18 May Tuesday

ക്യൂബയുടെ വാക്‌സിൻ മാതൃക

ബെത്ത് ഗെഗ്ലിയUpdated: Monday Apr 19, 2021

"ഒരു ധനികന്റെ സ്വകാര്യ സ്വത്തിനേക്കാളും വിലയുള്ളതാണ് ഒരു മനുഷ്യ ജീവ’. ക്യൂബയിലെ ഹവാനയിലുള്ള കാലികസ്റ്റോ ഗാർഷ്യ പബ്ലിക് ആശുപത്രിയിൽ എഴുതിവച്ച ഈ വാചകം ക്യൂബ എന്ന രാജ്യത്തിന് പൊതുജനാരോഗ്യത്തിലുള്ള ശ്രദ്ധയുടെയും പ്രതിജ്ഞാ ബദ്ധതയുടെയും തെളിവാണ്‌. വെറും ലാഭത്തിനപ്പുറം മനുഷ്യന് മുൻഗണന നൽകുന്നതിനുള്ള തെളിവ്. എനിക്കറിയാം ഇത് ക്യൂബയെക്കുറിച്ചുള്ളതാണ്. കാരണം, കോവിഡ്–- 19 മഹാമാരി സമയത്ത് ഞാൻ ഒരാഴ്ച കാലികസ്റ്റോ ഗാർഷ്യ ഹോസ്പിറ്റലിലെ ഐസിയുവിൽ കഴിഞ്ഞു. അതിവേഗത്തിൽ വന്ന ഒരു ആംബുലൻസ് എന്നെ ഇടിച്ച്‌ തെറിപ്പിച്ചു. ക്യൂബയിലെ ഡോക്ടർമാരാണ് എന്റെ ജീവൻ രക്ഷിച്ചത്. രണ്ടുവട്ടം അവർ എന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുഎസിലേക്ക് പറക്കുന്നതിനുമുമ്പ്‌ എന്റെ ആരോഗ്യം വീണ്ടെടുക്കുന്നിടംവരെ അവർ എന്നെ പരിചരിച്ചു. വിമാനം ഉൾപ്പെടെയുള്ള എല്ലാ ചെലവും സൗജന്യമായ സേവനമായിരുന്നു. ക്യൂബൻ സർക്കാർ എത്ര വേഗത്തിലാണ് പൗരന്മാരെ കോവിഡിൽനിന്ന്‌ രക്ഷിക്കാൻ വിഭവങ്ങളെ അണിനിരത്തുന്നത്. രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും വീടുകളിൽ ടെസ്റ്റ് ചെയ്തും വീടുകൾതോറും കയറിയിറങ്ങി നടപടി സ്വീകരിച്ചും ആവശ്യമുള്ളപ്പോൾ ഐസൊലേഷൻ നടത്തിയും പ്രതിരോധം തീർത്തു. യുഎസിൽ മരണസംഖ്യ ഒരു ലക്ഷത്തോട് അടുത്തസമയത്ത്‌ ക്യൂബയിൽ ഒരാൾപോലും മരിച്ചില്ല.
ആരോഗ്യരംഗത്തെ ക്യൂബയുടെ സമീപനം എനിക്ക് പുതിയതല്ല. 2013ൽ വടക്കൻ ഹോണ്ടതൊസിലെ സൗജന്യ ആശുപത്രിയെപ്പറ്റി ഞാൻ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. ക്യൂബയിലെ ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ സൗജന്യമായി പരിശീലനം പൂർത്തിയാക്കിയ ഗ്യാറിവ്യൂണ എന്ന ആഫ്രിക്കൻ തദ്ദേശീയ വർഗത്തിൽപെട്ടവരായിരുന്നു അവിടത്തെ ഡോക്ടർമാർ. അവർ അവരുടെ നാടുകളിൽ മികച്ച ആരോഗ്യപരിപാലനം നടത്തുമെന്ന പ്രതീക്ഷയിലാണ് സ്‌കോളർഷിപ്പും താമസവും യാത്രയുമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ക്യൂബ നൽകുന്നത്. 1998ലെ ചുഴലിക്കാറ്റിനുശേഷം ആരംഭിച്ച ഈ പദ്ധതി ഏകദേശം 110 രാജ്യത്തുനിന്നുള്ള പതിനായിരക്കണക്കിനു ഡോക്ടർമാരെ ഇതിനകം പരിശീലിപ്പിച്ചു.

കോവിഡ് മഹാമാരിക്ക് കടിഞ്ഞാണിടാൻ ആഗോളതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ ക്യൂബ ഇന്ന് സജ്ജമാണ്. ഫെബ്രുവരി മൂന്നിന്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അമേരിക്കൻ വിദഗ്‌ധൻ  ഡോ. ആന്റണി ഫൗസി പറഞ്ഞത് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് ഒരു ഓട്ടമത്സരം അല്ലെന്നാണ്‌. റഷ്യയുടെയും ചൈനയുടെയും വാക്സിനുകളെപ്പറ്റി പരാമർശിച്ച അദ്ദേഹം ആഗോളതലത്തിൽ മറ്റു രാജ്യങ്ങളുടെ വാക്സിൻ ഉൽപ്പാദനം ശക്തിപ്പെടുത്താൻ യുഎസ് സഹായിക്കണമെന്ന നിർദേശവും മുന്നോട്ട് വച്ചു. എന്നാൽ, എവിടെയും ക്യൂബയെപ്പറ്റി ഒന്നും പരമാർശിച്ചതുമില്ല.

ക്യൂബയ്ക്ക് ഇപ്പോൾ പരീക്ഷണത്തിലിരിക്കുന്ന നാല്‌ വാക്സിൻ ഉണ്ട്. അതിൽ ഒന്നായ സോബറം 02 വാക്സിൻ മാർച്ച് ആദ്യംതന്നെ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടം  തുടങ്ങി. പരീക്ഷണത്തിൽ ഇരിക്കുന്ന മറ്റൊരു വാക്സിനായ അബ്ഡലയുടെ ഫേസ് 2 പരീക്ഷണവും ഫെബ്രുവരിയിൽ തുടങ്ങി. രണ്ടു വാക്സിനും വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് പൊതു ഗവേഷണ സ്ഥാപനങ്ങളിലൂടെയും ലാറ്റിനമേരിക്കയിലെ കഴിവുറ്റ ആരോഗ്യ വിദഗ്‌ധരിലൂടെയുമാണ്. ഡോ. ഫൗസി അതിനെപ്പറ്റി പരാമർശിക്കാതിരുന്നത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണ്.
അമേരിക്കയും മറ്റുരാജ്യങ്ങളും ക്യൂബയോടുള്ള ശത്രുതാ മനോഭാവം മാറ്റി വാക്സിൻ വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പിന്തുണയ്ക്കണം. ആദ്യപടിയായി അമേരിക്ക വിലക്കുകൾ എടുത്തുമാറ്റണം. രണ്ടാമതായി ആഗോളതലത്തിൽ ക്യൂബയുടെ വാക്സിൻ ഉൽപ്പാദനശ്രമത്തെ പിന്തുണയ്‌ക്കണം. ക്യൂബയുടേത് ‘ജനങ്ങളുടെ വാക്സിൻ’ എന്ന തരത്തിലേക്കുയരാൻ ശക്തിയുള്ളതാണ്. അതിനായി ആഗോളതലത്തിൽ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രവർത്തകരും ആവശ്യം ഉന്നയിച്ചിട്ടുള്ളതുമാണ്. മഹാമാരിയുടെ തുടക്കത്തിൽ ഫലവത്തായ വാക്സിൻ പുറത്തിറക്കുക എന്നതിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടന സി ടാപ്‌  സൃഷ്ടിച്ചത്. എന്നാൽ, ഇന്നുവരെയും ഒരു രാജ്യമോ ഒരു കമ്പനിയോപോലും  സി ടാപ്‌ വഴിയുള്ള അനുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ലാഭത്തിനേക്കാൾ മുൻഗണന മനുഷ്യജീവന് നൽകിക്കൊണ്ടുള്ള വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രവർത്തനം ക്യൂബ തുടങ്ങിക്കഴിഞ്ഞു. വാക്സിൻ തന്ത്രത്തിൽ ക്യൂബ മുഖ്യമായും രണ്ടു മാർഗമാണ് സ്വീകരിക്കുന്നതെന്ന് ഫിൻലേ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിസിന്റെ വേറെസ് പറയുന്നു. അതിൽ ഒന്നാമത്തേത് മനുഷ്യത്വപരവും ആരോഗ്യരംഗത്തുണ്ടാക്കുന്ന ശക്തമായ സ്വാധീനത്തെക്കുറിച്ചുമുള്ളതാണ്. രണ്ടാമത്തേതാകട്ടെ രാജ്യത്തിനുവേണ്ട പര്യാപ്തമായ മരുന്നുകളുടെ ഉൽപ്പാദനത്തിന് ഊന്നൽകൊടുക്കുന്നതും.

ഫലപ്രദമായി പരീക്ഷിച്ചതും എളുപ്പത്തിൽ പ്രാപ്യവുമായ ക്യൂബയുടെ വാക്സിൻ ബഹുരാഷ്ട്ര കുത്തകകളെ ആശ്രയിക്കുന്നതിൽനിന്ന്‌ ക്യൂബയെയും ഹെയ്തിയെയും പോലുള്ള രാജ്യങ്ങളെ രക്ഷപ്പെടുത്തും. ക്യൂബയുടെ വാക്സിൻ വികസന പ്രക്രിയക്ക് യുഎസ് തീർച്ചയായും പിന്തുണ നൽകണം. കാരണം, അത് നമ്മുടെ നന്മയ്‌ക്കുവേണ്ടിയുള്ളതാണ്, ലോക നന്മയ്‌ക്കുവേണ്ടിയുള്ളതാണ്.
(വാഷിങ്‌ടൺ ഡിസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗവേഷകയും ഡോക്യുമെന്ററി സംവിധായികയുമാണ് ലേഖിക. അവർ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്ന്‌ നരവംശ ശാസ്ത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കി. ലാറ്റിനമേരിക്കയിലും യുഎസിലും സ്വകാര്യവൽക്കരണ–-പ്രാദേശിക വിഷയങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top