17 September Tuesday

ദിന്‍ഡോരി ചുവക്കുന്നു

വിജയ് പാട്ടീല്‍Updated: Wednesday Apr 24, 2019

മഹാരാഷ്ട്രയിൽ സിപിഐ എം മത്സരിക്കുന്ന ഏക സീറ്റായ നാസിക്ക് ജില്ലയിലെ ദിൻഡോരിയിൽ പ്രചാരണം സജീവമാണ‌്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഏപ്രിൽ അഞ്ചിന് സ്ഥാനാർഥി ജെ പി ഗാവിത് നാസിക്ക് ജില്ലാ മജിസ‌്ട്രേട്ടിന് നാമനിർദേശപത്രിക സമർപ്പിച്ചത്. പ്രചാരണത്തിന് തുടക്കമിട്ട് ഏപ്രിൽ നാലിന് ചന്ദ‌്‌വാഡിൽ ചേർന്ന പൊതുയോഗത്തിൽ കാൽലക്ഷം പേരാണ് പങ്കെടുത്തത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഏഴ് തവണ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെ പി ഗാവിത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമാണ്.

അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന അധ്യക്ഷനുമായിരുന്നു. 2018 മാർച്ചിൽ നാസിക്കിൽനിന്ന‌് മുംബൈയിലേക്ക് കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ കിസാൻ മാർച്ച‌് നയിച്ച നേതാക്കളിൽ പ്രമുഖനാണ‌് ജെ പി ഗാവിത്. സമാനമായ ഒരു കിസാൻ മാർച്ച് ഈ വർഷം ഫെബ്രുവരിയിലും നാസിക്കിൽനിന്ന് യാത്ര പുറപ്പെട്ടെങ്കിലും കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് രണ്ടുദിവസം കൊണ്ട് അവസാനിപ്പിച്ചു. ഇപ്പോൾ മൂന്നാമത്തെ കിസാൻമാർച്ച് ദിൻഡോരിയിൽ നടന്നു. അത് ഗാവിതിന് വേണ്ടിയായിരുന്നു. ചെങ്കൊടിയുമേന്തി ആയിരക്കണക്കിനാളുകൾ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് മൂന്ന് രാവും പകലും യാത്രചെയ‌്തു. ഗാവിതിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച‌് ഒമ്പതു താലൂക്കിലും 4500 ഗ്രാമത്തിലും അവർ സന്ദേശമെത്തിച്ചു. തെരഞ്ഞെടുപ്പ‌് ചരിത്രത്തിന‌് കർഷകർ സംഭാവനചെയ‌്ത പുതിയ പ്രചാരണരീതികൂടിയായി ഇത‌്.  

ഏപ്രിൽ 29നാണ് ദിൻഡോരിയിലെ വോട്ടെടുപ്പ്. ബിജെപി–-ശിവസേന സഖ്യത്തിന്റെയും കോൺഗ്രസ്–-എൻസിപി സഖ്യത്തിന്റെയും സ്ഥാനാർഥികൾക്കെതിരെയാണ് ഗാവിതിന്റെ പോരാട്ടം. ശിവസേനയിൽ നിന്ന‌് രണ്ടുമാസം മുമ്പ് ‘ഇറക്കുമതി' ചെയ്ത സ്ഥാനാർഥിയെയാണ് കോൺഗ്രസ്–-എൻസിപി സഖ്യം നിർത്തിയിരിക്കുന്നത്; ധൻരാജ് മഹാലെ. ഇതിന്റെ ഫലമായി സ്ഥലത്തെ പ്രധാന എൻസിപി നേതാവ് ബിജെപിയിലേക്ക് ചേക്കേറി. മൂന്നുതവണ മണ്ഡലത്തിൽ ജയിച്ച നേതാവിനെ മാറ്റി കൂറുമാറിവന്ന വനിതാനേതാവ് ഭാരതി പവാറിന് ബിജെപി സീറ്റ് നൽകി. ഈ സംഭവവികാസങ്ങൾ ഒരുപോലെ ബിജെപിയിലും എൻസിപിയിലും കടുത്ത അസംതൃപ്തിക്ക് കാരണമായി.

സിപിഐ എമ്മിന്റെ പൊതുയോഗം ചന്ദ‌്‌വാഡിലെ മാർക്കറ്റ് കമ്മിറ്റി മൈതാനത്താണ് നടന്നത്. കടുത്ത വെയിലുണ്ടായിട്ടും പന്തലും നിറഞ്ഞുകവിഞ്ഞ് ജനങ്ങൾ ഗാവിതിനെയും യെച്ചൂരിയെയും കേൾക്കാനെത്തി. കിസാൻസഭയിലും സിപിഐ എമ്മിലും പെടാത്ത നിരവധി പേർ അക്കൂട്ടത്തിലുണ്ടായിരുന്നു. അരിവാൾ ചുറ്റിക ആലേഖനം ചെയ്ത പതാകകളുമേന്തിയായിരുന്നു ജനങ്ങൾ നഗരത്തിലേക്ക് പ്രവേശിച്ചത്. ചന്ദ‌്‌വാഡ‌് നഗരം അക്ഷരാർഥത്തിൽ ചെവപ്പണിഞ്ഞു.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു യെച്ചൂരിയുടെ പ്രസംഗം. 27 ദിവസത്തിൽ ഒരിക്കൽ മാത്രമാണ് മണ്ഡലത്തിലെ പല ഭാഗങ്ങളിലും ജലവിതരണം നടക്കുന്നത്. ഇത‌് മനുഷ്യത്വരഹിതമാണെന്ന് യെച്ചൂരി പറഞ്ഞു. ബിജെപി ഭരണമാണ് ഈ ദയനീയാവസ്ഥയ‌്ക്ക് ഉത്തരവാദി. മേഖലയിലെ കാർഷികപ്രതിസന്ധിക്കും അതിന്റെ ഭാഗമായ തൊഴിലില്ലായ്മയ‌്ക്കും കാരണമായ ബിജെപി സർക്കാരിനെ പുറത്താക്കിയാൽമാത്രമേജീവൽപ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാൻ കഴിയൂ. പാവങ്ങളെ അവഗണിച്ച് അംബാനിയെയും അദാനിയെയും പോലുള്ള കോർപറേറ്റുകളെ അതിസമ്പന്നരാക്കുന്നത് ബിജെപിയുടെ നയമാണെന്നും യെച്ചൂരി വിശദീകരിച്ചു. കാവൽക്കാരനാണെന്ന് സ്വയം അവകാശപ്പെട്ട് രാജ്യത്തെ കൊള്ളയടിക്കുകയാണ് മോഡിയെന്നും അതിനാൽ ഈ കാവൽക്കാരനെയും ശിങ്കിടികളെയും അധികാരത്തിൽനിന്ന‌് പുറത്താക്കണമെനും യെച്ചൂരി ആഹ്വാനംചെയ്തു.

ജെ പി ഗാവിത് ജനങ്ങൾക്കുമുമ്പിൽ വയ‌്ക്കുന്നത‌് അവരുടെ പൊള്ളുന്ന ജീവിതപ്രശ്നങ്ങളാണ്; ഭൂമി, വെള്ളം, റേഷൻ, ന്യായവില തുടങ്ങിയ വിഷയങ്ങൾ. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാണ് ഗാവിതിന്റെ പ്രസംഗങ്ങൾ. ജനങ്ങളിലും അവരുടെ പ്രശ്നപരിഹാരത്തിലും താൽപ്പര്യമുള്ളത് ചെങ്കൊടിപ്രസ്ഥാനത്തിനാണെ ഗാവിതിന്റെ വാദത്തെ ഹർഷാരവത്തോടെയാണ് ദിൻഡോരിയിലെ ജനങ്ങൾ സ്വീകരിക്കുന്നത്. ദിൻഡോരി ചുവക്കുമോ എന്ന ഭയം പലരെയും പിടികൂടിയിട്ടുണ്ട്.

 

 


പ്രധാന വാർത്തകൾ
 Top