17 August Wednesday

അസ്ഥിരമായ കടലുകൾ, അന്തരീക്ഷം ; മഴക്കാലത്തിന്റെ സ്വഭാവം മാറുന്നു

ഗോപകുമാർ ചോലയിൽUpdated: Tuesday Nov 16, 2021


സംസ്ഥാനത്ത് മൂന്നു ദിവസമായി കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബംഗാൾ ഉൾക്കടലും അറബിക്കടലും അസ്ഥിരമാണ്. തുലാവർഷക്കാലത്ത്‌ പൊതുവെ നമ്മുടെ കടലുകൾ പരമ്പരാഗതമായി അസ്ഥിരത കാണിക്കുന്ന കാലമാണ്‌. ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും ഉണ്ടാകാറുമുണ്ട്‌. സീസൺ ഓഫ് സൈക്ലോൺ എന്നാണ് ഈ കാലം അറിയപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുമൊക്കെയായി ധാരാളം മഴ നമുക്ക് ലഭിക്കാറുണ്ട്. ഒക്ടോബർ ഇരുപതോടെതന്നെ തുലാവർഷത്തിൽ കിട്ടേണ്ട മഴ കിട്ടിക്കഴിഞ്ഞു. മിക്കവാറും എല്ലാ ജില്ലയിലും 60 ശതമാനത്തിലധികം മഴ കിട്ടി. മൊത്തത്തിൽ 100 ശതമാനത്തിലധികം മഴ. അതായത്‌, ഇപ്പോൾ കിട്ടുന്ന മഴയെല്ലാം അധികമഴയാണ്‌.

ഇതുപോലൊരു തുലാവർഷം സമീപ വർഷങ്ങളിലുണ്ടായിട്ടില്ല. 2010ലാണ് തുലാവർഷം ഇതിനുമുമ്പ് സമൃദ്ധമായി കിട്ടിയത്. 2016ലാണെങ്കിൽ തുലാവർഷം ഒട്ടുംതന്നെ കിട്ടിയില്ല. അതുമൂലം വലിയ വരൾച്ചതന്നെയുണ്ടായി. ഇപ്പോൾ ആൻഡമാൻ കടലിന്റെ മധ്യഭാഗത്ത് ഒരു അന്തരീക്ഷച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ പടിഞ്ഞാറ്, വടക്ക് ദിശകളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്‌. പതിനേഴോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാം. ഇത് ഇതേദിശയിൽത്തന്നെ നീങ്ങി തെക്കൻ ആന്ധ്രാതീരത്ത് പ്രവേശിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് ചുഴലിക്കാറ്റായി മാറിയേക്കാം. ചൊവ്വാഴ്ചയോ ബുധനാഴ്‌ചയോ അക്കാര്യം വ്യക്തമാകും. കൂടാതെ, തമിഴ്‌നാടിന്റെ വടക്കൻ ഉൾപ്രദേശത്തെ അന്തരീക്ഷച്ചുഴി കർണാടകയുടെ തെക്കൻ പ്രദേശങ്ങളിലേക്കുവരെ നീണ്ടുകിടക്കുന്നുണ്ട്‌. തെക്കുകിഴക്കൻ അറബിക്കടലിലും ഒരു അന്തരീക്ഷച്ചുഴിയുണ്ട്‌. മൂന്നു കിലോമീറ്റർ മുകളിലേക്കുവരെ അതിന്റെ പ്രഭാവമുണ്ട്‌. ഈ അന്തരീക്ഷച്ചുഴിയിൽനിന്ന്‌ തെക്കുപടിഞ്ഞാറൻ ബംഗാൾ കടലിലേക്ക്‌ ഒരു പാത്തി (ലോ പ്രഷറർ ട്രഫ്‌) രൂപംകൊണ്ടിട്ടുണ്ട്‌. ആന്ധ്ര, ഒറീസ തീരംവരെ നീണ്ടുകിടക്കുന്ന ഈ പാത്തി മഴ ശക്തിപ്രാപിക്കുന്നതിന്‌ പശ്ചാത്തലസൗകര്യം ഒരുക്കുന്നുണ്ട്‌. വരും ദിവസങ്ങളിൽ മഹാരാഷ്ട്ര, ഗോവ തീരങ്ങളിൽനിന്ന്‌ അകന്ന്‌ മധ്യ പൂർവ അറബിക്കടലിൽ ഒരു പുതിയ ന്യൂനമർദത്തിനുള്ള സാധ്യതയും തെളിയുന്നുണ്ട്‌. അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ്‌ ഇതെല്ലാം നൽകുന്ന സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല സ്ഥലത്തും അതിശക്തമായ മഴയാണ്‌ പെയ്‌തത്‌. കേരളത്തിൽ തുലാവർഷക്കാലമാണെങ്കിലും ഈ മഴ ഇവിടത്തെമാത്രം പ്രത്യേകതയല്ല. ഒക്‌ടോബർ–- നവംബർ മാസങ്ങളിൽ ഇത്തരം ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യതയുണ്ട്‌. എന്നാൽ, മൺസൂൺ അവസാനത്തിലും ഒരു ചുഴലിക്കാറ്റുണ്ടായി. ബംഗാൾ കടലിലുണ്ടായ ഗുലാബ്‌ ചുഴലിക്കാറ്റ്‌ ഗുജറാത്തിൽ പ്രവേശിച്ച്‌ രാജസ്ഥാനിലൂടെ അറബിക്കടലിലെത്തി ഷഹീൻ ചുഴലിക്കാറ്റായി മാറിയിരുന്നു. ഇത്തരം അത്യപൂർവമായ സംഭവ വികാസങ്ങളും ഉണ്ടായെന്നതും ചേർത്തുവായിക്കേണ്ടതാണ്‌. മൺസൂണിൽ ഒരിക്കലും ചുഴലിക്കാറ്റുകൾ ഉണ്ടാകാറില്ല. മാറുന്ന കാലാവസ്ഥാ സാഹചര്യത്തിൽ ഇത്തരം പ്രശ്‌നങ്ങൾ കാണുന്നുണ്ട്‌. തമിഴ്‌നാടിന്റെ പ്രധാന മഴക്കാലമാണ്‌ ഒക്ടോബർ, നവംബർ. ചെന്നൈയും പരിസരപ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്‌. പല പ്രദേശവും പ്രളയത്തിലേക്ക്‌ പോകുന്ന സാഹചര്യമുണ്ടായി. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ട്‌. തുലാവർഷം പ്രത്യേകിച്ച്‌ കേരളത്തിലെ മധ്യ–- ദക്ഷിണ ജില്ലകളിലാണ്‌ കൂടുതലായി ലഭിക്കുന്നത്‌. ഉത്തര കേരളത്തിൽ മഴ കുറവാണ്‌.

കേരളത്തെ സംബന്ധിച്ച്‌ തുലാവർഷമെന്നത്‌ ന്യൂനമർദവും ഇടിവെട്ടും മിന്നലുമൊക്കെയായി ഉച്ചയ്‌ക്കുശേഷം കിട്ടുന്ന മഴയാണ്‌. കേരളത്തിൽ ജലസംരക്ഷണത്തിന്‌ ഉപയോഗിക്കുന്നതും ഈ വെള്ളമാണ്‌. എന്നാൽ, മഴയുടെ സ്വഭാവം മാറിയതിനാൽ ഇപ്പോൾ മഴക്കാലങ്ങൾ ഭീതിയുടെ കാലം സൃഷ്ടിക്കുകയാണ്‌. അതിതീവ്രവും അതിശക്തവുമായ മഴയാണ്‌ പെയ്യുന്നത്‌. ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ മഴ പെയ്യുന്നത്‌ ഉരുൾപൊട്ടുന്നതിനും മിന്നൽ പ്രളയങ്ങൾക്കും മേഘവിസ്‌ഫോടനംപോലുള്ള സംഭവങ്ങൾക്കും വഴിവയ്‌ക്കുകയാണ്‌.

(കാലാവസ്ഥ ഗവേഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top