23 September Wednesday

ഡല്‍ഹികലാപവും വസ്തുതാന്വേഷണ റിപ്പോര്‍ട്ടും - ഡോ. ഷിജൂഖാൻ എഴുതുന്നു

ഡോ. ഷിജൂഖാൻUpdated: Friday Aug 14, 2020

ആധുനിക ഡൽഹിയുടെ രാഷ്ട്രീയപരിണാമവും സാംസ്കാരിക വ്യവഹാരവും ഉൾച്ചേർന്ന കൃതിയാണ് എം മുകുന്ദന്റെ ഡൽഹി ഗാഥകൾ. അടിയന്തരാവസ്ഥയും സിഖ് വംശഹത്യയും മുസ്ലിം വിരുദ്ധതയും എങ്ങനെയാണ് ഒരു നഗരത്തെ സ്വാധീനിച്ചതെന്ന് വിവരിക്കുന്നു. ‘ഡൽഹി കബർസ്ഥാനുകളുടെ നഗരമാണ്. ആയിരക്കണക്കിന്  കബറുകൾ പൊട്ടിയും തകർന്നും നഗരത്തിലുടനീളം ചിതറിക്കിടപ്പുണ്ട്. കാലപ്പഴക്കം കാരണം അതിന്റെയൊക്കെ കല്ലുകൾക്ക് അർബുദം ബാധിച്ചിരിക്കുന്നു. നിർജ്ജീവമായ കബറുകളുടെ മാത്രമല്ല ചോരയുണങ്ങിയിട്ടില്ലാത്ത മൃതദേഹങ്ങളുടെയും നഗരമാണ് ഇപ്പോൾ ഡൽഹി.’ 1984 ലെ സിഖ് കൂട്ടക്കുരുതിയുടെ നാളുകളെ കണ്മുന്നിലെത്തിക്കുന്ന വരികളാണിത്. ആ സംഭവത്തിന് ശേഷം  ഡൽഹി കണ്ട ഏറ്റവും വലിയ വംശീയ അതിക്രമമാണ് 2020 ഫെബ്രുവരിയിൽ അരങ്ങേറിയത്. രണ്ട് കൂട്ടക്കൊലകൾക്കും പിന്നിൽ കേന്ദ്രഭരണകക്ഷി നേതാക്കളുടെ ഗൂഢാലോചന വ്യക്തമാണ്. അന്ന് രാജ്യം ഭരിച്ചത് കോൺഗ്രസും ഇന്ന് ബിജെപിയും. ഫെബ്രുവരിയിലെ ന്യൂനപക്ഷ വിരുദ്ധകലാപത്തിൽ അമ്പത്തിമൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. ആയിരങ്ങൾ വീടുപേക്ഷിച്ചു. വാണിജ്യ സ്ഥാപനങ്ങളും വീടുകളും  തകർക്കപ്പെട്ടു. ആരാധനാലയങ്ങൾ നശിപ്പിച്ചു. കോടികളുടെ നഷ്ടമുണ്ടായി.  ഇരു മതവിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷമല്ല; ആസൂത്രിതവും ഏകപക്ഷീയവുമായ സംഘപരിവാർ വേട്ടയാണ്. സംഭവത്തെ സംബന്ധിച്ച്, ഡൽഹി ന്യൂനപക്ഷ കമീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് ജൂലൈ 16 ന് പുറത്തുവന്നു. രാജ്യം ഗൗരവപൂർവം ഇത് ചർച്ച ചെയ്യേണ്ടതുണ്ട്.

ഡൽഹിയിൽ സംഭവിച്ചത്
മതനിരപേക്ഷ ഭരണഘടനയെയും പൗരത്വത്തെയും സംരക്ഷിക്കാനാണ് 2019–-20 കാലയളവിൽ രാജ്യത്ത് വലിയ സമരങ്ങളുയർന്നത്. പൗരത്വഭേദഗതി നിയമം അംഗീകരിച്ചതോടെ മത വിവേചനം യാഥാർഥ്യമായി. മുസ്ലിം വിഭാഗത്തിൽപ്പെട്ട അഭയാർഥികൾ, ഭരണകൂടം സംശയിക്കുന്ന മുസ്ലീങ്ങൾ, ഇന്ത്യയിലേക്ക്‌ കുടിയേറിയ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്നുള്ളവർ തുടങ്ങിയവരൊക്കെയും ബഹിഷ്കൃതരാകുമെന്ന സ്ഥിതി വന്നു. ഇടതുപക്ഷ മതനിരപേക്ഷ പാർടികൾ, മതനിരപേക്ഷ സംഘടനകളും വ്യക്തികളും, ശക്തമായി പ്രതിഷേധിച്ചു. നിയമത്തിനെതിരെ കേരള നിയമസഭ ആദ്യം പ്രമേയം പാസാക്കി. ഡൽഹിയിലെ ജെ എൻ യു, ജാമിയ മിലിയ എന്നിവിടങ്ങളിൽ ശക്തമായ വിദ്യാർഥി സമരം ഉയർന്നു. അതിനെയെല്ലാം പൊലീസ് ഭീകരമായാണ് നേരിട്ടത്. വിദ്യാർഥികൾ പിന്മാറിയില്ല. ശഹീൻ ബാഗിൽ സമരം ശക്തിപ്പെട്ടു.


 

ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിലെ ജഫ്രാബാദിൽ സ്ത്രീകൾ ഒത്തുകൂടി റോഡ് ഉപരോധിച്ചു. സമാധാനപരമായ സമരമായിരുന്നു. എന്നാൽ ബിജെപി നേതാവ് കപിൽ മിശ്രയും സംഘവും അതിനടുത്തായി മൗജ്പുരിൽ സംഘടിച്ച് പ്രകോപനം സൃഷ്ടിച്ചു. ഡൽഹി സന്ദർശിക്കുന്ന അമേരിക്കൽ പ്രസിഡന്റ് പോകുംവരെ തങ്ങൾ സംയമനം പാലിക്കുമെന്നും അത് കഴിഞ്ഞ് ആക്രമണം നടത്തുമെന്നും പറഞ്ഞു. റോഡിൽനിന്ന് പോയില്ലെങ്കിൽ സി എ എ പ്രതിഷേധക്കാരെ  തുരത്തുമെന്നും പൊലീസ് പറയുന്നത് തങ്ങൾ അനുസരിക്കില്ലെന്നും  പ്രസംഗിച്ചു. ഇതിന് സാക്ഷിയായി ഡിസിപി പ്രകാശ് സൂര്യയും പൊലീസുകാരും നിലയുറപ്പിച്ചു. പ്രകോപനപരമായ പ്രസംഗത്തിനെതിരെ  ഒരു നടപടിയുമെടുത്തില്ല.  പൗരത്വസമരം നടത്തിയ സ്ത്രീകൾക്ക് നേരെ കല്ലേറ് ആരംഭിച്ചു. വൈകാതെ തന്നെ ട്രാക്‌ടർ, ലോറികൾ എന്നിവയിൽ കല്ലും ആയുധങ്ങളും എത്തിച്ചു. തുടർന്നുള്ള മൂന്ന് ദിവസം ആക്രമണം വ്യാപിച്ചു.

ജയ് ശ്രീറാം വിളികൾ കൊലവിളികളായി മുഴങ്ങിക്കേട്ടു.  നിരവധി മസ്ജിദുകളും മദ്രസകളും സ്കൂളുകളും നശിപ്പിച്ചു. വീടുകൾ കൊള്ളയടിച്ചു. ഹിന്ദു മതസ്ഥരുടെ ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തിരിച്ചറിയാൻ അവിടെ കാവിക്കൊടി കെട്ടണമെന്ന് നിർദേശിച്ചു. അതിലൂടെ മുസ്ലിങ്ങളുടെ സ്ഥാപനങ്ങൾ തിരിച്ചറിയാനും സായുധാക്രമണം നടത്താനും കഴിഞ്ഞു. (സിഖ് വിരുദ്ധ കലാപത്തിലും ഇത്തരം അടയാളപ്പെടുത്തലുകൾ നടന്നിട്ടുണ്ട്). 


 

വംശഹത്യയിലേക്ക്‌
വടക്ക് കിഴക്കൻ ഡൽഹി കലാപ കലുഷിതമായി നിരവധി പേർ വെടിയേറ്റ് മരിച്ചു.  മൂർച്ചയേറിയ ആയുധങ്ങൾ പ്രയോഗിച്ചു. ഗുരുതര പരിക്കേറ്റവരെക്കൊണ്ട്‌ റോഡുകൾ നിറഞ്ഞു. ഓരോ മരണവാർത്തയും ഹൃദയഭേദകമായിരുന്നു. മലിന ജലത്തിൽ നിന്നും ഉയർന്നുവന്ന  അനേകം മൃതദേഹങ്ങൾ സിഖ് വംശഹത്യയെ ഓർമിപ്പിച്ചു. തിരിച്ചറിയപ്പെടാത്ത ശവശരീരങ്ങൾ ഡൽഹിയെ നടുക്കി. നിരവധി പേരെ കാണാതായി.  ഐ ബി ജീവനക്കാരൻ അങ്കിത് ശർമയും ഗോകുൽ പുരിയിലെ ഹെഡ്കോൺസ്റ്റബിൾ രന്തൻലാലും കൊല്ലപ്പെട്ടു.

ജെ കെ 24  ചാനൽ റിപ്പോർട്ടർ ആകാശ് നാപ്പയ്ക്ക് വെടിയേറ്റു. എൻ ഡി ടിവിയിലെ അരവിന്ദ് ഗുണശേഖറിനെ ഭീകരമായി മർദിച്ചു. സൗരഭ് ശുക്ല എന്ന മാധ്യമ പ്രവർത്തകൻ മർദനത്തിൽ നിന്ന് രക്ഷപ്പെട്ടത് രുദ്രാക്ഷം കാണിച്ചതുകൊണ്ടും ശുക്ല എന്ന പേരിൽ നിന്ന് ബ്രാഹ്മണനാണെന്ന്  ‘തിരിച്ചറിയ’പ്പെട്ടതുകൊണ്ടുമാണ്. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ ആനിന്ത്യാ ചതോപാധ്യായയുടെ മതം കണ്ടെത്താൻ വസ്ത്രം അഴിച്ചുള്ള പരിശോധനയ്ക്ക് തുനിഞ്ഞു. ‘ഹിന്ദു നാമധാ’രികൾ ആയതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയവർ, രാജ്യത്തിന്റെ ഈ അവസ്ഥയെ ഓർത്ത് ലജ്ജിച്ചു. മലയാളി മാധ്യമ പ്രവർത്തകരും വേട്ടയാടപ്പെട്ടു.

വസ്തുതാന്വേഷണ റിപ്പോർട്ട്
ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന നിയമസഭാ ആക്ടിലൂടെ സ്ഥാപിതമായ സംവിധാനമാണ് ഡൽഹി ന്യൂനപക്ഷ കമീഷൻ. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളുടെ പരിരക്ഷയാണ് കമീഷന്റെ ദൗത്യം. ഡൽഹി സംഭവത്തെപ്പറ്റി പരിശോധിക്കാൻ  നിയോഗിച്ച വസ്തുതാന്വേഷണ സമിതിയിൽ, സുപ്രീം കോടതി അഭിഭാഷകൻ എം ആർ ഷംഷാദ്, പൊതുപ്രവർത്തകൻ ഗുർ മിന്ദർ സിങ്‌ മത്താരു, സാമൂഹ്യ പ്രവർത്തക തൻവീർ കാസി,  അദിതി ദത്ത, പ്രൊഫ. ഹസീന ഹാഷിയ, അഡ്വ.തെഹ് മിന അറോറ, സലിം ബെയ്ഗ്, അബൂബക്കർ സബ്ബാക്ക്, ദേവിക പ്രസാദ് തുടങ്ങിയ പലരും അംഗങ്ങളായിരുന്നു. അതിക്രമത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഡൽഹി സർക്കാരിന് സമർപ്പിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്, പൗരത്വസമരം എന്നിവയുടെ പശ്ചാത്തലം റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

സമരത്തിൽ പങ്കെടുത്തവർക്കെതിരെ ജനങ്ങളെ ഇളക്കിവിടാനും ദേശവിരുദ്ധരായി മുദ്രകുത്താനും പ്രചാരണം നടന്നതായി റിപ്പോർട്ടിൽ ഉണ്ട്. ഡൽഹി കലാപം പെട്ടെന്നുണ്ടായതാണെന്ന വാദത്തെ റിപ്പോർട്ട്  തള്ളിക്കളയുന്നു. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിധ്യവും അവർ സൂക്ഷിച്ച ആയുധങ്ങളും അതിന് തെളിവാണ്. പൊലീസ് അവരെ പ്രതിരോധിച്ചതുമില്ല.


 

ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഡൽഹി സർക്കാർ വീഴ്ച വരുത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.  ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്ന് പോലും ന്യൂനപക്ഷങ്ങൾ ഒഴിഞ്ഞുപോകേണ്ടി വന്നു.  കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് വസ്തുതാന്വേഷണ സമിതിയോട് സഹകരിച്ചില്ല എന്ന വിമർശനവും ന്യൂനപക്ഷ കമീഷൻ രേഖപ്പെടുത്തി. സംഭവത്തിലെ പ്രതികളുടെയും തടവിലാക്കപ്പെട്ടവരുടെയും വിവരങ്ങൾ എഫ് ഐ ആർ പകർപ്പുകൾ എന്നിവ  പൊലീസ് ലഭ്യമാക്കിയിട്ടില്ല.

കലാപത്തിന്റെ നാളുകളിൽ ഉയർന്നുവന്ന മതനിരപേക്ഷതയുടെ മാതൃകകൾ വിസ്മരിക്കാനാകില്ല.  ദളിത് വിഭാഗത്തിൽപ്പെട്ടവർ അധിവസിക്കുന്ന  നിരവധി പ്രദേശങ്ങളിൽ മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ലഭിച്ചു. ആയുധധാരികളായ ആർ എസ് എസ് പ്രവർത്തകരിൽനിന്നും മുസ്ലിങ്ങൾക്ക് സംരക്ഷണം ഒരുക്കിയ ദളിതരും അവരുടെ കോളനികളും മതനിരപേക്ഷ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളാണ്. ഭയവും നിരാശയും ജീവിതത്തെ മുന്നോട്ട് നയിക്കുകയില്ല.  മതരാഷ്ട്രത്തിലേക്കുള്ള ശിലാന്യാസം കണ്ട് നിശബ്ദരാവാൻ നാം മരിച്ച ജനതയുമല്ല!


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top