26 May Tuesday

ഡൽഹി വിരൽ ചൂണ്ടുന്നത്‌

വി ബി പരമേശ്വരൻUpdated: Monday Mar 2, 2020


തലസ്ഥാന നഗരമായ ഡൽഹിയിൽ കഴിഞ്ഞാഴ്‌ചയുണ്ടായ വർഗീയ കലാപത്തിൽ 45 പേർ മരിച്ചു. കലാപത്തിന്‌ ശമനമായിട്ടുണ്ടെങ്കിലും കൊലവിളി അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കലാപം പൂർണമായും കെട്ടടങ്ങിയെന്ന്‌ പറയാനാകില്ല. സ്വാതന്ത്ര്യാനന്തരം തലസ്ഥാനംകണ്ട ഏറ്റവും വലിയ വർഗീയകലാപമാണിത്‌. 1974ൽ സദർ ബസാറിലും (10 മരണം), 1987 ഹൗസ്‌ ഖാസിലും(15 മരണം), 1992ൽ സീലംപുരിലും (30 മരണം) വർഗീയകലാപം നടന്നിരുന്നു. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ട വേളയിൽ സീലംപുരിൽ നടന്ന വർഗീയ കലാപത്തിലാണ്‌ ഇതിനുമുമ്പ്‌ ഏറ്റവും കുടുതൽ ആളുകൾ കൊല്ലപ്പെട്ടത്‌. തുടർന്ന്‌ ഡൽഹി പൊതുവെ ശാന്തമായിരുന്നു. എന്നാൽ, കഴിഞ്ഞ  നിയമസഭാതെരഞ്ഞെടുപ്പ്‌ വേളയിലാണ്‌  വർഗീയവും വിഷലിപ്‌തവുമായ പ്രചാരണത്തിന്‌ ബിജെപിയും സംഘപരിവാറും തയ്യാറായത്‌. ആം ആദ്‌മി പാർടിയിൽനിന്ന്‌ ഇതുവഴി ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്ന്‌ സംഘപരിവാർ വിശ്വസിച്ചു. എന്നാൽ, ജനങ്ങൾ ആ പ്രതീക്ഷ കരിച്ചുകളഞ്ഞു. അങ്ങനെയെങ്കിൽ ഡൽഹിയിലെ ജനങ്ങളുടെ ജീവിതംതന്നെ കരിച്ചുകളഞ്ഞുകൊണ്ട്‌ പ്രതികാരം വീട്ടാമെന്നായി സംഘപരിവാർ. രാഷ്ട്രപിതാവ്‌  വെടിയേറ്റു വീണിടത്ത്‌ വീണ്ടും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ആളിക്കത്തി. മരണസംഖ്യയുടെയും നാശനഷ്ടങ്ങളുടെയും കണക്കെടുത്താൽ ഡൽഹി കണ്ട ഏറ്റവും വലിയ വർഗീയകലാപമാണ്‌ ഇപ്പോൾ നടന്നതെന്നതർഥം. (1984ലെ സിഖ്‌ കലാപം ഹിന്ദു–-മുസ്ലിം വർഗീയകലാപമായിരുന്നില്ല )


 

ഡൽഹി സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ്‌ വടക്കു കിഴക്കൻ ഡൽഹി. 2011ലെ സെൻസസ്‌ അനുസരിച്ച്‌ 22.42 ലക്ഷമാണ്‌ ജനസംഖ്യ. ഇതിൽ 29.3 ശതമാനം, അതായത്‌ 6.58 ലക്ഷമാണ്‌ മുസ്ലിങ്ങൾ. 3.74 ലക്ഷം പേർ ദളിതരാണ്‌. ജനസംഖ്യയിൽ 8.23 ശതമാനം പേരും അന്യസംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിൽതേടി വന്നവരാണ്‌. വികസനകാര്യത്തിൽ ഏറ്റവും പിന്നോക്കംനിൽക്കുന്ന ജില്ലയാണിത്‌. വലിയ മാർക്കറ്റുകളോ വ്യവസായസ്ഥാപനങ്ങളോ ഫാക്ടറികളോ ഇല്ലാത്ത മേഖല. ചെറുകിട വ്യവസായ യൂണിറ്റുകളിലും പ്ലാസ്‌റ്റിക്‌ നിർമാണ യൂണിറ്റുകളിലും കടകളിലുമായി ജോലിചെയ്‌താണ്‌ ഭൂരിപക്ഷവും കുടുംബം പുലർത്തുന്നത്‌.

അടിയന്തരാവസ്ഥക്കാലത്ത്‌ ഡൽഹിയുടെ സൗന്ദര്യം വർധിപ്പിക്കാനെന്നപേരിൽ സഞ്‌ജയ്‌ ഗാന്ധിയും ജഗ്‌മോഹനും മറ്റും  ചേരിനിർമാർജനം നടത്തിയപ്പോഴാണ്‌ മുസ്ലിങ്ങളും ദളിതരും വർധിച്ചതോതിൽ വടക്കുകിഴക്കൻ ഡൽഹിയിലേക്കും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്കും താമസം മാറ്റുന്നത്‌. പ്രത്യേകിച്ചും 1976ലെ തുർക്ക്‌മാൻ ഗേറ്റ്‌ സംഭവത്തിന്‌ ശേഷം. (തുർക്ക്‌മാൻ ഗേറ്റ്‌ കോളനിവാസികൾ ഒഴിഞ്ഞുപോകാൻ വിസമ്മതിച്ചപ്പോൾ പൊലീസ്‌ വെടിവയ്‌പ്‌ നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തുകയുംചെയ്‌തു) നിലവിൽ 174 കോളനികളാണ്‌ ഈ ജില്ലയിൽമാത്രമുള്ളത്‌. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികളുടെ നിർമാണം ഹിന്ദു വർഗീയവാദികൾക്ക്‌ കാര്യം എളുപ്പമാക്കി. ഈ മുസ്ലിം ദളിത്‌ കോളനികൾ എന്നും കോൺഗ്രസിന്റെ വോട്ട്‌ ബാങ്കായിരുന്നു. ആർഎസ്‌എസും ബിജെപിയും അവരുടെ വിദ്വേഷരാഷ്ട്രീയത്തിന്‌ മൂർച്ച കൂട്ടുന്നതും ഇത്‌ ചൂണ്ടിക്കാട്ടിയായിരുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ വ്യാപനമാണ്‌ ഡൽഹി കലാപത്തിനുള്ള പെട്ടെന്നുള്ള കാരണം. ഷഹീൻബാഗിലെ സമാധാനപരമായ പ്രതിഷേധം മറ്റിടങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ സംഘപരിവാറിന്‌ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പൗരത്വ വിഷയമുയർത്തി സങ്കുചിത ദേശീയവാദം  ആളിക്കത്തിക്കുന്ന സംഘപരിവാറിന്‌ സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ വ്യാപനം  കനത്ത തിരിച്ചടിയായിരുന്നു. ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ തോൽക്കുകകൂടി ചെയ്‌തതോടെ പ്രത്യേകിച്ചും. ഇതാണ്‌ ജാഫ്രാബാദിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിനുനേരെ അക്രമം അഴിച്ചുവിടാൻ അവരെ പ്രേരിപ്പിച്ചത്‌.

കലാപം ആസൂത്രിതം
കലാപത്തിനുപിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന്‌ വ്യക്തം. കപിൽ മിശ്ര  നടത്തിയ പ്രസ്‌താവനതന്നെ തെളിവ്‌. മൂന്നു ദിവസത്തിനകം സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നീക്കംചെയ്യാൻ പൊലീസ്‌ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പൊലീസ്‌ പറയുന്നതൊന്നും തങ്ങൾ കേൾക്കില്ലെന്നുമാണ്‌ കപിൽമിശ്ര പറഞ്ഞത്‌. അങ്ങനെതന്നെ അവർ പ്രവർത്തിക്കുകയുംചെയ്‌തു.  ഡൽഹി നിയമസഭയിലേക്ക്‌ മത്സരിച്ചുതോറ്റ കപിൽമിശ്ര സംസ്ഥാന ബിജെപിയിൽ കടുത്ത വിമർശനത്തിനു വിധേയമാകുന്ന വേളയിലാണ്‌ കലാപാഹ്വാനവുമായി രംഗത്തെത്തിയത്‌. ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നും ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഡൽഹിയിൽ എത്തിയതും ആസൂത്രണത്തിലേക്ക്‌ വിരൽചൂണ്ടുന്നു.  കല്ലുകളും കോൺക്രീറ്റ്‌ അവശിഷ്ടങ്ങളും വൻതോതിൽ ശേഖരിച്ച്‌ കലാപസ്ഥലത്തേക്ക്‌ എത്തിക്കുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.

കലാപത്തിന്‌ മുമ്പുതന്നെ മേഖലയിലെ വീടുകൾക്കും കടകൾക്കുംമുമ്പിൽ കാവിക്കൊടി ഉയർന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. കാവിക്കൊടിയില്ലാത്ത മുസ്ലിങ്ങളുടെ കടകളും വീടുകളുമാണ്‌ തെരഞ്ഞുപിടിച്ച്‌ കത്തിച്ചതും നശിപ്പിച്ചതും. പള്ളികളും തകർക്കപ്പെട്ടു. ബാബ്‌റി മസ്‌ജിദ്‌ സംഭവത്തെ ഓർമിപ്പിക്കുംവിധം അശോക്‌നഗറിലെ ഒരു പള്ളിക്കുമേൽ കാവിക്കൊടി ഉയർത്തുകയും മിനാരങ്ങൾ ഭാഗികമായി തകർക്കുകയുംചെയ്‌തു. മുസ്ലിങ്ങളെക്കൊണ്ട്‌ ജയ്‌ ശ്രീറാം വിളിക്കുന്നതും ദേശീയഗാനവും വന്ദേമാതരവും പാടിക്കുന്നതും  ആവർത്തിക്കപ്പെട്ടു. ‘ഹിന്ദുസ്ഥാൻ മേം രഹ്‌നാ ഹോഗ ജയ്‌ശ്രീറാം ബോൽനാ ഹോഗ’ എന്ന മുദ്രാവാക്യമാണ്‌ കലാപകാരികൾ ഉയർത്തിയത്‌. ഹിന്ദുരാഷ്ട്രരൂപീകരണത്തിന്റെ കേളികൊട്ടാണിത്‌. ഗുജറാത്ത്‌ മാതൃകയുടെ ആവർത്തനവും.


 

1992ൽ അയോധ്യയിലും 2002ൽ ഗുജറാത്തിലുമെന്നപോലെ പൊലീസ്‌ സേന ഡൽഹികലാപം തടയാൻ ഒരു ശ്രമവും നടത്തിയില്ല. ഇതും ആസൂത്രണത്തിന്റെ ഭാഗമാണ്‌. ആറുതവണ ഇന്റലിജൻസ്‌ ഏജൻസികൾ മുന്നറിയിപ്പ്‌ നൽകിയിട്ടും അവഗണിക്കപ്പെട്ടു. സഹായം അഭ്യർഥിച്ച്‌ 13200 ഫോൺകോളുകൾ പൊലീസിന്‌ ലഭിച്ചിട്ടും ഒരാൾക്കുപോലും സഹായം ലഭിച്ചില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരെ കല്ലെറിയാനും  കലാപകാരികളുടെ അടിയേറ്റുവീണവരെക്കൊണ്ട്‌ ജയ്‌ശ്രീരാം വിളിപ്പിക്കാനും പൊലീസ്‌ തയ്യാറായതും കലാപാഹ്വാനം നടത്തിയവർക്കെതിരെ കേസെടുക്കാത്തതും  ഇതിന്റെ ഭാഗംതന്നെ. കോടതി പറഞ്ഞിട്ടുപോലും കേസെടുത്തില്ലെന്ന്‌ പറയുന്നതിന്റെ അർഥം കലാപകാരികൾക്ക്‌ രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണ അത്രമാത്രം ശക്തമാണ്‌ എന്നതാണ്‌.

കലാപം സാർവദേശീയമായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയപ്പോഴാണ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ദോവലിനെ കലാപബാധിത പ്രദേശത്തേക്ക്‌ അയക്കാൻ മോഡിസർക്കാർ തയ്യാറായത്‌. ആഭ്യന്തരമന്ത്രി അമിത്‌ ഷാ ചെയ്യേണ്ട കർത്തവ്യമാണ്‌ ദേശീയസുരക്ഷാ ഉപദേശകന്‌ ചെയ്യേണ്ടിവന്നത്‌. 370 ാം വകുപ്പ്‌ റദ്ദാക്കിയശേഷം കശ്‌മീരിലും കേന്ദ്രസർക്കാരിന്റ പ്രതിനിധിയായി സന്ദർശിച്ച ഏക വ്യക്തി അജിത്‌ ദോവലായിരുന്നു. വിദേശഭീഷണിയിൽനിന്ന്‌ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന അർഥത്തിലാണ്‌ എൻഎസ്‌എ പദവി രൂപംകൊണ്ടത്‌. അത്തരമൊരാളെ കലാപം ശമിപ്പിക്കുന്നതിന്‌ അയച്ചതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച അജിത്‌ ദോവലാകട്ടെ ‘സംഭവിച്ചത്‌ സംഭവിച്ചു’ എന്ന പ്രസ്‌താവന നടത്തി കലാപത്തെ ന്യായീകരിച്ചു. കലാപകാരികൾക്കെതിരെ നടപടി കൈക്കൊള്ളാനും തയ്യാറായില്ല.

വർഗീയധ്രുവീകരണം ലക്ഷ്യം
2002 ഗുജറാത്ത്‌ കലാപത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ്‌  മോഡി ഗുജറാത്തിൽ അധികാരം ഉറപ്പിച്ചത്‌. 2013ലെ മുസഫർനഗർ കലാപത്തിന്‌ ശേഷമാണ്‌ ബിജെപി കേന്ദ്രത്തിലും ഉത്തർപ്രദേശിലും അധികാരം ഉറപ്പിച്ചത്‌. പക്ഷേ ഡൽഹിയിൽ നിർണായകമായ തെരഞ്ഞെടുപ്പുകൾക്കുശേഷം കലാപം നടത്തിയതിന്റെ യുക്തി എന്താണ്‌? വർഗീയധ്രുവീകരണം ലക്ഷ്യമാക്കി വർഗീയകലാപങ്ങളെ സംഘപരിവാർ ശക്തമായി ഉപയോഗിക്കാൻ തുടങ്ങിയത്‌ 1980കൾക്ക്‌ ശേഷമാണ്‌. പ്രധാനമായും അയോധ്യ വിഷയത്തോടുകൂടി. ഇടക്കാലത്ത്‌ വികസന അജൻഡ ഉയർത്തിയെങ്കിലും(ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം ഉദാഹരണം) അത്‌ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ വീണ്ടും വർഗീയ ധ്രുവീകരണ അജൻഡ ശക്തമാക്കി. ഈ നയത്തിന്റെ ഭാഗമായാണ്‌ മോഡി –-അമിത്‌ ഷാ–-യോഗി ആദിത്യനാഥ്‌ നേതൃത്വം ഉയർന്നുവന്നത്‌.

ചെറുതും വലുതുമായ കലാപങ്ങൾ സൃഷ്ടിച്ച്‌ പ്രാദേശികമായും മേഖലയിലും വർഗീയധ്രുവീകരണം ശക്തമാക്കുകയാണ്‌  ആർഎസ്‌എസിന്റെ ലക്ഷ്യം. ഉത്തർപ്രദേശായിരുന്നു അതിന്റെ ഏറ്റവും നല്ല മാതൃക. യോഗിയുടെ ഹിന്ദു യുവവാഹിനി എന്ന സംഘടന കിഴക്കൻ ഉത്തർപ്രദേശിലെ മൗവിലും ഗോരഖ്‌പുരിലും ദിവസേനയെന്നൊണം വർഗീയകലാപം സൃഷ്ടിച്ചു. ലൗ ജിഹാദും പശുസംരക്ഷണവും ഘർവാപസിയും അവർ അതിനായി ഉപയോഗിച്ചു. ഇപ്പോൾ കശ്‌മീരും മുത്തലാഖും പൗരത്വവും ഉപയോഗിക്കുന്നു. ദിനംപ്രതി വർഗീയ ധ്രുവീകരണം ശക്തമാക്കുക അതോടൊപ്പം ഹിന്ദുരാഷ്ട്ര അജൻഡയെ എതിർക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുക. അതാണ്‌ ഡൽഹിയിലും കണ്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top