16 June Sunday

കോൺ-ഗ്രസിന്റെ പശുരാഷ്‌ട്രീയം

പി വി തോമസ‌്Updated: Tuesday Feb 19, 2019

പശുരാഷ്ട്രീയത്തിൽ കോൺഗ്രസ് ദേശീയ സുരക്ഷാനിയമം ഉപയോഗിക്കുകയാണ്. ഇത് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അടിയന്തരാവസ്ഥാ രാഷ്ട്രീയമാണ്.  ഇന്ദിര ഗാന്ധി സ്വയം തന്റെ മൂന്നാമത്തെ മകനെന്ന് വിളിച്ച് അംഗീകരിച്ച കമൽനാഥ്, അടിയന്തരാവസ്ഥയുടെ പ്രതിനായകനായ സഞ‌്ജയ‌്  ഗാന്ധിയുടെ ഡൂൺ സ്കൂൾ സുഹൃത്തും അടിയന്തരാവസ്ഥയുടെ സന്തത സഹചാരിയുമാണ്. അദ്ദേഹം ഇങ്ങനെയൊരു അക്രമത്തിന് മുതിർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. കോൺഗ്രസ് മധ്യപ്രദേശിൽ അധികാരം തിരിച്ചുപിടിച്ച ഉടൻതന്നെ കമൽനാഥ് കാലിക്കച്ചവടക്കാരെ ദേശീയ സുരക്ഷാ നിയമം എന്ന കരിനിയമപ്രകാരം അറസ്റ്റ് ചെയ്തു. കാരണവും വിചാരണയും ഇല്ലാതെ തോന്നുന്ന കാലത്തോളം തടവിൽവയ്ക്കാൻ തീരുമാനിച്ചു. കാലിക്കച്ചവടക്കാരെ പശു കള്ളക്കടത്തുകാരെന്നും ഗോഹത്യക്കാരെന്നും മുദ്രകുത്തിയാണ് ഈ ഭീകരവകുപ്പുപ്രകാരം തുറങ്കിൽ അടയ‌്ക്കുന്നത്.

മുസ്ലിം ന്യൂനപക്ഷ സമുദായാംഗങ്ങളാണ് കമൽനാഥിന്റെയും കോൺഗ്രസിന്റെയും ഉന്നം. കാരണം അവരാണ് കന്നുകാലിക്കച്ചവടം ഏറിയപങ്കും ചെയ്യുന്നത‌്. ഈ കിരാതനിയമം നടപ്പാക്കുന്നതിലൂടെ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുകയാണ് കമൽനാഥിന്റെയും കോൺഗ്രസിന്റെയും ഗൂഢോദ്ദേശ്യം. അങ്ങനെയാണ‌് അവർ മധ്യപ്രദേശിൽ 15 വർഷത്തിനുശേഷം അധികാരത്തിൽ വന്ന പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത്. അധികാരത്തിൽ വന്ന ഉടൻതന്നെ അത് നടപ്പാക്കാനും തുടങ്ങി. എത്ര കർമനിരതരാണ‌് കമൽനാഥും കോൺഗ്രസ് പാർടിയും ഇക്കാര്യത്തിലെന്ന് നോക്കണം. അധികാരത്തിൽ വന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടു കേസിലായി അഞ്ച് മുസ്ലിം സമുദായാംഗങ്ങളെയാണ് കമൽനാഥ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് അകത്താക്കിയത്. 15 വർഷം സംസ്ഥാനം ഭരിച്ച ശിവരാജ്സിങ് ചൗഹാൻ 22 ന്യൂനപക്ഷ സമുദായക്കാരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കാലിക്കള്ളക്കടത്ത് ഗോഹത്യ എന്നപേരിൽ അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെയും കമൽനാഥിന്റെയും ഹിന്ദുത്വം ഒരു പടികൂടെ മുമ്പിലാണ‌്.

പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണം

കാലിക്കച്ചവടക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമം ഉപയോഗിക്കുന്നതിനെതിരെ വ്യപകമായ പ്രതിഷേധം മനുഷ്യാവകാശപ്രവർത്തകരിൽനിന്നും മറ്റു സിവിൽ സൊസൈറ്റി സംഘടനകളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്. അതു കണക്കാക്കി കമൽനാഥ് പശുസംരക്ഷകരെയും വെറുതെവിടുകയില്ലെന്ന് പറഞ്ഞ് ഒരു മൃദു താക്കീതും നൽകി. എന്തായിരിക്കും അവർക്കുള്ള ശിക്ഷയെന്ന് മാത്രം വ്യക്തമാക്കിയില്ല. കാരണം ഈ പശുസംരക്ഷക ഗുണ്ടകൾ നിയമവാഴ്ചയ‌്ക്ക‌് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. അവർക്കെതിരെ ദേശീയ സുരക്ഷാനിയമം ഉപയോഗിക്കുന്നതിനെക്കുറിച്ച് കമൽനാഥ് ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. കോൺഗ്രസ് ശരിക്കും മതേതരവാദികളാണെങ്കിൽ മധ്യപ്രദേശിൽനിന്നും അല്ലേ ഈ പശുസംരക്ഷക ഗുണ്ടകൾക്കെതിരായുള്ള നടപടി ആരംഭിക്കേണ്ടത്? അവരെയല്ലേ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ‌്ക്കേണ്ടത്? പകരം എന്തിന് ജീവിതമാർഗത്തിന‌ായി കാലിക്കച്ചവടം നടത്തുന്ന പാവങ്ങളായ ന്യൂനപക്ഷക്കാരെ ദേശീയ സുരക്ഷാനിയമപ്രകാരം പീഡിപ്പിക്കണം. അവർ ലൈസൻസുള്ള കാലിക്കച്ചവടക്കാരായിരിക്കാം. പക്ഷേ, ദേശീയ സുരക്ഷാനിയമം എന്ന കാടൻ നിയമത്തിന‌് അതൊന്നും അറിയേണ്ട കാര്യമില്ല.

നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനുശേഷം ഉത്തരേന്ത്യയിൽ വ്യാപകമായി കാണുന്ന ഒരു ആക്രമണം പശുസംരക്ഷക ഗുണ്ടായിസമാണ‌്. ഇത് സംഘപരിവാറിന്റെ പ്രത്യേകിച്ച‌് ആർഎസ‌്എസിന്റെ അജൻഡയാണ്. ഈ അജൻഡ തന്നെയാണ‌് കൂടുതൽ തീക്ഷ‌്ണതയോടെ കോൺഗ്രസും കമൽനാഥും മധ്യപ്രദേശിൽ നടപ്പാക്കുന്നത്. ഡൽഹിയുടെ പരിസരപ്രദേശത്തുള്ള ദാദ്രിയിൽ മുഹമ്മദ്അഖ്ലാക്കിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ കൊന്നത് ഇവരാണ്. അന്ന് സമാജ്വാദി പാർടിയുടെ അഖിലേഷ്യാദവായിരുന്നു ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയെങ്കിലും അക്രമികൾക്കെതിരെ  ദേശീയസുരക്ഷാ നിയമം ഉപയോഗിച്ചില്ല. പ്രതികൾ സംഘപരിവാറിന്റെ പൂർണ സംരക്ഷണത്തിലാണ‌്. അവർക്കായി നിയമസഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. അൾവാറിൽ പശുസംരക്ഷക ഗുണ്ടകൾ കൊലചെയ്ത പെഹ‌് ലൂഖാന്റെ കഥ രാജ്യത്തിന് അറിയാവുന്നതാണ്. അങ്ങനെ എത്രയെത്ര അക്രമങ്ങൾ. ഇതിലെ പ്രതികൾക്കെതിരെയൊന്നും  ദേശീയസുരക്ഷാ നിയമം പ്രയോഗിച്ചില്ല. പിന്നെ എന്തിനാണ് കമൽനാഥ‌് സർക്കാർ ആൾക്കൂട്ട ആക്രമണങ്ങൾക്ക‌് ഇരകളാകുന്ന കാലിക്കച്ചവടക്കാരെ ദേശീയ സുരക്ഷാ നിയമപ്രകാരം പീഡിപ്പിക്കാൻ  തീരുമാനിച്ചത്? എന്ത് രാഷ്ട്രീയമാണ് ഇത്? ഇവർ കാലിക്കള്ളക്കടത്തിനും ഗോഹത്യക്കും കാരണക്കാരാണെങ്കിൽ ഇവരെ അറസ്റ്റുചെയ്യാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വകുപ്പുകൾ ഇല്ലേ? കമൽനാഥിന്റെയും കോൺഗ്രസിന്റെയും ക്രൂരമായ ഈ കപടനാടകം ജനങ്ങൾ തിരിച്ചറിയും. കമൽനാഥ് മധ്യപ്രദേശിൽ ദേശീയ സുരക്ഷാ നിയമത്തിലൂടെ ഏർപ്പെടുത്തിയിരിക്കുന്നത് നിയമാനുസൃതമായ ആൾക്കൂട്ടക്കൊലയാണ്.

മൃദുഹിന്ദുത്വത്തിൽനിന്ന‌് തീവ്രഹിന്ദുത്വത്തിലേക്ക‌്

ഉത്തർപ്രദേശിൽ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്യുന്നതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല മധ്യപ്രദേശിൽ കോൺഗ്രസും കമൽനാഥും ചെയ്യുന്നത്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയം ജനങ്ങൾക്കറിയാം. എന്താണ് കോൺഗ്രസിന്റെ രാഷ്ട്രീയം?  ആദ്യം അത് മൃദുഹിന്ദുത്വമായിരുന്നു. ഇപ്പോൾ അത് തീവ്രഹിന്ദുത്വമായിരിക്കുന്നു. അതുകൊണ്ടാണ് ജീവിതമാർഗത്തിനായി കാലിക്കച്ചവടം നടത്തുന്ന ന്യൂനപക്ഷ സമുദായക്കാരെ കാലിക്കള്ളക്കടത്തിന്റെയും ഗോഹത്യയുടെയും പേരിൽ അതികഠിനമായ ദേശീയ സുരക്ഷാനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത്‌ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടയ‌്ക്കുന്നത്.

മധ്യപ്രദേശിൽ മാത്രമല്ല, കോൺഗ്രസ് പശുരാഷ്ട്രീയം കളിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഇതുതന്നെയാണ് അവസ്ഥ. ഗോശാലകൾ പണിയുന്നു. ഗോശാലയിലുള്ള പശുക്കളുടെ അലവൻസ് കൂട്ടുന്നു. ഇവർക്കുള്ള സംസ്ഥാന ബജറ്റ് വർധിപ്പിക്കുന്നു. 600 കോടി രൂപയാണ് യോഗി ഉത്തർപ്രദേശിൽ പശുസംരക്ഷണത്തിനായി ഈയിടെ പ്രഖ്യാപിച്ചത്. ഈ വഴിയേ തന്നെയാണ് കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും പഞ്ചാബും സഞ്ചരിക്കുന്നത്. ഗോസംരക്ഷണത്തെ ആരും കുറ്റംപറയുകയില്ല. അത് വേണ്ടതു തന്നെയാണ്. മറ്റു മൃഗങ്ങളെപ്പോലെ. മനുഷ്യരെപ്പോലെ, പ്രത്യേകിച്ചും കടക്കെണിയിലായ കർഷകരെപ്പോലെ. ദാരിദ്ര്യം അനുഭവിക്കുന്ന ദളിതരെപ്പോലെ. ആദിവാസികളെപ്പോലെ.  ഇവിടെ പശുസംരക്ഷണം എന്നുപറയുന്നതും ന്യൂനപക്ഷ മതവിഭാഗത്തെ കാലിക്കള്ളക്കടത്തെന്നും ഗോഹത്യയെന്നും പറഞ്ഞ് ദേശീയ സുരക്ഷാ നിയമത്തിൽ അറസ്റ്റ് ചെയ്യുന്നതും രാഷ്ട്രീയമാണ്. അതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മനസ്സിലാക്കണം. ദേശീയ സുരക്ഷാനിയമം ഉപയോഗിക്കുന്നത് രാജ്യരക്ഷയ‌്ക്കും ക്രമസമാധാനപരിപാലനത്തിനും ഭീഷണി ഉയരുമ്പോഴാണ്. ഇവിടെ ഏതർഥത്തിലാണ് കമൽനാഥ് ഇത് ഉപയോഗിക്കുന്നത്? രാഹുൽ ഗാന്ധി മറുപടി പറയണം. കമൽനാഥിന്റെ "താമരവിളയാട്ടം' മധ്യപ്രദേശിൽ ആരംഭിച്ചതിനുശേഷം ഫെബ്രുവരി ഏഴിനു ഡൽഹിയിൽ കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു മീറ്റിങ്ങിൽ ഈ വിഷയം ഉന്നയിക്കുകയുണ്ടായി. പക്ഷേ, രാഹുൽ ഇതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ രാഹുലിന്റെ ക്ഷേത്രസന്ദർശനവും മൃദുഹിന്ദുത്വവും പ്രസിദ്ധമാണ്. അതിപ്പോൾ "താമര'നാഥ് തീവ്രഹിന്ദുത്വമാക്കി മാറ്റുന്നുവെന്നു മാത്രം. പക്ഷേ, അതിന് സാധാരണ ജനങ്ങളെ ബലിയാടാക്കണമോ? അതോ മധ്യപ്രദേശിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടോ? മധ്യപ്രദേശിൽ വിഷയം സംബന്ധിച്ച് ന്യൂനപക്ഷത്തിന്റെ ഒരു യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് ഇത്രമാത്രമാണ്. ""സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽനിന്നും ഒന്നൊന്നായി രാഷ്ട്രീയ സ്വയംസേവക് അംഗങ്ങളെ പുറത്താക്കി ശുദ്ധീകരിക്കും''എന്ന്. പക്ഷേ, മുഖ്യമന്ത്രിതന്നെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആശയം കൂടുതൽ തീവ്രതയോടെ നടപ്പാക്കുമ്പോൾ ഇതിന് എന്ത് അർത്ഥമുണ്ട് രാഹുൽ ഗാന്ധി?

കോൺഗ്രസും ബിജെപിയും പശുരാഷ്ട്രീയത്തിൽ കളിക്കുന്നത് ഓരേ രാഷ്ട്രീയമാണ്. എന്താണ് ഈ ദേശീയ പാർടികൾ തമ്മിലുള്ള വ്യത്യാസം? കോൺഗ്രസ് പറഞ്ഞുതരേണ്ടിയിരിക്കുന്നു. ബിജെപിക്കും സംഘപരിവാറിനും അതിന്റെ ആവശ്യമില്ല. കാരണം ഇതാണ് അവരുടെ പ്രഖ്യാപിത നയം ലക്ഷ്യം. അതിന്റെ സാമ്പത്തിക വശങ്ങളൊന്നും അവർക്ക് വിഷയമല്ല. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി 11ന് വൃന്ദാവനിൽ പശു ഇന്ത്യൻ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ചത്. അതിനോട് ആർക്കും എതിർപ്പില്ല. ഇവിടെ അദ്ദേഹം പറഞ്ഞുതരേണ്ടത് ഇതിന്റെയെല്ലാം പ്രായോഗികതയാണ്. കർഷകരെ"അന്നദാത'എന്നുവിളിച്ച് ആദരിച്ച അദ്ദേഹം കടക്കെണിമൂലം ആത്മഹത്യ ചെയ്യുന്ന കർഷകനെയും ഇന്ത്യയുടെ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കി നയങ്ങൾ രൂപീകരിക്കണം. അതിന് ഇനി തൽക്കാലം സമയവും കഴിഞ്ഞിരിക്കുന്നു.

(ഡൽഹിയിലെ പ്രമുഖ മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ )

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top