11 August Thursday

യുഎസ് തന്ത്രവും പെട്രോൾ ഡീസൽ വിലയും

ജോർജ് ജോസഫ്Updated: Wednesday Dec 1, 2021

പെട്രോളിയം ഉൽപ്പന്നങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന്‌ 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വിപണിയിലെത്തിക്കുന്നെന്ന വാർത്ത സാമ്പത്തികവൃത്തങ്ങളിലെ സജീവ ചർച്ചയാണ്. എന്നാൽ, ഇത് ഇന്ധനവില കുറയുന്നതിന് കാരണമാകുമെന്ന തരത്തിൽ അവതരിപ്പിക്കുന്നതിനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ തീവ്ര ശ്രമം. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില സമീപകാലത്ത് കാര്യമായി ഉയരുകയും ഒക്ടോബറിൽ അത് ബാരലിന് 85 ഡോളറിന് മുകളിലെത്തുകയും ചെയ്തു. ബ്രെന്റ് ക്രൂഡിന്റെ വില ഒക്ടോബർ 26ന് ബാരലിന് 86.40 ഡോളറിലെത്തിയിരുന്നു. കരുതൽ ശേഖരത്തിന്റെ ഒരു ഭാഗം റിലീസ് ചെയ്യുമെന്ന യുഎസ് പ്രഖ്യാപനത്തെ തുടർന്ന് വില 79 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും പിന്നീട് 82. 40 ഡോളറായി ഉയർന്നു. ലോകം കോവിഡ്‌ മുക്‌തമായി വരുമ്പോൾ ആഗോളതലത്തിൽ എണ്ണയുടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇതോടൊപ്പം, മാറിയ മാർക്കറ്റ് സാഹചര്യം പരമാവധി മുതലെടുക്കുന്നതിന് എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും ഉൽപ്പാദനം ഉയർത്താതിരിക്കുന്നതും വിലയിലെ പ്രകടമായ വർധനയ്‌ക്ക് കാരണമായിട്ടുണ്ട്. എന്നാൽ, കോവിഡിന്റെ ഒമിക്രോൺ വകഭേദം ഉയർത്തുന്ന ഭീഷണി വിലയിൽ കാര്യമായ ഇടിവിന് വഴിയൊരുക്കുകയുണ്ടായി. വീണ്ടും അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് ലോകം നീങ്ങുമോയെന്ന ആശങ്കയാണ് ഇതിനു കാരണമായത്. നിലവിൽ ആഗോള എണ്ണവിപണിയിൽ 72 ഡോളറിന് താഴെയാണ് വില. കരുതൽ ശേഖരത്തിൽനിന്ന്‌ കൂടുതൽ എണ്ണ വിപണിയിലേക്കെത്തിക്കുമെന്ന് വീണ്ടും അമേരിക്ക പ്രഖ്യാപിച്ചതാണ് മാർക്കറ്റിലെ പുതിയ വഴിത്തിരിവ്.

വില നിയന്ത്രിക്കുന്നതിന് ലോകത്തെ ഏറ്റവും വലിയ ഉപയോഗ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഒരു സമ്മർദതന്ത്രമാണ് ഈ നീക്കം. ജപ്പാൻ, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ എന്നീ വലിയ എണ്ണ ഉപയോഗ രാജ്യങ്ങളോട് കരുതൽ ശേഖരത്തിൽനിന്ന്‌ ക്രൂഡ് ഓയിൽ വിപണിയിലിറക്കണമെന്ന അസാധാരണമായ ആവശ്യം അമേരിക്ക മുന്നോട്ട് വച്ചിരുന്നു. ആഗോള എണ്ണവിപണിയുടെ നിയന്ത്രണം കൈയാളുന്ന അവരുടെ താൽപ്പര്യങ്ങൾക്ക് കീഴ്പെടാൻ ഉൽപ്പാദക രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ നിർദേശം. ഇന്ത്യ ഇത് അംഗീകരിച്ചു. രാജ്യാന്തര എണ്ണവിപണിയിൽ അമേരിക്കയുടെ തീട്ടൂരങ്ങൾക്ക് ഇന്ത്യ വഴങ്ങുന്നത് ഇതാദ്യമായല്ല. സാമ്പത്തികമായി ഇറാനെ ഞെരുക്കുകയെന്ന ലക്ഷ്യത്തോടെ അവിടെനിന്ന് ക്രൂഡ് ഓയിൽ വാങ്ങരുതെന്ന് 2018ൽ വാഷിങ്‌ടൺ ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യക്കും ഇറാഖിനും പിന്നിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഓയിൽ നൽകുന്ന രാജ്യമാണ് ഇറാൻ. ചൈന ഉൾപ്പെടെ ഈ നിർദേശത്തിന് വഴങ്ങാതിരുന്നപ്പോൾ, ഇന്ത്യ ആദ്യം മടിച്ചുനിന്നെങ്കിലും ഒടുവിൽ അമേരിക്കയുടെ അന്ത്യശാസനത്തിന് കീഴ്പ്പെട്ടു.

അമേരിക്ക എണ്ണയെ രാഷ്ട്രീയവും സാമ്പത്തികവുമായ ആയുധമായി ഉപയോഗിക്കുന്നത് ഇതാദ്യമല്ല. വിപണിയെ തങ്ങളുടെ വരുതിയിൽ നിർത്താൻ ഇത്തരം സമ്മർദതന്ത്രങ്ങൾ അവർ പ്രയോഗിക്കാറുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ വില കാര്യമായി ഉയർന്നപ്പോൾ ഉൽപ്പാദനം ഉയർത്തണമെന്ന് ഒപെക് രാജ്യങ്ങളോടും റഷ്യയോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനോട് അനുകൂലമായല്ല അവർ പ്രതികരിച്ചത്. കരുതൽ ശേഖരത്തിൽനിന്ന്‌ എണ്ണ വിപണിയിലേക്കെത്തിക്കുകയെന്ന അസാധാരണമായ നീക്കത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത് ഇതാണ്. കരുതൽ ശേഖരത്തിൽനിന്ന് അഞ്ച്‌ കോടി ബാരൽ എണ്ണയാണ് അവർ റിലീസ് ചെയ്യുക. എന്നാൽ, ഉൽപ്പാദക രാജ്യങ്ങൾ അവരുടേതായ കാരണങ്ങൾ നിരത്തിയാണ് അമേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നത്. അവർ പറയുന്നത് ലോകത്തെ പല രാജ്യത്തും വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിലവിൽ ഡിമാൻഡ്‌ ഉണ്ടായ വർധനയും വിലമുന്നേറ്റവും സ്ഥായിയായ ഒന്നാകണമെന്നില്ല എന്നാണ്. എണ്ണ പമ്പ് ചെയ്യുന്നതിനുള്ള ഉൽപ്പാദക രാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രിക്കൻ മേഖലയിലുള്ള രാജ്യങ്ങളുടെ ശേഷിക്കുറവും ഉൽപ്പാദനം ഉയർത്തുന്നതിന് തടസ്സമായിട്ടുണ്ട്. എന്നിരുന്നാലും റഷ്യയും മറ്റു ഉൽപ്പാദക രാജ്യങ്ങളുംകൂടി ഉൾപ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ പ്രതിദിന ഉൽപ്പാദനം നാല്‌ ലക്ഷം ബാരൽ കണ്ട് ഉയർത്തുകയുണ്ടായി. പക്ഷേ, വിലമുന്നേറ്റം പിടിച്ചുനിർത്താൻ ഇത് പര്യാപ്തമായിരുന്നില്ല. ഡിസംബർ രണ്ടിന് ചേരുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗം ഉൽപ്പാദനം ഉയർത്തുന്ന കാര്യം പരിഗണിക്കാനിരിക്കവേയാണ് അമേരിക്കയുടെ അതിവേഗ നീക്കം. വാസ്തവത്തിൽ ഉൽപ്പാദക രാജ്യങ്ങളുടെമേൽ സമ്മർദം ശക്തമാക്കുന്നതിനുള്ള ഒരു ടോക്കൺ നടപടി എന്നതിൽ കവിഞ്ഞ പ്രാധാന്യം സാമ്പത്തികലോകം ഇതിന് നൽകുന്നില്ല.


 

കാരണം, ഇന്ത്യക്കും അമേരിക്കയ്‌ക്കും പുറമെ ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് ക്രൂഡിന്റെ ശേഖരം റിലീസ് ചെയ്യുന്നതുവഴി ആകെ മാർക്കറ്റിലെത്തുന്നത് ഏഴ്‌–-എട്ട്‌ കോടി ബാരൽ ക്രൂഡ് ആണ്. ഇത് ആഗോള ഉപയോഗകാര്യത്തിൽ പരിമിതമായ അളവ് മാത്രമാണ്. അതുകൊണ്ട്, വിലയിൽ വൻതോതിലുള്ള ഇടിവ് മാർക്കറ്റ് പ്രതീക്ഷിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഗോൾഡ്മാൻ സച് പോലുള്ള സാമ്പത്തിക ഏജൻസികൾ ക്രൂഡ് വിലയിൽ പ്രകടമായ കുറവ് കണക്കുകൂട്ടുന്നില്ല. ഒമിക്രോൺ ഭീഷണി താൽക്കാലികമായ ചില പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കൂയെന്നാണ് നിഗമനം.

ഇന്ത്യയുടെ നീക്കം പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടാക്കുമെന്ന പ്രചാരണത്തെ തന്ത്രപരമായ ഒരു ശ്രമമായി മാത്രമേ വിലയിരുത്താൻ കഴിയൂ. ഒരു വിഭാഗം മാധ്യമങ്ങൾ അത്തരത്തിൽ ഒരു മൈലേജ് ഇതിന് നൽകുന്നുവെന്നതിൽ കവിഞ്ഞ പ്രാധാന്യം ഇതിനില്ല. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രതീകാത്മക നടപടി എന്നതിനപ്പുറം വിലയെ സ്വാധീനിക്കുന്ന ഒന്നും ഇതിലില്ല. വിശാഖപട്ടണം, കർണാടകത്തിലെ മംഗളൂരു, പാടൂർ എന്നീ മൂന്ന് കേന്ദ്രത്തിലായി ഏതാണ്ട് നാല്‌ കോടി ബാരലിന്റെ കരുതൽ സ്റ്റോക്കാണ് ഇന്ത്യക്കുള്ളത്. ഇതിൽനിന്ന്‌ 50 ലക്ഷം ബാരൽ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം റിഫൈനറിക്കും മംഗളൂരു റിഫൈനറിക്കുമാണ് നൽകുന്നത്. ഇത് ഇന്ത്യയുടെ രണ്ടോ മൂന്നോ ദിവസത്തെ ഉപയോഗത്തിന്‌ മാത്രമേയുള്ളൂ. അതുകൊണ്ടാണ്, ഇതൊരു പ്രതീകാത്മക നടപടിയായി മാറുന്നതും വിലയിൽ ഒരു പ്രതിഫലനവും ഉണ്ടാക്കാതിരിക്കുന്നതും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ കുറവ് വരണമെങ്കിൽ കമ്പനികൾ വില നിർണയിക്കുന്ന നിലവിലെ തീരുമാനത്തിലും കേന്ദ്രസർക്കാർ തുടർച്ചയായി ഉയർത്തിയ നികുതി നയങ്ങളിലുമാണ് മാറ്റം വരേണ്ടത്. മറിച്ചുള്ള പ്രചാരണങ്ങൾ യുക്തിഭദ്രമല്ലാത്തതും തെറ്റിദ്ധാരണാജനകവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top