07 February Tuesday

ഇനി തുലാവർഷം

ഡോ. ഗോപകുമാർ ചോലയിൽUpdated: Saturday Oct 22, 2022

സെപ്തംബർ 30ന് കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 14 ശതമാനത്തിന്റെ കുറവുണ്ട്. ശരാശരി മഴകിട്ടിയെന്ന് സാങ്കേതികമായി പറയാം.  ജൂണിൽ 52 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. ജൂൺ ഒന്നിന് മാത്രമാണ് അധികമഴ ലഭിച്ചത്. ജൂലൈയിലാകട്ടെ, സാധാരണ ഗതിയിൽ ലഭിക്കേണ്ട മഴ ഏതാണ്ട് പൂർണമായിത്തന്നെ ലഭിച്ചു (653 മില്ലിമീറ്റർ). ആഗസ്‌തിലും (24 ശതമാനം അധികം)  സെപ്തംബറിലും കിട്ടിയ മഴയാണ് (21 ശതമാനം അധികം) കാലവർഷ മഴക്കണക്ക് ശരാശരിയിൽ എത്തിച്ചത്. 

തുലാവർഷം
കേരളത്തിൽ തുലാവർഷം സാധാരണ ഗതിയിൽ ആരംഭം കുറിക്കേണ്ടത്  ഒക്ടോബർ ഇരുപതോടെയാണ്. അന്തരീക്ഷസാഹചര്യങ്ങൾ മാറിയിട്ടുണ്ട്. വൈകിട്ടോടെ ഇരുണ്ടുകൂടുന്ന മഴ മേഘങ്ങളും ഇടിവെട്ടും മിന്നലും തുലാവർഷത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തുനിന്നും കാലവർഷക്കാറ്റുകളുടെ പിൻവാങ്ങൽ വേഗത്തിൽ നടക്കുന്നുണ്ട്. ഉത്തര കർണാടകത്തിന്റെ ഉൾപ്രദേശങ്ങൾ, തമിഴ്‍നാട്, കേരളം (പ്രധാനമായും മധ്യ-ദക്ഷിണ കേരളം), റായലസീമ, ആന്ധ്രയുടെ തീരമേഖലകൾ എന്നിവിടങ്ങളിലാണ് തുലാമഴയെന്ന് നാം വിളിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ ലഭിക്കുന്നത്. തമിഴ്നാടിന്റെ പ്രധാനപ്പെട്ട മഴക്കാലമാണിത്. "ചുഴലിക്കാറ്റുകളുടെ സീസൺ' എന്നും തുലാവർഷക്കാലത്തെ വിളിക്കുന്നു. 

മഴപ്പെയ്‌ത്തിന്റെ രീതിശാസ്ത്രം   
ഉത്തരാർധ ഗോളത്തിലെ സൈബീരിയൻ അതിമർദമേഖലയിൽനിന്ന്‌ പുറപ്പെട്ട് ദക്ഷിണാർധ ഗോളത്തിലെ ഉഷ്ണമേഖലാ ന്യൂനമർദ പ്രദേശങ്ങളിലേക്ക് വന്നുചേരുന്ന കാലവർഷക്കാറ്റുകളെയാണ് ഏഷ്യൻ വിന്റർ മൺസൂൺ എന്നുവിളിക്കുന്നത്. ഇതിന്റെ ഭാഗമാണ് കേരളത്തിൽ ലഭിക്കുന്ന നമ്മുടെ വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാമഴ എന്ന പ്രതിഭാസം. ഈ സമയം സൂര്യൻ ദക്ഷിണാർധ ഗോളത്തിലായതിനാൽ അവിടെ ന്യൂനമർദമേഖല വളരെ ശക്തി പ്രാപിച്ചിരിക്കും. ജൂൺമുതൽ സെപ്തംബർവരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വിപരീത പ്രകൃതമുള്ള മഴക്കാലമാണ് തുലാവർഷം.

രണ്ട്‌ മഴക്കാലവും വിഭിന്ന പ്രകൃതത്തോടുകൂടിയവയാണ്. ഇടവപ്പാതിയിൽ സമുദ്രത്തിനു മുകളിലൂടെ തടസ്സങ്ങളൊന്നുമില്ലാത്ത വായൂപ്രവാഹമായതിനാൽ പാളീമേഘങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് മൺസൂണിൽ പരക്കെ മഴ ലഭിക്കുന്നത്. ഈ സമയത്ത് അന്തരീക്ഷത്തിൽ മുഴുവൻ ശക്തമായ പടിഞ്ഞാറൻ കാറ്റുകളുടെ സാന്നിധ്യമുള്ളതിനാൽതന്നെ കൂമ്പാരമേഘങ്ങൾ ഉണ്ടാകില്ല. അതിനാൽ ഇടിയോടുകൂടിയ മഴ ഉണ്ടാകുകയില്ല. എന്നാൽ, തുലാമഴക്കാലത്ത് സൈബീരിയൻ ഭൂഖണ്ഡത്തിൽനിന്നുള്ള തണുത്ത വരണ്ടകാറ്റുകൾ ഹിമാലയത്തെ പ്രദക്ഷിണംചെയ്ത് ബംഗാൾ ഉൾക്കടലിനും അറബിക്കടലിനും മുകളിലൂടെ ഇന്ത്യയിലേക്ക്‌ സഞ്ചരിക്കുമ്പോൾ  ചൂടുപിടിച്ചുകിടക്കുന്ന സമുദ്രമേഖല ഈ വായുവിനെ ചൂടുപിടിപ്പിച്ച് സാന്ദ്രതകുറച്ച് കൂമ്പാരമേഘങ്ങളുടെ രൂപീകരണത്തിന് സജ്ജമാക്കുന്നു. 

ഇടിമേഘങ്ങൾക്കെന്താണ്  പ്രത്യേകത ?
"ഇടിമിന്നൽ മേഘം' എന്നറിയപ്പെടുന്ന കൂമ്പാരമഴമേഘങ്ങൾ ഒരു മഴ അറ (rain cell) പോലെയാണ്.  സാധാരണഗതിയിൽ ഒരു കൂമ്പാരമഴമേഘത്തിന് ഒറ്റ അറയേ കാണൂ. എന്നാൽ, വളരെ അസ്ഥിരമോ കലുഷിതമോ ആയ അന്തരീക്ഷസ്ഥിതിയിൽ ഒറ്റ കൂമ്പാരമഴമേഘത്തിനുള്ളിൽ ഇതുപോലുള്ള രണ്ടോ അതിലധികമോ മഴയറകളുടെ സാന്നിധ്യമുണ്ടാകുന്നു. ഒരു മഴ നിലനിൽക്കുന്നത് 45 മിനിറ്റുമുതൽ ഒരു മണിക്കൂർവരെയാണ്.  അതിൽനിന്ന് ലഭിക്കുന്ന മഴപ്പെയ്ത്തും ഇത്രയും സമയത്തിനുള്ളിൽ അവസാനിക്കും. എന്നാൽ, രണ്ടോ അതിലധികമോ മഴയറകളുള്ള ഇടിമേഘങ്ങളുടെ കാര്യത്തിൽ ഇങ്ങനെയല്ല സംഭവിക്കുക. അറകളുടെ എണ്ണമനുസരിച്ച് ഇടിമഴ മൂന്നും നാലും മണിക്കൂർ നീണ്ടുനിന്ന് പെയ്തേക്കാം. 

താപനപ്രഭാവം തുലാമഴയിലും
തുലാവർഷത്തിലേക്ക്‌ തിരിച്ചുവരാം. തുലാവർഷം ഇന്ത്യയിൽ വ്യാപകമാകുമ്പോഴും ദക്ഷിണേന്ത്യയിൽ ഇടവപ്പാതിയവസാനിച്ചിട്ടുണ്ടാകില്ല. തന്മൂലം ഈ അടുത്ത ദശകംവരെ പകൽ ഇടവപ്പാതിയിൽനിന്നുള്ള പരക്കെ മഴയും വൈകിട്ട്   തുലാവർഷത്തിന്റെ സവിശേഷതയായ  ഇടിമഴയും കേരളത്തിൽ സാധാരണയായിരുന്നു. തുലാവർഷക്കാറ്റുകൾ വന്നു തുടങ്ങി. ഇനി മുതൽ വൈകിട്ട്  ഇടിമഴ പ്രതീക്ഷിക്കാം. ആഗോളതാപനം ഇടിമേഘങ്ങളുടെ ശക്തി പതിൻമടങ്ങാക്കിയിരിക്കുന്നു. അതിനാൽ ആപൽക്കാരികളായ  ഇടിമഴകളായിരിക്കും ഇനിവരുന്ന തുലാവർഷക്കാലങ്ങളുടെ മുഖമുദ്ര.

ദക്ഷിണ ഇന്ത്യ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വിസ്തൃതമായി ന്യൂനമർദ പാത്തികൾ അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ ഉണ്ടാകാറുണ്ട്. ഇവ  കാലവർഷക്കാറ്റുകളെ അവയിലേക്ക് ശക്തമായി വലിച്ചടുപ്പിക്കും. തൽഫലമായി കേരളത്തിന്റെ തീരങ്ങളിൽ നീരാവി വലിയ അളവിൽ വന്നുകൂടുന്നു. ഇങ്ങനെ നീരാവി വന്നുചേരുമ്പോൾ അന്തരീക്ഷത്തിൽ സോപാധിക അസ്ഥിരത ഉണ്ടാകുകയും അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്തേക്ക്‌ വായൂപ്രവാഹം ശക്തമാകുകയും ചെയ്യും. അന്തരീക്ഷത്തിന്റെ താഴ്ന്ന തലത്തിൽ കാലവർഷക്കാറ്റുകൾ വളരെ ദുർബലമായതിനാൽ മുകളിലേക്കു വളരുന്ന കൂമ്പാരമഴമേഘങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്. ഇങ്ങനെ ഉണ്ടാകുന്ന മേഘങ്ങളുടെ സൂക്ഷ്മഭൗതിക ശാസ്‌ത്രം ആഗോളതാപന കാലഘട്ടത്തിൽ വളരെപ്രകടമായി മാറിയിട്ടുണ്ട്. ഒറ്റപ്പെട്ട കൂമ്പാരമഴമേഘങ്ങൾ കൂടിച്ചേർന്ന് അതിശക്തമായ ഇടിമിന്നലുകളും മഴയും ഉണ്ടാക്കാൻ കെൽപ്പുള്ള മേഘക്കൂട്ടങ്ങളായി രൂപാന്തരപ്പെടുന്ന പ്രവണത കാണുന്നു.  ഈ മേഘക്കൂട്ടങ്ങൾ ഉണ്ടായിടത്തുതന്നെ മഴ പെയ്തുകൊള്ളണമെന്നില്ല. കാറ്റിന്റെ ഗതിക്കനുസരിച്ച് ഇവ നീങ്ങിക്കൊണ്ടേയിരിക്കുമെന്നതിനാൽ മഴ മുൻകൂട്ടി പ്രവചിക്കുക പ്രയാസമാണ്. വളരെ ചുരുങ്ങിയ തത്സമയ പ്രവചനമോ വളരെ ഹ്രസ്വമായ സമയപരിധിക്കുള്ളിൽ നടത്തുന്ന പ്രവചനമോ (within 6 hours preferably and upto 24 hours) മാത്രമേ   സാധ്യമാകൂ. മേഘവിസ്ഫോടനങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ ശാസ്‌ത്രജ്ഞർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവയൊക്കെയാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top