06 December Tuesday

ജനകീയ ദിനപത്രം

ജി സാജൻUpdated: Friday Aug 26, 2022

എൺപതാണ്ടിന്റെ അനുഭവക്കരുത്തുമായി ദേശാഭിമാനി പ്രയാണം തുടരുകയാണ്‌. 1942 സെപ്തംബർ ആറിന്‌ വാരികയായി ആദ്യലക്കം കോഴിക്കോട്ടുനിന്ന്‌ പുറത്തിറങ്ങി. അന്നുതൊട്ടിങ്ങോളം ഏറെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണംചെയ്‌താണ്‌ ദേശാഭിമാനി ജനങ്ങളുടെ പത്രമായി വളർന്നത്‌. രണ്ടുതവണ നിരോധനം വന്നു. അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും തട്ടിയുടച്ച്‌ ചരിത്രത്തിന്റെ ഓരോ പടവിലും മായാമുദ്ര പതിപ്പിച്ചു. അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായും നിസ്വരുടെ നാവായും ദേശാഭിമാനി മാറി. എന്നും ശാസ്‌ത്രീയ വീക്ഷണം ഉയർത്തിപ്പിടിച്ച്‌ ലോകത്തിന്റെ മാറ്റം പൊതുസമൂഹത്തിലെത്തിച്ചു. രാഷ്‌ട്രീയാടിത്തറയിൽ നിന്നുകൊണ്ടുതന്നെ, എല്ലാ വാർത്തയും വായനക്കാരിലെത്തിച്ച്‌ സമ്പൂർണ വാർത്താപത്രം എന്ന ലക്ഷ്യത്തിലേക്ക്‌  മുന്നേറുകയാണിപ്പോൾ. കാലത്തിന്റെ കുതിപ്പുകൾക്കൊപ്പം സഞ്ചരിക്കുന്ന ദേശാഭിമാനി എൺപതാം വാർഷികാഘോഷങ്ങളി ലേക്ക്‌ കടക്കുമ്പോൾ സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളിലുള്ളവർ എഴുതുകയാണിവിടെ.
 ഇന്നുമുതൽ വായിക്കുക...

ഡൽഹിയിലെ അഞ്ചു വർഷത്തെ താമസത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തിയപ്പോൾ ഏത്‌ ദിനപത്രത്തിനാണ് വരിക്കാരാകേണ്ടതെന്ന് ഞങ്ങൾ ചിന്തിച്ചു. രണ്ട് ഇംഗ്ലീഷ് പത്രം ഓൺലൈനിൽ ലഭിക്കുന്നുണ്ട്. എങ്കിൽ ഏതായിരിക്കണം ആ മലയാള ദിനപത്രം? ഞങ്ങൾ തീരുമാനിച്ചത് ദേശാഭിമാനിയാണ്. ഒരു രാഷ്ട്രീയ പാർടിയുടെ മുഖപത്രമല്ലേ അത്? അത്‌ എങ്ങനെയാണ് മുഖ്യവായനയ്‌ക്ക് സഹായിക്കുകയെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും. ഈ ചോദ്യത്തിന് ഉത്തരം തരണമെങ്കിൽ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ മാധ്യമ ചരിത്രം നമ്മൾ ഒന്ന് പുനരവലോകനം ചെയ്യേണ്ടിവരും.

മുഖ്യധാരാ മാധ്യമങ്ങൾ വസ്തുനിഷ്ഠമായും സത്യസന്ധമായും നിഷ്‌പക്ഷമായും വാർത്തകൾ തരുമെന്ന് കരുതിയ ഒരുകാലം നമുക്കുണ്ടായിരുന്നു. മാത്രമല്ല, വായനക്കാർ കൊടുക്കുന്ന തുകയായിരുന്നു പത്രങ്ങളുടെ അടിസ്ഥാന മൂലധനം. ദേശീയ പ്രസ്ഥാനത്തിന്റെ കാലംമുതൽ സാമൂഹികപരിവർത്തന പ്രക്രിയയുടെ ഭാഗമായിരുന്നു അക്കാലത്തുണ്ടായിരുന്ന എല്ലാ മാധ്യമങ്ങളും. എന്നാൽ, സാറ്റലൈറ്റ് ടെലിവിഷന്റെ വരവോടെ മാധ്യമങ്ങൾ പൂർണമായും വാണിജ്യവൽക്കരിക്കപ്പെട്ടു. വൻമൂലധനം ആവശ്യമുള്ളതാണ് ടെലിവിഷൻ സംപ്രേഷണം. അതാകട്ടെ നിക്ഷേപകർക്ക് തിരിച്ചുകിട്ടുന്നത് പരസ്യ വരുമാനത്തിലൂടെയാണ്. ഉപയോക്താവിന്റെ തീരുമാനമല്ല പരസ്യദാതാവിന്റെ തീരുമാനമാണ് ഉള്ളടക്കത്തെ നിശ്ചയിക്കുകയെന്ന സ്ഥിതി വന്നു. മാത്രമല്ല, വിവരങ്ങൾ നൽകുക, അറിവ് ഉൽപ്പാദിപ്പിക്കുക എന്നീ അടിസ്ഥാന കടമകളിൽനിന്ന് പിന്മാറി വിനോദ കമ്പോളത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ ചാഞ്ചാടുന്ന മൂലധനത്തിന്റെ വക്താക്കൾ മാത്രമായി മാറി മാധ്യമങ്ങൾ. അതായത് വാർത്ത പോലും വിനോദമായി മാറുന്ന ഒരുകാലം. ക്രമേണ  സത്യസന്ധവും നിഷ്‌പക്ഷവും വസ്‌തുനിഷ്‌ഠവുമായ വാർത്താ പ്രതിപാദനശൈലി ഏതാണ്ട് ഇല്ലാതായി.

അങ്ങനെ നോക്കുമ്പോൾ മുഖ്യധാരയെന്ന് കരുതപ്പെടുന്ന മാധ്യമങ്ങൾ പൂർണമായും വിപണിക്ക് കീഴ്‌പ്പെടുകയും നിഷ്‌പക്ഷമായ മാധ്യമപ്രവർത്തനം ഏതാണ്ട് അവസാനിക്കുകയും ചെയ്തുവെന്ന് വേണം കരുതാൻ. ഈ കാലത്താണ് കുത്തക മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ജനകീയ മാധ്യമങ്ങളും പൊതുമാധ്യമങ്ങളും ഏറെ പ്രസക്തമാകുന്നത്. അങ്ങനെ കൃത്യമായും പുരോഗമനപക്ഷത്തു നിൽക്കുകയും ജനകീയമായ ഉടമസ്ഥതയുമുള്ള  ഒരു പത്രമെന്ന നിലയ്‌ക്ക് ഞങ്ങൾ ദേശാഭിമാനിയുടെ വരിക്കാരാകാൻ തീരുമാനിക്കുകയായിരുന്നു.

മാത്രമല്ല, ദേശീയ പ്രസ്ഥാനത്തിന്റെ കാലംമുതലുള്ള പ്രബലമായ ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണ് ദേശാഭിമാനി. അക്കാലംമുതൽ തന്നെ സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ ജനവിഭാഗത്തിനുവേണ്ടിയാണ് ഈ പത്രം നിലകൊണ്ടത്. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന് പുരോഗമന മുഖം നൽകാനുള്ള ഏറ്റവും പ്രധാന ചാലകശക്തിയും ദേശാഭിമാനി തന്നെയായിരുന്നു.

ഇപ്പോഴും തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിന്റെയും ഇടതുപക്ഷത്തുനിന്നുള്ള വിശകലനം എന്താണെന്ന് മനസ്സിലാക്കാൻ ഈ പത്രം വായിക്കേണ്ടിവരും. മലയാള പത്രങ്ങളിൽ ദേശീയ, അന്തർദേശീയ രാഷ്ട്രീയം ഏറ്റവുമധികം പ്രതിപാദിക്കുന്ന പത്രം എല്ലാക്കാലത്തും ദേശാഭിമാനി തന്നെയായിരുന്നു. പി ഗോവിന്ദപ്പിള്ള മുഖ്യപത്രാധിപരായിരുന്ന കാലത്ത്‌, വിൽ ഡ്യുറന്റിനെപ്പോലെ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ദാർശനിക ചരിത്രകാരൻ നിര്യാതനായപ്പോൾ മുഖപ്രസംഗം എഴുതിയ ഏക പത്രം ദേശാഭിമാനി ആയിരുന്നുവെന്ന് ഞാനോർക്കുന്നു.

ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും ലോക സമ്പദ്‌വ്യവസ്ഥയുടെ അലകുംപിടിയും മാറ്റിയ ഇക്കാലത്ത്‌ വികസനത്തിന്റെ ബദൽ അന്വേഷിക്കുന്ന മാധ്യമങ്ങൾ ഏറെ പ്രസക്തമാകുന്നു. ആഗോള വ്യാപാരത്തിന്റെയും ആഗോള മൂലധനത്തിന്റെയും ചലനം മനസ്സിലാക്കിയാൽ മാത്രമേ പ്രാദേശിക രാഷ്ട്രീയംപോലും നമുക്ക് അപഗ്രഥിക്കാനും മനസ്സിലാക്കാനും പറ്റൂ. ഈ ബദലിന്റെ ഭാഗമായി കേരളം സൃഷ്ടിച്ച ജനകീയാസൂത്രണമെന്ന സാമൂഹ്യ പരീക്ഷണവും പൊതുരംഗത്ത്‌ ശക്തിപ്രാപിക്കേണ്ട വിദ്യാഭ്യാസ, ആരോഗ്യ പശ്ചാത്തല രംഗങ്ങളും തുടർച്ചയായി പഠിക്കാനും ശക്തിപ്പെടുത്താനും ഇത്തരത്തിൽ ജനകീയമായൊരു മാധ്യമം വേണം. അതാണ്‌ ദേശാഭിമാനി.

ഹിന്ദുത്വ  രാഷ്ട്രീയം ഇന്ത്യയുടെ ഹൃദയത്തെത്തന്നെ കീറിമുറിക്കുന്ന ഇക്കാലത്താണ് ജനപക്ഷത്തും ഇടതുപക്ഷത്തും നിൽക്കുന്ന മാധ്യമങ്ങൾ ഏറെ പ്രസക്തമാകുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പലതും ഇപ്പോൾ അംബാനിയാണോ അദാനിയാണോ ഭരിക്കുന്നതെന്ന ചോദ്യം മാത്രം ബാക്കിയാകുന്ന ഒരുകാലത്ത്‌ ജനങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ ഏറെ പ്രസക്തമായിവരും. കുത്തക മൂലധനവും ഭരണകൂടവും മൂക്കുകയറിട്ട ഒരുകാലത്ത്‌ ആഗോള പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം 150 ആണെന്നും ഓർക്കണം. ഇത് ദേശാഭിമാനി പോലെ ജനപക്ഷത്തു നിൽക്കുന്ന മാധ്യമങ്ങളിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം എത്രയെന്നു പറയാനാകില്ല. ഈ രംഗം ശക്തിപ്പെടുത്തുകയെന്നത് വായനക്കാരുടെയും പ്രസാധകരുടെയും യോജിച്ച ഉത്തരവാദിത്വമായി മാറുന്നു.

ഇതിന്റെ അർഥം മലയാളത്തിലെ എല്ലാം തികഞ്ഞ പത്രമായി  ദേശാഭിമാനി എത്തിക്കഴിഞ്ഞു എന്നല്ല. ആ മുന്നേറ്റത്തിന്റെ പാതയിലാണ്‌  പത്രം ഇപ്പോൾ. ദൈനംദിന രാഷ്ട്രീയ റിപ്പോർട്ടിങ്ങിൽ ചിപ്പോഴെങ്കിലും പോരായ്‌മകളും പരിമിതികളുമുണ്ട്‌. വിശദമായ അപഗ്രഥനങ്ങൾക്ക് മാറ്റിവയ്‌ക്കേണ്ട സ്ഥലം പലപ്പോഴും അന്നന്നത്തെ രാഷ്ട്രീയ വിശദീകരണങ്ങൾക്ക്‌ നൽകേണ്ടതായി വരുന്നുണ്ട്‌. ഇത് ഒരുപക്ഷേ ഒഴിവാക്കാൻ കഴിഞ്ഞെന്ന് വരില്ല. എങ്കിലും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ അപഗ്രഥനങ്ങളുടെ ശക്തി അറിയുന്ന പത്രമെന്ന നിലയിൽ ഇക്കാര്യത്തിൽ കുറേക്കൂടി പരിഗണന വേണം.  പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വാർത്തകൾ കൂടുതൽ വേഗത്തിൽ വായനക്കാരിൽ എത്തുന്ന ഇക്കാലത്ത്‌. പത്രങ്ങൾ ജനകീയ സർവകലാശാലകളാണ്. പത്രപ്രസാധനം വിപുലമായൊരു രാഷ്ട്രീയ വിദ്യാഭ്യാസ പ്രക്രിയയാണ്. ഇതിലൂടെ മാത്രമേ മനുഷ്യസ്പർശിയായ സാമൂഹ്യ സംവിധാനങ്ങൾ രൂപപ്പെട്ടുവരികയുള്ളൂ. ആ വഴിയിൽ ദേശാഭിമാനിക്ക്‌ മുന്നേറാൻ കഴിയട്ടെ. 

(ദൂരദർശൻ തിരുവനന്തപുരം കേന്ദ്രം മുൻ പ്രോഗ്രാം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top