30 May Saturday

കശ്‌മീരും പൊതുബോധവും

പി രാജീവ്‌Updated: Monday Sep 2, 2019

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറിൽ പോയി യൂസഫ്തരിഗാമിയെ കണ്ടതിന്‌ നിരവധി തലത്തിലുള്ള മാനങ്ങളുണ്ട്‌. അത് ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന നിരവധി നുണ നിർമിതികൾ തുറന്നുകാട്ടുന്നതും ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെ വ്യക്തമാക്കുന്നതുമാണ്. തരിഗാമി ജമ്മു കശ്‌മീരിലെ സവിശേഷ വ്യക്തിത്വമാണ്. തുടർച്ചയായി നാലുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ടുമാത്രമല്ല. കശ്‌മീരിനെ ദുർബലപ്പെടുത്തുന്നതിനുള്ള ഭീകരവാദ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി തുടർച്ചയായി പ്രതിരോധിക്കുന്നു എന്നതാണ് തരിഗാമിയുടെ പ്രത്യേകത. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലും കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലുമാണ് ഈ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നൽകുന്നത്.

പാകിസ്ഥാൻ പിന്തുണയോടെയുള്ള അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ കണ്ണിലെ കരടാണ് തരിഗാമി. അതുകൊണ്ടുതന്നെ പലതവണ അദ്ദേഹത്തെ തുടച്ചുനീക്കാൻ ഭീകരവാദികൾ ശ്രമിച്ചു. അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതൊന്നും തരിഗാമിയെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു.ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നതാണ് തരിഗാമിയുടെയും സിപിഐ എമ്മിന്റെയും എക്കാലത്തെയും സമീപനം. അവിടെ ശിഥിലമാക്കാനുള്ള പാകിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരവാദത്തെ എക്കാലത്തും എതിർക്കുകയും ആ പ്രവർത്തനങ്ങൾക്കിടയിൽ നിരന്തരം ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു. ജമ്മുവിനും കശ്‌മീരിനും ലഡാക്കിനും പരമാവധി സ്വയംഭരണം ലഭിക്കണമെന്ന് നിലപാട് സ്വീകരിക്കുന്നു. ഓരോ കശ്‌മീരി പൗരനും തങ്ങളുടെ നാട്ടിലും വീട്ടിലും സമാധാനമായി ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഒപ്പം നിൽക്കുന്നു. താഴ്‌വരയിലെ മുസ്ലിം നാമധാരികൾക്ക് മാത്രമല്ല, കശ്‌മീരി പണ്ഡിറ്റുകൾക്കും ഈ അവകാശമുണ്ടന്ന പൊതുനിലപാട് പൊതുസമൂഹത്തിലും നിയമസഭയിലും നിരന്തരം ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, ജമ്മു -കശ്‌മീരിനെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതും പ്രത്യേക പരിഗണന ഇല്ലാതാക്കിയതുമാണ് കശ്‌മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാക്കിയതെന്ന്‌ ബിജെപിയും മറ്റും പ്രചരിപ്പിക്കുന്നത്. ഇത് ചരിത്രത്തിന്റെയും യാഥാർഥ്യത്തിന്റെയും നിരാകരണമാണ്.
കേന്ദ്ര നടപടിയെ എതിർക്കുന്ന എല്ലാവരുംതന്നെ കശ്‌മീർ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ എതിർക്കുന്നവരാണെന്ന ഇവരുടെ പ്രചാരവേല പൊതുവൽക്കരണവും ഭരണഘടനാവിരുദ്ധ നടപടിക്ക് പൊതുസമ്മതം നിർമിക്കലുമാണ്.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 ലേക്ക് നയിച്ച ചരിത്രപശ്ചാത്തലവും അതിന്റെ സമകാലിക പ്രസക്തിയും പ്രധാനമാണ്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ജമ്മു കശ്‌മീർ രാജ്യത്തിന്റെ ഭാഗമായിരുന്നില്ല. അവിടത്തെ രാജാവ് ഹരിസിങ് സ്വതന്ത്ര രാജ്യമായി കശ്‌മീരിനെ നിലനിർത്താനാണ് ആഗ്രഹിച്ചത്. എന്നാൽ, മുസ്ലിം ഭൂരിപക്ഷമുള്ള അവിടത്തെ ജനത ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ ചേരുന്നതിന് എതിരും മതനിരപേക്ഷ ജനാധിപത്യ രാജ്യമാകുന്ന ഇന്ത്യയിൽ ചേരുന്നതിന് അനുകൂലവും ആയിരുന്നു. പാകിസ്ഥാൻ കശ്‌മീരിനെ ആക്രമിച്ചതോടെ രാജാവിനും ഗത്യന്തരമില്ലാതായി. ജമ്മുവിലേക്ക് പലായനം ചെയ്‌ത രാജാവ് ഇന്ത്യയിൽ ചേരാൻ തയ്യാറായി. തങ്ങളുടെ സംസ്‌കാരവും തനിമയും ജീവിതരീതികളും സംരക്ഷിക്കാമെന്ന ഉറപ്പിൽ 1947 ഒക്ടോബറിലാണ് കശ്‌മീർ ഇന്ത്യയുടെ ഭാഗമാകുന്നത്. അതിന്റെ തുടർച്ചയിൽ 1949 മെയ് 15, 16 തീയതികളിൽ സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ വീട്ടിൽ ചേർന്ന, നെഹ്‌റുവും ഷേഖ്‌ അബ്‌ദുള്ളയും മറ്റും പങ്കെടുത്ത യോഗം കരാറിന്റെ വ്യവസ്ഥകൾക്ക് രൂപംനൽകിയത്‌. ഇതാണ് 1949 ഒക്ടോബറിൽ ഭരണഘടന അസംബ്ലി അംഗീകരിച്ച അനുച്ഛേദം 370ന്റെ ഉള്ളടക്കമായി മാറിയത്. ഇതിന്റെ തുടർച്ചയിലാണ് 1951 നവംബറിൽ ജമ്മു കശ്‌മീരിന്റെ ഭരണഘടന അസംബ്ലി രൂപീകരിക്കുന്നതും ഭരണഘടന അംഗീകരിച്ചതിനുശേഷം 1956 നവംബറിൽ  സ്വയം പിരിച്ചുവിടുന്നതും. ഈ ഭരണഘടനയുടെ അനുച്ഛേദം 3  പ്രകാരം ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. യഥാർഥത്തിൽ 370 ന്റെ ഉള്ളടക്കമാണ് ജമ്മു കശ്‌മീരിനെ ഇന്ത്യയുടെ അവിഭാജ്യഭാഗമാക്കിയത്. ഇന്നത്തെ നടപടി ഇതിന്റെ പൊതുവികാരത്തിന്റെയും അന്നു നൽകിയ ഉറപ്പിന്റെയും ലംഘനമാണ്.

അതിനു സ്വീകരിച്ച രീതി ഭരണഘടനാവിരുദ്ധവും അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. അനുച്ഛേദം 368 പ്രകാരമാണ് ഭരണഘടന ഭേദഗതി ചെയ്യേണ്ടത്. ഭരണഘടന അസംബ്ലിയെ നിയമസഭയാക്കുന്ന മാറ്റവും തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അഭിപ്രായത്തെ പ്രസിഡന്റ് ഭരണത്തിനു കീഴിലായതുകൊണ്ട്  പാർലമെന്റിന്റെതന്നെ അഭിപ്രായം തേടിയതും ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ഈ നടപടിയുടെ ഭരണഘടനാപരമായ സാധുത സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. ജമ്മു കശ്‌മീരിനെ കൂടാതെ 11 സംസ്ഥാനത്തിന്‌ പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്ന യാഥാർഥ്യത്തെ പ്രചാരവേല മറച്ചുവയ്‌ക്കുന്നു. ഈ സംസ്ഥാനങ്ങളിൽ പലതിനും ഭരണഘടനാഭേദഗതികൾകൊണ്ട് പാർലമെന്റ് നൽകിയ പ്രത്യേക പരിഗണനയാണ്; കശ്‌മീരിന്റേത് ഭരണഘടന അസംബ്ലി നൽകിയതുമാണ്.

1927 ൽ രാജാവ് കൊണ്ടുവന്ന നിയമമാണ് ഇന്ത്യയുടെ ഭാഗമായപ്പോൾ തദ്ദേശീയർക്ക് ഭൂമിയുടെ ഉടമസ്ഥതയിൽ ഉൾപ്പെടെ സ്വതന്ത്ര അവകാശം നൽകുന്ന അനുച്ഛേദം 35 എയിലേക്ക് പരിവർത്തനം ചെയ്‌തത്‌. ഇത്തരം ചരിത്രപശ്ചാത്തലമില്ലാത്ത പല സംസ്ഥാനങ്ങളിലും തദ്ദേശീയർക്കുമാത്രം ഭൂമി വാങ്ങാൻ അവകാശം നൽകിയത്. നമ്മുടെ ലക്ഷദ്വീപിലേക്ക് മലയാളിക്ക് ഉൾപ്പെടെ പ്രവേശിക്കണമെങ്കിൽ വിസ സമാനമായ പെർമിറ്റ് എടുക്കണമെന്നതുപോലും ഒരേ ഇന്ത്യ മുദ്രാവാക്യക്കാർ കണ്ടതായി നടിക്കുന്നില്ല. ജമ്മു - കശ്‌മീരിനുള്ള പ്രത്യേക പരിഗണന പ്രയോഗത്തിൽ വരുത്തുന്നതിന് കഴിയാതെ പോയതാണ് യഥാർഥത്തിൽ ഭീകരവാദത്തിന് ആളെ കൂട്ടിക്കൊടുത്ത ഒരു ഘടകം. ഈ അസംതൃപ്തിയെ ഉപയോഗിച്ച് കശ്‌മീരിനെ ശിഥിലമാക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. ഭീകരവാദികളെ ഒറ്റപ്പെടുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ കോൺഗ്രസിന്

ശരിയായ നിലപാടുണ്ടായില്ല. ഇപ്പോഴും അതേ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യസഭയിലെ പ്രതിപക്ഷനേതാവാണ് ഗുലാം നബി ആസാദ്. അദ്ദേഹം ജമ്മു - കശ്‌മീരിന്റെ മുൻ മുഖ്യമന്ത്രിയാണ്. ഇപ്പോൾ ജമ്മു കശ്‌മീരിനെ പ്രതിനിധാനം ചെയ്‌താണ്‌ രാജ്യസഭയിലുള്ളത്. തന്നെ തെരഞ്ഞെടുത്ത മണ്ഡലം സന്ദർശിക്കാനുള്ള അവകാശം പാർലമെന്റ് അംഗത്തിന്റെ അവകാശമാണ്. എന്നാൽ, രണ്ടുതവണ ശ്രമിച്ചിട്ടും വിമാനത്താവളത്തിൽനിന്ന്‌ പുറത്തുകടക്കാൻ അനുവദിച്ചില്ല. മണ്ഡലം സന്ദർശിക്കാൻ ഒരു എംപിയെ അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണ്. ഒപ്പം പാർലമെന്റ് അംഗത്തിന്റെ അവകാശത്തെ ലംഘിക്കലാണ്. എന്നാൽ, ഗുലാം നബിയോ കോൺഗ്രസോ സുപ്രീംകോടതിയിൽ റിട്ട് കൊടുക്കുന്നതിനോ പാർലമെന്റിൽ അവകാശലംഘന നോട്ടീസ് കൊടുക്കുന്നതിനോ തയ്യാറായിട്ടില്ല.
ജമ്മു കശ്‌മീർ നിയമസഭയിൽ ഒരംഗംമാത്രമേ സിപിഐ എമ്മിനുണ്ടായിരുന്നുള്ളൂ. നിയമസഭ പിരിച്ചുവിട്ടതോടെ എംഎൽഎയ്‌ക്കുള്ള പ്രത്യേക അവകാശങ്ങൾ ഇല്ലാതായി. എന്നാൽ, ഏതൊരു പൗരന്റെയും മൗലികാവകാശം ലംഘിക്കപ്പെട്ട അടിസ്ഥാനപ്രശ്നമാണ് സിപിഐ എം ഉയർത്തിയത്.

എന്നാൽ, പ്രത്യേക അവകാശങ്ങളുള്ള, ക്യാബിനറ്റ് റാങ്കുള്ള, ആ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ഗുലാം നബിയും അദ്ദേഹത്തിന്റെ പാർടിയായ കോൺഗ്രസും പ്രകടിപ്പിക്കുന്ന കുറ്റകരമായ നിശ്ശബ്‌ദത എത്രമാത്രം ഭയാനകമാണ്. ബിജെപി നിർമിക്കുന്ന പൊതുബോധത്തിന്റെ മാത്രമല്ല, സ്വയം കൃതാനർഥങ്ങളുടെ തടവറയിൽ കൂടിയാണ് കോൺഗ്രസ്. -ചരിത്രവും യാഥാർഥ്യവും ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാധ്യമായ എല്ലാ മാർഗങ്ങളും നിയമവിധേയമായി ഉപയോഗിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നത്‌. എന്നാൽ, ജീവിക്കുന്ന കാലത്തെ തിരിച്ചറിയാൻ പറ്റാത്ത ദയനീയ അവസ്ഥയിലാണ് കോൺഗ്രസ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top