25 May Saturday

നാടുണര്‍ത്താന്‍ അറിവുത്സവം

പയ്യന്നൂര്‍ കുഞ്ഞിരാമന്‍Updated: Saturday Jul 22, 2017

ദേശാഭിമാനി പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അറിവരങ്ങ് സാംസ്കാരികകേരളത്തിന്റെ ഉത്സവമാകുന്നു. കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഒരുപോലെ പങ്കാളിത്തം നല്‍കുന്ന ഈ ഉത്സവം സാക്ഷരകേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനം അടയാളപ്പെടുത്തുന്നു.

അറിവിന്റെ ലോകം അനുനിമിഷം വികസിക്കുന്നതാണ്. സര്‍ഗാത്മകത തളിരിടേണ്ട മനസ്സുകളില്‍ വിഷാണുക്കള്‍ പടരരുതെന്നാണ് പരിഷ്കൃതസമൂഹം കൊതിക്കുന്നത്. ജനിക്കുന്ന കുട്ടികളിലെല്ലാം പലതരം ജന്മവാസനകള്‍ ഉണര്‍ന്നുവരാറുണ്ട്. അറിവും കഴിവും നേടുന്നതോടെ നല്ല വാസനകള്‍ വികസിച്ചുവരണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. ക്ളാസ്മുറികളിലെ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അപ്പുറത്തുള്ള ശരിതെറ്റുകള്‍ വിവേകത്തോടെ ആര്‍ജിക്കാന്‍ വളരുന്ന തലമുറയ്ക്ക് കഴിയണം. മറ്റുള്ളവര്‍ നടന്ന വഴിയിലൂടെ പോകേണ്ടവരല്ല നമ്മുടെ മക്കള്‍. എന്തിനെയും നെഞ്ചൂക്കോടെ എതിരിടാനും മനുഷ്യപ്പറ്റോടെ പ്രതികരിക്കാനുമുള്ള ശേഷി അവര്‍ കൈവരിക്കണം. കര്‍മനിരതമായ തലമുറയെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം നൂതനങ്ങളായ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സന്നദ്ധമാകണം. 

നവലോകം സ്വപ്നം കണ്ടവരാണ് നമ്മുടെ പൂര്‍വികര്‍. പച്ചമനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളുമായി നെഞ്ചുറപ്പോടെ പ്രതികരിക്കുമ്പോഴും അവര്‍ക്ക് പിന്‍ബലമായത് പരന്ന വായനയാണ്. പാടാനും ആടാനും നാടകം കളിക്കാനും അവര്‍ സമയം കണ്ടെത്തി. ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്യ്രസമരചരിത്രത്തിലും കേരളം അത്ഭുതാവഹമായ നേട്ടം കൈവരിച്ചത് നമ്മുടെ പൂര്‍വികരുടെ രക്തസാക്ഷിത്വത്തിന്റെ ഫലമാണ്. വളരുന്ന തലമുറ ഇതെല്ലാം അറിഞ്ഞ് പ്രതികരിക്കണം. തലചായ്ക്കാന്‍ ഇത്തിരി മണ്ണിനായി നടത്തിയ പോരാട്ടങ്ങള്‍ അവര്‍ വായിച്ചറിയണം. വേദനയും സങ്കടവും ഉള്ളിലൊതുക്കി കഴിഞ്ഞവര്‍ക്ക് സ്വന്തം ശബ്ദമായി ദേശാഭിമാനി ദിനപത്രം ഉടലെടുക്കുകയായിരുന്നു.

കവിതാലാപനം, സംഘഗാനം, നാടന്‍പാട്ട്, ക്വിസ് തുടങ്ങിയവയിലാണ് അറിവുമത്സരങ്ങള്‍ നടക്കുന്നത്. മനസ്സിന്റെ വ്യത്യസ്ത ശേഷികള്‍ വികസിപ്പിക്കാന്‍ ഈ മത്സരങ്ങള്‍ പ്രയോജനപ്പെടും. സമൂഹത്തെ കാലാനുസരണം ഉണര്‍ത്തിക്കൊണ്ടുവരിക എന്നത് പൊതുപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്. അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നതോടൊപ്പം രാഷ്ട്രപുനര്‍നിര്‍മിതിക്ക് ഉപകരിക്കുന്നതരത്തില്‍ പ്രതിബദ്ധതയുള്ളവരായി തീരാനും പുതുതലമുറയ്ക്ക് കഴിയണം.

മത-വര്‍ഗീയ ഭ്രാന്തിന്റെ തീരാശാപങ്ങളില്‍നിന്ന് വളരുന്ന തലമുറയെ എങ്കിലും മോചിപ്പിക്കണം. നവോത്ഥാനനായകരുടെ സംഭാവനകള്‍ വിലയിരുത്തി അന്ധമായ ആചാരവിശ്വാസങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനുള്ള കരുത്ത് കൈവരിക്കണം. നന്മയുടെ പ്രകാശഗോപുരങ്ങള്‍ ഒരിക്കലും അണഞ്ഞുപോകരുത്. ജനങ്ങളുടെ ഒരുമയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുതകുന്ന ഹരിതസാഹചര്യം വളര്‍ന്നുവരണം. ഏതോ കാലത്ത് പ്രാകൃതമെന്ന് കരുതി വേണ്ടെന്നുവച്ച ആചാരവിശ്വാസങ്ങള്‍ തിരികെ കൊണ്ടുവരാനും അഭിമാനത്തോടെ എടുത്തണിയാനും നീക്കം നടക്കുമ്പോള്‍, മറ്റാരാലും പൊതിഞ്ഞുവയ്ക്കാത്ത ശരീരവും മനസ്സും നിലനിര്‍ത്തുകയെന്നത് പ്രധാനമാണ്.
വിദ്യാഭ്യാസം സ്വന്തം ഭാവിയും ജീവിതവും മാത്രം ഭദ്രമാക്കാനുള്ള ഉപാധിയാകരുത്. അറിവ് നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന അനേകം ഏജന്‍സികള്‍ കേരളത്തിലുണ്ട്. ഒരു ദിനപത്രം എന്ന നിലയില്‍ ദേശാഭിമാനി നിര്‍വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. ഇരുട്ടത്ത് ചെറു കൈത്തിരി ഉയര്‍ത്തിക്കാട്ടുക എന്നത് വിലപ്പെട്ട ദൌത്യമാണ്. ചോദ്യം ചോദിക്കാനുള്ള ഒരു മനസ്സ് ചെറുപ്രായത്തില്‍തന്നെ രൂപംകൊള്ളണം. എങ്കിലേ അറിവിന്റെ മഹാസാഗരം നീന്തിക്കടക്കാനാകൂ.

വിദ്യാഭ്യാസം ഹൈടെക്കാകുന്ന സന്ദര്‍ഭവുമാണിത്. എന്നാല്‍, ശാസ്ത്രീയബോധത്തിന്റെയും യുക്തിചിന്തയുടെയും അഭാവം അറിവിന്റെ മേഖലകളില്‍ ഇരുട്ടുപരത്താന്‍ ഇടയാക്കുന്നു. മലയാള പഠനം വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയ കാലവുമാണിത്. തുഞ്ചനെയും കുഞ്ചനെയും മലയാളികള്‍ അറിയണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അറിവും ആഹ്ളാദവും പകരുന്ന ഈ അറിവുത്സവം തീര്‍ത്തും മാതൃകാപരമാണ്. വ്യത്യസ്തവും വിപുലവുമായ കാഴ്ചപ്പാട് ഇതിന്റെ പിന്നിലുണ്ട്. ഭാവനയും ജിജ്ഞാസയും തട്ടിയുണര്‍ത്തുന്നതോടൊപ്പം, മാനവികത ഉണര്‍ത്തിവിടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ കാലത്ത് പ്രസക്തിയുള്ളത്

പ്രധാന വാർത്തകൾ
 Top