ധാരണയും നയതന്ത്ര ഇടപെടലുകളും പ്രശ്നപരിഹാരത്തിനുള്ള സാധ്യത ഒരിക്കൽക്കൂടി തുറന്നു.

കൊറിയൻ ഉപദ്വീപ‌് മേഖല ആണവയുദ്ധത്തിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട പ്രദേശമാണ്. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളും ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണങ്ങളും മേഖലയെ സംഘർഷത്തിലാഴ്ത്തി. അമേരിക്കയുടെ ആക്രമണഭീഷണിയാണ് ഉത്തരകൊറിയയെ ആണവപരീക്ഷണങ്ങൾക്ക് പ്രേരിപ്പിച്ച ഘടകം. ദക്ഷിണകൊറിയയിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ ടീം പങ്കെടുത്തതോടെയാണ‌് കൊറിയകൾ സൗഹൃദത്തിന്റെ പാതയിലായത‌്. 2018 ഏപ്രിൽ 27ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ  ഇന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും അതിർത്തിയിലെ സൈനിക സാന്നിധ്യമില്ലാത്ത പാൻമുൻജോമിൽവച്ച് കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. ഈ സമാധാനപ്രക്രിയയുടെ തുടർച്ചയായാണ് ജൂൺ 12 നുള്ള ട്രംപ്‐കിം സിംഗപ്പൂർ ഉച്ചകോടി.

അമേരിക്കൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഇതിന്റെ ഭാഗമായി കിം ജോങ് ഉൻ ചൈന സന്ദർശിച്ചു. ആണവനിരായുധീകരണത്തിന് തയ്യാറാണെന്ന് അറിയിച്ചു. ഉച്ചകോടിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ ഹൈഡ്രജൻ ബോംബ് പരീക്ഷണമടക്കം 6 ആണവപരീക്ഷണങ്ങൾ നടത്തിയ പങ്കീറിയിലെ കേന്ദ്രം മെയ് 25ന് സ്ഫോടനത്തിലൂടെ  നശിപ്പിച്ച് ഉത്തരകൊറിയ വാക്കുപാലിച്ചു. മണിക്കൂറുകൾക്കകം ഉച്ചകോടിയിൽനിന്ന് പിന്മാറി ട്രംപ് മലക്കംമറിഞ്ഞു.

ഉത്തര‐ദക്ഷിണ കൊറിയകൾ തമ്മിലുള്ള സമാധാനപ്രക്രിയ പുരോഗമിക്കെ അമേരിക്ക‐ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടത്തിയത് ഉത്തരകൊറിയയെ ചൊടിപ്പിച്ചു.  ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ അമേരിക്കയോട് കളിക്കുന്നത് മണ്ടത്തരമായിരിക്കുമെന്ന് ഉത്തരകൊറിയക്ക് മുന്നറിയിപ്പുനൽകി. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ ലിബിയയുടെ വിധിയായിരിക്കും ഉത്തരകൊറിയക്കുണ്ടാകുകയെന്നും മൈക്ക് പെൻസ് പറഞ്ഞു. ധിക്കാരപരമാണ് പെൻസിന്റെ പരാമർശമെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.  കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ ക്ക‌് നൽകിയ അഭിമുഖത്തിൽ ഉത്തരകൊറിയൻ വിദേശമന്ത്രി ചോ സോൻ ഹു, അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങിയല്ല ഉത്തരകൊറിയ ഉച്ചകോടിക്ക് തയ്യാറായതെന്ന് വ്യക്തമാക്കി.  നിയമവിരുദ്ധമായ കാര്യങ്ങളിലൂടെ ഉത്തരകൊറിയയെ ദ്രോഹിക്കാനാണ് നീക്കമെങ്കിൽ സിംഗപ്പൂർ ഉച്ചകോടിയെക്കുറിച്ച് പുനരാലോചിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരകൊറിയയുമായുള്ള ചർച്ചകൾ 'ലിബിയൻ മാതൃക'യിലായിരിക്കുമെന്ന് ആദ്യം പറഞ്ഞത് ട്രംപിന്റെ ദേശീയസുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടനാണ്. 'ലിബിയൻ മാതൃക' ഒരു സ്വതന്ത്രരാഷ്ട്രത്തിനും അംഗീകരിക്കാനാകില്ല. പാശ്ചാത്യലോകത്തിന്റെ സമ്മർദത്തിന് വഴങ്ങി 2003‐2004 വർഷങ്ങളിൽ ലിബിയ അവരുടെ ആണവപരിപാടി ഉപേക്ഷിച്ചിരുന്നു. രാജ്യാന്തരീയ സമൂഹത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് പകരമായി അമേരിക്കയും കൂട്ടാളികളും വാഗ്ദാനം ചെയ്തത്. ഇത് സംഭവിച്ചില്ല എന്നു മാത്രമല്ല, 2011ൽ നാറ്റോ സൈന്യത്തിന്റെ സഹായത്തോടെ വിമതർ കേണൽ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ബോൾട്ടനും പിന്നീട് മൈക്ക് പെൻസും 'ലിബിയൻ മോഡൽ' പ്രയോഗം ആവർത്തിക്കുമ്പോൾ അത് നൽകുന്ന സൂചന ഗദ്ദാഫിയുടെ വിധിയാണ് കിം ജോങ് ഉന്നിനെ കാത്തിരിക്കുന്നത് എന്നാണ്.

ലിബിയ അല്ല ഉത്തര കൊറിയ എന്ന യാഥാർഥ്യം കാര്യശേഷിയില്ലാത്ത ട്രംപിന്റെ നയതന്ത്രസംഘത്തിന് ബോധ്യപ്പെട്ടിട്ടില്ല. ഹൈഡ്രജൻ ബോംബ് അടക്കം അഞ്ഞൂറോളം ആണവായുധങ്ങൾ ഉത്തരകൊറിയക്കുണ്ട്. അമേരിക്കയിലെ ഏതു ലക്ഷ്യവും ഭേദിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവർക്കുണ്ട്. സാമ്പത്തികമായി ഞെരുക്കത്തിലാണെങ്കിലും ലോകത്തിലെ മുൻനിര സൈനികശക്തികളിലൊന്നാണ് ഉത്തരകൊറിയ. ചൈനയുടെ പിന്തുണയും ദക്ഷിണകൊറിയയുടെ മൃദുസൗഹൃദവുംകൂടിയാകുമ്പോൾ ട്രംപിന്റെ ലളിതയുദ്ധ യുക്തിക്ക് വരുതിയിലാക്കാൻ കഴിയുന്ന രാഷ്ട്രമല്ല ഉത്തരകൊറിയയെന്ന് വ്യക്തം. മാത്രമല്ല ആഭ്യന്തര സുസ്ഥിരാവസ്ഥയും അവർക്കുണ്ട‌്.
'ചൂടൻ രാഷ്ട്ര'മായ ഉത്തരകൊറിയയെ പ്രകോപിപ്പിച്ച് സമാധാന പ്രക്രിയ അട്ടിമറിക്കാനാണ് ട്രംപ് പരിശ്രമിക്കുന്നതെന്ന സംശയമാണ് അന്താരാഷ്ട്രവൃത്തങ്ങളിലുള്ളത‌്. ആണവനിരായുധീകരണ വിഷയത്തിലെ അതൃപ്തിമൂലം ഉച്ചകോടി മാറ്റിവയ്ക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. കൊറിയൻ ഉപദ്വീപ‌് മേഖലയിൽനിന്ന് അമേരിക്കൻ സൈന്യം പിന്മാറുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്താൽ ആണവനിരായുധീകരണത്തിന് തയ്യാറാണെന്ന് ഉത്തരകൊറിയ ഉറപ്പു നൽകിയിരുന്നു.  അമേരിക്കയുടെ സൈനികാക്രമണഭീഷണി നിലനിൽക്കുന്ന കാലത്തോളം ഉത്തരകൊറിയയുടെ ആണവനിരായുധീകരണം അസാധ്യമാണ്. ഈ ദിശയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ നീങ്ങാൻ ഇരു കൊറിയകളും തയ്യാറാണെങ്കിലും അമേരിക്കയുടെ ധിക്കാരവും ഭീഷണിയും പ്രശ്നപരിഹാരത്തിന് തടസ്സമാകുകയാണ്.

ട്രംപ്‐കിം ഉച്ചകോടി 'ലോകസമാധാനത്തിനുള്ള മുഹൂർത്ത'മാകുമെന്ന് ട്വിറ്ററിൽ കുറിച്ച ട്രംപിന്റെ നിലപാട് മാറ്റം അപ്രതീക്ഷിതമാണ്. "കടുത്ത ശത്രുതയും വിദ്വേഷവും താങ്കളുടെ ഒടുവിലത്തെ പ്രസ്താവനയിലും പ്രതിഫലിച്ചിരിക്കുന്നു. അതിനാൽ നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയ്ക്ക് ഇത് ഉചിതമായ സമയമല്ല''‐ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനയച്ച കത്തിൽ ട്രംപ് വ്യക്തമാക്കി.  മൂന്ന് അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചതിലുള്ള നന്ദി അറിയിച്ച ട്രംപ് അമേരിക്കയുടെ ശക്തി ഉത്തരകൊറിയ കരുതുന്നതിലും എത്രയോ അധികമാണെന്ന് സൂചിപ്പിക്കുകയുംചെയ്തു.

ദക്ഷിണ കൊറിയൻ പ്രസിഡന്റെ മൂൺ ജെ ഇൻ കഴിഞ്ഞ ദിവസം അമേരിക്ക സന്ദർശിച്ചിരുന്നു. കൊറിയൻ മേഖലയിലെ ആണവനിർവ്യാപനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്തു.  ഇതിനിടെ ഉച്ചകോടി അലസിയതിനുപിന്നിൽ ചൈനയാണെന്ന വിചിത്രവാദവുമായി ട്രംപ് രംഗത്തുവന്നു. ഉത്തരകൊറിയയും അമേരിക്കയും ധാരണയിലെത്തുന്നതിൽ ചൈനയ്ക്ക് തന്ത്രപരമായ കാരണങ്ങളാൽ താല്പര്യമില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സമാധാനപ്രക്രിയക്ക് തുരങ്കംവച്ചതിനുശേഷം അതിന്റെ ഉത്തരവാദിത്തം ചൈനയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ട്രംപ് പരിശ്രമിക്കുന്നത്.

ഇതിനിടെ ദക്ഷിണ‐ഉത്തര കൊറിയകൾ ട്രംപ്‐കിം ഉച്ചകോടി യാഥാർഥ്യമാക്കാനുള്ള നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി. ട്രംപ് മലക്കംമറിഞ്ഞുവെങ്കിലും ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്നും ഉത്തരകൊറിയ അതിനു സന്നദ്ധമാണെന്നും കിം ജോങ് ഉന്നിന്റെ ഓഫീസ് അറിയിച്ചു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ സമ്മർദവും ഫലംകണ്ടു. ഈ ദിശയിലുള്ള നയതന്ത്രനീക്കങ്ങളുടെ ഭാഗമായി കിമ്മിന്റെ വലംകൈയും മുൻ രഹസ്യാന്വേഷണവിഭാഗം മേധാവിയുമായ ജനറൽ കിം യോങ് ചോൾ, വൈറ്റ് ഹൗസ് സന്ദർശിച്ചതോടുകൂടി മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 12ന് സിംഗപ്പൂർ ഉച്ചകോടി നടക്കുമെന്ന് ഉറപ്പായി.  ട്രംപ്‐കിം ഉച്ചകോടി തടസ്സങ്ങൾ മറികടന്ന് യാഥാർഥ്യമാകുന്നത് പ്രതീക്ഷാനിർഭരമാണ്. എന്നിരുന്നാലും ട്രംപിസത്തിന്റെ അപഹാരങ്ങൾ സമാധാനവഴികളിൽ പുതിയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കില്ല എന്ന് തീർത്തുപറയാൻ കഴിയില്ല. ഏതായാലും ഉത്തര‐ദക്ഷിണ കൊറിയകളുടെ പരസ്പരധാരണയും ആഗോളാടിസ്ഥാനത്തിൽ ഉച്ചകോടിക്ക് അനുകൂലമായി രൂപപ്പെട്ട അഭിപ്രായഐക്യവും പിന്തുണയും കാര്യങ്ങളെ ശരിയായ ദിശയിൽ നയിക്കുമെന്ന് പ്രത്യാശിക്കാം.

പ്രധാന വാർത്തകൾ
 Top