07 June Sunday

'ഡി ഡേ' സ്‌മരണയില്‍ ബ്രിട്ടന്‍; മഹാദുരന്തത്തിന്റെ അന്ത്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം

തോമസ് പുത്തിരിUpdated: Thursday Jun 6, 2019

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിന് തുടക്കമിട്ട 'ഡി ഡേ' യുടെ അനുസ്മരണചടങ്ങുകള്‍ക്ക് ബ്രിട്ടനിലെ പോര്‍ട്‌സ്‌മൌത്തില്‍ തുടക്കം കുറിച്ചു. അനുസ്മരണചടങ്ങുകള്‍ ഫ്രാന്‍സിന്റെ നോര്‍മന്റി കടപ്പുറത്തും   പ്രൗഢഗംഭീരമായി സംഘടിപ്പിക്കുകയുണ്ടായി. നോര്‍മന്റി യുദ്ധത്തിന്റെ പല രംഗങ്ങളും ഒരിക്കല്‍ കൂടി പുനരാവിഷ്‌ക്കരിച്ചു. ബ്രിട്ടനില്‍ നിന്നും 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലീഷ് കടല്‍ കടന്ന് കപ്പലില്‍ സൈനികര്‍ ഫ്രാന്‍സിന്റെ തീരത്തെത്തിയതും വിമാനങ്ങളില്‍ നിന്ന് സൈനികര്‍ പാരഷ്യൂട്ട് വഴി കടപ്പുറത്ത് പറന്നിറങ്ങിയതും ഒക്കെ അതേപോലെത്തന്നെ വീണ്ടും അവതരിപ്പിച്ചു.

ഫ്രാന്‍സിന് ഈ ആഘോഷം നാസി ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്, ബ്രിട്ടനും അമേരിക്കയ്ക്കും കാനഡയ്ക്കും റഷ്യയ്ക്കും ഇത് മഹായുദ്ധത്തിന്റെ വിജയ ചിഹ്നമാണ്. പക്ഷെ ജര്‍മനിക്കും ഇറ്റലിക്കും ഈ ദിനം ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു പരാജയമാണ്. ലോകത്തിലെ സമാധാനാകാംക്ഷികള്‍ക്ക് മഹാദുരന്തത്തിന്റെ ബാക്കിപത്രവും.വിജയവും പരാജയവും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍  അവരുടെ യുക്തിക്കനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുമ്പോള്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായി മാറിയ നോര്‍മാന്റി യുദ്ധത്തിന്റെ ദുരന്തത്തിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം. ഒപ്പം ഈ യുദ്ധത്തിനു  വേണ്ടി ഒരുക്കിയ സന്നാഹങ്ങളിലേക്കും.

1944 ജൂണ്‍ 6 നു വലിയൊരു യുദ്ധ സന്നാഹം ബ്രിട്ടനില്‍ നിന്നും കടല്‍വഴി  ഫ്രാന്‍സിന്റെ 'നോര്‍മാന്റി' തീരത്തെത്തി. ചരിത്രം കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലേക്കും  യുദ്ധ ഭീകരതയിലേക്കുമുള്ള  പടപുറപ്പാടായിരുന്നു അത്. ഏഴ് കോടിയോളം മനുഷ്യര്‍ എരിഞ്ഞടങ്ങിയ രണ്ടാം ലോക മഹായുദ്ധത്തിലെ മറ്റൊരു കറുത്ത അധ്യായമാണ് ഡി ഡേ. സഖ്യ കഷികള്‍ക്ക് വിജയത്തിന്റെയും ഹിറ്റ്‌ലറുടെ അച്ചുതണ്ട് ശക്തികള്‍ക്കു പരാജയത്തിന്റെ തുടക്കവും കുറിച്ച ഈ യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ കൊല്ലപെട്ടത് പതിനായിരത്തിലധികം മനുഷ്യജന്മങ്ങള്‍.

പ്രധാനമായും അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് 1944  ജൂണ്‍ 6നു തുടങ്ങിയ, പിന്നീട് ചരിത്രത്തില്‍ 'ഡി ഡേ' എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയ നോര്‍മാന്റി യുദ്ധത്തിന്റെ ചുക്കാന്‍ പിടിച്ചത്. കടല്‍ വഴിയും വായുവഴിയും ഉള്ള രൂക്ഷമായ ആക്രമണമായിരുന്നു ഈ യുദ്ധത്തിന്റെ സവിശേഷത. അതിവിപുലമായ യുദ്ധസന്നാഹങ്ങളാണ് ഈ ആക്രമണത്തിനു വേണ്ടി വര്‍ഷങ്ങളായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരുന്നത്.

ജൂണ്‍ 6ന് തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ആക്രമണം ത്വരിത ഗതിയിലും അനായാസവും ആക്കുന്നതിനു വേണ്ടി ഏപ്രില്‍ മെയ് മാസങ്ങളില്‍ തന്നെ  ഫ്രാന്‍സിന്റെ പല ഭാഗങ്ങളിലും സഖ്യകക്ഷികള്‍  വ്യാപകമായി ബോംബാക്രമണം നടത്തി. ശത്രു പക്ഷത്തെ  തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന നോര്‍മാന്റിയും പരിസരങ്ങള്‍ക്കും പകരം ഫ്രാന്‍സിന്റെ മറ്റു പല ഭാഗങ്ങളിലും രൂക്ഷമായ വ്യോമാക്രമണം നടത്തി. ആയിരക്കണക്കിന് സാധാരണക്കാരെ  ഈ തന്ത്രത്തിന് വേണ്ടി ബലികൊടുത്തു.    ഈ മുന്നൊരുക്ക പോരാട്ടത്തില്‍ സഖ്യകക്ഷികളുടെ  12000 സൈനികര്‍ കൊല്ലപ്പെടുകയും 2000 യുദ്ധ വിമാനങ്ങള്‍ തകരുകയും ചെയ്തു.

ആക്രമണത്തിനുവേണ്ടി കടല്‍ വഴി സൈനികരെയും അവര്‍ക്കു വേണ്ടതായ  രണ്ടു ലക്ഷം യുദ്ധ വാഹനങ്ങളും  ആറ് ലക്ഷം ടണ്‍ യുദ്ധ സാമഗ്രികളും ഫ്രാന്‍സില്‍ എത്തിക്കുവാന്‍ വേണ്ടി  യുദ്ധരംഗത്ത് അണിനിരത്തിയിരുന്നത് 7000 ത്തോളം കപ്പലുകള്‍! 12,000 പോര്‍ വിമാനങ്ങള്‍ വേറെയും. ജൂണ്‍ ആറു മുതല്‍ 11 വരെയുള്ള അഞ്ചു ദിവസങ്ങളിലായി മൂന്നേകാല്‍ ലക്ഷം സൈനികരും 55,000 യുദ്ധവാഹനങ്ങളും ഒരു ലക്ഷത്തില്‍ അധികം ടണ്‍ യുദ്ധസാമഗ്രികളുമാണ്  കടല്‍ വഴിയും പോര്‍ വിമാനങ്ങളില്‍ നിന്ന് പാരഷ്യൂട്ടുകള്‍ വഴിയും ഫ്രാന്‍സിന്റെ തീരങ്ങളില്‍ പറന്നിറങ്ങിയത്. 

യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ സഖ്യ കക്ഷികളുടെ പതിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടു. അച്ചുതണ്ട് ശക്തികളുടെയും കൊല്ലപ്പെട്ട തദ്ദേശവാസികളുടെയും എണ്ണത്തെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ഇല്ലെങ്കിലും ഇത് സഖ്യകഷികളുടെ നഷ്ടത്തേക്കാള്‍ ഇരട്ടിയിലധികം ആകുമെന്നാണ് അനുമാനിക്കപെടുന്നത്. ജര്‍മന്‍ സൈന്യം ശക്തമായി പ്രതിരോധിച്ചുവെങ്കിലും സഖ്യ കക്ഷികളുടെ അതിവിപുലമായ യുധസന്നാഹത്തിനു മുന്നില്‍ അവര്‍ക്ക് അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മാസം  തുടര്‍ന്ന പോരാട്ടത്തിനൊടുവില്‍ സഖ്യ കക്ഷികളുടെ സൈന്യം ആഗസ്റ്റ് 25 ന് ഫ്രാന്‍സിന്റെ പട്ടണമായ പാരിസ് ജര്‍മന്‍ സൈന്യത്തില്‍ നിന്നും മോചിപ്പിച്ചു.ഫ്രാന്‍സിനെ മോചിപ്പിച്ച സഖ്യകക്ഷികളുടെ സൈന്യം പിന്നീട് നീങ്ങിയത് ജര്‍മനിയിലേക്കാണ്. ഇതേ സമയത്ത് തന്നെയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള  യുഎസ്എസ്ആറിന്റെ  ചെമ്പട  കിഴക്കു ഭാഗത്തുകൂടിയുള്ള ആക്രമണം ശകതമാക്കി ജര്‍മന്‍ സൈന്യത്തെ നിലം പരിശാക്കുന്നത്. സഖ്യ കക്ഷികളുടെയും യുഎസ്എസ്ആറിന്റേയും സൈന്യങ്ങള്‍  ജര്‍മനിയില്‍ സന്ധിക്കുന്നതോടെ  1944  ജൂണ്‍ ആറിനു തുടങ്ങി വച്ച ഡി ഡേ യുദ്ധത്തിനു വിരാമമായി. ഒപ്പം ജപ്പാനില്‍ അമേരിക്കയുടെ അണുബോംബ് വര്‍ഷം കൂടിയായപ്പോള്‍ അത്  ഒരു മഹാദുരന്തത്തിന്റെ അന്ത്യത്തിനും തുടക്കം കുറിച്ചു. 7 കോടിയോളം മനുഷ്യര്‍ കൊല്ലപ്പെട്ട മഹാദുരന്തത്തിന്റെ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം.


പ്രധാന വാർത്തകൾ
 Top