23 November Monday

ഹാഥ്‌രസ്‌ ; രാജ്യത്തിന്റെ വേദന

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020

ലോകത്തിനു മുന്നിൽ രാജ്യത്തെ നാണംകെടുത്തിയ സംഭവമാണ്‌ ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പത്തൊമ്പതുകാരിക്ക്‌ നേരിട്ട ദുരന്തം. പെൺകുട്ടിയുടെ കുടുംബം ഇന്ന്‌ കടുത്ത ഭീതിയിലാണ്‌. അവർക്ക്‌ നീതി ലഭിക്കുമെന്ന്‌ ഉറപ്പില്ല. അധികാരകേന്ദ്രങ്ങളിൽനിന്ന്‌ ഭീഷണിയും സമ്മർദവും തുടരുന്നു. സിപിഐ എം, സിപിഐ നേതാക്കൾ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സന്ദർശനശേഷം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ എന്നിവർ ദേശാഭിമാനിയോട്‌ സംസാരിച്ചു.

തയ്യാറാക്കിയത്‌:  സാജൻ എവുജിൻ


 

കുടുംബത്തിന്‌ നീതി ഉറപ്പാക്കണം: യെച്ചൂരി

ചോദ്യം: സന്ദർശനത്തിന്റെ ലക്ഷ്യം എന്താണ്‌

ഉത്തരം: പൊതുവെ എല്ലാ ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തുന്നതാണ്‌ ഹാഥ്‌രസിലെ പെൺകുട്ടിക്ക്‌ നേരിട്ട ഭീകരമായ അനുഭവം. എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവം. ഏതുകുടുംബത്തിന്‌ ഈ അനുഭവം ഉണ്ടായാലും അത്യന്തം ദുഃഖകരമാണ്‌. 21–-ാം നൂറ്റാണ്ടിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്‌ ഹാഥ്‌രസിൽ ഉണ്ടായത്‌.

അങ്ങേയറ്റം ഭീതിയിലും പരിഭ്രമത്തിലുമാണ്‌ കുടുംബം. അവരെ ‌ആശ്വസിപ്പിക്കാനും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ്‌ എത്തിയത്‌. മനുഷ്യത്വത്തിന്റെ കണികയില്ലാത്ത മഹാ അപരാധമാണ്‌ നടന്നത്‌. കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണം. പെൺകുട്ടിയുടെ കുടുബത്തിന്‌ നീതി ഉറപ്പാക്കണം. ഇതിനായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന്‌ അറിയിക്കാനാണ്‌ സിപിഐ എം, സിപിഐ പ്രതിനിധിസംഘം എത്തിയത്‌.

ചോദ്യം: നീതി ഉറപ്പാക്കാൻ എന്താണ്‌ വഴി‌

ഉത്തരം: നിഷ്‌പക്ഷക്ഷമായമായ  ജുഡീഷ്യൽ അന്വേഷണം നടക്കണം. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം സാധ്യമാകണം. സിബിഐ അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബം തൃപ്‌തരല്ല.


 

ചോദ്യം: സിബിഐ അന്വേഷണത്തിന്‌ വിശ്വാസ്യതയില്ലേ

ഉത്തരം: ജനങ്ങൾക്ക്‌ സിബിഐ അന്വേഷണത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. പല പ്രധാന കേസിലും സിബിഐ അന്വേഷണത്തിന്റെ ഗതി രാജ്യം കണ്ടതാണ്‌. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ സിബിഐക്ക്‌ കഴിഞ്ഞിട്ടില്ല.

ചോദ്യം: ഹാഥ്‌രസ്‌ സംഭവത്തിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറയുന്നുവല്ലോ.

ഉത്തരം: ശ്രദ്ധ തിരിച്ചുവിടാനും നീതിനിർവഹണം വൈകിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്തരം ആരോപണങ്ങൾ. പെൺകുട്ടി കൂട്ടബലാത്സംഗത്തിന്‌ ഇരയായി എന്നത്‌ സത്യമല്ലേ? പെൺകുട്ടി കൊല്ലപ്പെട്ടുവെന്നത്‌ സത്യമല്ലേ? മൃതദേഹം വീട്ടുകാരെ കാണിക്കാതെ അർധരാത്രി കത്തിച്ചുകളഞ്ഞുവെന്നത്‌ സത്യമല്ലേ? പ്രാഥമികമായ കാര്യങ്ങൾ ഇവയാണ്‌. ഇക്കാര്യത്തിൽ നീതി ഉറപ്പാക്കണം. സർക്കാർ എന്തിനാണ്‌ സ്വതന്ത്രമായ അന്വേഷണത്തെ ഭയക്കുന്നത്‌. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ ഏതു രീതിയിലുള്ള അന്വേഷണവും നടത്താമല്ലോ? നിയമം അതിന്റെ വഴിയിൽ നീങ്ങട്ടെ.

ചോദ്യം: പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറയുന്നുവല്ലോ

ഉത്തരം: ഇത്‌ രാഷ്ട്രീയപാർടികൾ തമ്മിലുള്ള മത്സരത്തിന്റെ പ്രശ്‌നമല്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുകയെന്നതാണ്‌ വിഷയം. നീതിനിർവഹണം ഉറപ്പാക്കാനാണ്‌ ഞങ്ങൾ ശ്രമിക്കുന്നത്‌. ഇരയുടെ കുടുംബത്തിന്റെ ദുഃഖം സ്വാഭാവികമാണ്‌. അതിൽ രാഷ്ട്രീയമില്ല. ഏതു കുടുംബത്തിനും ഇത്തരം ദുരന്തങ്ങൾ കടുത്ത ആഘാതമാകും. നീതി ലഭിക്കാൻ സ്വതന്ത്രമായ അന്വേഷണം വേണമെന്നതാണ്‌ പ്രശ്‌നം. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല. നിയമം അതിന്റെ വഴിയിൽ നീങ്ങുന്നുവെന്ന്‌ ഉറപ്പാക്കണം.

ചോദ്യം: ജാതിയുടെയും മതത്തിന്റെയും പേരിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായും ആദിത്യനാഥ്‌ പറയുന്നു

ഉത്തരം: സർക്കാരിന്‌ സംവിധാനങ്ങൾ ഉണ്ടല്ലോ? അന്വേഷിക്കട്ടെ. ശ്രദ്ധ തിരിച്ചുവിടാൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ ശരിയല്ല. പെൺകുട്ടിക്ക്‌ നേരിട്ട ദുരന്തം കൺമുന്നിലുണ്ട്‌. അതാണ്‌ പ്രധാന പ്രശ്‌നം. നിയമസംവിധാനം ശരിയായി പ്രവർത്തിക്കണം. 

യോഗി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം: ഡി രാജ

ചോദ്യം: ഈ സംഭവത്തെ എങ്ങനെ കാണുന്നു

ഉത്തരം: വാക്കുകൾകൊണ്ട്‌ വിശേഷിപ്പിക്കാൻ കഴിയാത്ത ഹീനമായ കൃത്യമാണ്‌ ഹാഥ്‌രസിൽ ഉണ്ടായത്‌. ദളിത്‌ കുടുംബത്തിന്‌ നേരിട്ട ദുരന്തം അങ്ങേയറ്റം അപമാനകരമാണ്‌. നിയമസംവിധാനത്തിന്‌ നീതി ഉറപ്പാക്കാൻ കഴിയുന്നില്ല.

ചോദ്യം: യുപി സർക്കാരിന്റെ നിലപാടിനെ എങ്ങനെ കാണുന്നു

ഉത്തരം: യോഗി ആദിത്യനാഥ്‌ സർക്കാരിന്‌ അധികാരത്തിൽ തുടരാൻ അർഹത നഷ്ടപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഒഴിയണം. പ്രതികളെ രക്ഷിക്കാനാണ്‌ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്‌.

ചോദ്യം:  പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി കത്തിക്കാനും കുടുംബത്തെ ഭീഷണിപ്പെടുത്താനും നേതൃത്വം നൽകിയ ജില്ലാ കലക്ടർ തൽസ്ഥാനത്ത്‌ തുടരുകയാണല്ലോ

ഉത്തരം: അതാണ്‌ പറഞ്ഞത്‌. അധികൃതരും ക്രിമിനലുകളും ഒത്തുകളിക്കുന്നു. സർക്കാർ നീതിനിർവഹണത്തിൽ പരാജയപ്പെട്ടിരിക്കുന്നു.

ചോദ്യം: ഗുജറാത്ത്‌ കലാപകാലത്ത്‌ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയോട്‌ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയി ‘രാജധർമം’ പാലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇന്നത്തെ സ്ഥിതിയോ

ഉത്തരം: ഉത്തർപ്രദേശിൽ ‘രാജധർമം’ എല്ലാ ദിവസവും ലംഘിക്കപ്പെടുകയാണ്‌.

ചോദ്യം: പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌ പറയുന്നുവല്ലോ

ഉത്തരം: ഇത്രയും ദാരുണമായ ദുരന്തത്തിന്‌ ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്ന്‌ പറയുന്നതിൽ എവിടെയാണ്‌ രാഷ്ട്രീയം. ആ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരാനാണ്‌ ഞങ്ങൾ എത്തിയത്‌. ഇതിൽ രാഷ്ട്രീയം കാണുന്നവർക്കാണ്‌ കുഴപ്പം.


 

പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം: ബൃന്ദ

ചോദ്യം: പെൺകുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ എന്താണ്‌

ഉത്തരം: പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി വിശദമായി സംസാരിച്ചു. നടന്ന കാര്യങ്ങൾ ഓരോന്നായി അവർ പറഞ്ഞു. അവർ അങ്ങേയറ്റം ഭീതിയിലാണ്‌. നിരന്തരം ഉണ്ടായ ദുരനുഭവങ്ങൾ അവരെ അരക്ഷിതബോധത്തിൽ എത്തിച്ചിരിക്കുന്നു. അന്വേഷണത്തിന്റെ പേരിൽ പ്രത്യേക അന്വേഷണസംഘം വീണ്ടും വേട്ടയാടുന്നു. സിബിഐ അന്വേഷണത്തോടൊപ്പം പ്രത്യേകസംഘവും അന്വേഷിക്കുന്നത്‌ എന്തിനാണ്‌?  പ്രധാനമന്ത്രിയോ മുഖ്യമന്ത്രി ആദിത്യനാഥോ ഇതുവരെ സംഭവത്തെ അപലപിച്ചിട്ടില്ല. നടന്നത്‌ മോശം കാര്യമാണെന്നു പറയാൻ തയ്യാറായിട്ടില്ല.

ചോദ്യം: കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന്‌ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ പറയുന്നല്ലോ

ഉത്തരം: പെൺകുട്ടി ബലാത്സംഗത്തിന്റെ വിവരങ്ങൾ മരണമൊഴിയായി നൽകിയതാണ്‌. ആശുപത്രിയിൽവച്ച്‌ പെൺകുട്ടി പലതവണ ഇക്കാര്യം പൊലീസിനോട്‌ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടി നുണ പറഞ്ഞെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ശ്രമം. പെൺകുട്ടിയെ ഇത്തരത്തിൽ സ്വഭാവഹത്യ ചെയ്യുന്നത്‌ ആർക്കുവേണ്ടിയാണ്?


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top