08 December Wednesday

അണക്കെട്ടുകളിലെ ജലനിയന്ത്രണം - ഡോ. എസ് അഭിലാഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

ലോകത്തിന്റെ പല കോണിലും വളരെക്കാലം മുമ്പുമുതൽ ദൃശ്യമായിരുന്നു അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിൽ അനുഭവപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. താപനിലയിലെ ഓരോ ഒരു ഡിഗ്രി വർധനയ്‌ക്കും അന്തരീക്ഷത്തിലെ ജലലഭ്യത ഏഴുശതമാനം വർധിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു, ഇത് കനത്ത മഴയ്ക്കും മഴവെള്ളം വേഗത്തിൽ ഒഴുകി നഷ്ടപ്പെടുന്നതിനും ഇടയാക്കും.

അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നു. എന്നാൽ, ഈ ശക്തമായ മഴ ജലസ്രോതസ്സുകൾക്കും കാർഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോകാനും മണ്ണൊലിപ്പ് കാരണം മേൽമണ്ണിലെ പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെടാനും ഇടയാക്കും. തീർച്ചയായും ഇത് നഗരങ്ങളെ കൂടുതൽ വെള്ളപ്പൊക്കത്തിലേക്ക് നയിക്കും. മഴയുടെ തീവ്രതയിലും വിതരണത്തിലും വരുന്ന മാറ്റങ്ങളോടൊപ്പം, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെയും ഹിമാലയൻ പർവത പ്രദേശങ്ങളിലെയും മേഘഘടനയിൽ ഉണ്ടായ മാറ്റങ്ങൾ ആ പ്രദേശങ്ങളെ ലഘു മേഘവിസ്ഫോടനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇതു പലപ്പോഴും മിന്നൽപ്രളയങ്ങൾക്കും കാരണമായേക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് മേഘവിസ്ഫോടനത്തെ നിർവചിച്ചിരിക്കുന്നത്. അതനുസരിച്ച്‌ ഒരു മണിക്കൂറിൽ 10 സെന്റിമീറ്ററിൽ അധികം മഴ പെയ്താൽമാത്രമേ മേഘവിസ്ഫോടനമായി കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ, വലിയ ചെരിവുള്ള മലനിരകളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ വിതയ്‌ക്കാൻ ഒരു മണിക്കൂറിൽ 10 സെ.മീ. മഴതന്നെ പെയ്യണമെന്നില്ല. രണ്ടു മണിക്കൂറിൽ അഞ്ച്‌ സെ.മീ. എന്ന തോതിൽ തീവ്രത കുറഞ്ഞ മഴ പെയ്താലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം.

നാശനഷ്‌ടങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താൽ ഇത്തരം ശക്തമായ മഴയെ ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. കേരളത്തിൽ അടുത്തകാലത്തായി പ്രത്യേകിച്ച്‌, മൺസൂൺ സമയത്തും മറ്റും വ്യാപിച്ചു കാണപ്പെടുന്ന കൂമ്പാരമേഘങ്ങളിൽനിന്ന് ഹ്രസ്വകാലത്തേക്ക് ലഭിക്കുന്ന കനത്ത മഴ ലഘു മേഘവിസ്ഫോടനങ്ങൾക്കു കാരണമാകുന്നുണ്ട്. ഇങ്ങനെ അതിവേഗം ഒഴുകിയെത്തുന്ന വെള്ളം അരുവികളുടെ വഹിക്കാവുന്ന ശേഷിക്കും അപ്പുറത്തേക്ക് ഒഴുകിയെത്തുകയും മലനാട്ടിൽ ഉരുൾപൊട്ടലിനും ഇടനാട്ടിലും തീരപ്രദേശത്തും പലപ്പോഴും വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ മുകൾത്തട്ടിലുള്ള മണ്ണ് ഈർപ്പത്താൽ നിറയുകയും മണ്ണിന് ഉൾക്കൊള്ളാൻ കഴിയാത്ത അധികജലം ഭൗമോപരിതലത്തിലൂടെതന്നെ ഒഴുകിപ്പോകുകയും ചെയ്യുന്നു. ഉപരിതലത്തിലെ മണ്ണിന്റെ സ്വഭാവം ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന അധിക പ്രളയജലം നിയന്ത്രിക്കാൻ നമ്മുടെ തണ്ണീർത്തടങ്ങളും നെൽവയലുകളും നീർച്ചാലുകളും കായലുകളും പ്രാപ്തമല്ലെങ്കിൽ ഇതു വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കും. കേരളത്തിലെ ഇപ്പോഴുള്ള സാഹചര്യം ഇതിന്  ഉദാഹരണമാണ്.


 

ദീർഘകാലയളവിൽ കേരളംപോലുള്ള ഒരു ചെറിയ സ്ഥലത്ത്‌ ഉണ്ടായിട്ടുള്ള മഴയളവിലെ വ്യത്യാസം പഠിക്കൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിതന്നെയാണ്‌ അതിനുകാരണം. കിഴക്ക്‌ പശ്ചിമഘട്ടവും പടിഞ്ഞാറ്‌ അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്‌ ശരാശരി 100 കിലോമീറ്റർ വീതി മാത്രമാണുള്ളതെങ്കിലും വ്യത്യസ്തമായ ഉപരിതല ഘടനയും ഭൂവിനിയോഗക്രമവുമാണുള്ളത്‌. എല്ലാ പ്രദേശത്തും നിരീക്ഷണസംവിധാനങ്ങളില്ല എന്നതിനാൽ ഓരോ സ്ഥലത്തും സംഭവിച്ചിട്ടുള്ള കാലാവസ്ഥാമാറ്റം കൃത്യമായി പഠിക്കാൻ പ്രയാസമാണ്‌. കേരളത്തിൽ മുഴുവനായും, പ്രത്യേകിച്ച്‌ പശ്ചിമഘട്ടമലനിരകളിലും ലഭ്യമാകുന്ന അനന്യമായ മഴയിലെ വാർഷിക വിതാനമാണ്‌ ഇവിടത്തെ അപൂർവമായ ജൈവവൈവിധ്യത്തിനു നിദാനം. ഈ ഭൂപ്രകൃതിയും സവിശേഷ കാലാവസ്ഥയുമാണ്‌ കേരളത്തിന്‌ "ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന ഖ്യാതി നേടിക്കൊടുത്തത്‌. 2015, 2016 വർഷങ്ങളിൽ അനുഭവപ്പെട്ട അടിക്കടിയുള്ള വരൾച്ചകളും 2017ൽ നേരിട്ട ഓഖി ചുഴലിക്കാറ്റും അതിനുശേഷം 2018ൽ ഉണ്ടായ മഹാ പ്രളയവുമാണ്‌ കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക്‌ ലോകശ്രദ്ധയാകർഷിച്ചത്‌.

കേരളത്തിൽ മഴയുടെ വിതരണത്തിൽ വലിയ വ്യതിയാനമാണ് ഈ വർഷം കണ്ടത്. മൺസൂൺ തുടങ്ങുന്നതിനുമുമ്പ്‌ ടെക്‌ടേ ചുഴലിക്കാറ്റ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണ് വിതച്ചത്. അതിനോടനുബന്ധിച്ച്‌ മേയിൽ 110 ശതമാനത്തിലധികം മഴയാണ് ലഭിച്ചത്. അതിനുശേഷം മൺസൂൺ മഴയിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, തുലാവർഷം ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പുതന്നെ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 135 ശതമാനത്തിലധികം മഴയാണ് ലഭിച്ചത്. ആയതിനാൽ നമ്മുടെ ഒട്ടുമിക്ക അണക്കെട്ടുകളും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ, 2018 പ്രളയത്തിന്റെ അനുഭവത്തിൽ മെച്ചപ്പെട്ട ഡാം മാനേജ്‌മന്റ് സംവിധാനങ്ങൾ നിലവിൽ വരുത്തുകയും ഓരോ സമയത്തും നിലനിർത്താവുന്ന വെള്ളത്തിന്റെ അളവിനെ സംബന്ധിച്ച്‌ കൃത്യമായ ധാരണ ഉണ്ടാകുകയും ചെയ്തു. അതിനാൽ മഴ കുറഞ്ഞുനിൽക്കുന്ന അവസരത്തിൽ ജലനിരപ്പ് റൂൾ കർവിനു താഴെ ക്രമീകരിച്ചു നിർത്താൻ പറ്റിയ സമയമാണിത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ടു ദിവസത്തിൽ ശക്തമായ മഴ പ്രവചിക്കുകകൂടി ചെയ്യുന്ന പശ്ചാത്തലത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഈ അവസരത്തിൽ കുറച്ചു കൊണ്ടുവരണം. തുലാവർഷ മഴയെയും അതിനോടൊപ്പം ഉണ്ടാകാൻ സാധ്യതയുള്ള ചുഴലിക്കാറ്റുകൾമൂലമുണ്ടാകുന്ന മഴയെയുംകൂടി ഉൾക്കൊള്ളുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ അനുയോജ്യമായ സമയമാണിത്. 2018ൽനിന്ന് വ്യത്യസ്തമായി രണ്ടുദിവസമായി വ്യാപകമായ മഴ ഇല്ലാത്തതും അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവുംകൂടി പരിഗണിച്ചാൽ 2018ന്‌ സമാനമായ ഒരു സ്ഥിതിവിശേഷം ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം.

(കുസാറ്റ്‌ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക്‌ റഡാർ റിസർച്ച്‌ ഡയറക്‌ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top