31 May Sunday

ബിജെപിക്കുള്ള മറുപടി

പ്രകാശ്‌ കാരാട്ട്‌Updated: Thursday Feb 13, 2020


ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടിക്കുണ്ടായ തകർപ്പൻ വിജയം ശ്രദ്ധേയമായ ഒരു പ്രകടനമാണ്. 2015ലെ അസംബ്ലി  തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ 70ൽ 67 സീറ്റും നേടിയ ആം ആദ്മി പാർടി ഇത്തവണ 62 സീറ്റ് സ്വന്തമാക്കി വിജയം ആവർത്തിച്ചിരിക്കുന്നു. 2015ൽ 54.3 ശതമാനം വോട്ടോടെ ജയിച്ച എഎപി ഇത്തവണ 53.6 ശതമാനം വോട്ട് നേടി അതിന്റെ  ബഹുജന പിന്തുണ തെളിയിച്ചിരിക്കുന്നു. കുറവ് ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നിരിക്കെ, ഈ ജനവിധിയിൽ പ്രകടമാകുന്നത് ആം ആദ്മി സർക്കാരിലും അതിന്റെ  പ്രവർത്തനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ്.

തടസ്സങ്ങളുണ്ടാക്കാനുള്ള കേന്ദ്രസർക്കാർ തന്ത്രങ്ങളെ അതിജീവിച്ച്‌, സ്കൂളുകൾ മെച്ചപ്പെടുത്തി, പൊതുജനാരോഗ്യ സംവിധാനങ്ങൾ മൊഹല്ല ക്ലിനിക്കുകൾവഴി വ്യാപകമാക്കി, സൗജന്യമായ വൈദ്യുതിയും ആരോഗ്യ സംവിധാനങ്ങളും നൽകി, മിനിമം കൂലി ഗണ്യമായി വർധിപ്പിച്ച്‌, സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര ഏർപ്പെടുത്തി, ഡൽഹിയിലെ ദരിദ്രരും തൊഴിലാളികളുമായ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുന്നതിൽ കെജ്‌രിവാൾ സർക്കാർ വിജയിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഈ സേവനങ്ങൾ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുമെന്ന എഎപി വാഗ്‌ദാനത്തിന് തൊഴിലാളികളും ഇടത്തരക്കാരും സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളുമായ വിവിധ വിഭാഗത്തിന്റെ പിന്തുണ നേടാൻ  കഴിഞ്ഞത്. എന്നാൽ, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് നേർവിപരീതമായി വർഗീയധ്രുവീകരണം ലക്ഷ്യംവച്ചുള്ളതായിരുന്നു. പൗരത്വ ബില്ലിനും ദേശീയപൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച്‌ മുസ്ലിം സ്ത്രീകൾ ധർണയിരുന്ന ഷഹീൻ ബാഗ് വിദ്വേഷ പ്രചാരണത്തിനുള്ള കേന്ദ്രബിന്ദുവാക്കി മാറ്റുകയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി. ഷഹീൻ ബാഗിനെ ഒരു "മിനി പാകിസ്ഥാനാ"നെന്ന നിലയ്‌ക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമാക്കി അവതരിപ്പിച്ചുകൊണ്ട് "വഞ്ചകരെ വെടിവച്ചിടാ"നുള്ള ആഹ്വാനങ്ങൾ ഉയർന്നു. ഈ വിഷലിപ്ത പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെയാണ് നേതൃത്വം കൊടുത്തത്. അതേത്തുടർന്ന് ജാമിയയിലെ വിദ്യാർഥികൾക്കും ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്കും എതിരെ മൂന്ന് വെടിവയ്‌പ്‌ നടന്നു. സീലംപുരിലും ഷഹീൻ ബാഗിലും ജാമിയയിലുമുള്ള പ്രതിഷേധങ്ങൾ യാദൃച്ഛികമല്ലെന്നും അതൊരു പരീക്ഷണമായിരുന്നെന്നും പ്രധാനമന്ത്രി മോഡി ഒരു റാലിയിൽ പ്രസ്താവിച്ചല്ലോ. ഇതൊക്കെ നടന്നത് മേലേനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് എന്ന കാര്യം അതോടെ വ്യക്തമായി. പ്രക്ഷോഭങ്ങൾക്കു പിന്നിൽ രാഷ്ടീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അദ്ദേഹം "രാജ്യത്തെ കഷണം കഷണമാക്കണമെന്ന് ആഗ്രഹിക്കുന്നവരെ രക്ഷിക്കുകയാണ് എഎപിയും കോൺഗ്രസും’ എന്ന് കുറ്റപ്പെടുത്തി.


 

 ഡസൻ കണക്കിനു കേന്ദ്രമന്ത്രിമാരെയും അഞ്ച് മുഖ്യമന്ത്രിമാരെയും 240ലേറെ പാർലമെന്റ്‌ അംഗങ്ങളെയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി നിയോഗിച്ചത്. അതിനും പുറമെ, വൻ തുകയാണ് വോട്ടർമാർക്ക് വിതരണം ചെയ്യാനായി നീക്കിവച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദൃശ്യമായതുപോലെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, പാർലമെന്റ്‌ അംഗം പർവേഷ് വെർമ തുടങ്ങിയ നേതാക്കൾ അഴിച്ചുവിട്ട വിദ്വേഷപ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെടുകയായിരുന്നു.

ഇത്തരം വിദ്വേഷ പ്രചാരണത്തെ നിരാകരിച്ച്, വർഗീയ പ്രചാരണത്തിന് ഇരകളായിത്തീരാൻ തങ്ങളില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് എഎപിക്ക് തകർപ്പൻ വിജയം സമ്മാനിച്ച ഡൽഹി ജനതയെ അഭിനന്ദിച്ചേ പറ്റൂ. അങ്ങനെയൊരു നിലപാടെടുക്കുകവഴി, മോഡിയെ പിന്തുണച്ചു പോന്ന ഒരു വിഭാഗത്തെക്കൂടി സർക്കാരിന്റെ പ്രകടനത്തെ മുൻനിർത്തി എഎപിക്ക് വോട്ട്‌ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും അത് അവസരമൊരുക്കി. 2019 മേയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏഴിൽ ഏഴു സീറ്റും ജയിച്ച്‌ 56.6 ശതമാനം വോട്ട്‌ നേടി. 70 അസംബ്ലി മണ്ഡലത്തിൽ 65ലും അവർക്ക് ഭൂരിപക്ഷമായിരുന്നു.

ഇത്തവണ ബിജെപിക്ക് കിട്ടിയത് വെറും 38.5 ശതമാനമാണ്. 18 ശതമാനത്തിന്റെ ഇടിവ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, 2015 അസംബ്ലി തെരഞ്ഞെടുപ്പിൽ 32.3 ശതമാനം കിട്ടിയ ബിജെപിയുടെ വോട്ട് ആറ്‌ ശതമാനത്തോളം ഉയർന്നു എന്നതാണ്. അതങ്ങനെ ഉയർന്നത് 2015ൽ 9.7 ശതമാനം കിട്ടിയ കോൺഗ്രസിന് ഇത്തവണ 4.3 ശതമാനംമാത്രം നേടാനായതുകൊണ്ടാണെന്ന്‌ തോന്നുന്നു. ബിജെപി-–-ആർഎസ്എസ്- ഹിന്ദുത്വശക്തികളോടുള്ള എതിർപ്പിന് ഡൽഹിയിലെ ഈ നിർണായകവിധി ഏറെ കരുത്ത് പകരും. ഹരിയാനയിൽ  ഭൂരിപക്ഷം നഷ്ടപ്പെട്ടതും മഹാരാഷ്ട്രയിൽ സഖ്യശക്തിയായ ശിവസേനയുമായി തെറ്റിപ്പിരിയേണ്ടി വന്നതുകൊണ്ട് സർക്കാർ ഉണ്ടാക്കാൻ കഴിയാതെ പോയതും, ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ തോറ്റുപോയതും  ഉണ്ടാക്കിയ തകർച്ചയ്‌ക്കുമേൽ ഡൽഹി വിധികൂടിയായപ്പോൾ ബിജെപിക്ക്‌ കനത്ത തിരിച്ചടിയായി. ഡൽഹിയിലെ പൗരന്മാരാകട്ടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്നവരാണ്. വിവിധ മതക്കാരും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്തമേഖലകളിൽനിന്ന് എത്തിച്ചേർന്നവരുമാണ്. അവർ നൽകിയ വിധി ഒരു പ്രഹരമാണ്. ഞങ്ങൾ ഇന്ത്യക്കാരെ, വിഭാഗീയമായ വർഗീയരാഷ്ട്രീയംകൊണ്ട് ശിഥിലീകരിക്കാനാകില്ല എന്ന പ്രഖ്യാപനമാണത്. മതനിരപേക്ഷത സംരക്ഷിക്കാനും ഹിന്ദുത്വ അമിതാധികാരത്തിനെതിരെ പോരാടാനുമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്ക് അത് ഏറെ കരുത്ത്‌ പകരും.


പ്രധാന വാർത്തകൾ
 Top