29 September Thursday

മുന്നേറാം, ഭിന്നശേഷി സൗഹൃദ കേരളത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും സാമൂഹ്യ ഉൾച്ചേർക്കലിനും പുനരധിവാസത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നമ്മുടെ സംസ്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജാതി, മത, വർഗ, വർണ, സാംസ്കാരിക, സാമൂഹ്യ ഭേദമന്യേ ഭിന്നശേഷിക്കാരായ കുട്ടികൾക്കും സമപ്രായക്കാരായ മറ്റു കുട്ടികളോടൊപ്പം ഏറ്റവും ഗുണമേന്മയാർന്ന ഔപചാരിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ളതാണ്  ഉൾച്ചേർന്ന വിദ്യാഭ്യാസമെന്ന സങ്കൽപ്പത്തിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ, ശേഷികൾ, സംസ്‌കാരം, സാമൂഹ്യപശ്ചാത്തലം, ബുദ്ധിസാമർഥ്യം, ലിംഗാവസ്ഥ  തുടങ്ങിയ ഘടകങ്ങൾ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും അവ പൊതുവിദ്യാഭ്യാസത്തിന്റെ സാധ്യതകളും ഗുണഫലങ്ങളും അനുഭവിക്കുന്നതിനുള്ള കുട്ടിയുടെ അവസരങ്ങൾക്ക് തടസ്സമായിക്കൂട എന്നതാണ് പൊതുവായ കാഴ്‌ചപ്പാട്.

കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ മാത്രമായി ഒതുങ്ങേണ്ടിവന്ന ഭിന്നശേഷിക്കുട്ടികൾക്കായി എസ്‌ഇആർടിയുടെ നേതൃത്വത്തിൽ തേൻകൂട് എസ്എസ്‌കെയുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് പഠന വീഡിയോകൾ, കാഴ്ച പരിമിതർക്കായി ശബ്ദപാഠങ്ങൾ, അടച്ചിടലിന്റെ സമ്മർദം കുറയ്ക്കുന്നതിനായി ‘ജാലകങ്ങൾക്കപ്പുറം’എന്ന ഓൺലൈൻ ട്വിന്നിങ്‌ പരിപാടി, വീടുകളിൽ തെറാപ്പി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്നവർക്കായി വീടുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയുള്ള പഠനസംവിധാനം തുടങ്ങി നിരവധി പിന്തുണാ സംവിധാനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കുട്ടികൾക്കായി ഒരുക്കിയത്.

ഉൾച്ചേർന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ  ശ്രദ്ധ നൽകേണ്ട ഒരു മേഖലയാണ് കായികരംഗം. ഉൾച്ചേർന്ന വിദ്യാഭ്യാസത്തെ വർത്തമാന കേരളം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചപ്പോഴും കായികമേഖലയിൽ അത് വേണ്ടത്ര പ്രതിഫലിച്ചോ എന്ന സംശയം ഇപ്പോഴും ബാക്കിനിൽക്കുന്നു. അക്കാദമികരംഗത്തും സാമൂഹ്യ ഉൾച്ചേർക്കൽ രംഗത്തും നമുക്ക് കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ കല, കായിക രംഗങ്ങളിലും ആർജിക്കേണ്ടതുണ്ട്.

കളികളും കായികപ്രവർത്തനങ്ങളും വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹ്യവുമായ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നതോടൊപ്പം, ശരീരഭാര നിയന്ത്രണത്തിനും പേശികൾ, എല്ലുകൾ എന്നിവയെ ബലപ്പെടുത്താനും കായികപ്രവർത്തനങ്ങൾ സഹായിക്കുന്നു. തലച്ചോറിലെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കാനും ഹൃദയ–-ശ്വസന ക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. കായികക്ഷമതാ ഘടകങ്ങളെ ഘട്ടംഘട്ടമായി മെച്ചപ്പെടുത്താനും മാനസികസമ്മർദം കുറയ്ക്കാനും കുട്ടിയുടെ പഠനപുരോഗതിയിൽ നിർണായക സ്വാധീനം ചെലുത്താനും കളികളിലൂടെ കഴിയും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പരിമിതമായി മാത്രമാണ് കായിക പ്രവർത്തനങ്ങളിലോ കളികളിലോ ഏർപ്പെടുന്നത്. കൂടുതൽ നേരം വെറുതെയിരിക്കുന്നതുകൊണ്ടുതന്നെ പൊണ്ണത്തടി, അമിത ശരീരഭാരം എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങൾ വളരെ വേഗം കുട്ടികളെ ബാധിക്കാനും സാധ്യതയുണ്ട്.

ഭിന്നശേഷിക്കുട്ടികളുടെ കായികമത്സരങ്ങളും കായികപ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുമ്പോൾ നിലവിലുള്ള 21  വിഭാഗത്തിനും ഉപവിഭാഗങ്ങൾക്കും ഗുണകരമാകുന്ന രീതിയിലുള്ള കായികയിനങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. അന്തർദേശീയ തലത്തിൽത്തന്നെ പൊതുവായി അംഗീകരിക്കപ്പെട്ട ഇൻക്ലൂസീവ് സ്പോർട്സ് ക്ലാസിഫിക്കേഷന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സാഹചര്യങ്ങൾക്ക്‌ അനുസൃതമായ രീതിയിൽ മത്സര രീതിയെ ക്രമീകരിക്കേണ്ടതുണ്ട്. മത്സര രീതിയെ  ഇത്തരത്തിൽ അനുരൂപീകരിക്കുന്നതിന്റെ ഭാഗമായി പരിശീലകർ, ഒഫീഷ്യൽസ് എന്നിവർക്കുള്ള വിദഗ്‌ധ പരിശീലനം തുടങ്ങിയവയും ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഉദ്ഘാടനത്തിൽ അന്തർദേശീയ തലത്തിൽ നടക്കുന്ന പാരാലിമ്പിക്സ്, ഡോർഫ്  ഗെയിംസ്, സ്പെഷ്യൽ ഒളിമ്പിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവകൂടി പരിഗണനയ്‌ക്ക് വിധേയമാക്കാവുന്നതാണ്. ഭിന്നശേഷിക്കുട്ടികൾക്കായുള്ള  കായികമേളകൾ സംഘടിപ്പിക്കുമ്പോൾ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം അനിവാര്യമാണ്. ചില വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിച്ചും വ്യത്യസ്ത സമയങ്ങളിൽ ആരാലും അറിയപ്പെടാതെയും നടന്നുപോകുന്ന നിലയിലേക്ക് ഭിന്നശേഷി വിഭാഗത്തിലെ കായികമത്സരങ്ങൾ ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി പ്രാദേശികതലത്തിൻമേലുള്ള കുട്ടികൾക്കുപോലും ഇതിന്റെ ഗുണഫലം ലഭ്യമാകുന്നതരത്തിൽ കായിക പരിപാടികൾ ആസൂത്രണംചെയ്തു മുന്നോട്ടുപോകേണ്ടതുണ്ട്.

നിലവിലുള്ള കായികസംവിധാനങ്ങൾ തന്നെ കൃത്യമായ രീതിയിൽ അനുരൂപീകരണം നടത്തി ഭിന്നശേഷി സൗഹൃദപരമാക്കാനുള്ള തീരുമാനങ്ങളാണ് ആലോചിച്ചു നടപ്പാക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടുകൂടി പഞ്ചായത്തുതലംമുതൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കായികപരിശീലനവും മത്സരവും കാര്യക്ഷമമായ രീതിയിൽത്തന്നെ ആരംഭിക്കാവുന്നതാണ്. ഭിന്നശേഷിസൗഹൃദ വിദ്യാലയത്തിലൂടെ  ഭിന്നശേഷി സൗഹൃദകേരളമെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് താമസംവിനാ എത്തിച്ചേരാൻ സാധിക്കണം. രാജ്യത്തിനുതന്നെ മാതൃകയാകുന്നരീതിയിൽ കേരള മാതൃക വിജയകരമായി നടക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നരീതിയിലുള്ള കായിക മത്സരങ്ങൾ ഉറപ്പാക്കുന്നതിലൂടെ കേരളം മറ്റൊരു ബദൽ സൃഷ്ടിയുടെ ഭാഗമാകും.  

(സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറാണ്‌ ഷൂജ എസ് വൈ, എസ്‌സിഇആർടിയിൽ റിസർച്ച് ഓഫീസറാണ്‌ ഡോ. അജീഷ് പി ടി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top