08 December Thursday

വിശ്വവിജ്ഞാന വിഹായസ്സിലേക്കുള്ള കിളിവാതിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022

നെപ്പോളിയൻ 1815ൽ എൽബാ ദ്വീപിൽനിന്ന് രക്ഷപ്പെടുകയും പാരീസ് കീഴടക്കുന്നതിനുള്ള പടയോട്ടം ആരംഭിക്കുകയും ഒടുവിൽ പാരീസിൽ പ്രവേശിക്കുകയും ചെയ്‌ത കാലയളവിൽ ഒരു പത്രത്തിൽ വന്ന ചില റിപ്പോർട്ടുകളുടെ തലവാചകം ഇങ്ങനെ ആയിരുന്നുവത്രെ. “വന്യമൃഗം കൂട്ടിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു/ ഫ്രഞ്ചുജനത ആ കൂരമൃഗത്തെ വെറുക്കുന്നു/ മർദകൻ ഗൈനോബിൾ താവളത്തിലെത്തിയിരിക്കുന്നു / പാരീസ് കീഴടക്കാനുള്ള നെപ്പോളിയന്റെ വ്യാമോഹം ദയനീയമായി പരാജയപ്പെടും/  ചക്രവർത്തി  ഫോൺ ടെൻബ്ലൂവിലെത്തിക്കഴിഞ്ഞു / മഹാരാജരാജൻ പാരീസിലെത്തി/ നെപ്പോളിയൻ വിജയിക്കട്ടെ /’’.

വന്യമൃഗത്തിൽനിന്ന് മഹാരാജരാജനിലേക്കുള്ള പരിണാമം കേവലം ഒരു പദപ്രയോഗത്തിന്റേതല്ല; അധികാരകേന്ദ്രത്തോടുള്ള മനോഭാവത്തിന്റേതാണ്. വ്യക്തികളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നത് നമുക്ക് സുപരിചിതമാണ്. അതത് കാലത്ത് അധികാരത്തിലിരിക്കുന്നവരെ വാഴ്ത്തിപ്പാടി, പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കുകയും അവർക്ക് അധികാരം നഷ്ടപ്പെടുമ്പോൾ തള്ളിപ്പറയുകയും ചെയ്യുന്നവർ, നിലപാടില്ലായ്മതന്നെ നിലപാടാക്കി മാറ്റിയവർ, അനേകമുണ്ട്. എന്നാൽ, ജനാധിപത്യത്തിന്റെ കാവലാളുകളായി നിലകൊള്ളേണ്ട മാധ്യമങ്ങൾ, ഈവിധ സമീപനം സ്വീകരിക്കുമ്പോൾ സംഗതിയുടെ ഗൗരവംവർധിക്കുകയാണ്. ഇങ്ങനെയുള്ള മാധ്യമപ്രവർത്തനം നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ സുസ്ഥിതിക്കും സുരക്ഷയ്ക്കും ഭീഷണിയാണ്. എന്നാൽ, തങ്ങളുടെ സാമൂഹ്യബാധ്യത വിസ്മരിച്ച്, നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ്, അധികാരമാറ്റത്തിനനുസരിച്ച് നിറം മാറുന്ന മാധ്യമങ്ങളുടെ സംഖ്യ വർധിച്ചുവരികയാണ്. കാപട്യത്തിന്റെ, അവസരവാദത്തിന്റെ മറുപേരാണ് നിഷ്പക്ഷത; അല്ലെങ്കിൽ എല്ലുറപ്പില്ലായ്മയാണത്.

ഈയൊരു സാമൂഹ്യ സാഹചര്യത്തിലാണ്, "ഞങ്ങൾക്ക് ഒരു പക്ഷമുണ്ട്' എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്, ആ പക്ഷത്തിന്റെ താൽപ്പര്യസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശാഭിമാനിയുടെ പ്രസക്തിയും പ്രാധാന്യവും വർധിക്കുന്നത്. ഇങ്ങനെ നട്ടെല്ലുയർത്തി നിൽക്കുക എന്നത് ഒട്ടും സുഗമമോ സുഖകരമോ അല്ല. ഭീഷണിയും നിരോധനവും കണ്ടുകെട്ടലും പിഴകെട്ടലുമൊക്കെ നേരിടേണ്ടിവരും. ഇവരുടെ പ്രവർത്തനം ഇല്ലാതാക്കാൻ ഭരണകൂടം  ചതുരുപായങ്ങളും പ്രയോഗിക്കും.  ഇതെല്ലാം നേരിട്ട്, എതിർപ്പുകളിൽനിന്ന് കരുത്താർജിച്ച് വളരുകയും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പടരുകയും ചെയ്തതിന്റെ ഉജ്വലമായ ചരിത്രമാണ് ദേശാഭിമാനിക്കുള്ളത്. എട്ട് ദശാബ്ദത്തിനിടയിൽ ദേശാഭിമാനിക്ക് നേരിടേണ്ടിവന്നിട്ടുള്ള പ്രയാസങ്ങളും പ്രതിബന്ധങ്ങളും മലയാളത്തിൽ മറ്റൊരു പ്രസിദ്ധീകരണത്തിനും ഉണ്ടായിട്ടില്ല.

ജനങ്ങളുടെ പത്രം എന്ന വിശേഷണം ദേശാഭിമാനിക്ക് ഒരാലങ്കാരികപ്രയോഗമല്ല. പത്രത്തിന്റെ അടയാളവാക്യമാണ് അത്. ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങളുടെ ദുരിതം പേറേണ്ടിവരുന്ന “ഒരുപിടി' ആളുകളും അവയുടെ ഗുണഭോക്താക്കളായ "ഒരുപിടി'ആളുകളുമുള്ള സമൂഹത്തിൽ ആരോടൊപ്പം നിലകൊള്ളണമെന്ന കാര്യത്തിൽ ദേശാഭിമാനിക്ക് ഒരിക്കലും സംശയിക്കേണ്ടിവന്നിട്ടില്ല. അധ്വാനിക്കുന്നവരും ചൂഷിതരും പീഡിതരും നിരന്തരം ദാരിദ്ര്യവൽക്കരണത്തിന്‌ വിധേയരാകുന്നവരുമാണ് ദേശാഭിമാനിയുടെ "ജനം'. അവരാണല്ലോ ഈ പത്രത്തിന്റെ യഥാർഥ ഉടമകളും സംരക്ഷകരും. അവരുടെ നാക്കും നായകനും പോരാളിയുമാണ് ദേശാഭിമാനി. ജനകീയ പ്രക്ഷോഭങ്ങളിലൂടെയും വ്യത്യസ്തതരത്തിലുള്ള ഇടപെടലുകളിലൂടെയും രൂപപ്പെട്ട ആധുനിക കേരളത്തിന്റെ ചരിത്രം ദേശാഭിമാനിയുടെ ചരിത്രവുമായി ഇഴചേർന്ന് കിടക്കുകയാണ്.

ഇപ്രകാരം, പൊതുജനാഭിപ്രായത്തെ അനുവർത്തിക്കുന്നതോടൊപ്പംതന്നെ പൊതുജനാഭിപ്രായം സ്വരൂപിക്കുകയെന്ന കൂടുതൽ പ്രധാനപ്പെട്ട കടമയും ദേശാഭിമാനി ഏറ്റെടുത്തിട്ടുണ്ട്. സാമാന്യജനത്തെ വൈജ്ഞാനികലോകത്തേക്കും അതിലൂടെ യുക്തിചിന്തയിലേക്കും ശാസ്ത്രബോധത്തിലേക്കും ആനയിക്കുകയെന്ന കടമയാണത്. മലയാളത്തിൽ മറ്റൊരു പത്രത്തിനും അവകാശപ്പെടാനാകാത്ത മഹിതമായ ഒരു പാരമ്പര്യം ഇക്കാര്യത്തിലും ദേശാഭിമാനിക്കുണ്ട്. ശാസ്ത്ര-സമൂഹ പാരസ്പര്യം തിരിച്ചറിഞ്ഞിരുന്ന ദേശാഭിമാനിയുടെ ആദ്യകാല പ്രവർത്തകർ, അതിന്റെ ആരംഭനാളുകളിൽത്തന്നെ ശാസ്ത്രവിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിന് ഒരു പംക്തി ആരംഭിച്ചിരുന്നു. മറ്റു പ്രസിദ്ധീകരണങ്ങൾ ശാസ്ത്രവിഷയങ്ങൾക്ക് ഇടംനൽകാൻ വൈമുഖ്യം കാണിച്ചിരുന്ന കാലത്താണ് ദേശാഭിമാനിയുടെ ഈ ധീരകൃത്യം എന്നുകൂടി ഓർക്കുക.

അധ്യാപകനായിരുന്ന ഇ വി ദേവാണ് ഈ പംക്തി കൈകാര്യം ചെയ്തിരുന്നത്. (എടമന വാസുദേവൻ എന്ന പേർ ഇ എം എസിന്റെ നിർദേശാനുസരണമാണത്രെ ഇ വി ദേവ് എന്ന് സംക്ഷേപിച്ചത്.) ഈ രംഗത്ത് ഇത്രയുംകാലം ഉറച്ചുനിന്നു എന്നതു മാത്രമല്ല, ഇപ്പോഴും ആ ദൗത്യം സഫലമായി തുടരുന്നു എന്നതും അഭിനന്ദനീയമായ കാര്യമാണ്. (ശാസ്ത്രവിജ്ഞാന വിഷയങ്ങൾക്ക്, അതിന്റെ വിപണനസാധ്യത മനസ്സിലാക്കിയാണെങ്കിലും, ഇപ്പോൾ മറ്റു പത്രക്കാരും സ്ഥലം നീക്കിവയ്‌ക്കുന്നുണ്ട് എന്ന വസ്തുത മറക്കുന്നില്ല. എന്നാൽ, തുല്യസ്ഥാനം കപടശാസ്ത്രങ്ങൾക്കും അശാസ്ത്രീയതകൾക്കും അനാചാരപ്രചാരണത്തിനും അവർ നൽകുന്നുണ്ട് എന്നതുകൂടി കാണണം.)

പൊതു ജനാഭിപ്രായ സ്വരൂപണത്തിൽ വസ്തുനിഷ്ഠമായ തെളിവുകളേക്കാൾ വിശ്വാസങ്ങളും ആത്മനിഷ്ഠവികാരങ്ങളും കൂടുതൽ സ്വാധീനം ചെലുത്തുന്ന സത്യാനന്തരകാലത്ത്, ദേശാഭിമാനി നടത്തുന്ന വിജ്ഞാന പ്രസരണത്തിന്റെ മഹത്വം വർധിക്കുകയാണ്. ശാസ്ത്രബോധത്തെ നിരാകരിക്കുകയും ശാസ്ത്രനേട്ടങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇന്ന് വർധിച്ചുവരികയാണ്. കപടശാസ്ത്രവും അശാസ്ത്രീയതകളും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രചരിപ്പിക്കുകയാണ്. ഭരണാധികാരികൾതന്നെ ഇവയുടെ വക്താക്കളായി മാറുന്നു. പാഠപുസ്തകങ്ങളിൽ ഇവ സ്ഥാനം നേടുന്നു. മതാധിഷ്ഠിതരാഷ്ട്രം രൂപപ്പെടുത്തുന്നതിന്‌ രാഷ്ട്രത്തിനുമേൽ വിശ്വാസത്തെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമായിരിക്കുന്നു. രൂപത്തിൽ ജനാധിപത്യം നിലനിൽക്കുമ്പോഴും പ്രയോഗത്തിലും അന്തഃസത്തയിലും ഏകാധിപത്യ പ്രവണതകൾ മുൻകൈ നേടിയിരിക്കുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്. വളരെ ഭീഷണമായ ഈ അവസ്ഥയിൽ ശാസ്ത്രവിജ്ഞാനപ്രചാരണം ദേശാഭിമാനപരമായ ഒരു പ്രവർത്തനമാണ്. ശാസ്ത്രബോധമുള്ള സമൂഹത്തിലേ പൂർണാർഥത്തിൽ ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കുകയും ശക്തിപ്പെടുകയും ചെയ്യുകയുള്ളൂ. ഒരു ജനാധിപത്യ സമൂഹത്തിലേ ശാസ്ത്രബോധ വ്യാപനപ്രവർത്തനങ്ങൾ സാധ്യമാകുകയുള്ളൂ. വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പോരാട്ടത്തിൽ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും നിർണായകസ്ഥാനമുണ്ടെന്ന് ദേശാഭിമാനി സമൂഹത്തെ നിരന്തരം ഓർമിപ്പിക്കുന്നുണ്ട്. --

ആരാണ് ഇന്ത്യക്കാർ, ആരാണ് ദേശസ്നേഹികൾ തുടങ്ങിയ ചോദ്യങ്ങൾ ഇന്ത്യയുടെ പലഭാഗത്തുനിന്നും ഉയരുകയാണ്. ഇന്ത്യയുടെ ബഹുസ്വരതയ്ക്കും ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾക്കുംവേണ്ടി ശബ്ദമുയർത്തുന്നവർ, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നവർ എല്ലാം ദേശദ്രോഹികളായി മുദ്രകുത്തപ്പെടുകയാണ്. ആനന്ദ് തെൽതുംഡെയും ടീസ്റ്റ സെതൽവാദും മറ്റും ഒടുവിലത്തെ പേരുകൾമാത്രം. വൈലോപ്പിള്ളി എഴുതിയതുപോലെ, ‘തിരുവായ്ക്കെതിർവായ മിണ്ടുകിൽ കേൾക്കാം രാവിൽ പുരവാതിലിലങ്ങേക്കിങ്കരർ മുട്ടും ശബ്ദം. യാത്രചൊല്ലാനും കൂടിയാകാതെയവനെത്തും കാത്തുനിന്നീടും കഴുവിങ്കലോ തുറുങ്കിലോ എന്ന ഭീതിദമായ പതനത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്.

ഇവയ്ക്കെതിരെ മിക്ക മാധ്യമങ്ങളും വളരെ സുഖകരമായ മൗനം അവലംബിക്കാൻ ശീലിച്ചിരിക്കുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയോ വിലയ്‌ക്കെടുത്തോ നിശ്ശബ്ദരാക്കാൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നുമുണ്ട്. എൻഡിടിവിയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഏഴരപ്പതിറ്റാണ്ടുകാലം നാം കാത്തുസൂക്ഷിച്ച, ജനാധിപത്യ -മതനിരപേക്ഷ-പരമാധികാരരാഷ്ട്രം ഇതുപോലെ എത്രനാൾ നിലനിൽക്കുമെന്ന് ഓരോ ഇന്ത്യക്കാരനും ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഈ ഇരുട്ടിൽ ദേശാഭിമാനി നമുക്ക് വെളിച്ചമാണ്, കരുത്താണ്, പ്രതീക്ഷയാണ്. പരിമിതികളെ മറികടക്കാനും പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകാനും ദേശാഭിമാനിക്ക് കഴിയട്ടെ.


(തൃശൂർ ശ്രീകേരള വർമ കോളേജിൽ മലയാളം അധ്യാപകനായിരുന്ന ലേഖകൻ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top