16 January Saturday

കലാപത്തിന്റെ ബാക്കിപത്രം - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Friday Mar 20, 2020


വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയാക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ട കാലത്ത്‌ ഉയർന്ന ചോദ്യങ്ങളുടെ മറുപടിയാണ്‌ കലാപത്തിന്റെ അനന്തരഫലങ്ങൾ നൽകുന്നത്‌. ഇതുവരെ കൊല്ലപ്പെട്ട 53 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്, 500ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. വീടുകൾക്കും കടകൾക്കും സ്കൂളുകൾക്കുനേരെപോലും വൻതോതിലുള്ള തീവയ്‌പുകളുണ്ടായി.

കലാപാനന്തര സാഹചര്യങ്ങളെ സർക്കാർ നേരിട്ട രീതി വ്യക്തമാക്കുന്നത്, ഡൽഹിയിൽ നടന്നത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് എന്നാണ്. അതാകട്ടെ, വർഗീയാക്രമണങ്ങൾ ഊതിപ്പെരുപ്പിച്ചുകൊണ്ട് വളർന്നുകൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രതിഷേധങ്ങളെ തകർക്കാനും അതിനെ ഹിന്ദു–-മുസ്ലിം സംഘട്ടനമാക്കി വഴിതിരിച്ചുവിടാനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണ്.


 

കലാപകാലത്ത് ഡൽഹി പൊലീസ് അക്രമകാരികളായ ഹിന്ദു ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് മുസ്ലിങ്ങളെ ഉന്നംവയ്‌ക്കുകയായിരുന്നു. അതേരീതി തന്നെയാണ് കൊള്ളയും കൊലയും തീവയ്‌പുമടക്കമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിലും തുടരുന്നത്. പാർലമെന്റ്‌ സമ്മേളനം ഈ മാസം രണ്ടിന് പുനരാരംഭിച്ചു. പക്ഷേ, കലാപത്തെക്കുറിച്ചോ ഡൽഹിയിലെ സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകൾക്ക് ഇരുസഭയിലും സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഡൽഹിയിൽത്തന്നെ ഒരു മുഴുവാര യോഗം ചേരുന്നതിനിടയ്‌ക്ക്  തലസ്ഥാനത്തെ ഗുരുതരമായ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനോ ഇനിയെന്ത് വേണമെന്ന് ചർച്ച ചെയ്യുന്നതിനോ പാർലമെന്റ്‌ തയ്യാറായില്ല. സർക്കാർ പ്രഖ്യാപിച്ചത് ഹോളിക്കുശേഷം മാത്രമേ ചർച്ചകൾ നടത്തൂ എന്നാണ്. മോഡി സർക്കാർ മുസ്ലിങ്ങൾക്ക് നൽകിയ സന്ദേശം വളരെ വ്യക്തമാണ്.- നിങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായതുകൊണ്ട് നിങ്ങളെ ഒരു പാഠം പഠിപ്പിക്കുകതന്നെ ചെയ്യും. നിങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിലൊന്നും ഇനി നീതി ലഭിക്കാൻ പോകുന്നില്ല എന്നുതന്നെ.

ഒടുവിൽ ഈ മാസം 11ന് ലോക്‌സഭ വിഷയം ചർച്ച ചെയ്തപ്പോഴാകട്ടെ, ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് അക്രമങ്ങൾക്കുപിന്നിൽ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരാണ് അതിന് കാരണക്കാർ എന്നുമാണ്. സർക്കാരിനാണെങ്കിൽ, ഡൽഹി ആക്രമണങ്ങളുടെ കാര്യത്തിൽ തങ്ങൾക്കുള്ള പങ്കും അതിന്റെ കുറ്റബോധവും വെളിപ്പെടുന്നത് എങ്ങനെയും തടയണം. നേരിട്ട് ആഭ്യന്തര വകുപ്പിനുകീഴിലുള്ള ഡൽഹി പൊലീസ് അപമാനകരമായ ഒരു മാതൃകയാണ് കാട്ടിയത്. ആക്രമണങ്ങളെ കർശനമായി നേരിടാനുള്ള ഒരു നിർദേശവും ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയതേയില്ല. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമാകുന്നത്, ഫെബ്രുവരി 24 മുതൽ  ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവരുടെ സ്വത്തിനും നേരെ എന്തതിക്രമവും കാട്ടാനുള്ള ലൈസൻസാണ് ഹിന്ദു ആൾക്കൂട്ടത്തിന് നൽകിയിരുന്നത് എന്നാണ്. അതിനുമുമ്പ്, ചില കേന്ദ്രങ്ങളിൽ മുസ്ലിങ്ങൾ തിരിച്ചടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അതേത്തുടർന്നുണ്ടായത്, പൊലീസ് സഹായത്തോടെ മുസ്ലിങ്ങൾക്കെതിരെ നടന്ന കൂട്ടക്കുരുതിയാണ്.


 

അക്രമികൾക്ക് പൊലീസ്‌ സഹായം
കലാപകാരികൾക്ക് കൂട്ടുനിൽക്കുകയും അവരെ സഹായിക്കുകയും  ചെയ്യുന്ന പൊലീസുകാരുടെ ദൃശ്യങ്ങളുള്ള ഒട്ടേറെ വീഡിയോകൾ ഉണ്ടെങ്കിലും, ഇതുവരെയും ഒരു പൊലീസുകാരന്റെ പേരിലും നടപടിയും കൈക്കൊണ്ടിട്ടില്ല. പരുക്കേറ്റ അഞ്ച്‌ മുസ്ലിം യുവാക്കളെ പൊലീസുകാർ പീഡിപ്പിക്കുന്നതിന്റെയും അതിനുശേഷം അവരെക്കൊണ്ട് ദേശീയഗാനം പാടിക്കുന്നതിന്റെയും ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ഒരു വീഡിയോയിൽ. അവരിൽ ഒരു ചെറുപ്പക്കാരനായ ഫൈസാൻ മരിക്കാറായിയെന്നുകണ്ടാണ് അയാളെ കസ്റ്റഡിയിൽനിന്ന് വിട്ടുകൊടുത്തത്. വീട്ടിലെത്തിയ ഫൈസാൻ മരിച്ചു. എന്നിട്ടും ഭേദ്യം ചെയ്തതിനോ കൊലക്കുറ്റത്തിനോ ഒരു കേസും എടുത്തില്ല എന്നു മാത്രമല്ല, അങ്ങനെയൊരാൾ കസ്റ്റഡിയിലേ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു പൊലീസുകാരന്‌ എതിരെയും ഒരു നടപടിയും കൈക്കൊള്ളാത്തതുകൊണ്ട്, അക്രമങ്ങൾക്ക് ഇരകളായവർക്ക് ആർക്കുംതന്നെ വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനായി നിയമിതമായ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഒട്ടും വിശ്വാസമില്ല. ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പുകാലത്ത് ബിജെപി നേതാക്കൾ നടത്തിയ വിഷലിപ്തമായ വിദ്വേഷ പ്രസംഗത്തിന്റെ  തുടർച്ചയായാണ് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഷഹീൻബാഗിലും ഡൽഹിയിലെ മറ്റ്‌ പ്രദേശങ്ങളിലുമുള്ള സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ നടന്ന തീപാറുന്ന വിദ്വേഷപ്രസംഗങ്ങളും അക്രമങ്ങൾക്കുള്ള ആഹ്വാനങ്ങളും തുടർന്നുകൊണ്ടിരുന്നപ്പോൾ പൊലീസ് ഒരു നടപടിയും എടുക്കാതെ നോക്കിനിൽക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ബിജെപി, ഹിന്ദുത്വ ശക്തികൾ വർഗീയ സംഘട്ടനങ്ങൾ നടത്താനായി ആൾക്കൂട്ടങ്ങളെ കെട്ടഴിച്ചു വിടുകയായിരുന്നു. മർമപ്രധാന കേന്ദ്രങ്ങളിൽ വൻതോതിൽ സംഭരിക്കപ്പെട്ടിരുന്ന കല്ലുകളും ഇഷ്ടികകളും തോക്ക് ധാരികളായ സാമൂഹ്യവിരുദ്ധരുടെ അണിചേരലും തെളിയിച്ചത് ഇത് ഒരു ആസൂത്രിതമായ ആക്രമണമാണ് എന്നാണ്. വിദൂരങ്ങളിൽനിന്നാണ് ആൾക്കൂട്ടത്തെ ഇറക്കുമതി ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട എട്ട്‌ ബിജെപി എംഎൽഎമാരിൽ അഞ്ചുപേരും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ് എന്നത് വെറും യാദൃച്ഛികതയല്ല.


 

അറസ്‌റ്റിലായവരിൽ ഇരകളും
ആസൂത്രിതമായ ആക്രമണങ്ങളുടെ ഈ കരകൗശലമാണ് അനന്തരഫലങ്ങളിൽ മറച്ചുവയ്‌ക്കപ്പെടുന്നത്. വിദ്വേഷ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തിയ ബിജെപി നേതാക്കന്മാർക്കെതിരെ നടപടികളെടുക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ഡൽഹി പൊലീസ് കൈക്കൊള്ളുന്നത്. അത്തരം പ്രസംഗങ്ങളിൽ ഒടുക്കത്തെതാണ് കപിൽ മിശ്രയുടെത്. പ്രക്ഷോഭകാരികളെ മുഴുവൻ തൂത്തെറിയണമെന്ന് അയാൾ ആക്രോശിച്ചപ്പോൾ പൊലീസ് ഡെപ്യൂട്ടി കമീഷണർ നോക്കിനിൽക്കുകയായിരുന്നു. വഞ്ചകരെ വെടിവച്ചു കൊല്ലണം എന്നുപറഞ്ഞത് ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ലെന്നും അതുകൊണ്ടുതന്നെ അത് വിദ്വേഷ പ്രസംഗമല്ലെന്നും ഡൽഹി പൊലീസ് രേഖാമൂലം കോടതിയിൽ പ്രസ്താവിക്കുകയുണ്ടായി.

അമിത് ഷാ ലോക്സഭയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞത് പൊലീസ് ഇതുവരെ 700 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2647 പേർ അറസ്റ്റിലായിട്ടുണ്ടെന്നുമാണ്. പക്ഷേ, അറസ്റ്റിലായവരുടെ വിശദവിവരങ്ങൾ അറിയില്ല. ക്രിമിനൽ നടപടിക്രമത്തിന്റെ  41 സി വകുപ്പ് പറയുന്നത് അറസ്റ്റിലായവരുടെ പട്ടിക അതത് പൊലീസ് സ്റ്റേഷനുകളിലും മുഴുപ്പട്ടിക സ്റ്റേറ്റ് കൺട്രോൾ റൂമുകളിലും പ്രസിദ്ധപ്പെടുത്തണം എന്നാണ്. പക്ഷേ, ഇത് നടപ്പാക്കിയിട്ടില്ല. കൊല്ലപ്പെട്ടവരിൽ 70 ശതമാനവും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരായിട്ടും, എഫ്ഐആർ ഇട്ട കേസുകളിൽ മിക്കതിലും മുസ്ലിങ്ങളാണ് അറസ്റ്റിലായത്. അക്രമകാലത്തെ സംഭവവികാസങ്ങൾ കാണിക്കുന്നത്, ഉന്നത ജുഡീഷ്യറിയെ തടസ്സപ്പെടുത്തുന്നതിനും അനങ്ങാതാക്കുന്നതിനും വേണ്ടി ഇടപെടലുണ്ടാകുന്നു എന്നാണ്. കലാപത്തിൽ പരിക്കേറ്റവർക്കുവേണ്ട സഹായങ്ങൾ എത്തിക്കാനായി നിർണായക നടപടികൾ കൈക്കൊണ്ട ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ പൊടുന്നനെ സ്ഥലം മാറ്റി. വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിൽ അദ്ദേഹം കൈക്കൊണ്ട നടപടികൾ ജുഡീഷ്യൽ പ്രക്രിയയെത്തന്നെ വൈകിപ്പിച്ചുകൊണ്ട് അനന്തമായി നീട്ടിവയ്‌ക്കുകയായിരുന്നു. പൗരന്മാരുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിർണായക ഇടപെടൽ നടത്തുന്നതിനുപകരം എക്സിക്യൂട്ടീവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്ന സ്വഭാവം സുപ്രീംകോടതി ഒരിക്കൽക്കൂടി പ്രകടിപ്പിച്ചിരിക്കുകയാണ്.

അക്രമങ്ങളെ നേരിടുന്ന കാര്യത്തിൽ എഎപി സർക്കാർ ചുമതലകൾ നിറവേറ്റിയില്ല എന്ന് കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല. കാരണം ക്രമസമാധാനപാലനം അവരുടെ  കീഴിലല്ല. അരവിന്ദ് കെജ്‌രിവാളിന്റെ പരാജയം മറ്റൊരിടത്താണ്. -വർഗീയവിദ്വേഷ പ്രചാരകർക്കെതിരെ ശക്തമായി നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയനേതൃത്വം നൽകുന്ന കാര്യത്തിൽ മടിച്ചുനിന്നു. ഡൽഹി ആക്രമണം പുതിയ ഇന്ത്യയുടെ യഥാർഥ മുഖം തുറന്നുകാട്ടുകയാണ്.- വർഗീയവൽക്കരിക്കപ്പെട്ട പൊലീസ്, വഴങ്ങിക്കൊടുക്കുന്ന സ്ഥാപനങ്ങൾ, എക്സിക്യൂട്ടീവിന്റെ നഗ്നമായ മുസ്ലിം വിരോധം. ഇത്തരമൊരു സാഹചര്യത്തിൽ, പ്രഥമപരിശ്രമം വർഗീയാക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരിക എന്നതാകണം. അതിന്‌, കോടതി നേരിട്ട്‌ നിരീക്ഷണത്തിലുള്ള ഒരന്വേഷണം നടന്നേ പറ്റൂ. ഒരു ജുഡീഷ്യൽ അന്വേഷണമെന്നത് നിഷ്പ്രയോജകമാണ്, കാലവിളംബമുണ്ടാക്കുന്നതാണ്, നിർവഹണാധികാരം ഒട്ടുമില്ലാത്തതാണ്. കോടതി നേരിട്ട് നടത്തുന്ന അന്വേഷണം, സുതാര്യമായി നടന്നാൽ, നമ്മുടെ നീതി നിർവഹണ സംവിധാനത്തിന് അതിന്റെ വിശ്വാസ്യത കുറച്ചൊക്കെ തിരിച്ചുപിടിക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top