06 June Saturday

ഈ റാലി ചരിത്രമാകും

ഡോ. കെ ഹേമലതUpdated: Wednesday Sep 5, 2018


സെപ‌്തംബർ അഞ്ചിന്റെ മസ‌്ദൂർ കിസാൻ സംഘർഷ‌് റാലിക്കുള്ള തയ്യാറെടുപ്പുകൾ രാജ്യത്താകെ ഊർജിതമാണ‌്. തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും തോളോട‌് തോൾ ചേർന്ന‌് തങ്ങളുടെ ആവശ്യങ്ങളുയർത്തി രാജ്യതലസ്ഥാനത്ത‌് നടത്തുന്ന റാലി ചരിത്രത്തിൽ ഇടംനേടും.

നവലിബറൽ നയം ശക്തിപ്പെടുത്തുന്നതുവഴി തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതിനെതിരെയുള്ള പോരാട്ടത്തിൽ നഗരഗ്രാമങ്ങളിലുള്ള അധ്വാനിക്കുന്ന ജനങ്ങൾ ഒന്നിച്ചുചേരുന്നു എന്നത‌് ഇന്ത്യൻ ജനതയെയാകെ ആവേശഭരിതരാക്കുന്നുണ്ട‌്. സെപ‌്തംബർ അഞ്ചിന്റെ റാലി തൊഴിലാളിവർഗവും കർഷക ജനസാമാന്യവും തമ്മിലുള്ള ശക്തമായ സഖ്യത്തിന‌് വഴിയൊരുക്കും. അതുവഴി, നവലിബറൽ നയങ്ങളെ ചെറുക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താനുമാകും. ഇത്തരം സംയുക്ത പ്രക്ഷോഭത്തിനുമാത്രമേ ആർഎസ‌്എസ‌് നയിക്കുന്ന ബിജെപി സർക്കാരിന്റെ വിഭാഗീയത വളർത്തുന്ന അജൻഡയെ ചെറുത്തുതോൽപ്പിക്കാനാകൂ. 2019ൽ ബിജെപി അധികാരത്തിൽ തിരിച്ചുവരില്ലെന്ന‌് ഉറപ്പാക്കാൻ ഇത്തരം സമരങ്ങൾ ശക്തമാകണം.

സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ (ഇകഠഡ, അകഗട, അകഅണഡ) സംഘടനകൾ റാലിയുടെ പ്രചാരണത്തിനും ഒരുക്കത്തിനുമായി രാജ്യമെമ്പാടും മികച്ച തയ്യാറെടുപ്പാണ‌് നടത്തിയത‌്. സിഐടിയു നേതൃത്വത്തിൽ റാലിയുടെ പ്രചാരണാർഥം ഒരു കോടിയിലേറെ നോട്ടീസ‌്, അത്രയും ലഘുലേഖകൾ, ലഘുപുസ‌്തകങ്ങൾ എന്നിവ രാജ്യത്താകെ, വിവിധ മേഖലകളിലെ തൊഴിലാളികൾക്ക‌ിടയിൽ വിതരണംചെയ‌്തു. ലക്ഷക്കണക്കിനു പോസ്റ്ററാണ‌് രാജ്യത്താകെ ഒട്ടിച്ചത‌്. ആയിരക്കണക്കിന‌ു ബാനറും ബോർഡും വഴി, റാലിയിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട‌്.

സാമൂഹ്യമാധ്യമങ്ങളിലൂടെയും നല്ലനിലയിൽ പ്രചാരണം നടത്തി. പദ്ധതി തൊഴിലാളികൾ, കൺസ‌്ട്രക‌്ഷൻ തൊഴിലാളികൾ, തൊഴിലുറപ്പ‌് തൊഴിലാളികൾ, വിവിധ മേഖലകളിൽനിന്നുള്ള ജീവനക്കാർ, ടെലികോം‐സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, കേന്ദ്ര സർക്കാർ ജീവനക്കാർ, ബാങ്ക‌്‐ഇൻഷുറൻസ‌് ജീവനക്കാർ എന്നിവർ റാലിയിൽ അണിനിരക്കും. ടെലികോം ജീവനക്കാരും ഇൻഷുറൻസ‌് ജീവനക്കാരും ഡൽഹിയിൽ വിവിധ കേന്ദ്രങ്ങളിൽ ഒത്തുചേർന്ന‌് പാർലമെന്റ‌് സ‌്ട്രീറ്റിലേക്ക‌് പ്രത്യേകം മാർച്ച‌് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട‌്.

സിഐടിയു ഡൽഹി സംസ്ഥാന കമ്മിറ്റി റാലിക്ക‌ുവേണ്ടിയുള്ള ഊർജിത പ്രവർത്തനമാണ‌് നടത്തുന്നത‌്. മറ്റു ബഹുജനസംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഡൽഹി സംസ്ഥാന കമ്മിറ്റി ലക്ഷക്കണക്കിനു തൊഴിലാളികളെയും കർഷകരെയും സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ‌്. അതിനു പുറമെ, വ്യവസായ കേന്ദ്രങ്ങളിലും റസിഡൻഷ്യൽ യോഗങ്ങളിലും തെരുവു നാടകങ്ങളും കോർണർ യോഗങ്ങളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ‌്.

രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ‌്ധനായ പ്രൊഫ. പ്രഭാത‌് പാട‌്നായിക‌് ചെയർമാനായി അനേകം ബുദ്ധിജീവികളും പുരോഗമന ചിന്തകരും സഹോദര സംഘടനാ നേതാക്കളും ട്രേഡ‌് യൂണിയൻ കിസാൻ‐ കർഷകത്തൊഴിലാളി നേതാക്കളടങ്ങുന്ന സ്വാഗതസംഘം ഒരുക്കങ്ങൾക്ക‌് മേൽനോട്ടം വഹിക്കുന്നു.

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതുകൊണ്ട‌് റാലിയിൽ പങ്കെടുക്കാൻ വരുന്നവർ ഡൽഹിയിൽ നേരത്തെ എത്തിച്ചേരണമെന്ന‌് അഭ്യർഥിച്ചിട്ടുണ്ട‌്. ഡൽഹി റെയിൽവേ സ‌്റ്റേഷന‌് അടുത്തുള്ള രാംലീലാ മൈതാനിയിലും സഹീബബാദ‌് റെയിൽവേ സ‌്റ്റേഷനടുത്തുമായി രണ്ട‌് ക്യാമ്പ‌് തയ്യാറാക്കിയിട്ടുണ്ട‌്. തിങ്കളാഴ‌്ച രാവിലെമുതൽ ഡൽഹിയിൽ എത്തിച്ചേരുന്ന സഖാക്കളെ ക്യാമ്പുകളിൽ സ്വീകരിച്ചുതുടങ്ങി. ഞായറാഴ‌്ചതന്നെ വിവിധ മേഖലകളിൽനിന്നുള്ള ആയിരക്കണക്കിനു തൊഴിലാളികൾ ഡൽഹിയിൽ എത്തി.

പ്രധാന പ്രകടനം ഡൽഹി റെയിൽവേ സ‌്റ്റേഷനടുത്തുള്ള രാംലീലാ മൈതാനിയിൽനിന്ന‌് പാർലമെന്റ‌് സ‌്ട്രീറ്റിലേക്കാണ‌്. ഇതിനു പുറമെ ഏഴോ എട്ടോ ചെറിയ പ്രകടനം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന‌്, തികഞ്ഞ അച്ചടക്കത്തോടെ പൊതുജനങ്ങൾക്ക‌് ഒട്ടും അസൗകര്യം വരുത്താതെ പൊതുയോഗസ്ഥലത്തേക്ക‌് നീങ്ങും. ഡൽഹിയിലെ വിവിധ വ്യവസായകേന്ദ്രങ്ങളിൽനിന്ന‌് നൂറുകണക്കിനു തൊഴിലാളികൾ റാലിയുടെ ആവശ്യങ്ങൾ ഉയർത്തി സമരകേന്ദ്രത്തിലെത്തും. പാലക്കാട്ടുനിന്നുള്ള കർഷകസംഘം പ്രവർത്തകർ ഡൽഹിയിലേക്കുള്ള ദൂരമത്രയും മോട്ടോർ ബൈക്കിൽ സഞ്ചരിച്ചെത്താൻ തീരുമാനിച്ചിട്ടുണ്ട‌്. 

അങ്ങനെ സാധാരണ ജനങ്ങളുടെ ജീവൽ പ്രധാനമായ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ച‌് ഡൽഹി നഗരത്തിന‌് ഒരത്യപൂർവ കാഴ‌്ചയായിരിക്കും.

പ്രധാന ആവശ്യങ്ങൾ
1. വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക.
2.  മാന്യമായ തൊഴിൽസാഹചര്യം ഉറപ്പാക്കുക.
3. ചുരുങ്ങിയ വേതനം 18,000 രൂപയാക്കുക.
4 തൊഴിലാളിവിരുദ്ധ  തൊഴിൽ നിയമഭേദഗതികൾ ഉപേക്ഷിക്കുക.
5  കർഷകർക്ക‌് സ്വാമിനാഥൻ കമീഷൻ ശുപാർശകളനുസരിച്ചുള്ള ന്യായവില ഉറപ്പാക്കുക, ധാന്യസംഭരണം കൃത്യസമയത്ത‌് നടത്തുക.
6. ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക.
7. കർഷകത്തൊഴിലാളികൾക്കായി സമഗ്ര കേന്ദ്ര നിയമം പാസാക്കുക.
8. തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കുക, അത‌് പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക.
9. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം ഉറപ്പുവരുത്തുക.
10. സർവത്രികമായ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക.
11. കരാർ തൊഴിൽ അവസാനിപ്പിക്കുക, തുല്യജോലിക്ക‌് സ‌്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പാക്കുക.
12. ഭൂപരിഷ‌്കരണം നടപ്പാക്കുക.
13.ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക.
14. പ്രകൃതിദുരന്തങ്ങളിൽ ഇരകളായവർക്ക‌് ആശ്വാസവും പുനരധിവാസവും നൽകുക.
15. നവലിബറൽനയങ്ങൾ ഉപേക്ഷിക്കുക.

(സിഐടിയു പ്രസിഡന്റാണ‌് ലേഖിക) 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top