21 February Thursday

ഇനി പോരാട്ടത്തിന്റെ നാളുകൾ

കോടിയേരി ബാലകൃഷ്ണൻUpdated: Monday Apr 23, 2018

സിപിഐ എം 22‐ാം പാർടി കോൺഗ്രസ് ഞായറാഴ്ച ഹൈദരാബാദിൽ സമാപിച്ചിരിക്കുന്നു. മുന്നോട്ടുള്ള പാതയിൽ കൂടുതൽ കരുത്തോടെ, യോജിപ്പോടെ ഒറ്റക്കെട്ടായി നീങ്ങുമെന്നുള്ള പ്രതിജ്ഞയോടെയാണ് അഞ്ചുനാൾ നീണ്ടുനിന്ന സമ്മേളനം സമാപിച്ചത്. സമ്മേളനം തുടങ്ങുന്നതിനും മാസങ്ങൾക്കുമുമ്പ് മാധ്യമങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന വിവാദ കോലാഹലങ്ങൾ സോപ്പുകുമിളകൾപോലെ അലിഞ്ഞില്ലാതായി എന്നതാണ് യാഥാർഥ്യം. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം നടക്കുന്ന സ. മുഹമ്മദ് അമീൻ നഗറിലേക്ക് ഞങ്ങളെത്തുമ്പോഴേക്കും പരിസരമാകെ ജനനിബിഡമായിരുന്നു. രാജ്യത്തെങ്ങുമുള്ള ജനലക്ഷങ്ങൾ ഈ പ്രസ്ഥാനത്തെ എങ്ങനെ നെഞ്ചേറ്റുന്നുവെന്ന് മനസ്സിലാക്കാൻ ഹൈദരാബാദ് നഗരത്തിലേക്ക് ഞായറാഴ്ച രാവിലെമുതൽ ഒഴുകിയെത്തിയ ജനാവലി സാക്ഷ്യം. തെലങ്കാനയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽനിന്നുമാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒട്ടനവധി പാർടിബന്ധുക്കളാണ് രാവിലെമുതൽ എത്തിക്കൊണ്ടിരുന്നത്. 

വൈകിട്ട് സരൂർ സ്റ്റേഡിയത്തിലായിരുന്നു സമാപനറാലി. തെലങ്കാനയുടെ യഥാർഥ പരിച്ഛേദമാണ് അവിടെ ദൃശ്യമായത്. മൂന്നുലക്ഷം പേരുടെ റാലിയാണ് സംഘാടകർ തീരുമാനിച്ചതെങ്കിലും അതിലും എത്രയോ കൂടുതലായിരുന്നു എത്തിയ ജനങ്ങൾ. തെലങ്കാനയിൽ പാർടി ആർജിച്ച കരുത്തിന്റെ നേർരൂപമാണിത്. പ്രക്ഷോഭസമരങ്ങളിലൂടെയാണ് തെലങ്കാനയിൽ പാർടി മുന്നേറുന്നത്. ഈ മുന്നേറ്റം രാജ്യത്തിനാകെ മാതൃകയാണ്. മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽപ്രദേശ്, ജാർഖണ്ഡ് തുടങ്ങി രാജ്യമെങ്ങും സമാനമായ പ്രക്ഷോഭവും ജനകീയമുന്നേറ്റവുമാണ് നടക്കുന്നത്. തെലങ്കാനയിൽ പാർടി കോൺഗ്രസ് സമാപിക്കുമ്പോൾ നാം പ്രഖ്യാപിക്കുന്നതും ഏറ്റെടുക്കുന്നതും ഇത്തരം പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളുമാണ്. ഹൈദരാബാദ് എന്തുകൊണ്ട് പാർടി കോൺഗ്രസ് വേദിയായി എന്നതിനുള്ള ഉത്തരംകൂടിയാണിത്.

ഹൈദരാബാദ് നഗരത്തിലും സരൂർ സ്റ്റേഡിയത്തിലും തടിച്ചുകൂടിയ ഈ ജനലക്ഷങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ പൂർണ അന്തസ്സത്ത ഉൾക്കൊണ്ടുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് പാർടി കോൺഗ്രസിൽ ഉണ്ടായതെന്നതാണ് അനുഭവം. വിമർശവും സ്വയംവിമർശവുമെന്ന ഉദാത്തമായ കമ്യൂണിസ്റ്റ് മാതൃക ഉയർത്തിപ്പിടിച്ചാണ് സമ്മേളനത്തിന്റെ ഓരോ നടപടിക്രമവും പൂർത്തിയാക്കിയത്. സമ്മേളനത്തിന്റെ ആദ്യനാൾ ഉച്ചയ്ക്കുശേഷം അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തെയും അത് അംഗീകരിച്ച് രാഷ്ട്രീയ അടവുനയ രേഖ തയ്യാറാക്കിയതിനെയും കുറിച്ച് കഴിഞ്ഞദിവസം സൂചിപ്പിച്ചതാണല്ലോ? ഇതിന്റെ പേരിൽ ഉണ്ടാക്കിയ വിവാദ കോലാഹലങ്ങളെല്ലാം തകർന്നടിഞ്ഞപ്പോൾ അടുത്ത കഥകളുമായി മാധ്യമങ്ങൾ രംഗത്തെത്തിയതും നാം കണ്ടു.
എസ് രാമചന്ദ്രൻപിള്ള അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ശനിയാഴ്ച നടന്ന ചർച്ചകളുടെ പേരിലും വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. സംഘടനാ റിപ്പോർട്ട് ഞായറാഴ്ച അംഗീകരിച്ചതോടെ അതും പൊളിഞ്ഞു. പുതിയ കേന്ദ്ര കമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കുമ്പോൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമെന്ന രീതിയിലായി അടുത്ത പ്രചാരണം. എന്നാൽ, ഇതിലൊക്കെ തീരുമാനമെടുക്കാൻ പാർടി കോൺഗ്രസിന് നിമിഷങ്ങൾമാത്രമാണ് വേണ്ടിവന്നത്.

കേന്ദ്ര കമ്മിറ്റിയുടെ അംഗസംഖ്യ 91ൽനിന്ന് 95 ആയി ഉയർത്താനുള്ള തീരുമാനവും പുതിയ കേന്ദ്ര കമ്മിറ്റി പാനലും കൺട്രോൾ കമീഷൻ പാനലും അവതരിപ്പിച്ചത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ ഈ തീരുമാനം ഞൊടിയിടയ്ക്കുള്ളിലാണ് പാർടി കോൺഗ്രസ് അംഗീകരിച്ചത്. തുടർന്ന് പുതിയ കേന്ദ്ര കമ്മിറ്റി യോഗം ചേരുകയും ജനറൽ സെക്രട്ടറിയെയും പുതിയ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തതും ഏകകണ്ഠമായി നിമിഷങ്ങൾക്കകമായിരുന്നു. ഒരുവിധത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായില്ലെന്നുമാത്രമല്ല, തികഞ്ഞ ഐക്യത്തോടെയായിരുന്നു തീരുമാനങ്ങളെല്ലാം.ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം സീതാറാം യെച്ചൂരി പ്രതിനിധികളെ അഭിവാദ്യം ചെയ്ത് നടത്തിയ പ്രസംഗം പാർടി കോൺഗ്രസിന്റെ പൊതുവികാരമായിരുന്നു. കൂടുതൽ കരുത്തോടെ, യോജിപ്പോടെ മുന്നോട്ടുപോകേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുകയും അതിനനുസരിച്ചും പാർടി അർപ്പിച്ച ഉത്തരവാദിത്തം കൂട്ടായ നേതൃത്വത്തിലൂടെ നിർവഹിക്കുമെന്ന ഉറപ്പുമാണ് യെച്ചൂരി നൽകിയത്.

അതെ, ഈ പാർടി രാജ്യത്തെ തൊഴിലാളി, കർഷക, ദളിത്, പിന്നോക്ക വിഭാഗങ്ങളുടെയും ഇതര ബഹുജനസാമാന്യത്തിന്റെയും വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്ത് ഇനിയുള്ള നാളുകൾ നിരന്തരമായ സമര‐പോരാട്ടങ്ങൾക്ക് ഒരുങ്ങുകയാണ്. ഈ പോരാട്ടങ്ങളിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇതര പാർടികളോടൊപ്പം നിൽക്കുന്നവരെക്കൂടി ആകർഷിക്കുകയും പാർടിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുകയും ചെയ്യും. പാർലമെന്റിനകത്ത് ബിജെപിക്കെതിരെ യോജിച്ച വിഷയങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെ ഇതരപാർടികളുമായി സഹകരിക്കും. എന്നാൽ, കോൺഗ്രസുമായി ഒരു രാഷ്ട്രീയസഖ്യവുമില്ല.2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർടി കോൺഗ്രസ് ലക്ഷ്യമിട്ടപോലെ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരിനെ പുറന്തള്ളാനുള്ള ശ്രമങ്ങൾക്കായിരിക്കും ഊന്നൽ നൽകുക.  കേരളത്തെ അസ്ഥിരമാക്കാൻ ആർഎസ്എസും ബിജെപിയും നടത്തുന്ന ഹീനനീക്കങ്ങളെ ചെറുക്കുന്ന കേരളത്തിലെ ജനങ്ങൾക്കും എൽഡിഎഫ് സർക്കാരിനും പാർടി കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് നമുക്ക് ആവേശം പകരുന്നു. അധ്വാനിക്കുന്ന മനുഷ്യരുടെ ചരിത്രപരമായ നേട്ടങ്ങൾ പരിരക്ഷിക്കുന്നതിലും സാമൂഹിക സാമ്പത്തിക വികാസത്തിനായി മതനിരപേക്ഷ‐ ജനാധിപത്യ‐ ഇടതുപക്ഷ ബദൽ സൃഷ്ടിക്കുന്നതിലും സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കാണിക്കുന്ന പ്രതിബദ്ധതയെയാണ് പാർടി കോൺഗ്രസ് അഭിനന്ദിച്ചത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top