07 October Friday

രൂപ വീഴുന്നു ; സമ്പദ്‌വ്യവസ്ഥയും

ജോർജ് ജോസഫ്Updated: Thursday Jul 21, 2022

ചരിത്രദിനമാണ് ജൂലെെ 19നു പിറന്നത്.  രൂപയുമായുള്ള വിനിമയത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിന്റെ നിരക്ക് 80 രൂപയ്‌ക്ക് മുകളിലെത്തി. ചിരകാലമായി പ്രതീക്ഷിച്ചുകൊണ്ടിരുന്നതാണെങ്കിലും ഇന്ത്യൻ സമ്പദ്ഘടന ഇന്ന് നേരിടുന്ന വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും നടുമുറിയിൽ ഇതൊരു നിർണായകമായ  മാറ്റമാണ്. ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന  വികസ്വര രാജ്യമെന്നനിലയിൽ ഡോളറിന്റെ വില ഓരോ പൈസ കൂടുമ്പോഴും നമ്മെ അത് കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. 74.5 രൂപയായിരുന്നു ജനുവരിയിലെ ശരാശരി ഡോളർ വില. കഴിഞ്ഞ ഏഴു മാസത്തിനിടയിൽ മാത്രം ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധന 7 .26 ശതമാനമാണ്.  ഇതിൽ 2 .46 ശതമാനം വർധന രേഖപ്പെടുത്തിയിരിക്കുന്നത് ജൂൺ 20നു ശേഷമാണ്. 

കഴിഞ്ഞ ഒരു വർഷക്കാലത്തെ ശരാശരി എടുക്കുമ്പോൾ അത് 74 .40 രൂപയാണ്. ഏറ്റവും പ്രധാനമായ കാര്യം  ഇതര പ്രമുഖ ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളുടെ കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നത് രൂപയാണ് എന്നതാണ്. ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയും രൂക്ഷമായ പണപ്പെരുപ്പവുമാണ് ഇതിനു പ്രധാന കാരണം. 

കഴിഞ്ഞ ഏതാനും വർഷത്തെ ഡോളറിന്റെ ചലനങ്ങൾ പരിശോധിക്കുമ്പോൾ രൂപയ്‌ക്കെതിരെ വാർഷികാടിസ്ഥാനത്തിൽ 0.50 മുതൽ ഒരു ശതമാനംവരെ ശരാശരി  മൂല്യവർധന, ഡോളർ നേടുന്നതായി വ്യക്തമാണ്. രൂപയെ പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് കാര്യമായ ശ്രമങ്ങൾക്ക് തുനിയുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല എന്നതാണ് ഗുരുതരമായ സ്ഥിതി. പുതിയ സാഹചര്യം തരണം ചെയ്യുന്നതിന്  കോടിക്കണക്കിന് ഡോളർ ആർബിഐ മാർക്കറ്റിലേക്ക് പമ്പ് ചെയ്യുമ്പോഴും രൂപ കൂടുതൽ മെലിയുകയാണ് എന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. മുൻകാലങ്ങളിൽ റിസർവ് ബാങ്കിന്റെ വിപണി ഇടപെടൽ ഒരുപരിധിവരെ ഫലം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അത് ഏശുന്നില്ല എന്നതാണ് പ്രതിസന്ധി. വിദേശ ഇടപാടുകൾ രൂപയിലേക്ക് മാറ്റുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകിയെങ്കിലും രൂപയുടെ മെലിച്ചിൽ പിടിച്ചുനിർത്താൻ അത് പര്യാപ്തമായില്ല.

ഡോളർ വില ഉയരുകയെന്നതിന്‌ അർഥം ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ചെലവ് ഉയരുകയെന്നതാണ്. അങ്ങനെയാകുമ്പോൾ വലിയ അളവിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഇത് ഏറെ പ്രതികൂലമാകും. ഏറ്റവും കൂടുതൽ ഡോളർ ഒഴുക്കേണ്ടിവരുന്നത് ക്രൂഡ് ഓയിലിന്റെ ഇറക്കുമതിക്കാണ്. ഇക്കാര്യത്തിൽ  ആഭ്യന്തര ഉപയോഗത്തിന്റെ ഏതാണ്ട് 83  ശതമാനവും ഇറക്കുമതി വഴിയാണ്. ഇവിടെ  രാജ്യം ഇരട്ടപ്രഹരം നേരിടേണ്ടിവരുന്ന സാഹചര്യമുണ്ട്. ഡോളർ വില ഉയരുന്നതിനൊപ്പം അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് വില ബാരലിന് 105ഉം -106ഉം ഡോളർ നിരക്കിലാണ്.  ഇത് വിദേശ വ്യാപാരക്കമ്മി ഉയർത്തുന്നതിനും വിദേശനാണ്യ കറന്റ് അക്കൗണ്ടിന്റെ ശോഷണത്തിനും കളമൊരുക്കും. 2018–- -19 മുതൽ ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി കുറയുന്ന പ്രവണത പ്രകടമാക്കിയിരുന്നു. വിവിധ കാരണത്താൽ ഇറക്കുമതി കാര്യമായി കുറഞ്ഞത് ഇതിനൊരു കാരണമാണ്. എന്നാൽ, ഏറ്റവുമൊടുവിൽ ലഭ്യമായ കണക്കുകൾ വ്യത്യസ്തമായൊരു ചിത്രമാണ് അവതരിപ്പിക്കുന്നത്. 2021–--22ൽ വിദേശ വ്യാപാരക്കമ്മി 87.5 ശതമാനം വളർച്ച രേഖപ്പെടുത്തി. 2020–- -21ൽ 10,263 കോടി ഡോളറായിരുന്ന കമ്മി തൊട്ടടുത്തവർഷം 19,241 കോടി ഡോളറായി ഉയർന്നു. മാർച്ചിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ കയറ്റുമതി 4000 കോടി ഡോളറെന്ന മാജിക് നമ്പർ മറികടന്നു. എന്നാൽ, വ്യാപാരക്കമ്മി ആ മാസം 1851 കോടി ഡോളറായി ഉയർന്നു. ക്രൂഡ് ഓയിൽ വില ഉയർന്നതും ഒപ്പം ഡോളർ വില വർധിച്ചതുമാണ് കയറ്റുമതിയിൽ 19.76 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടും കമ്മി ഉയരാൻ കാരണമായത്. ഏപ്രിലിൽ കമ്മി  2007 കോടി ഡോളറായി വർധിച്ചു. മെയ് മാസത്തിൽ ഇത് 2430 കോടി ഡോളറാണ്. വിദേശ വ്യാപാരത്തിലെ കമ്മി ജൂണിൽ 2560 കോടി ഡോളറാണ്.  ഇന്ത്യയുടെ ഇറക്കുമതി ബാസ്കറ്റിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇനമായ സ്വർണത്തിന്റെ ഇറക്കുമതി 73 ശതമാനം കുറഞ്ഞപ്പോഴുണ്ടായ സ്ഥിതിയാണ് ഇതെന്ന്‌ ഓർക്കണം. ഡോളർ വിലയിലെ കുതിപ്പ് വിദേശ വ്യപാരക്കമ്മി ഉയരുന്നതിൽ നിർണായകമായി മാറിയെന്നതാണ് കാര്യം. കറന്റ് അക്കൗണ്ടിലെ കമ്മി നടപ്പുസാമ്പത്തിക വർഷാവസാനത്തോടെ 10,500 കോടി ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രൂപയുടെ മൂല്യത്തകർച്ച ഇതിന് ആക്കംകൂട്ടും. 


 

ഉയർന്ന പണപ്പെരുപ്പവും ഉൽപ്പാദനമേഖലകളിലെ തളർച്ചയും സ്റ്റാഗ്ഫ്ലേഷൻ പോലുള്ള സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പണപ്പെരുപ്പവും കറൻസിയുടെ മൂല്യത്തകർച്ചയും തോളോടുതോൾ ചേർന്ന് പോകുന്നവയാണ്. ഇത്‌ രണ്ടും  ചേർന്ന് ധനപരവും പണപരവുമായ  ദൂഷിതവലയം സൃഷ്ടിക്കുമെന്നതാണ് പ്രധാന പ്രശ്നം. സമീപകാലത്ത് ശ്രീലങ്ക ഇതിനുള്ള ക്ലാസിക് ഉദാഹരണമാണ്.

അമേരിക്ക പലിശനിരക്ക് ഉയർത്തുന്നതും രൂപയുടെ നില കൂടുതൽ പരുങ്ങലിലാക്കുന്നതാണ്. യുഎസ് ഫെഡറൽ റിസർവ്  അടുത്തയാഴ്ച  വീണ്ടും പലിശ ഉയർത്തുന്ന തീരുമാനം പ്രഖ്യാപിക്കും. 0.5 ശതമാനം മുതൽ 0.75 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്ന വർധന. ഈ സാഹചര്യത്തിൽ ഡോളറിലുള്ള നിക്ഷേപം കൂടുതൽ നേട്ടം നൽകുമ്പോൾ ഓഹരി വിപണികളിൽനിന്നും മറ്റും ഡോളർ തിരിച്ചൊഴുകും. ഇത്തരം സാമ്പത്തിക സാഹചര്യം  ഒരുതരം  നീരാളിപ്പിടിത്തമാണ്. ഒരു പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമ്പോൾ മറ്റൊന്ന് ചുറ്റിപ്പിടിക്കുന്നു  എന്നതാണ് കാരണം. അതുകൊണ്ടാണ്  ശ്രീലങ്ക നൽകുന്ന പാഠങ്ങൾ അവഗണിച്ചുപോകുന്നത് മൗഢ്യമാണെന്ന വിലയിരുത്തലിലേക്ക് എത്തുന്നത്. ഒരു ഡോളറിന് 362.83 ശ്രീലങ്കൻ രൂപ നൽകേണ്ട സാഹചര്യം എത്ര ആഴമേറിയ പ്രതിസന്ധിയിലേക്ക് ആ രാജ്യത്തെ നയിച്ചെന്ന് നാം സൂക്ഷ്മവിശകലനം നടത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top