03 June Wednesday

കൊറോണയിൽ തകർന്ന് എണ്ണ ഉൽപ്പാദക രാജ്യങ്ങൾ

ജോർജ്‌ ജോസഫ്‌Updated: Wednesday Mar 11, 2020


കൊറോണ രോഗബാധയുടെ ആഗോളവ്യാപനം തുടരുന്നത് സാമ്പത്തികമേഖലയ്‌ക്ക് ഏൽപ്പിക്കുന്ന ആഘാതം ഇപ്പോൾ എല്ലാ കണക്കുകൂട്ടലും മറികടക്കുകയാണ്. ക്രൂഡോയിൽ മാർക്കറ്റിൽ തിങ്കളാഴ്ച ഉണ്ടായ പതനം ആരെയും അമ്പരപ്പിക്കുന്നതാണ്. ബ്രെന്റ് ക്രൂഡിന്റെ വില തിങ്കളാഴ്ച മാത്രം 30 ശതമാനമാണ് ഇടിഞ്ഞത്. ഒരു ബാരലിന്റെ വില 31 ഡോളറിലേക്ക് കൂപ്പുകുത്തി. 2020ൽ മാത്രം ക്രൂഡിന്റെ വിലയിൽ രേഖപ്പെടുത്തിയ ഇടിവ് 57 ശതമാനമാണ്. ഒരുപക്ഷേ, വിപണിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത പതനമാണ് ഈവർഷം സംഭവിച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തമ്മിലുള്ള കടുത്തമത്സരം വിലയുടെ കാര്യത്തിൽ ഒരു ഫ്രീ ഫാൾ എന്നനിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. ലോകത്തെ പ്രമുഖ ഉൽപ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ഡിമാൻഡ് കുറയുന്ന അവസ്ഥയിലും ഉല്പാദനച്ചുരുക്കമെന്ന തന്ത്രത്തിന് ഒരുങ്ങുന്നില്ല.  എന്നുമാത്രമല്ല, മത്സരിച്ച് വില കുറയ്ക്കുകയും ചെയ്യുന്നു. ഇത്‌ ഗൾഫ് മേഖലയുടെ സാമ്പത്തികഭാവിയെ സംബന്ധിച്ച് പുതിയ ആശങ്കകൾ വളർത്തുകയാണ്. കാരണം, ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ മധ്യേഷ്യയിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഇന്ന്  പലവിധ പ്രതിസന്ധിക്ക് നടുവിലാണ്. ഒരുവിധത്തിൽ ഇതിനെ പ്രതിരോധിക്കാൻ അവർ ശ്രമിക്കുമ്പോഴാണ് തീർഥാടന ടൂറിസം ഉൾപ്പെടെയുള്ള രംഗങ്ങളുടെ കഴുത്തുഞെരിച്ചുകൊണ്ട് കൊറോണയുടെ വരവ്.

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഏപ്രിൽ ഡെലിവറിക്ക് സൗദി അറേബ്യ ബാരലിന് നാലുമുതൽ ആറ് ഡോളർ വരെ താഴ്ത്തി ഓഫർ നൽകുമ്പോൾ അമേരിക്കയ്‌ക്ക് ഏഴു ഡോളർ വില കുറച്ചും വിൽക്കാൻ തയ്യാറാണ്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ വില പ്രകടമായി കുറച്ച സാഹചര്യത്തിലാണ് സൗദി ഈ അറ്റകൈയ്ക്ക് മുതിർന്നിരിക്കുന്നത്. ഉൽപ്പാദനം ഉയർത്തുന്നതിനും സൗദി തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ട് ആഗോള എണ്ണ മാർക്കറ്റിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്ന് മാർക്കറ്റ് വിദഗ്ധർ അനുമാനിക്കുന്നു.


 

കൊറോണ ചൈനയിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആഗോളവിപണികൾ ഒന്നൊന്നായി തകരാൻ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോഗ രാജ്യമായ ചൈനയുടെ സമ്പദ്ഘടനയ്‌ക്കേറ്റ കനത്ത ആഘാതമാണ് ക്രൂഡ് വിപണിയെയും തകർത്തെറിഞ്ഞത്. ചൈനയിൽ മരണസംഖ്യ 170 രേഖപ്പെടുത്തിയ ജനുവരി 30ന് 59.46 ഡോളറായിരുന്നു ക്രൂഡിന്റെ വില. ഏറെക്കുറെ ഒരു മാസത്തിനിടെ ഭീതിദമായ വിധത്തിലായിരുന്നു എണ്ണ മാർക്കറ്റിന്റെ തകർച്ച. വ്യോമയാനം, ഷിപ്പിങ്, മാനുഫാക്ചറിങ്, ടൂറിസം തുടങ്ങിയ വ്യവസായങ്ങൾക്ക് കൊറോണ നേരിട്ട് ഏറ്റവും പ്രതികൂലമായി ബാധിച്ചപ്പോൾ അതിന്റെ പരോക്ഷ ആഘാതം ഒരു ദുരന്തമായി മാറിയത് എണ്ണവിപണിയിലാണ്.

ഇതിനിടെ,  ഉൽപ്പാദക രാജ്യങ്ങൾ തമ്മിലുള്ള വില യുദ്ധം ഏറെ ആശങ്കയോടെയാണ് ലോകം ഏറ്റുവാങ്ങുന്നത്. ഈ സവിശേഷ സാഹചര്യത്തിൽ ഒഎൻജിസിയുടെ മാർക്കറ്റ് മൂല്യത്തിൽ സംഭവിച്ച ഇടിവ് ഒരു ലക്ഷം കോടി രൂപയാണ്. ഒഎൻജിസിയുടെ ഓഹരിമൂല്യം കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കായ 78 രൂപയാണ്. തിങ്കളാഴ്ച ഒറ്റദിവസംകൊണ്ട് വിലയിലുണ്ടായ ഇടിവ് 12 ശതമാനം. വിയന്നയിൽ ചേർന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തിലും ഉൽപ്പാദനം കുറയ്ക്കുന്നതിനെക്കുറിച്ച് ധാരണയിൽ എത്താൻ കഴിയാതിരുന്നതും കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്‌. വിയന്നാ യോഗം പരാജയമായതിനെ തുടർന്നാണ് സൗദി അറേബ്യ ഉൽപ്പാദനം ഉയർത്താനും വില കുറയ്ക്കാനും പൊടുന്നനെ നിലപാടെടുത്തത്.

ഈ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരി മാർക്കറ്റുകളെ അടിമുടി ഉലച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഇന്ത്യൻ ഓഹരിവിപണി വലിയ തകർച്ചയെയാണ് നേരിട്ടത്. നിക്ഷേപകർ കടുത്ത ആശങ്കയുടെ നിഴലിലാണ്. കാരണം ഓരോ ട്രേഡിങ് ദിനത്തിലും ശരാശരി അഞ്ചു ലക്ഷം കോടി രൂപയുടെയെങ്കിലും മാർക്കറ്റ് ക്യാപ്പാണ് ഇന്ത്യൻ ഓഹരിവിപണിക്ക് നഷ്‌ടമാകുന്നത്. നേരത്തെ ചെറുകിട, ഇടത്തരം കമ്പനികളുടെ ഷെയറുകൾ പ്രതിസന്ധി നേരിട്ടിരുന്നെങ്കിൽ ഇപ്പോൾ അത് വൻകിട കമ്പനികളുടെ ഓഹരികളെയും ബാധിച്ചിരിക്കുന്നു. റിലയൻസിന്റെ വില തിങ്കളാഴ്ച ഇടിഞ്ഞത് ഒമ്പത് ശതമാനമാണ്.
പക്ഷേ, എണ്ണവിലയിലെ ഈ പതനമൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഇന്ത്യയിലെ എണ്ണവിതരണ കമ്പനികളും സർക്കാരും. വില 1991നു ശേഷമുള്ള ഏറ്റവും കുറഞ്ഞ അവസ്ഥയിലായിട്ടും ഒരു രൂപയുടെ പോലും ആനുകൂല്യം ജനങ്ങൾക്ക് നൽകാൻ അവർ ഒരുക്കമല്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top