09 December Friday

കാലം ഏൽപ്പിച്ച ഉത്തരവാദിത്വം

സോണി ബി ജോൺUpdated: Monday Aug 29, 2022

ഒരു ദേശത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ആ ദേശത്ത് നിലനിൽക്കുന്ന പത്രമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അത് വെറും വിവര കൈമാറ്റത്തിന്റേതു മാത്രമല്ല, മറിച്ച് വ്യക്തതയുള്ള ആശയവിനിമയത്തിലൂടെ ആ സമൂഹത്തിലെ സർവതലസ്പർശിയായ മാറ്റത്തിനുതകുന്ന ഉൽപ്രേരകത്തിനുള്ള നിമിത്തമായി വർത്തിക്കാനുള്ളശേഷി അവയ്‌ക്കുള്ളതുകൊണ്ടുകൂടിയാണ്. പോയ എൺപതാണ്ടുകളോളം കേരളസമൂഹത്തിന്റെ രാഷ്ട്രീയ ചിന്താസരണിയെ ജ്വലിപ്പിച്ചുനിർത്താനും തീർത്തും വലതുവൽക്കരിക്കപ്പെട്ട മാധ്യമസംസ്കാരത്തെ പ്രതിരോധിക്കാനും രാഷ്ട്രീയവും സാംസ്കാരികവുമായ ഇടങ്ങളിൽ ഇടതുപക്ഷ ചിന്തയുടെ ശക്തമായ സാന്നിധ്യമാകാനും ദേശാഭിമാനിക്കായിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുംമുമ്പ്‌ തീർത്തും പ്രതികൂലമായ ഒരു കാലഘട്ടത്തിൽ പിറവിയെടുത്ത് കേരളസമൂഹത്തിന്റെ ഉയർച്ചയിലും താഴ്ചയിലും അവരോടൊപ്പംനിന്ന് സാമാന്യ ജനതയുടെ അവകാശങ്ങൾക്കായി ദേശാഭിമാനി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം പത്രമാധ്യമ രംഗത്തെ ഏറ്റവും ദീപ്തമായ അധ്യായങ്ങളിലൊന്നാണ്.

സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നയങ്ങളിലുണ്ടായ മൂല്യശോഷണത്തെത്തുടർന്ന് പ്രസ്ഥാനത്തിനുള്ളിൽ ഉരുത്തിരിഞ്ഞുവന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പ്, തങ്ങളുടെ നയങ്ങളെക്കുറിച്ചും രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും സാധാരണക്കാരോട് ആശയവിനിമയം നടത്താനായി തുടങ്ങിയ പത്രം സ്വാതന്ത്ര്യലബ്ധിക്കു ശേഷവും നാളിതുവരെ ആ ദൗത്യം പൂർണതയോടെ നിവർത്തിച്ചുവെന്നത് അഭിമാനകരമായ സംഗതിതന്നെയാണ്. 1942 ൽ വാരികയായും 1946 ൽ ദിനപത്രമായും ദേശാഭിമാനി പ്രസിദ്ധീകരണം തുടങ്ങിയതാണ്‌. പോരാട്ടസമരങ്ങളിൽ പോരാളികളും പ്രസ്ഥാനങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് സാധാരണക്കാർക്ക് ആശയവ്യക്തതയുണ്ടാകേണ്ടതിനും അവരുടെ പിന്തുണയാർജിക്കുന്നതിനും എക്കാലത്തും പത്രങ്ങൾ നിർണായകസ്ഥാനം വഹിച്ചിട്ടുണ്ട്.

ക്യൂബൻ വിപ്ലവസമരകാലത്ത് തങ്ങളുടെ പോരാട്ടത്തെക്കുറിച്ചും തങ്ങളുടെ രാഷ്ട്രീയ സംഘടനയായ ‘ജൂലൈ 26’ പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും സമാന്യജനത്തെ പഠിപ്പിക്കുന്നതിനായി ‘ചെ’ തുടങ്ങിയ  എൽ കുബാനോ ലിബ്രെ (സ്വതന്ത്ര ക്യൂബക്കാർ) എന്ന പത്രമാണ് പിന്നീട് വിപ്ലവ ക്യൂബയുടെ ദേശീയപത്രമായ ‘ഗ്രാന്മയായി’ പരിണമിച്ചത്. ഒരു ശരാശരി മനുഷ്യജീവിതം എക്കാലത്തും അതിജീവന പോരാട്ടം കൂടിയാകുമ്പോൾ തീവ്രസ്വകാര്യതയെയും വ്യക്തിത്വവാദത്തെയും എന്തിനെയും ഏതിനെയും വിലയ്‌ക്കുവാങ്ങാൻ വെമ്പുന്ന മുതലാളിത്തത്തെയും പ്രതിരോധിക്കാൻ പരസ്പരാശ്രിത രാഷ്ട്രീയത്തെയും സമത്വത്തെയും സാമൂഹ്യ മികവിനെയുമെല്ലാം ചേർത്തുപിടിച്ച് പോരാടേണ്ടതിന്‌ ദേശാഭിമാനിയെയും ഗ്രാന്മയെയുംപോലുള്ള പത്രങ്ങളുടെ അതിജീവനംകൂടി പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

തീർത്തും രാഷ്ട്രീയമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി മാത്രം ദേശാഭിമാനിയെ കാണുന്നത് യാഥാർഥ്യത്തിനു ഒട്ടും നിരക്കുന്നതല്ലെന്ന കാര്യവും ഇവിടെ പ്രസ്താവിക്കേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കൃഷിയെയും സ്പോർട്സിനെയും കലയെയും സിനിമയെയും സാഹിത്യത്തെയും എന്നുവേണ്ട സമൂഹത്തിലെ ഓരോ ചെറിയ ചലനത്തെപ്പോലും പ്രതിനിധാനംചെയ്യാനും ഒരു ജനകീയപത്രമെന്ന വലിയ സ്വീകാര്യത നേടാനും അത്തരം പത്രപ്രവർത്തനത്തിലൂടെ ദേശാഭിമാനിക്കായിട്ടുണ്ട് എന്നത് അവിതർക്കിതമാണ്. അതിൽത്തന്നെ സ്പോർട്സിന് ദേശാഭിമാനി നൽകിവരുന്ന അകമഴിഞ്ഞ പിന്തുണ എടുത്തു പറയേണ്ടതാണ്. അത്‌ കേവലം മത്സരഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽമാത്രം ഒതുങ്ങുന്നതല്ല, മറിച്ച് സ്പോർട്സിന്റെ സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെടലുകളെ വിശകലനം ചെയ്യുന്ന ആഴത്തിലുള്ളവ കൂടിയാണെന്നത് ദേശാഭിമാനിയുടെ സ്‌പോർട്സ്‌ എഴുത്തിന്റെ പ്രത്യേകതയായി എടുത്തുപറയേണ്ടതുണ്ട്. രവീന്ദ്രദാസിനെയും എം എം പൗലോസിനെയുംപോലുള്ള പ്രഗത്ഭർ മലയാളത്തിലെ സ്പോർട്സ്‌ എഴുത്തിൽ ദേശാഭിമാനിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിനു നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാകില്ല. ദേശാഭിമാനി സ്‌പോർട്സ്‌ എഴുത്തിനു നൽകുന്ന പ്രാധാന്യം ഈയുള്ളവനെപ്പോലുള്ളവർക്കു നൽകുന്ന വായന സംതൃപ്തി വാക്കുകളിലേക്ക്‌ ഒതുക്കാൻ കഴിയുന്നതല്ല.

വെല്ലുവിളികളുടെ പുതിയ കാലത്തിലൂടെയാണ് ദേശാഭിമാനിക്ക് മുന്നോട്ടുപോകാനുള്ളത്. വർഗീയതയും നവലിബറൽ നയങ്ങളും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുമ്പോൾ ദേശാഭിമാനിയുടെ പ്രസക്തി ഒട്ടും കുറയുന്നില്ലെന്നു മാത്രമല്ല, ഉത്തരവാദിത്വം മുമ്പെങ്ങുമെന്നത്തേക്കാളും വർധിക്കുകയും ചെയ്തിരിക്കുന്നു. പുതിയ രീതികളും തന്ത്രങ്ങളും ആവിഷ്കരിക്കുമ്പോൾത്തന്നെ മാധ്യമസംസ്കാരത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന സത്യസന്ധതയും വിശ്വാസ്യതയും സാമാന്യ ജനങ്ങളോടും തൊഴിലിനോടുമുള്ള ആത്മാർഥതയും ഒട്ടും കൈമോശം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. ജനാധിപത്യത്ത നിസ്സാരവൽക്കരിച്ചുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയിൽ ഇടതുപക്ഷ ചിന്തയിൽ അധിഷ്ഠിതമായ ഒരു പത്രമെന്ന അന്തസ്സിനനുസരിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താനും വർഗീയതയുടെയും നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളിലൂന്നിയ രാഷ്ട്രീയത്തിന്റെയും ചതിക്കുഴികൾ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാണിക്കാനും ഇതുവരെ നടത്തിയ ശ്രമങ്ങൾ കൂടുതൽ ഊർജസ്വലതയോടെ തുടർന്നും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ നാവറുക്കപ്പെടുന്ന ഇക്കാലത്ത് സാധാരണക്കാരന്റെ നോക്കും നാവുമാകാൻ ഇനിയുമുള്ള കാലത്തും ദേശാഭിമാനിക്ക് കഴിയട്ടെ.

(ഇരിഞ്ഞാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top