23 February Saturday

വിദൂരപഠനത്തിന്റെ ഭാവി

ഡോ. പി പി അജയകുമാർUpdated: Thursday Jul 26, 2018


സാമ്പ്രദായിക വിദ്യാഭ്യാസരീതികളിൽനിന്ന് വ്യത്യസ്തമായി സ്ഥലകാലപരിമിതി ഇല്ലാത്തതും താരതമ്യേന തുറന്നതും അതിവിപുലമായ വ്യാപനസാധ്യതകൾ ഉള്ളതുമാണ് വിദൂരപഠനപദ്ധതി. മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന് മുഴുവൻസമയ വിദ്യാർഥികളായി പഠിക്കാൻ കഴിയാത്തവരും വിദൂരസ്ഥലങ്ങളിൽ ജോലിചെയ്യാൻ നിർബന്ധിതരായവരും സൈനികസേവനം ചെയ്യുന്നവരുമൊക്കെ ചേർന്ന ഒരു മിശ്രിത സമൂഹമാണ് വിദൂരപഠനത്തിന്റെ ഉപയോക്താക്കൾ. പൊതുവിൽ വിദ്യാഭ്യാസരംഗത്തെ ഒരു പാർശ്വവൽകൃത സമൂഹമാണ് വിദൂരപഠിതാക്കളുടേതെന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെ സാമൂഹ്യപുരോഗതിയും അവസരസമത്വവും ലക്ഷ്യമിടുന്ന ഏതൊരു സർക്കാരിന്റെയും പ്രഥമ പരിഗണന അർഹിക്കുന്ന രംഗമാകണം വിദൂരപഠനത്തിന്റേത‌് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സമീപകാലത്തായി വിദൂരപഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട‌് യുജിസി ഇറക്കിയ ഉത്തരവുകളും അത് സൃഷ്ടിച്ച പ്രതിസന്ധികളും സ്തംഭനാവസ്ഥയും വിദൂരപഠനകേന്ദ്രങ്ങളുടെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. 

കേരളത്തിൽ നാല് സർവകലാശാലകളിലാണ് വിദൂരപഠനകേന്ദ്രങ്ങൾ ഉള്ളത്; കേരള, എംജി, കലിക്കറ്റ്, കണ്ണൂർ. 2015‐16, 2016‐17 വിദ്യാഭ്യാസ വർഷങ്ങളിൽ കണ്ണൂർ സർവകലാശാല ഒഴികെയുള്ള കേരളത്തിലെ സർവകലാശാലകളിൽ വിദൂരപഠനകേന്ദ്രങ്ങൾക്ക‌് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. പിന്നീട് യുജിസി വിദഗ‌്ധ സമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ 2017‐2019 കാലത്തേക്ക് പ്രവർത്തനാനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2017ൽ പ്രവേശനം പുനരാരംഭിക്കുകയും യുജിസി അനുവദിച്ച പഠനപ്രോഗ്രാമുകൾ നടത്തിത്തുടങ്ങുകയും ചെയ്തു. എന്നാൽ, 2018 ഫെബ്രുവരി ആറിന‌് യുജിസി ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം നാക്കിന്റെ അക്രെഡിറ്റേഷനിൽ 3.26 ആവറേജ് സ്‌കോറുള്ള സർവകലാശാലകൾക്കുമാത്രമേ വിദൂരപഠനകേന്ദ്രങ്ങൾ തുടർന്ന് നടത്താനുള്ള അനുമതി നൽകുന്നുള്ളൂ. മാത്രമല്ല, 2018‐19 അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനുവേണ്ടി പുതുതായി അപേക്ഷ സമർപ്പിക്കണമെന്ന ഉത്തരവും അതിൽ യുജിസിയുടെ തീരുമാനം വന്നശേഷംമാത്രമേ പ്രവേശന നടപടി തുടങ്ങാവൂ എന്ന കർശന നിർദേശവും സർവകലാശാലകൾക്ക് ലഭിച്ചു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2017‐18 അധ്യയനവർഷത്തെ അംഗീകാരത്തിനായി നിലവിൽ എപ്ലസ് ഗ്രേഡ് ഇല്ലാത്ത ഇന്ത്യയിലെ എല്ലാ വിദൂരപഠനകേന്ദ്രങ്ങളും അപേക്ഷ സമർപ്പിക്കുകയും ഇന്റർഫേസ് മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ജൂലൈ ആദ്യം നടന്ന മീറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും പരിഗണിച്ച‌് അംഗീകാരം സംബന്ധിച്ച തീരുമാനം വൈകാതെ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു വർഷത്തേക്കുള്ള താൽക്കാലിക അംഗീകാരമാണെന്നിരിക്കെ വിദൂരപഠനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ല.

വിദൂരപഠനം സംബന്ധിച്ച‌് യുജിസി ഇറക്കുന്ന ഉത്തരവുകൾ പലതും പരസ്പരവിരുദ്ധമായാണ്. 2014 ആഗസ‌്ത‌് ഒമ്പതിന‌് ഇറങ്ങിയ യുജിസി ഉത്തരവു പ്രകാരം സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സർവകലാശാലകൾ, അതതു സർവകലാശാലകളുടെ പരിധിക്കു വെളിയിൽ പഠനകേന്ദ്രങ്ങൾ നടത്തുകയോ പരീക്ഷാ സെന്ററുകൾ അനുവദിക്കുകയോ ചെയ്യാൻ പാടില്ല എന്ന് നിഷ്‌കർഷിച്ചിരിക്കുന്നു. എന്നാൽ, മേൽ സൂചിപ്പിച്ച 2018 ഫെബ്രുവരി ആറിലെ ഉത്തരവിൻപ്രകാരം 3.26 സ്‌കോർ ഉള്ള സർവകലാശാലകൾമാത്രമേ വിദൂരപഠനകേന്ദ്രം നടത്താവൂ എന്ന് വരുമ്പോൾ നിലവിലെ നാക് ഗ്രേഡിങ‌് അനുസരിച്ച‌് കേരളത്തിലെ ഒരു സർവകലാശാലയ‌്ക്കും വിദൂരപഠനകേന്ദ്രം നടത്താൻ കഴിയില്ല എന്നുവരും. ഒരു സർവകലാശാലയ‌്ക്കും അതിന്റെ പരിധിക്കുവെളിയിൽ പ്രവർത്തനം നടത്താൻ പറ്റില്ല എന്നിരിക്കെ കോളേജിൽ പ്രവേശനം ലഭിക്കാത്ത മഹാഭൂരിപക്ഷം വരുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് കേരളത്തിനകത്ത‌് പഠനപ്രവർത്തനം നടത്താൻ കഴിയില്ല എന്നുവരുന്നു. ഏകദേശം ഒന്നേകാൽ ലക്ഷം വരുന്ന വിദൂരപഠനത്തെ ആശ്രയിക്കുന്ന വിദ്യാർഥികൾ കേരളത്തിനു വെളിയിലുള്ള ഏതെങ്കിലും സർവകലാശാലയിൽ ചേരുകയും അവിടെപ്പോയി പരീക്ഷകൾ എഴുതുകയും ചെയ്യേണ്ടിവരും എന്നത് പ്രശ്‌നത്തിന്റെ ഗൗരവം ഒന്നുകൂടി വർധിപ്പിക്കുന്നു. ഇവിടെ പ്രസക്തമായ മറ്റൊരുകാര്യം വിദൂരപഠനകേന്ദ്രങ്ങൾ നടത്താൻ യോഗ്യതയില്ല എന്ന് യുജിസി വിലയിരുത്തിയ 3.26 സ്‌കോറിൽ താഴെയുള്ള സർവകലാശാലകൾക്ക് റെഗുലർ പഠന പ്രോഗ്രാമുകൾ തുടർന്ന് നടത്താൻ വിലക്കുകൾ ഒന്നുംതന്നെ ഇല്ല എന്നതാണ്. ഇത് വിരോധാഭാസമാണ‌്. വിദൂരപഠനത്തിന്റെ നിലവാരം ഉയർത്തുന്നതിന് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയംതന്നെ. എന്നാൽ, എന്തിന്റെ പേരിലയാലും പരസ്പരവിരുദ്ധമായ ഉത്തരവുകൾ അടിക്കടി ഇറക്കുന്നത് വിദ്യാർഥികൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല.

എന്നാൽ, വിദൂരപഠനകേന്ദ്രത്തിന്റെ അംഗീകാരം സർവകലാശാലയുടെ അക്രെഡിറ്റേഷൻ സ്‌കോറുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്താൻ യുജിസി തയ്യാറായേക്കും എന്ന സൂചനയും ലഭിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസകേന്ദ്രങ്ങൾക്ക് പ്രത്യേക അക്രെഡിറ്റേഷൻ ഏർപ്പെടുത്തുകയും അതിൽ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുകയും ചെയ്യാനുള്ള നിർദേശമാണ് ചില കേന്ദ്രങ്ങൾ മുന്നോട്ടുവയ‌്ക്കുന്നത്. ഇത് ഒരു പരിധിവരെ യുക്തിഭദ്രമെന്നു തോന്നാമെങ്കിലും ഓരോ സ്ഥാപനത്തിന്റെയും ഗ്രേഡിങ്ങിന‌് ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും ധനസമ്പത്തുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് അനുകൂലമായിട്ടാണ് ഭവിക്കുന്നത്. പൊതുവെ മൂലധനമുരടിപ്പ് അനുഭവപ്പെടുന്ന സംസ്ഥാന സർവകലാശാലകൾ ഇത്തരം റേറ്റിങ്ങുകളിലും പുറകിലേക്ക് പോകാനാണ് സാധ്യത. ഇത് വലിയ ഫീസ് ചുമത്തി വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന സ്വകാര്യ സർവകലാശാലകൾക്ക് അനുകൂലവും നാമമാത്രമായ ഫീസിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർവകലാശാലകൾക്ക് പ്രതികൂലവും ആയേക്കാം.

കേരളത്തിലെ വിദൂര വിദ്യാഭ്യാസരംഗത്ത് ഇന്ന് വന്നുപെട്ടിട്ടുള്ള മുരടിപ്പ് പൊതുവിദ്യാഭ്യാസരംഗത്തെ അനിതരസാധാരണമായ പ്രതിസന്ധിയിലേക്കും ലക്ഷക്കണക്കിന‌ു വിദ്യാർഥികളെ കടുത്ത ആശങ്കയിലേക്കും ആഴ്ത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണംപോലെതന്നെ പ്രധാനമാണ് വിദൂരപഠനത്തിന്റെ നിലനിൽപ്പും അതിജീവനവും. വിദൂരപഠനരംഗത്ത് നിലനിൽക്കുന്ന ചില അനാരോഗ്യ പ്രവണതകൾ ഇല്ലാതാക്കേണ്ടത‌് സമൂഹത്തിന്റെ പൊതുതാല്പര്യമാണ്. എന്നാൽ, എലിയെപ്പേടിച്ച‌് ഇല്ലം ചുടുക എന്നുപറയുന്നതുപോലെ വിദൂരപഠനരംഗത്തെ ശുദ്ധീകരിക്കാൻ സാമൂഹ്യപ്രതിബദ്ധതയോടെ  പ്രവർത്തിക്കുന്ന സംസ്ഥാന സർവകലാശാലകളിലെ വിദൂരകേന്ദ്രങ്ങൾ പ്രവർത്തനരഹിതമാക്കുന്നത‌് ഒട്ടും ആശാസ്യമല്ല. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളിൽ 21.97 ശതമാനവും വിദൂരപഠന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിൽ 45 ശതമാനം വനിതകളും 52 ശതമാനം ഗ്രാമീണരും 20 ശതമാനം പട്ടികവിഭാഗക്കാരുമാണ‌്. ഇന്ത്യയിൽ വിവിധ വിഷയങ്ങളിലായി ഉന്നതപഠനത്തിനായി
എത്തുന്നവർ വെറും 12 ശതമാനം പേർ മാത്രമാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ ഈ സ്തംഭനാവസ്ഥയിലൂടെ വലിയൊരു ശതമാനം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണ്.

ഇരുപത്തയ്യായിരംമുതൽ ഒരു ലക്ഷംവരെ വിദ്യാർഥികൾ ഒരേസമയം പഠിക്കുന്ന വിദൂരപഠനകേന്ദ്രങ്ങൾ കേരളത്തിൽ ഉണ്ട്. ഒരു കോളേജിൽ ശരാശരി 3000 വിദ്യാർഥികൾ പഠിക്കുന്നു എന്ന് കണക്കാക്കിയാൽത്തന്നെ ഒരു ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദൂരപഠനകേന്ദ്രം ഇല്ലാതാകുന്നതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആഘാതം 33 കോളേജ‌് അടച്ചുപൂട്ടുന്നതിനു സമാനമായതാണെന്നു കാണാം. വിദ്യാഭ്യാസരംഗത്തെ ചെറുചലനങ്ങൾപോലും ചൂടുള്ള ചർച്ച വിഷയമാകുന്ന കേരളത്തിൽ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാനും പഠനസൗകര്യം ഉറപ്പുവരുത്താനും ഉള്ള ശ്രമങ്ങൾ അതിശക്തമായി തുടങ്ങേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.

(കേരള സർവകലാശാല വിദൂരപഠന വിഭാഗം മുൻ ഡയറക്ടറാണ് ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top