25 May Monday

സ്വാതന്ത്ര്യത്തിന്റെ ഉപ്പ്‌

പയ്യന്നൂർ കുഞ്ഞിരാമൻUpdated: Thursday Mar 12, 2020


ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ആവേശകരമായ അനുഭവമാണ് ഉപ്പുസത്യഗ്രഹം. രാഷ്ട്രീയസ്വാതന്ത്ര്യത്തിലേക്കും സാമൂഹ്യനീതിയിലേക്കും ജനതയെ നയിക്കാൻ ആ സമരത്തിന്‌ കഴിഞ്ഞു. കർമധീരനായ ഗാന്ധിജിയുടെ സത്യാന്വേഷണവഴിയിലെ തിളക്കമാർന്ന അധ്യായമാണത്. 1930 മാർച്ച് 12ന് രാവിലെയാണ് ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയടക്കം 79 പേർ പങ്കെടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഭടന്മാർ സത്യഗ്രഹജാഥയിൽ പങ്കെടുത്തു. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും അക്കൂട്ടത്തിലുണ്ടായിരുന്നു. പതിനാറുവയസ്സുള്ളവർതൊട്ട് 61 വയസ്സായ ഗാന്ധിജിവരെ ഒന്നിച്ചണിനിരന്ന മഹായാത്രയായിരുന്നു അത്.

സത്യഗ്രഹജാഥ ആരംഭിക്കുന്ന ദിവസം പ്രഭാതത്തിൽത്തന്നെ സമരഭടന്മാർ അണിനിരന്നു. അഹമ്മദാബാദ് പ്രദേശത്ത് ജീവനുള്ളവരെല്ലാം അവിടെ എത്തിച്ചേർന്നിരുന്നു. സ്വാതന്ത്ര്യം എന്ന മന്ത്രമാണ് എല്ലാ ചുണ്ടുകളിലും ഉയർന്നുകൊണ്ടിരുന്നത്. ഗാന്ധിജി എന്ന മെലിഞ്ഞ മനുഷ്യൻ കൈയിലൊരു വടിയുമായി പുറത്തിറങ്ങി. ഒരു ജേതാവിന്റെ വിജയയാത്ര അവിടെ തുടങ്ങുകയാണ്. പരിപാവനമായ ഒരു തീർഥയാത്രയായിരുന്നു അത്. ‘ഒന്നുകിൽ ഞാനെന്റെ ലക്ഷ്യം നേടി തിരിച്ചുവരും. പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവനചെയ്യും’–- ജയാരവങ്ങൾക്കിടയിൽ ഗാന്ധിജി പറഞ്ഞു. 

ഉപ്പുസത്യഗ്രഹം അപൂർവമായ ഒരു സമരമുറയായിരുന്നു. അതിലൂടെ സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചൈതന്യം അദ്ദേഹം ജനതയിൽ പകർന്നു. കളിമണ്ണിന് സമാനമായിരുന്ന മനുഷ്യരിൽ അദ്ദേഹം ജീവന്റെ തീപ്പൊരി ചിതറി നൽകി. കോടിക്കണക്കിന്‌ ഭാരതീയരെ ചൂഷണത്തിൽനിന്ന്‌ മോചിപ്പിക്കാനുള്ള യാത്രയായിരുന്നു അത്. ലോകചരിത്രത്തിൽ ഇങ്ങനെയൊരു സമരം മുമ്പുണ്ടായിട്ടില്ല. 1919ലാണ് ഇന്ത്യയിൽ ഉപ്പുനിയമം പാസാക്കിയത്. ബ്രിട്ടനിൽനിന്ന് തിരികെ എത്തുന്ന കപ്പലുകളിൽ കൊണ്ടുവന്ന ഉപ്പുചാക്കുകൾ വിറ്റഴിക്കപ്പെടാനുള്ള ഒരു തന്ത്രം ഈ നിയമത്തിന്റെ പിന്നിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജി ഉപ്പുസമരം തെരഞ്ഞെടുത്തത്. ജനങ്ങളെ ഒറ്റക്കെട്ടായി നിർത്താനും അവരുടെ ആത്മാഭിമാനം വളർത്താനും ഉതകുന്ന ഒരായുധം ഉപ്പാണെന്ന് അദ്ദേഹം മനസ്സിലാക്കി.

പാവപ്പെട്ടവർക്കും പണക്കാർക്കും ഒരുപോലെ ഉപ്പ് ആവശ്യമാണ്. ഇന്ത്യയിലെ സാധാരണക്കാർ കാലാകാലമായി കടൽവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കിവന്നവരാണ്. അവരുടെ അവകാശമാണ് ബ്രിട്ടീഷ്സർക്കാർ നിഷേധിച്ചത്. അതുകൊണ്ടുതന്നെ ഉപ്പിന്റെ കഥ സ്വാതന്ത്ര്യത്തിന്റെ കഥകൂടിയാകുന്നു. ഗാന്ധിജി എന്നും ശ്രദ്ധിച്ചത് പട്ടിണിപ്പാവങ്ങളെക്കുറിച്ചാണ്. അവരുടെ കഷ്ടപ്പാടുകൾ ഇല്ലാതാകണം. അവരുടെ പുരോഗതിയാണ് രാഷ്ട്രത്തിന്റെ പുരോഗതി എന്നദ്ദേഹം വിശ്വസിച്ചു. മറ്റുള്ളവർ ഒന്നും സങ്കല്പിക്കാനാകാത്ത പ്രാധാന്യമാണ് ഗാന്ധിജി ഉപ്പിൽ ദർശിച്ചത്.


 

സത്യമല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് ബോധ്യപ്പെടുത്തിയ ഗാന്ധിജി അതിന് ഒരു സമരരൂപകം നൽകുകയായിരുന്നു. അടിമത്തത്തിലാണ്ട ഇന്ത്യൻ മനസ്സിനെ തെളിയിച്ചെടുത്ത യാത്രയായിരുന്നു അത്. തങ്ങൾ സ്വതന്ത്രരാവുകയാണെന്ന ചിന്ത ജനങ്ങളിലുണ്ടായി. ഉപ്പു സത്യഗ്രഹത്തിന്‌ ലഭിച്ച സ്വീകാര്യതയാണ്‌ ലക്ഷക്കണക്കിന്‌ സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത്‌.

 


പ്രധാന വാർത്തകൾ
 Top