26 April Friday

വര്‍ഗീസ്‌ വധം : 'ഇല്ല, തോമസ്‌ ജേക്കബ്‌, ദേശാഭിമാനി മാത്രം അന്നും ആ കഥ വിഴുങ്ങിയില്ല'

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2017

നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ 1970ല്‍ പൊലീസ് വെടിവെച്ച് കൊന്ന വാര്‍ത്ത അന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെപ്പറ്റി മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടറായി വിരമിച്ച തോമസ്‌ ജേക്കബ്ബ് ഒരു അഭിമുഖത്തില്‍ പറയുന്നത് സത്യമോ?..ഒരു അന്വേഷണം.

വര്‍ഗീസ്‌ കൊല്ലപ്പെട്ട കാലത്ത് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പ്രചരിപ്പിച്ചിരുന്നു. അന്ന്‍ 'മാധ്യമലോകം ആകെ വര്‍ഗീസ് വധത്തിലെ ഏറ്റുമുട്ടല്‍ കഥ വിശ്വസിച്ചു എന്ന് തോമസ്‌ ജേക്കബ്ബ് അടുത്തിടെ ഒരു അഭിമുഖത്തില്‍  പറഞ്ഞു.

തോമസ്‌ ജേക്കബ്ബ് പറഞ്ഞതിലെ പിശക് ഒരു വായനക്കാരന്‍ തന്നെ അടുത്തലക്കം വാരികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശാഭിമാനി ലേഖകനും പിന്നീട് പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന എ വി ആലിക്കോയ തോമസ് ജേക്കബ്ബിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ ഇക്കാര്യം പറയുന്നതിങ്ങനെ:
'

'നക്‌സല്‍ നേതാവ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ട സംഭവം ഓര്‍മിക്കുമ്പോള്‍ ഏറ്റുമുട്ടല്‍ മരണം എന്ന പൊലീസ് കഥ അപ്പാടെ വിഴുങ്ങുകയായിരുന്നു പത്രലോകം എന്ന് തോമസ് ജേക്കബ് പറയുന്നു. ഈ പ്രസ്താവം ശരിയല്ല. ആ ക്രൂര സത്യം അപ്പോള്‍ തന്നെ ജനങ്ങളെ അറിയിച്ച പത്രമായിരുന്നു ദേശാഭിമാനി എന്ന് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. വര്‍ഗ്ഗീസിനെ പൊലീസ് വെടിവെച്ചുകൊന്നു എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനി ഒന്നാം പേജില്‍  ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായിരുന്ന പട്ടുവം രാഘവന്റെ ബൈലൈന്‍ വെച്ചാണ് ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വസ്തുതകള്‍ കൂടുതല്‍ വിശദമാക്കിക്കൊണ്ടും ഈ നെറികേടിനെ ചോദ്യം ചെയ്തുകൊണ്ടും സി പി അച്യുതന്‍ തയ്യാറാക്കിയ മുഖ്യലേഖനം  അടുത്ത ആഴ്ചയില്‍ ചിന്ത പ്രസിദ്ധീകരിക്കുകയുണ്ടായി. കാലങ്ങള്‍ കഴിഞ്ഞാണ്  ഒരു പൊലീസുകാരന്‍ സത്യാവസ്ഥയുമായി രംഗത്തുവരുന്നത്.''

ആലിക്കോയ ചൂണ്ടിക്കാട്ടിയത് ഒരു ചരിത്ര വസ്തുത മാത്രം. തോമസ്‌ ജേക്കബ് മനപൂര്‍വമോ അല്ലാതെയോ വിട്ടുകളഞ്ഞ ഒരു സത്യം ...

ആ ചരിത്ര വസ്തുതകള്‍ ഇങ്ങനെ:

1970 ഫെബ്രുവരി 18 നാണ് വര്‍ഗീസ്‌ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലില്‍ മരിച്ചെന്ന വാര്‍ത്തയ്ക്കൊപ്പം പിറ്റേന്ന് മനോരമ ചാരി നിര്‍ത്തിയും മാതൃഭൂമി കിടത്തിയും വര്‍ഗീസിന്റെ മൃതദേഹത്തിന്റെ ചിത്രം നല്‍കിയത് പൊലീസിനു തന്നെ കുരിശായി. ഇത് ഒട്ടേറെ സംശയം ഉണ്ടാക്കി. വൈകാതെ തന്നെ ദേശാഭിമാനി ലേഖകന്‍ പട്ടുവം രാഘവന്‍ കൊല നടന്ന വനത്തില്‍ പോയി അന്വേഷിച്ച് വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കി. ഫെബ്രുവരി 20 നായിരുന്നു വാര്‍ത്ത. അതായത് കൊലപാതകം നടന്ന് രണ്ടുദിവസത്തിനുള്ളില്‍  ദേശാഭിമാനി സത്യം പുറത്തുകൊണ്ടുവന്നു. 28 കൊല്ലം കഴിഞ്ഞ് 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതെല്ലാം ആ വാര്‍ത്തയിലുണ്ടായിരുന്നു- വെടിവെച്ചത് രാമചന്ദ്രന്‍ നായര്‍ ആണെന്നതൊഴികെ എല്ലാം. രണ്ടുദിവസത്തിനു ശേഷം ഈ വിഷയത്തില്‍ പത്രം മുഖപ്രസംഗവും എഴുതി.

വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന് വെളിപ്പെടുത്തിയ ദേശാഭിമാനി വാര്‍ത്ത (1970 ഫെബ്രുവരി 20)

വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന് വെളിപ്പെടുത്തിയ ദേശാഭിമാനി വാര്‍ത്ത (1970 ഫെബ്രുവരി 20)

അന്ന് സിപിഐ എം കേരളത്തില്‍ പ്രതിപക്ഷത്തായിരുന്നു. വാര്‍ത്തയെ തുടര്‍ന്ന്‍  ഇഎംഎസും മറ്റ് നേതാക്കളും കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. 1970 ഫെബ്രുവരി 18 നു നടന്ന കൊലപാതകം അതിനുശേഷം നിയമസഭ ചേര്‍ന്ന മാര്‍ച്ച് രണ്ടിനു തന്നെ സഭയില്‍ ഉന്നയിച്ചു. മാര്‍ച്ച് നാലിന് വീണ്ടും ഉന്നയിച്ചു.  നക്സലൈറ്റുകള്‍ സിപിഐഎം വിട്ടകന്നിട്ട് അധികമായിരുന്നില്ല. പരസ്പര ശത്രുതയ്ക്ക് കുറവുമുണ്ടായിരുന്നില്ല. പക്ഷേ വര്‍ഗീസിനെതിരെ ഉണ്ടായ ഭരണകൂട ഭീകരത നിയമസഭയിലെത്തിക്കാന്‍ ഇതൊന്നും അവര്‍ക്ക് തടസമായില്ല. ഇ എം എസ് വിശദമായി തന്നെ സംസാരിച്ചു. സി ബി സി വാര്യര്‍, കെ ആര്‍ ഗൌരിയമ്മ, എ വി കുഞ്ഞമ്പു എന്നീ സിപിഐ എം അംഗങ്ങളും അന്ന് സിപിഐ എം വിട്ടുനില്‍ക്കുകയായിരുന്ന കെപിആര്‍ ഗോപാലനും സഭയില്‍ പ്രശ്നം ഉന്നയിച്ചു.

1970 മാര്‍ച്ച് നാലിന് നിയമസഭയില്‍ ഇഎം എസ് ചെയ്ത പ്രസംഗത്തില്‍ നിന്ന് (നിയമസഭാ രേഖ)

1970 മാര്‍ച്ച് നാലിന് നിയമസഭയില്‍ ഇഎം എസ് ചെയ്ത പ്രസംഗത്തില്‍ നിന്ന് (നിയമസഭാ രേഖ)

മുഖ്യമന്ത്രി സി അച്യുത മേനോന്‍ പതിവുപോലെ മൌനിയായി. പക്ഷേ ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയയ്ക്ക്  മറുപടി പറയേണ്ടിവന്നു. പൊലീസിനെ ന്യായീകരിച്ച മന്ത്രിയ്ക്ക് പ്രതിരോധായുധം ഒന്നേ ഉണ്ടായിരുന്നുള്ളൂ-സാക്ഷാല്‍ ചാരു മജുംദാറുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ലിബറേഷന്‍. 'ഉഗ്രമായ സംഘട്ടനത്തില്‍ വര്‍ഗീസ് കൊല്ലപ്പെട്ടു' എന്ന ലിബറേഷനിലെ ലേഖനം ഉദ്ധരിച്ച് മുഹമ്മദ് കോയ പ്രതിപക്ഷത്തെ നേരിട്ടു. അവരുടെ പത്രം പറയുന്നത് കാണുക... പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്നം?- കോയ സാമാന്യയുക്തി ഉയര്‍ത്തി.

വര്‍ഗീസ്‌ വധം നിയമസഭയില്‍ 1970 മാര്‍ച്ചില്‍ കെ ആര്‍ ഗൌരിയമ്മ അടക്കമുള്ളവര്‍  ഉന്നയിച്ചതിന്റെ സഭാരേഖ .

വര്‍ഗീസ്‌ വധം നിയമസഭയില്‍ 1970 മാര്‍ച്ചില്‍ കെ ആര്‍ ഗൌരിയമ്മ അടക്കമുള്ളവര്‍ ഉന്നയിച്ചതിന്റെ സഭാരേഖ .

‌കാല്‍പ്പനിക വിപ്ളവത്തില്‍ പോരാളി ഏറ്റുമുട്ടലില്‍ മരിക്കണം. വെടിയേറ്റ് മരണം വിപ്ളവകാരിയ്ക്ക് ചേരില്ലല്ലോ!!. ഈ കാല്‍പ്പനികശാഠ്യത്തില്‍ പിറന്നതായിരുന്നു ലിബറേഷന്റെ ഏറ്റുമുട്ടല്‍ കഥ. 

ആദ്യഘട്ടത്തില്‍ മനോരമയ്ക്കും മാതൃഭൂമിക്കും നക്സലൈറ്റ് വാര്‍ത്തകള്‍ കാല്‍പ്പനിക ഉല്‍പ്പന്നമായിരുന്നില്ല. നാട്ടുകാരെ കമ്യൂണിസത്തെപ്പറ്റി പറഞ്ഞുപേടിപ്പിക്കാനുള്ള  വിഭവമായിരുന്നു.  സിപിഐ എമ്മും നക്സലിസവും ഒന്നല്ലെന്ന് നാട്ടുകാര്‍ക്ക് തിരിഞ്ഞതോടെയാണ് നക്സലൈറ്റിന് അവര്‍ വീരപരിവേഷം നല്‍കിത്തുടങ്ങിയത്.

ഈ ഭൂതകാലത്തിനൊക്കെ മറയിടാന്‍ കൂടിയാകാം എല്ലാ മാധ്യമങ്ങളും വര്‍ഗീസ്‌ വധത്തില്‍ പോലീസ് ഭാഷ്യമാണ് പ്രസിദ്ധീകരിച്ചതെന്ന് തോമസ്‌ ജേക്കബ്ബ് പറയുന്നത്.

പ്രധാന വാർത്തകൾ
 Top