09 December Monday

നോട്ട് നിരോധനം ...ദുരന്തനാടകം

ഡോ. ടി എം തോമസ് ഐസക്Updated: Saturday Sep 2, 2017

രാജ്യത്തെ ആകെ 18 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഉണ്ടായിരുന്നതില്‍ 86 ശതമാനം വരുന്ന 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് അര്‍ധരാത്രി മുതല്‍ റദ്ദാക്കിയത് എന്തിന്? മൂന്ന് കാരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. ഒന്ന്, കള്ളനോട്ട് ഇല്ലാതാക്കാന്‍, രണ്ട്, കള്ളപ്പണം പിടിക്കാന്‍, മൂന്ന്, ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്ക് നീങ്ങാന്‍. ഈ മൂന്ന് ലക്ഷ്യങ്ങളോട് ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. പക്ഷേ ഇതിന് അര്‍ധരാത്രിയില്‍ പൊടുന്നനെ നോട്ടുകള്‍ റദ്ദാക്കേണ്ട ആവശ്യമെന്തായിരുന്നു? എന്തിനായിരുന്നു ഈ ദുരന്തനാടകം? 

രണ്ട് കാരണങ്ങള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഒന്ന്, ഇതുവഴി കേന്ദ്രസര്‍ക്കാരിന് 3.4 ലക്ഷം കോടി രൂപയുടെ സാമ്പത്തികനേട്ടം ഉണ്ടാകുമെന്ന് ഏതോ സാമ്പത്തിക കൂടോത്രക്കാരന്‍ പ്രധാനമന്ത്രിയെ പറഞ്ഞ് ബോധിപ്പിച്ചു. ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടെങ്കിലും തിരിച്ചുവരില്ലെന്നും വന്നാല്‍ പറയുന്ന പണി ഞാന്‍ ചെയ്തുകൊള്ളാമെന്നും കേരളത്തിലെ ഒരു ബിജെപി നേതാവ് ടിവിയില്‍ ഗീര്‍വാണം വിട്ടതായിരുന്നുവല്ലോ കഴിഞ്ഞ ദിവസങ്ങളിലെ ടിവി ചര്‍ച്ചകളുടെ ട്രോള്‍വാക്യം. ഇത് വിടുവായത്തം പറഞ്ഞതല്ല. ബിജെപി നേതൃത്വം മുകളില്‍നിന്നുതുടങ്ങി താഴെവരെ സ്വപ്നം കണ്ടു കൊണ്ടിരുന്ന കാര്യമാണിത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ സംസ്ഥാന ധനമന്ത്രിമാരോട് പറഞ്ഞത് ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു.

തിരക്കഥ ഇങ്ങനെ. റദ്ദാക്കിയ നോട്ട് മുഴുവന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്താലല്ലേ പുതിയ പണം കിട്ടൂ. എന്നാല്‍, തങ്ങളുടെ കണക്കില്ലാത്ത പണം ബാങ്കില്‍ ഇട്ടാല്‍ പണി കിട്ടുമെന്ന ഭയംമൂലം കള്ളപ്പണക്കാര്‍ തങ്ങളുടെ പണം ബാങ്കില്‍ ഇടില്ല. കുഴിച്ചു മൂടാനോ കത്തിച്ചുകളയാനോ പറ്റൂ. അങ്ങനെ 3.4 ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും തിരിച്ചുവരില്ല. അത്രയും ബാധ്യത റിസര്‍വ് ബാങ്കിന് ഒഴിവായിക്കിട്ടും. അവരുടെ ലാഭമത്രയും വര്‍ധിക്കും. കേന്ദ്രസര്‍ക്കാരിന് ഈ തുക ഡിവിഡന്റായി കിട്ടും. ഇത്രയും പണം കേന്ദ്രസര്‍ക്കാരിന് ആകാശത്തുനിന്ന് വീണുകിട്ടിയാല്‍ ജന്‍ധന്‍ അക്കൌണ്ടുകളിലെല്ലാം തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കുന്നതുമുതല്‍ എത്രയെത്ര മനക്കോട്ടകള്‍ ബിജെപി നേതാക്കള്‍ കണ്ടുകാണും.

രണ്ട്, പാകിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക് സൃഷ്ടിച്ച ദേശഭക്തിയാരവം കള്ളപ്പണക്കാര്‍ക്കെതിരായ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നിലനിര്‍ത്തിക്കൊണ്ടുപോകാം എന്നായിരിക്കാം പ്രചാരണവിദഗ്ധര്‍ ചിന്തിച്ചിരിക്കുക. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും കള്ളപ്പണക്കാരോട് കടുത്ത എതിര്‍പ്പുണ്ട്. കള്ളപ്പണക്കാര്‍ക്കെതിരായ കടുത്തനടപടിയെ കുറച്ചു പ്രയാസം സഹിക്കേണ്ടിവന്നാലും ഇവര്‍ പിന്തുണയ്ക്കും. നല്ലൊരു കാര്യത്തിനുവേണ്ടിയുള്ള ത്യാഗമല്ലേ എന്ന് വരി നില്‍ക്കുന്നവരൊക്കെ ആദ്യം പറഞ്ഞത് ഓര്‍ക്കുക. കള്ളപ്പണക്കാരുടെ സംരക്ഷകരായിരിക്കുമ്പോള്‍ത്തന്നെ കള്ളപ്പണമേധാവികള്‍ക്കെതിരെ കലഹിക്കുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ക്കുകഴിയണം എന്നതാണ് ലൈന്‍.

രണ്ടാമത് പറഞ്ഞ രാഷ്ട്രീയ ഉന്നം മോഡി ഒരു പരിധിവരെ നേടി. നോട്ട് നിരോധനംകൊണ്ട് പൊറുതിമുട്ടിയ കൃഷിക്കാര്‍ യുപിയിലുംമറ്റും പൊട്ടിത്തെറിയിലേക്ക് നീങ്ങുമ്പോഴും ബിജെപിക്ക് വോട്ട് ചെയ്തു. പക്ഷേ ആദ്യത്തെ ഉന്നം അമ്പേ പാളിപ്പോയി എന്നാണ് ഇപ്പോള്‍ പുറത്തുവന്ന ഇന്ത്യാസര്‍ക്കാരിന്റെ കണക്കുകള്‍ തെളിയിക്കുന്നത്. ഈ യാഥാര്‍ഥ്യം ജനങ്ങളുടെ തിരിച്ചറിവായി മാറ്റാന്‍ കഴിയണം.

നവംബര്‍ എട്ടിന്റെ വാര്‍ത്താസമ്മേളനംമുതല്‍ ഞാന്‍ തുടര്‍ച്ചയായി പറയുന്ന ഒരു കാര്യമുണ്ട്. കള്ളപ്പണം പിടിക്കാന്‍ നോട്ടുകള്‍ പൊടുന്നനെ റദ്ദാക്കേണ്ട ആവശ്യമില്ല. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കിയാല്‍ എന്താ കുഴപ്പം? അതുവരെ പഴയ നോട്ടുകളും ഉപയോഗിക്കാമെന്നുവന്നാല്‍ ജനങ്ങളുടെ ദുരിതം എത്ര കുറയുമായിരുന്നു. സമ്പദ്ഘടനയ്ക്ക് ഏറ്റ ആഘാതം എത്രയോ കുറയ്ക്കാമായിരുന്നു. ഈ വാദത്തിന് പിന്തുണ കുറവായിരുന്നു. സമയം കൊടുത്താല്‍ പലവിധ ബിനാമി ഏര്‍പ്പാടിലൂടെ നോട്ടുകള്‍ മുഴുവന്‍ ബാങ്കില്‍ എത്തും എന്നായിരുന്നു പൊതുവിശ്വാസം. പക്ഷേ ഇപ്പോള്‍ അര്‍ധരാത്രി പൊടുന്നനെ നോട്ട് റദ്ദാക്കിയിട്ടും 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അതായത് റദ്ദാക്കിയവയുടെ 99 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അംഗീകരിച്ചില്ലേ? മോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കള്ളപ്പണം വെളുപ്പിക്കല്‍ നാടകം പ്രഹസനമായിരുന്നെന്നാണ് സീതാറാം യെച്ചൂരി പ്രസ്താവിച്ചത്.

ഇനി നേപ്പാളിലെ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയുംമറ്റും നോട്ടുകള്‍ എണ്ണിത്തീര്‍ക്കാനുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാരുടെ കൈയിലുമുണ്ട് മാറാന്‍ കഴിയാത്ത എത്രയോ നോട്ടുകള്‍. ഇപ്പോഴും കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ കണക്ക് അംഗീകരിച്ചാല്‍ അച്ചടിച്ചതില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ തിരിച്ചെത്തും. കള്ളനോട്ടുകളില്‍ നല്ലൊരു പങ്ക് വെളുപ്പിക്കാന്‍ നോട്ട് നിരോധനം അവസരമൊരുക്കിയെന്ന് ഇതോടെ വ്യക്തം. ബാങ്കുകളിലെ തിക്കിലും തിരക്കിലും നിക്ഷേപിച്ച നോട്ട് മുഴുവന്‍ പരിശോധിക്കാന്‍ നേരം കിട്ടിയില്ല. യഥാര്‍ഥത്തില്‍ കള്ളനോട്ട് പിടിക്കാന്‍ അര്‍ധരാത്രി നോട്ട് നിരോധിക്കേണ്ട ആവശ്യമില്ല. മൂന്നുമാസത്തെ സാവകാശം നല്‍കി നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചാലും കള്ളനോട്ടെല്ലാം റദ്ദാകും. മാത്രമല്ല, തിരക്കില്‍ അച്ചടിച്ച പുതിയ നോട്ടുകളുടെ വ്യാജന്മാര്‍ ഇതിനകം രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.

നോട്ട് റദ്ദാക്കലിലൂടെ 3.4 ലക്ഷം കോടി രൂപ ചുളുവില്‍ കിട്ടുമെന്ന് മനപ്പായസമുണ്ടിരുന്നവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കി. നോട്ടുകളൊക്കെ എണ്ണിത്തീര്‍ത്ത് നശിപ്പിക്കുന്നതിനും പുതിയവ അച്ചടിക്കുന്നതിനും ഭീമമായ ചെലവ് റിസര്‍വ് ബാങ്കിന് വന്നു. സാധാരണഗതിയില്‍ 50,000 കോടിയെങ്കിലും ഡിവിഡന്റ് കൊടുക്കേണ്ടതിനുപകരം മേല്‍പ്പറഞ്ഞ ചെലവുകള്‍മൂലം 32,000 കോടി രൂപയേ ഡിവിഡന്റായി നല്‍കാന്‍കഴിയൂ എന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തന്റെ ആഖ്യാനം തുടര്‍ച്ചയായി മാറ്റുന്നതിനുള്ള പ്രധാനമന്ത്രിയുടെ പാടവത്തിന് ഒരു മാതൃകയാണ് നോട്ട് റദ്ദാക്കല്‍. തുടക്കത്തില്‍ കള്ളനോട്ടിനും കള്ളപ്പണത്തിനുമെതിരെയുള്ള മിന്നലാക്രമണം രണ്ടാം മാസത്തില്‍ ക്യാഷ്ലെസ് ഇക്കണോമിക്കുവേണ്ടിയുള്ള ആസൂത്രിതനീക്കമായി മാറി. ശരിയാണ്. നോട്ട് റദ്ദാക്കലിന്റെ ആദ്യമാസങ്ങളില്‍ ഒട്ടനവധി ഇടത്തരക്കാര്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറി. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം നവംബറിലെ 67 കോടിയില്‍നിന്ന് ഡിസംബറില്‍ 96 കോടിയായി ഉയര്‍ന്നു. 43 ശതമാനം വര്‍ധന. ഈ ശതമാനക്കണക്കില്‍ ഒട്ടേറെപേര്‍ സ്തബ്ധരായി. പക്ഷേ മറച്ചുവച്ച വസ്തുത ഇന്ത്യയിലെ 80 ശതമാനം ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഇക്കോണമിയുമായി ഒരു ബന്ധവും അപ്പോഴും ഉണ്ടായിരുന്നില്ലെന്നതാണ്. നോട്ട് റദ്ദാക്കലിന്റെ പൂര്‍ണ ഇരകളായിരുന്നു അവര്‍. ഇപ്പോള്‍ പുതിയ നോട്ടുകള്‍ രംഗത്ത് എത്തിയല്ലോ. അതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണവും കുറഞ്ഞു. മാര്‍ച്ചില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 86 കോടിയായി കുറഞ്ഞു. 90 ശതമാനംപേരും അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യയെ ഡിജിറ്റല്‍ ഇക്കോണമിയാക്കാന്‍ ആകില്ല. സമ്പദ്ഘടനയെ രൂപാന്തരപ്പെടുത്തിക്കൊണ്ടുമാത്രമേ ഇന്ത്യയെ ഡിജിറ്റലാക്കാന്‍ കഴിയൂ. കാലം ഇത് പഠിപ്പിച്ചുകൊള്ളും.

പിന്നെ സുതാര്യമായ സമ്പദ്ഘടനയെക്കുറിച്ചായി ഗീര്‍വാണം. ആദായനികുതിദായകരുടെ എണ്ണത്തിലുള്ള വര്‍ധന, അഴിമതി ഇല്ലാതാക്കല്‍, കള്ളപ്പണത്തിനെതിരെയുള്ള പുതിയ നടപടികള്‍ ഇങ്ങനെ എന്തെല്ലാം കസര്‍ത്തുകള്‍. ആദായനികുതി 24 ശതമാനം വര്‍ധിച്ചതിന്റെ കണക്കാണ് കേന്ദ്രധനമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. ഇതിനേക്കാള്‍ വേഗത്തില്‍ ആദായനികുതി വര്‍ധിച്ച എത്രയോ വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. നോട്ട് റദ്ദാക്കുംമുമ്പ് സ്വമേധയാ ആംനസ്റ്റിയിലൂടെ കള്ളപ്പണം വെളുപ്പിച്ച തുക നോട്ട് റദ്ദാക്കിയതിനുശേഷം പിടിച്ചെടുക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കുറവാണ്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് നോട്ടെല്ലാം ബാങ്കില്‍ വന്നല്ലോ. പണത്തിന്റെ ഉടമസ്ഥരെ മനസ്സിലായി. ഇനിയാണ് ഞങ്ങള്‍ കള്ളപ്പണക്കാരെ പിടിക്കുക. പക്ഷേ ഈ അര്‍ധരാത്രി നാടകമൊന്നും ഇല്ലാതെ സാവകാശം കൊടുത്ത് നോട്ട് മാറാന്‍ അനുവദിച്ചാലും പണമെല്ലാം അക്കൌണ്ടുകളില്‍ തിരിച്ചെത്തുമായിരുന്നല്ലോ? ഇപ്പോള്‍ നിങ്ങള്‍ സത്യസന്ധരായ സാധാരണക്കാരെയും കള്ളപ്പണക്കാരെയും ഒരുപോലെ കൈകാര്യംചെയ്തു. പാവങ്ങളെ പീഡിപ്പിച്ചതിന് എന്ത് ന്യായം?

ഇപ്പോള്‍ ചിരിക്കുന്നത് കള്ളപ്പണക്കാരാണ്. കണ്ണീര്തോരാത്തത് പാവങ്ങള്‍ക്കും. ജന്‍ധന്‍ അക്കൌണ്ടില്‍ പണം കാത്തിരുന്നവര്‍ നിരാശരാണ്. വിലയിടിവുമൂലം കടക്കെണിയിലായ കര്‍ഷകരുടെ സമരം ഏറ്റവും രൂക്ഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അടച്ചുപൂട്ടിയ ലക്ഷക്കണക്കിന് ചെറുകിടസ്ഥാപനങ്ങള്‍ എന്ന് തുറക്കുമെന്ന് അറിഞ്ഞുകൂടാ.

നോട്ട് നിരോധനത്തോടെ താഴേക്ക് ഉരുളാന്‍ തുടങ്ങിയ സമ്പദ്ഘടനയുടെ ഗതി പുതിയ ധനകാര്യവര്‍ഷത്തിന്റെ ഒന്നാം പാദത്തിലും താഴേക്കാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തികവളര്‍ച്ച 5.7 ശതമാനമേ ഉയര്‍ന്നിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം അവസാനപാദത്തില്‍ 6.1 ശതമാനം ആയിരുന്നു സാമ്പത്തികവളര്‍ച്ച. വ്യവസായത്തിലാണ് ഏറ്റവും വലിയ തകര്‍ച്ച. അതുകഴിഞ്ഞാല്‍ കൃഷി. ബാങ്കുകളില്‍ പണം കുമിഞ്ഞുകൂടി കിടക്കുകയാണ്. പലിശ കുറച്ചിട്ടും വായ്പയെടുക്കാന്‍ നിക്ഷേപകരില്ല. തൊഴിലില്ലായ്മയും ഗണ്യമായി വര്‍ധിച്ചു. സാമ്പത്തികമുരടിപ്പിനെ കള്ളക്കണക്കുകള്‍ കൊണ്ടുപോലും ഇനി മറച്ചുവയ്ക്കാനാവില്ല. സ്വതന്ത്ര ഇന്ത്യയിലെ മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായി നോട്ടുനിരോധനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും *

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top