24 February Sunday

വിശ്വാസ്യതയില്‍ ഒന്നാമത്തെ പത്രം

പി എം മനോജ്Updated: Wednesday Sep 6, 2017

പതിനേഴാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ലോകത്ത് വാര്‍ത്താപത്രം ജനിച്ചത്. ഇന്ത്യയിലാദ്യമായി പത്രം പുറത്തിറങ്ങിയത് 1780ലായിരുന്നു. ആദ്യ മലയാളപത്രം 1847ലാണ് പിറവികൊണ്ടത്- രാജ്യ സമാചാരം. 170 വര്‍ഷത്തെ ചരിത്രമാണ് മലയാളപത്രങ്ങള്‍ക്ക്. നൂറ്റിമുപ്പതും അതിനോടടുത്തും പ്രായമുള്ള പത്രങ്ങള്‍ മലയാളത്തിലുണ്ട്്. ഇന്ന് രജിസ്ട്രേഷനുള്ള മൂവായിരത്തിലേറെ അച്ചടിമാധ്യമങ്ങള്‍ മലയാളത്തിലുണ്ടെന്നതാണ് ഏകദേശകണക്ക്. മൂവായിരത്തില്‍ ഒന്നാണ് ദേശാഭിമാനി. മലയാളത്തില്‍ പ്രചാരംകൊണ്ട് ഒന്നാമത് നില്‍ക്കുന്ന പത്രം പിറന്ന് അരനൂറ്റാണ്ടിനുശേഷമാണ് ദേശാഭിമാനിയുടെ ജനനം. 1942 സെപ്തംബര്‍ ആറിന് കോഴിക്കോട്ടുനിന്ന് വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ദേശാഭിമാനി പിന്നിട്ട 75 വര്‍ഷം മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ തുലോം ചെറിയ കാലയളവാണ് എന്നര്‍ഥം. രണ്ടു പത്രങ്ങള്‍ വലുപ്പംകൊണ്ട് ദേശാഭിമാനിക്കുമുന്നിലായി നില്‍പ്പുണ്ട്. ഈ വസ്തുതകളാകെ നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് കേരളത്തിലെ ഏറ്റവുമധികം ജനസ്വാധീനവും വിശ്വാസ്യതയുമുള്ള പത്രമായി ദേശാഭിമാനി ഉയരുന്നത്. ഇന്ന്, ദേശാഭിമാനി പ്ളാറ്റിനം ജൂബിലി നിറവിലെത്തിനില്‍ക്കുമ്പോള്‍ ആ അഭിമാനമാണ്, അനിതരസാധാരണമായ നേട്ടമാണ് പുതിയ കുതിപ്പിന് ശക്തിപകരുന്നത്.

ഓര്‍മകള്‍ ഏറെയൊന്നും പുറകോട്ടുപോകാതെതന്നെ ദേശാഭിമാനിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന അനുഭവങ്ങള്‍ ഒട്ടേറെയുണ്ട്. 2011-16 കാലയളവിലേക്ക് തിരിഞ്ഞുനോക്കുക. നിയമസഭയില്‍ രണ്ടംഗങ്ങളുടെ മുന്‍തൂക്കത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് കടുത്ത ആക്രമണമാണ് ഇടതുപക്ഷത്തിനുനേരെ അഴിച്ചുവിട്ടത്.

അധികാരത്തിന്റെ സകല ആയുധങ്ങളും സിപിഐ എമ്മിനുനേരെ പ്രയോഗിക്കപ്പെട്ടു. ജനാധിപത്യത്തിന് അന്യമായ മാര്‍ഗങ്ങളിലൂടെ യുഡിഎഫ് നേടിയ തെരഞ്ഞെടുപ്പുവിജയങ്ങള്‍ ഇടതുപക്ഷത്തിന്റെ എന്നെന്നേക്കുമുള്ള തകര്‍ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. ഓരോ ഉപതെരഞ്ഞെടുപ്പുഫലം വരുമ്പോഴും പ്രവചനമുണ്ടായി- ഇടതുപക്ഷം തോല്‍വിയുടെ പക്ഷമാണെന്ന്. ബഹുജനപ്രക്ഷോഭങ്ങള്‍ക്കുനേരെ ആക്ഷേപമുണ്ടായി- പരാജിതസമരങ്ങളെന്ന്. മഹാഭൂരിപക്ഷം മലയാളമാധ്യമങ്ങളും വലതുപക്ഷത്ത് അണിനിരന്ന് സിപിഐ എമ്മിന് ചരമക്കുറിപ്പെഴുതാന്‍ മത്സരിച്ച അനുഭവമായിരുന്നു അത്. എതിര്‍ത്തുനിന്നത് ദേശാഭിമാനിയാണ്. സമരമുഖത്ത് പ്രചാരകന്റെയും പ്രക്ഷോഭകന്റെയും ഉത്തരവാദമേറ്റെടുത്ത് ദേശാഭിമാനി അക്ഷീണം; ആവേശപൂര്‍വം നിലകൊണ്ടു. മാര്‍ക്സിസ്റ്റ് വിരുദ്ധ വാര്‍ത്തകളുടെ പ്രളയംതീര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെ നേരിന്റെ കൊടിയുമായി ആര്‍ജവത്തോടെ മുന്നേറിയ ദേശാഭിമാനി പറഞ്ഞതാണ് 2016ലെ തെരഞ്ഞെടുപ്പില്‍ കേരളജനത സ്വീകരിച്ചത്. എല്ലാ മാധ്യമശാപങ്ങളെയും പ്രവചനങ്ങളെയും അവസാന നിമിഷംവരെ വലതുപാളയത്തില്‍ തിളച്ച ആത്മവിശ്വാസത്തെയും കടപുഴക്കിയെറിഞ്ഞ ജനവിധിയാണ് അന്നുണ്ടായത്. അവിടെയാണ്, വലതുപക്ഷമാധ്യമങ്ങള്‍ സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന രാഷ്ട്രീയപ്രചാരണത്തിനെതിരായ ബദല്‍മാധ്യമത്തിന്റെ പ്രഹരശേഷി തെളിഞ്ഞത്. ആ ബദല്‍മാധ്യമ ഇടപെടലിനെ നയിച്ചത് സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയാണ്. 

പത്രങ്ങള്‍ക്ക് പ്രചാരത്തിന്റേതല്ല; വിശ്വാസ്യതയുടേതാണ് യഥാര്‍ഥ വലുപ്പമെന്ന് തെളിയിച്ചുകൊണ്ടാണ് ദേശാഭിമാനി ഏഴരപ്പതിറ്റാണ്ട് പിന്നിടുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന പത്രമാണിത്. സാധാരണജനങ്ങളുടെ വിയര്‍പ്പാണ് ദേശാഭിമാനിയുടെ മൂലധനം.  സിലോണിലും  ബര്‍മയിലും  സിംഗപ്പൂരിലും മറ്റും സഞ്ചരിച്ച് എ കെ ജി സമാഹരിച്ച ഫണ്ടും ഇ എം എസ് തന്റെ സ്വത്ത് വിറ്റുകിട്ടിയ 50,000 രൂപയും സഖാവ് കൃഷ്ണപിള്ളയുടെ അക്ഷീണ പ്രയത്നവും ദേശാഭിമാനിയുടെ ആദ്യകാലപ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി.

1946 ജനുവരി 18ന് ദിനപത്രമായി മാറുമ്പോഴേക്കും കൊച്ചി ഗവണ്‍മെന്റ് ഒരുതവണയും തിരുവിതാംകൂറിലെ ദിവാന്‍ഭരണം രണ്ടുതവണയും ദേശാഭിമാനിയെ നിരോധിച്ചിരുന്നു. തൊഴിലാളിവര്‍ഗത്തിനും ജനങ്ങള്‍ക്കും ജനാധിപത്യത്തിനുംവേണ്ടി വീറോടെ വാദിച്ചു എന്നതായിരുന്നു   'കുറ്റം'. എല്ലാ ഘട്ടത്തിലും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നീണ്ടത് അധ്വാനിക്കുന്ന ജനങ്ങളുടെ കരങ്ങളാണ്. 1946ല്‍ സിലിണ്ടര്‍ പ്രസുമായി ആരംഭിച്ച പത്രത്തിന് റോട്ടറി പ്രസ് വാങ്ങുന്നതിനുള്ള ധനം ശേഖരിച്ചത് നാടെമ്പാടും ദേശാഭിമാനി മേളകള്‍ നടത്തിയാണ്. മറ്റൊന്നും നല്‍കാനില്ലാത്തതിനാല്‍ തന്റെ പശുക്കിടാവിനെ സംഭാവന നല്‍കിയ പാലോറ മാത ജനങ്ങള്‍ നല്‍കിയ ആ സ്നേഹത്തിന്റെ പ്രതീകമാണ്.

മലബാര്‍ കലാപത്തിന്റെ 25-ാംവാര്‍ഷികത്തില്‍ 1946ല്‍ ഇ എം എസ് എഴുതിയ '1921ന്റെ ആഹ്വാനവും താക്കീതും' എന്ന ലേഖനത്തിന്റെ പേരില്‍ ദേശാഭിമാനി വീണ്ടും നിരോധിക്കപ്പെട്ടു.  ജാമ്യസംഖ്യ കെട്ടിവച്ചാണ് പ്രവര്‍ത്തനം തുടര്‍ന്നത്. 1947 ജനുവരി 23ന് മദിരാശി ഗവണ്‍മെന്റ് പൊതുരക്ഷാനിയമം എന്ന പേരില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പത്രാധിപസമിതിയിലെ മിക്ക അംഗങ്ങളെയും ലേഖകരെയും ജയിലിലടച്ചു. ആയിരക്കണക്കിന് രൂപ പിഴയടയ്ക്കാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോഴും ദിവസങ്ങള്‍ക്കകം പിരിച്ചുനല്‍കി ജനങ്ങള്‍ പത്രത്തെ നിലനിര്‍ത്തി. 1948ലെ പൊലീസ് ഗുണ്ടാമര്‍ദനം പുറത്തറിയാതിരിക്കാന്‍ 1948 ഏപ്രില്‍ 12ന് പൊതുരക്ഷാ നിയമപ്രകാരം വീണ്ടും നിരോധിക്കപ്പെട്ടു. റോട്ടറി പ്രസ് എന്ന ലക്ഷ്യംതന്നെ തകര്‍ക്കപ്പെട്ടു. കമ്പനിതന്നെ ലിക്വിഡേറ്റ് ചെയ്യുമെന്ന സ്ഥിതിയുണ്ടായി. 1951 വരെ നിരോധനം തുടര്‍ന്നു. 1952ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദേശാഭിമാനി വീണ്ടും ജനങ്ങളുടെ കൈകളിലെത്തിയത്. ആദ്യകാലത്ത് ദേശാഭിമാനിയെ തകര്‍ക്കാന്‍ ഭരണവര്‍ഗം നടത്തിയ കടന്നാക്രമണങ്ങളിലെ ചിലതുമാത്രമാണിത്.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ  എം  മുഖപത്രമായി ദേശാഭിമാനി മാറി. നാലുവര്‍ഷത്തിനുശേഷമാണ് 1968 മെയ് 16ന് കൊച്ചിയില്‍ രവിപുരത്ത് രണ്ടാം എഡിഷന്‍ തുടങ്ങിയത്. 1989 ജനുവരി നാലിന് തിരുവനന്തപുരത്ത് മൂന്നാമത്തെ എഡിഷന്‍. 1994 ജനുവരി 30ന് കണ്ണൂരിലും 1997 മാര്‍ച്ച് 22ന് കോട്ടയത്തും 2000 ആഗസ്ത് 31ന് തൃശൂരിലും 2010 ജനുവരി 17ന് മലപ്പുറത്തും 2017 ഏപ്രില്‍ ഒന്നിന് കൊല്ലത്തും മെയ് ഒന്നിന് പാലക്കാട്ടും തുടര്‍ന്നുള്ള എഡിഷനുകള്‍ ആരംഭിച്ചു. സാങ്കേതികവിദ്യയുടെ പുത്തന്‍ സങ്കേതങ്ങള്‍ സ്വായത്തമാക്കിയാണ് പത്രം മുന്നേറുന്നത്.

അവസാനശ്വാസത്തിന് അല്‍പ്പംമുമ്പ് ഇ എം എസ് എഴുതിയ ലേഖനങ്ങള്‍ ദേശാഭിമാനിക്കുവേണ്ടിയായിരുന്നു. പത്രത്തിന്റെ രാഷ്ട്രീയലക്ഷ്യത്തിന് ഒരുതരത്തിലുള്ള കുറവും വരുത്താതെ അതിനെ ഒരു സമ്പൂര്‍ണ ദിനപത്രമായി വളര്‍ത്തുകയായിരുന്നു ഇ എം എസിന്റെ ലക്ഷ്യം. അത് പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ദേശാഭിമാനി എന്നും മുഴുകിയത്. വാര്‍ത്തകള്‍ക്കൊപ്പം വിശകലനങ്ങളും വൈജ്ഞാനികവിഭവങ്ങളും വായനക്കാര്‍ക്ക് നല്‍കുന്നതില്‍ മുന്നിലാണ് ദേശാഭിമാനിയുടെ സ്ഥാനം. വാര്‍ത്തകള്‍ എത്രതന്നെ രാഷ്ട്രീയ എതിര്‍പ്പുള്ളതായാലും വളച്ചൊടിക്കാനല്ല സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാനാണ് ദേശാഭിമാനി ശ്രമിച്ചിട്ടുള്ളത്. നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വയനാട്ടില്‍ പൊലീസ് പിടിച്ചുകെട്ടി വെടിവച്ചുകൊന്നപ്പോള്‍ ആ സത്യം അന്ന് അതേപോലെ റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനിയായിരുന്നു. നക്സലൈറ്റുകളുമായി കടുത്ത രാഷ്ട്രീയഭിന്നത നിലനില്‍ക്കുമ്പോള്‍ത്തന്നെ വര്‍ഗീസിന്റെ വധം സത്യസന്ധമായി ജനങ്ങളെ അറിയിക്കാന്‍ ദേശാഭിമാനി നിര്‍ബന്ധം കാണിച്ചു. 

അടിയന്തരാവസ്ഥക്കാലത്തെ പൊലീസ്ഭീകരത പുറത്തുകൊണ്ടുവന്നത് ദേശാഭിമാനിയാണ്. സെന്‍സര്‍ഷിപ്പിന്റെയും രാഷ്ട്രീയപകപോക്കലിന്റെയും എല്ലാ അതിക്രമങ്ങളെയും പ്രതിരോധിച്ച് ഏകാധിപത്യവാഴ്ചയ്ക്കെതിരെ ധീരമായി നില്‍ക്കാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞു. ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും സമാധാനത്തിനും ഏറ്റ വലിയ ആഘാതമായിരുന്നു. സംഘപരിവാര്‍ നടത്തിയ ആ ആസൂത്രിത ആക്രമണത്തെ വെള്ളപൂശാനാണ് അന്ന് മറ്റെല്ലാ പത്രങ്ങളും ശ്രമിച്ചത്. മിനാരങ്ങള്‍ തകര്‍ന്നു എന്നും മറ്റും അത്തരം പത്രങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍, ബാബ്റി മസ്ജിദ് തകര്‍ത്തു എന്നും സംഘപരിവാറിന്റെ ആസൂത്രിതപദ്ധതിയായിരുന്നു അതെന്നും തുറന്നെഴുതിയത് ദേശാഭിമാനിമാത്രമാണ്.

സിപിഐ എമ്മിന്റെ ശക്തനായ നേതാവ് എന്നതുകൊണ്ടുമാത്രം പിണറായി വിജയനെ വ്യക്തിപരമായി തകര്‍ക്കാന്‍ നടന്ന അമ്പരപ്പിക്കുന്ന ശ്രമങ്ങള്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലത്തിന്റെ കേരളരാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ടിക്കും നേതൃത്വത്തിനും നേരെ സര്‍വസന്നാഹങ്ങളുമായി നടത്തിയ ആ സംഘടിത മാധ്യമ-രാഷ്ട്രീയ ആക്രമണത്തെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മുന്നില്‍ ദേശാഭിമാനിയുണ്ടായിരുന്നു. നുണക്കഥകളുടെ പെരുങ്കോട്ടകളെ തകര്‍ത്തെറിഞ്ഞ് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകളും പരമ്പരകളുമാണ് ഏറ്റവുമൊടുവില്‍ ലാവ്ലിന്‍ കേസിലെ ഹൈക്കോടതിവിധിയിലടക്കം ശരിവയ്ക്കപ്പെട്ടത്. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് പറിച്ചെറിയാന്‍ ആസൂത്രിതശ്രമം തുടരുന്ന വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തിലും മുന്‍നിരയിലാണ് ദേശാഭിമാനിയുടെ സ്ഥാനം.  


അവര്‍ണനീയമായ ത്യാഗക്ളേശങ്ങള്‍ സഹിച്ചാണ് ദേശാഭിമാനി ഇന്നത്തെ നിലയില്‍ എത്തിയത്. സഖാക്കള്‍ പി കൃഷ്ണപിള്ള, എ കെ ജി, അഴീക്കോടന്‍, സി എച്ച് കണാരന്‍, ഇ കെ നായനാര്‍, പി കണ്ണന്‍നായര്‍, ചടയന്‍ ഗോവിന്ദന്‍, കെ പി ആര്‍, വി വി ദക്ഷിണാമൂര്‍ത്തി തുടങ്ങിയ സമരനായകരും സംഘാടകരും ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ സ്മരണയില്‍, പുതിയ ഉത്തരവാദിത്തങ്ങളിലേക്ക്, പുരോഗതിയുടെ പുത്തന്‍ വിഹായസ്സിലേക്ക് പ്രയാണം തുടരുകയാണ് ഈ പ്ളാറ്റിനം ജൂബിലി വേളയില്‍ ദേശാഭിമാനി. കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെയുള്ള പത്രം, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങളുടെ ലഭ്യത, ഇന്റര്‍നെറ്റിലെ കുറ്റമറ്റ സാന്നിധ്യം, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിപുലമായ വാര്‍ത്താപ്രചാരണം, സാമൂഹിക- സാംസ്കാരിക മേഖലകളിലെ വൈവിധ്യപൂര്‍ണമായ ഇടപെടല്‍- ഇവയാണ് പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ ദേശാഭിമാനിയുടെ മുന്‍ഗണനകള്‍. രാഷ്ട്രീയചായ്വ് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുതന്നെ, നിലപാടുകളില്‍ തരിമ്പുപോലും ചാഞ്ചല്യമില്ലാതെതന്നെ എല്ലാ അര്‍ഥത്തിലും കേരളത്തിലെ ഒന്നാമത്തെ പത്രമാകാനുള്ള ഈ യാത്രയില്‍, വായനക്കാരുടെ വിശ്വാസവും കേരളത്തിന്റെ  മതനിരപേക്ഷമായ മനസ്സുമാണ് ദേശാഭിമാനിയുടെ ഊര്‍ജം

പ്രധാന വാർത്തകൾ
 Top