20 April Saturday

ഡൽഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ഉണ്ടാകുമോ ?

അഖിൽ കെ എംUpdated: Friday Sep 15, 2017

ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് വിലയിരുത്തി യൂണിവേഴ്സിറ്റിയിലെ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖില്‍ കെ എം എഴുതുന്നു

ജെഎന്‍‍യു ഇലക്‌ഷനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍‍വകലാശാല  ആയ ഡിയുവിലും തിരഞ്ഞെടുപ്പ്  പുര്‍‍ത്തിയായിരിക്കുകയാണ് . ഒരാഴ്ചയോളം നീണ്ട കോലാഹലങ്ങള്‍‍ , ബഹളങ്ങള്‍‍ ,പ്രചരണങ്ങള്‍‍.
ക്യാമ്പസ് സംഭവബഹുലമായിരുന്നു കുറച്ചു നാളായി . പല കോണില്‍‍ നിന്നും
വലിയ മാറ്റം എന്ന നിലയ്ക്കൊക്കെയാണ് ഇലക്ഷന്‍‍ ഫലം വ്യാഖ്യാനിക്കപ്പെട്ടത് .
കഴിഞ്ഞ വര്‍‍ഷം 16,000 മുകളില്‍‍ വോട്ട് നേടിയാണ്  പ്രസിഡന്‍റ് സ്ഥാനം അടക്കം മൂന്ന്‍ സീറ്റുകള്‍‍ ABVP നേടിയത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് NSUI വിജയിച്ചു.

വര്‍‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ മുഖം സര്‍‍വകലാശാലയുടെ തലപ്പത്തു നിന്ന്‍ ഒഴിയുന്നു എന്നത് തീര്‍‍ച്ചയായും പ്രത്യാശാജനകമാണ് . എന്നാല്‍‍ പകരം വരുന്നത് ആര് എന്നതും ചോദ്യമാണ് . വലിയ വോട്ട് നേടിയ നോട്ടയും, ഐക്യപെടാതെ മല്‍‍സരിച്ച ഇടതുപക്ഷ സംഘടനകളും എല്ലാം ചര്‍‍ച്ച ചെയ്യപ്പെടേണ്ടതാണ് .NSUIക്ക് രണ്ട് പ്രസിഡന്‍റ് സ്ഥാനാര്‍‍ത്ഥി വന്നതും ABVP സ്ഥാനാര്‍‍ത്ഥിയുടെ സമാനപേരുള്ള സ്വതന്ത്ര സ്ഥാനാര്‍‍ത്ഥിയെ തട്ടിക്കൊണ്ടുപോയതും മറ്റ് ചില വര്‍‍ത്തമാനങ്ങള്‍‍.

ഡിയു ഇലക്ഷന്‍‍  രാഷ്ട്രീയം  മറ്റു സ്ഥലങ്ങളോട് പൂര്‍‍ണാര്‍‍ഥത്തില്‍‍ താരതമ്യം ചെയ്യാന്‍‍ പറ്റുന്ന ഒന്നല്ല . ഒന്നരലക്ഷത്തിനു മുകളില്‍‍ വിദ്യാര്‍‍ത്ഥികള്‍‍ പഠിക്കുന്ന സര്‍‍വ്വകലാശാലയില്‍‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിനു മുകളില്‍‍ ആളുകള്‍‍ക്ക് വോട്ടുണ്ട് . മുപ്പത് മുതല്‍ നാല്‍പ്പത് വരെയാണ് വോട്ടിങ് ശതമാനം  ഉണ്ടാകാറ് . പണവും ജാതിവോട്ടും കൃത്യമായി കളിക്കുന്നു . റോഡുകളും ചുമരുകളും നിറയ്ക്കും വിധം പോസ്റ്ററുകള്‍‍ ,വാഹനങ്ങള്‍‍ , കുട്ടികള്‍‍ക്ക് പിസ്സയും ഊബര്‍‍ റൈഡും നോട്ടുബുക്കും  മുതല്‍‍ മദ്യവും കഞ്ചാവും ഡാന്‍സ് പാര്‍ട്ടിയും മൂവി ഷോയും  വരെ നീളുന്ന ഫ്രീബൈകള്‍‍ , വിവിധ സംഘടനകള്‍‍ക്ക്- കോളേജിലെ  വിദ്യാര്‍ത്ഥിക്കൂട്ടങ്ങള്‍ക്ക് പണം ,തുടങ്ങി തലസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ഡയറക്റ്റ്  എന്‍‍ട്രി ടിക്കറ്റില്‍‍ കോടികളാണ് വര്‍‍ഷാവര്‍‍ഷം ഒഴുകുന്നത് .ആവശ്യമെങ്കില്‍‍  പ്രവര്‍‍ത്തകരും സന്നാഹങ്ങളും അടക്കം എല്ലാം വിലയ്ക്കു വാങ്ങുന്നു . ജാട്ട് , ഗുജ്ജര്‍‍ തുടങ്ങിയ പ്രമുഖ ജാതികളില്‍‍ നിന്നും കൂടാതെ യാദവ് , രാജ്പുത്ത് ജാതികളില്‍‍ നിന്നും സ്ഥാനാര്‍ത്ഥികള്‍‍ തീരുമാനിക്കപ്പെടുന്നു . പാനലില്‍‍ പൊതുവെ ഒരു വനിതാ സ്ഥാനാര്‍‍ത്ഥിയും ഉണ്ടാവും .
ക്യാംപെയിനുകളിലും"രാഷ്ട്രീയ പോരാട്ടം" ആ രീതിയില്‍ സംഭവിക്കുന്നുണ്ടോ എന്നത് സംശയമാണ് . "വ്യക്തികളാണ്" മത്സരിക്കാറ് , പലപ്പോഴും സംഘടനകള്‍‍ തന്നെയല്ല എന്നതാണ് ശ്രദ്ധേയം !

കാര്യമായി   രാഷ്ട്രീയം പറയുന്ന ലേഖനങ്ങളോ എഴുത്തുകളോ പ്രസംഗങ്ങളോ പൊതുവെ എന്‍‍എസ്‌യു‌ഐ-എബിവിപി പാനലുക്കള്‍‍ക്ക്  പരിചിതമല്ല . പൊതുവെ ഐസ , എസ്എഫ്ഐ തുടങ്ങി മത്സര രംഗത്തുണ്ടാവുന്ന ഇടതുപക്ഷ സംഘടനകളാണ് ഇത്തരം ചര്‍ച്ചകള്‍‍ ഉയര്‍‍ത്താന്‍‍ ശ്രമിക്കാറ് . ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വാചാടോപങ്ങള്‍‍ എവിടുത്തെയും പോലെ ഇവിടെയും തരം കിട്ടുമ്പോള്‍‍  എബിവിപി പയറ്റാറുണ്ട് . ഇതൊക്കെ കൊണ്ടുതന്നെ ഏതെങ്കിലും 'രാഷ്ട്രീയ വിജയത്തിന്‍റെ' പ്രതിഫലനം ഇവിടെ നിന്ന്‍ ലഭിക്കും എന്നത് സംശയകരമാണ് .

എന്‍‍എസ്‌യുഐ  ഉണ്ടാക്കുന്ന മാറ്റം.

ഡല്‍‍ഹി സര്‍‌വ്വകലാശാശാലയില്‍‍ ഒരു സമര ഇടപെടലോ ക്ഷേമപ്രവര്‍‍ത്തനമോ കാര്യമായി യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല . എങ്കിലും ക്യാംപസ്സില്‍‍ നിറയുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന്‍റെ ഒരു മുഖമായി ഡുസു മാറുന്നു .ആ അര്‍ത്ഥത്തില്‍‍ എബിവിപിയെപ്പോലെ കൃത്യമായ വര്‍‍ഗ്ഗീയ ഫാസിസ്റ്റു മുഖമുള്ള ഒരു പ്രസ്ഥാനം അധ്യക്ഷ സ്ഥാനത്തുനിന്നു മാറുമ്പോള്‍‍ അത് പുരോഗമന വിദ്യാര്‍ത്ഥി സമൂഹത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍‍കുന്നതാണ് . എന്നാല്‍ എന്‍ എസ് യു ഐയുടെ വരവ് ഏതു തരത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടറിയണം . അവര്‍‍ക്ക് എന്തെങ്കിലും ചെയ്യാന്‍‍ കഴിയുമെങ്കില്‍‍ നല്ലതുതന്നെ. എന്നാല്‍‍ മുന്‍‍കാല അനുഭവങ്ങള്‍‍ ആ പ്രതീക്ഷയെ സാധുകരിക്കും വിധമല്ല . കഴിഞ്ഞ യൂണിയനില്‍‍ അവര്‍‍ക്ക് പ്രാതിനിധ്യം  ഉണ്ടായിരുന്നു . രാംജാസ് കോളേജില്‍‍ അധ്യാപകര്‍‍ക്കും വിദ്യാര്‍‍ത്ഥികള്‍‍ക്കും നേരെ നടന്ന എബിവിപി അതിക്രമത്തില്‍‍ പ്രതിക്ഷേധിച്ച് സേവ് ഡിയു എന്ന ബാനറില്‍‍ വിപുലമായ സമരം നടന്നിരുന്നു . അന്ന്‍ യാതൊരു നിലപാടും ഇല്ലാതെ മാറിനില്‍ക്കുകയാണ് എന്‍എസ്‌യുഐ ചെയ്തത് . മൂവായിരത്തോളം വരുന്ന വിദ്യാര്‍‍ത്ഥിള്‍‍ അടങ്ങുന്ന മാര്‍‍ച്ച് വരുമ്പോള്‍‍ സൈഡില്‍‍ ഇരുപത് ആളുടെ സമരപന്തല്‍ തീര്‍ത്ത് ഞങ്ങളും 'ദേശീയവാദികളാണ്' , ഞങ്ങളും 'വയലന്‍‍സിന്‍' എതിരാണ് എന്നു പറഞ്ഞ സംഘടനയാണ് ! എബിവിപിക്കെതിരെ ഒരു വിഷയത്തിനകത്തും കൃത്യവും  ശക്തവുമായ നിലപാടെടുക്കാന്‍‍ എന്‍എസ്‌യുഐക്ക് കഴിഞ്ഞിട്ടില്ല എന്നത് അവിതര്‍ക്കനീയമാണ് .

ഒരു തമാശ കേട്ടതോര്‍‍ക്കുന്നു . ഒരിക്കല്‍‍ എന്‍‍എസ്‌യുഐയില്‍‍ ഉള്ള ഒരു ആര്‍‍എസ്സ്എസ്സ് സുഹൃത്തിനോട് ചോദിച്ചപ്പോള്‍‍, ഞങ്ങള്‍‍ക്ക് എന്‍‍എസ്‌സ്യുഐയും എബിവിപിയും ഒരുപോലെയാണ് എന്നാണ് പറഞ്ഞത്! സവിശേഷമായി ഇടതുപക്ഷ പ്രവര്‍‍ത്തകരെ ഒക്കെ സംബന്ധിച് 'സംഘര്‍‍ഷഭരിതമായ' ഒരു  ക്യാമ്പസ്സില്‍‍   ഇതുവരെ ഈ പ്രമുഖ 'വൈരികള്‍‍' തമ്മില്‍‍ കാര്യമായ ഏറ്റുമുട്ടല്‍ ഒന്നും ക്യാംപസ്സില്‍‍ ഉണ്ടായിട്ടില്ല എന്നതും ഓര്‍ക്കണം .
( ഇതൊക്കെ കൊണ്ടാണോ എന്നറിയില്ല ഇവിടെ ചില വിദ്യാര്‍‍ത്ഥികള്‍‍ എന്‍എസ്‌യുഐ നിലനില്‍‍ക്കുമ്പോള്‍‍ തന്നെ "കെഎസ്‌യു ഡിയു' (KSU DU)ഘടകം രൂപീകരിച്ചത്  മറ്റൊരു വര്‍ത്തമാനമാണ് .!! )
എബിവിപി യില്‍‍ ഇത്തവണ ചേരിപ്പോരു രൂക്ഷമായിരുന്നു.അതുകൊണ്ടൊക്കെത്തന്നെ മുന്‍‍കാലങ്ങളെ അപേക്ഷിച്ച് എബിവിപിയെക്കാളും നന്നായി ക്യാമ്പയിന്‍‍ ചെയ്യാന്‍‍ NSUI ക്ക് കഴിഞ്ഞു .

ഇടതുപക്ഷ ബദല്‍‍ സാധ്യത.

ഐസ ,എസ്എഫ്ഐ ,എഐഡിഎസ്ഓ തുടങ്ങിയവയാണ് പ്രധാന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍‍ . ഇപ്രാവശ്യം എസ്സ് എഫ്ഐ - എഐഡിഎസ്ഓ സഖ്യവും, ഐസ പ്രത്യേകവും  മത്സരിക്കുകയാണുണ്ടായത് .സാധാരണ വിദ്യാര്‍‍ഥികളെ സംബന്ധിച്ച്  എന്‍എസ്‌യുഐയെക്കാളും മികച്ച രാഷ്ട്രീയ ബദല്‍‍ ഉയര്‍‍ത്താന്‍‍ കഴിയുക ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍‍ക്കായിരിക്കും എന്നത് തീര്‍‍ച്ചയാണ് . എങ്കിലും ഒരു വിശാലസഖ്യം ഇതുവരെ സാധ്യമായിട്ടില്ല . ഏകദേശം പതിനാറായിരത്തോളം വോട്ടാണ് ഇത്തവണ നാലുസീറ്റുകളിലും വിജയിച്ച ആളുകള്‍‍ നേടിയത് . അയ്യായിരത്തോളം വോട്ടാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഐസ നേടിയത് . എഴുന്നൂറോളം വോട്ട് എസ്സ്എഫ്ഐ നേടി . മറ്റു മൂന്ന്‍ സീറ്റുകളില്‍‍ ഏഴായിരത്തിനും എട്ടായിരത്തിനും ഇടയ്ക്ക് ഐസ നേടിയപ്പോള്‍‍ മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ വോട്ട് എസ്എഫ്ഐക്ക് നേടാന്‍ കഴിഞ്ഞു . ഏറ്റവും ആശ്ചര്യജനകം അയ്യായിരം മുതല്‍ ഒമ്പതിനായിരം വരെ വോട്ട് ഈ നാലു പോസ്റ്റുകളിലേക്ക് നോട്ട കൊണ്ടുപോയി . പതിനാറായിരം വോട്ട് ഒന്നരലക്ഷത്തിനു മുകളില്‍‍ വിദ്യാര്‍‍ത്ഥികളുള്ള ഒരു സര്‍വ്വകലാശാലയുടെ മുഖവും ഭാഗധേയവും നിര്‍‍ണ്ണയിക്കുമ്പോഴാണ് ഈ കണക്കുകള്‍‍ പ്രധാനമാവുന്നത് .എസ്എഫ്ഐ വിശാല ഇടതുപക്ഷ പുരോഗമന വിദ്യാരര്‍‍ത്ഥിഐക്യത്തിന്‍ തുറന്ന ആഹ്വാനം നല്‍കിയിരുന്നു .

ജെഎന്‍യുവില്‍ ഐസയുമായി സഖ്യമുണ്ടായി . ഡിയുവിലെന്നാല്‍‍ എഐഎസ്എഫ്, എഐഡിഎസ്സ്ഓ തുടങ്ങിയവരെല്ലാം അനുകൂല നിലപാട് എടുത്തപ്പോഴും ഐസ വിട്ടുനില്‍‍ക്കുകയാണുണ്ടായത് . പല തലത്തിലുള്ള ശ്രമങ്ങള്‍‍ നടത്തിയെങ്കിലും സഖ്യം സാധ്യമായില്ല . ഒരു രാഷ്ട്രീയ ബദല്‍‍ ഉയര്‍‍ത്തിക്കൊണ്ടുവന്നാല്‍‍ ക്രിയാത്മകമായ മാറ്റം തീര്‍ച്ചയായും യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍‍ ഉണ്ടാക്കാന്‍‍ കഴിയും .


മുന്നോട്ടുള്ള വഴികള്‍‍,പ്രതീക്ഷകള്‍‍

പുതിയ യൂണിയന്‍‍ അധികാരത്തില്‍‍ വരികയാണ് . ജെഎന്‍യുവില്‍‍ ലെഫ്റ്റ് യൂണിറ്റി യൂണിയന്‍ നേടിയിരുന്നു . രണ്ടാമതായ എബിവിപിയേക്കാള്‍‍ ഇരട്ടിയോളം വോട്ട് പല സീറ്റുകളിലും ഉണ്ട് . ഡല്‍ഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസ്സിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷാനുകൂല സംഘടനയാണ് വിജയിച്ചത് . സംഘപരിവാര്‍ അനുകൂല സംഘടന നല്ല മത്സരം നടത്തിയെങ്കിലും അധ്യക്ഷ സ്ഥാനം ലഭിച്ചില്ല . ഇപ്പോള്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയനും നഷ്ടമായി . ഈപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം നിലനില്‍‍ക്കെയും എബിവിപിക്ക് ഡുസു ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു . ജെഎന്‍യു തോല്‍വിയെ ഒക്കെ കൗണ്ടര്‍‍ ചെയ്യാന്‍‍ ഡിയുവിലെ ആധിപത്യമാണ് പല ഇടങ്ങളിലും ഉപയോഗിച്ചുകണ്ടത് . അത്തരം പ്രചരണങ്ങള്‍‍ക്ക് ഒരു ചരടുകെട്ടല്‍‍ ഉണ്ടാവുമെന്നത് ആശാസ്യകരമാണ് . ഡിയുവില്‍‍ സംവദിക്കാനും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഇവിടെ  ഒരു സമൂഹം കൈകോര്‍‍ത്തുനിന്നിരുന്നു . ഒറ്റപ്പെട്ട അത്തരം പ്രതിഫലനങ്ങളള്‍‍ക്കപ്പുറം പ്രതിരോധ സാധ്യതകള്‍‍, സാധ്യമായ എല്ലാ രീതിയിലും ഉയര്‍‍ത്തേണ്ടത് അനിവാര്യതയാണ് . അതിനു കഴിഞ്ഞാല്‍‍ ഇനിയും ശുഭസൂചകമായ വാര്‍‍ത്തകള്‍‍ ഡിയുവില്‍ നല്‍‍കാനാകും എന്ന്‍ ഉറച്ചുവിശ്വസിക്കുന്നു .

 

തെരെഞ്ഞെടുപ്പിനെപ്പറ്റി വീഡിയോ കാണുക

പ്രധാന വാർത്തകൾ
 Top