21 February Thursday

ലാൽ സലാം, നീൽ സലാം

എം പ്രശാന്ത്Updated: Friday Apr 20, 2018

തമ്മിനേനി വീരഭദ്രം

രോഹിത് വെമുലയുടെ 'ഹത്യ'ക്കുശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഉയർന്നുകേട്ട മുദ്രാവാക്യമാണ് ലാൽ സലാം‐ നീൽ സലാം. ഇടതുവിദ്യാർഥി പ്രവർത്തകരും അംബേദ്കർ‐ ഫൂലെ വിദ്യാർഥിസംഘടനാ പ്രവർത്തകരും യോജിച്ചുവിളിച്ച മുദ്രാവാക്യം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ തെലങ്കാനയും ഇന്നീ മുദ്രാവാക്യം ഏറ്റെടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ദേശാഭിമാനിയോട് പറഞ്ഞു.  

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമ്പൂർണ ക്ഷേമോന്മുഖ വികസനമെന്ന മുദ്രാവാക്യമുയർത്തി തെലങ്കാനയിൽ പുതിയൊരു രാഷ്ട്രീയമുന്നേറ്റത്തിന് തുടക്കമിടുകയാണ് സിപിഐ എം. മറ്റ് ഇടതുപക്ഷ പാർടികളെയും ദളിത്‐ പിന്നോക്ക സംഘടനകളെയും പുരോഗമനശക്തികളെയും ഉൾപ്പെടുത്തി സിപിഐ എം നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ബഹുജൻ ഇടതുമുന്നണി (ബിഎൽഎഫ്) തെലങ്കാനയുടെ മണ്ണിൽ ഒരു മൂന്നാംശക്തിയായി അതിവേഗം മാറുകയാണെന്ന് തമ്മിനേനി പറഞ്ഞു. ബിഎൽഎഫ് സംസ്ഥാന കൺവീനർകൂടിയാണ് തമ്മിനേനി.

 മഹാജന പദയാത്രയ്‌ക്കിടെ ഗ്രാമസന്ദർശനം നടത്തുന്ന തമ്മിനേനി വീരഭദ്രവും മറ്റ്‌ ജാഥാംഗങ്ങളും (ഫയൽചിത്രം)

മഹാജന പദയാത്രയ്‌ക്കിടെ ഗ്രാമസന്ദർശനം നടത്തുന്ന തമ്മിനേനി വീരഭദ്രവും മറ്റ്‌ ജാഥാംഗങ്ങളും (ഫയൽചിത്രം)

സംസ്ഥാനത്ത് ടിആർഎസിനെയും കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ ചെറുത്ത് മുന്നേറാനാണ് ബിഎൽഎഫിന്റെ ശ്രമമെന്ന് തമ്മിനേനി പറഞ്ഞു. അംബേദ്കറുടെയും ജ്യോതിബാ ഫൂലെയുടെയും കാൾ മാർക്സിന്റെയും ആശയഗതിക്കാർ യോജിച്ചുള്ള പ്രസ്ഥാനമാണിത്. ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. പീഡിതരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയുള്ള ജനകീയ സർക്കാരാണ് ലക്ഷ്യം. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 119 സീറ്റുകളിലും ബിഎൽഎഫ് സ്ഥാനാർഥികളുണ്ടാകും.

കഴിഞ്ഞ ജനുവരി 25നാണ് 28 സംഘടനകൾ ഉൾപ്പെടുന്ന ബിഎൽഎഫ് ഔദ്യോഗികമായി രൂപീകൃതമായത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർപിഐ നേതാവും അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ, മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) നേതാവ് എം ഡി ഘോസ് തുടങ്ങിയവർ രൂപീകരണസമ്മേളനത്തിൽ പങ്കെടുത്തു. സിപിഐ എമ്മിനുപുറമെ എംസിപിഐ (യു), ലോക്സത്ത പാർടി, എഎപി, മജ്ലിസ് ബജാവോ തെഹ്രീക്, രാജ്യാധികാര പാർടി തുടങ്ങിയവ ബിഎൽഎഫിൽ ഉൾപ്പെടുന്നു. സിപിഐ, സിപിഐ എംഎൽ, ന്യൂ ഡെമോക്രസി, ബിഎസ്പി തുടങ്ങിയ കക്ഷികളെക്കൂടി ബിഎൽഎഫിന്റെ ഭാഗമാക്കാനുള്ള ശ്രമം തുടരുകയാണ്. എൻ സൂര്യപ്രകാശാണ് ബിഎൽഎഫ് അധ്യക്ഷൻ.

കാഞ്ച എലയ്യ, ഗദ്ദർ, മുൻ ചീഫ് സെക്രട്ടറിയും ദളിത് പ്രവർത്തകനുമായ കാകി മാധവറാവു, ഉസ്മാനിയ സർവകലാശാല, ഹൈദരാബാദ് കേന്ദ്ര സർവകലാശാല തുടങ്ങി വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക്കുകൾ തുടങ്ങിയവർ ബിഎൽഎഫിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. രൂപീകരണ യോഗത്തിൽ കാഞ്ച എലയ്യയും കാകി മാധവറാവുവും പങ്കെടുത്തിരുന്നു. തെലങ്കാനയിലെ 93 ശതമാനവും ദളിത്‐ പിന്നോക്ക‐ ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. എന്നാൽ, കഴിഞ്ഞ കാലങ്ങളിലെ കോൺഗ്രസ്, ടിഡിപി ഭരണങ്ങളിലും ഇപ്പോഴത്തെ ടിആർഎസ് ഭരണത്തിലും കടുത്ത അവഗണനയാണ് ദളിത്‐ പിന്നോക്ക‐ ന്യൂനപക്ഷ ജനവിഭാഗങ്ങൾ നേരിട്ടത്. ഇവർക്ക് സാമൂഹ്യനീതി ഉറപ്പാക്കിയുള്ള തെലങ്കാനയുടെ സമഗ്രവികസനമാണ് ബിഎൽഎഫിന്റെ ലക്ഷ്യം.

2014ൽ തെലങ്കാന രൂപീകൃതമായതുമുതൽ ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്തുള്ള പ്രക്ഷോഭപാതയിലാണ് സിപിഐ എം. 2016ൽ തന്റെ നേതൃത്വത്തിൽ മഹാജന പദയാത്ര സംഘടിപ്പിച്ചു. താനട   ക്കം ഒമ്പതുപേരായിരുന്നു ജാഥാംഗങ്ങൾ. 4600 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച ജാഥ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി. 154 ദിവസമാണ് തുടർച്ചയായി ജാഥ സഞ്ചരിച്ചത്. 2016 ഒക്ടോബർ 17നായിരുന്നു ജാഥയുടെ തുടക്കം. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗമായ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തുനിന്ന് ആരംഭിച്ച ജാഥ കിഴക്ക് കരിംനഗറിലും വടക്ക് ആദിലാബാദിലും തെക്ക് നൽഗൊണ്ടയിലുമടക്കം വ്യാപകപര്യടനം നടത്തി. എല്ലാ വിഭാഗം ജനങ്ങളുമായും ഇടപഴകി. അവരുടെ പരാതികൾ കേട്ടു. അത് ഉൾപ്പെടുത്തി എല്ലാ ദിവസവും സർക്കാരിന് കത്തയച്ചു. ജാഥയുടെ വിജയത്തിൽ അസ്വസ്ഥനായ മുഖ്യമന്ത്രി ചന്ദ്രശേഖർറാവു ജാഥയെ തടയണമെന്ന ആഹ്വാനം നൽകി. എന്നാൽ, ഇത് തള്ളിയ ജനങ്ങൾ ഓരോ ഗ്രാമത്തിലും ജാഥയ്ക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. ഹൈദരാബാദിലെ സരൂർനഗറിൽ വൻ റാലിയോടെയായിരുന്നു ജാഥയുടെ സമാപനം. യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും റാലിയിയെ അഭിസംബോധന ചെയ്തു. ജാഥയിലൂടെ പാർടിക്ക് ലഭ്യമായ ജനസ്വീകാര്യതയുടെകൂടി അടിസ്ഥാനത്തിലാണ് ബിഎൽഎഫ് രൂപീകരണം‐ തമ്മിനേനി പറഞ്ഞു


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top