28 September Tuesday

കോവിഡ്‌ മരുന്ന്‌: നിർബന്ധിത ലൈസൻസ് പ്രയോഗിക്കുക - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Monday Sep 14, 2020


കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതിനായി വാക്‌സിനും മരുന്നും വൈകാതെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകജനത.  നിരവധി രാജ്യങ്ങളിലായി നടക്കുന്ന വാക്സിൻ ഗവേഷണത്തിന്റെ ഫലമായി ഈ വർഷാവസാനത്തോടെയോ അടുത്ത വർഷാദ്യമോ വാക്സിൻ ലഭ്യമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.  മരുന്നിന്റെ കാര്യത്തിൽ കോവിഡ് ചികിത്സയ്‌ക്കുള്ള പ്രത്യേക മരുന്ന് ലഭ്യമല്ലെങ്കിലും മറ്റ് പലരോഗങ്ങൾക്കും നൽകിവന്നിരുന്ന മരുന്നുകൾ പരീക്ഷണാർഥം ഉപയോഗിച്ചുവരുന്നുണ്ട്. ഇങ്ങനെ ഇതര രോഗ ചികിത്സയ്‌ക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിനെ റീ പർപ്പസിങ്‌  (പുനരുദ്ദേശപരം) എന്നാണ് വിളിക്കുക. ഇതിൽ ചില മരുന്നുകൾ പ്രയോജനപ്രദമാണെന്നും മറ്റ് ചിലവ അത്ര ഗുണകരമല്ലെന്നും ഇതിനകം കണ്ടെത്തിയിട്ടുമുണ്ട്.  ചികിത്സാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ  ഇടയ്‌ക്കിടെ കോവിഡ് ചികിത്സാമാനദണ്ഡങ്ങൾ പുനരാവിഷ്കരിക്കുന്നുമുണ്ട്. ചിലവിദേശമരുന്നുകമ്പനികൾ നിർമിച്ച് മാർക്കറ്റ് ചെയ്തുവരുന്ന കോവിഡ് ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ അമിതവില ഉയർത്തുന്ന സാമ്പത്തികപ്രശ്നങ്ങൾ ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതുണ്ട്

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലായി നടക്കുന്ന  സോളിഡാരിറ്റി ട്രയലിൽ നാല് മരുന്നാണ്  പരീക്ഷണ വിധേയമാക്കിവരുന്നത്. റെംഡെസിവിർ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നീ മരുന്നുകളും  ലോപിനാവിർ, റിറ്റോനാവിർ എന്നീ മരുന്ന് സംയുക്തകങ്ങളും അവയോട്  ഇന്റർഫെറോൺ ബീറ്റാകൂടി ചേർത്ത സംയുക്തകങ്ങളുമാണ് പരീക്ഷിച്ചുവരുന്നത്.  ഹൈഡ്രോക്സി ക്ലോറോക്വിൻ മലേറിയക്കും സന്ധിനീരിനും സിസ്റ്റമിക്ക് ലൂപസ് എരിത്തമറ്റോസിസ് എന്ന രോഗത്തിനുമാണ് ഉപയോഗിച്ചുവരുന്നത്. കോവിഡ് ചികിത്സയ്‌ക്ക് ഈ മരുന്ന് വേണ്ടത്ര ഫലപ്രദമല്ലെന്നുകണ്ട് ഇപ്പോൾ സോളിഡാരിറ്റി ട്രയലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡിലയാണ് ക്ലോറോക്വിൻ മരുന്നിന്റെ പ്രധാന ഉൽപ്പാദകർ. അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക അഭ്യർഥനയനുസരിച്ച് ഇന്ത്യയിൽനിന്ന്‌ ക്ലോറോക്വിൻ അമേരിക്കയിലേക്ക് ആവശ്യാനുസരണം കയറ്റുമതി ചെയ്തിരുന്നു. ലോപിനാവിർ, റിറ്റോനാവിർ എന്നീ മരുന്നുകൾ എയ്‌ഡ്സ് ചികിത്സയ്‌ക്കുപയോഗിക്കുന്നവയാണ്. ക്യൂബ ഇന്റർഫെറോൺ ആൽഫാ പരീക്ഷണാർഥം കോവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നുണ്ട്. ചില രാജ്യങ്ങളുമായി ചേർന്ന് ഔഷധപരീക്ഷണവും നടത്തിവരുന്നു. ഇന്റർഫെറോൺ ചിലതരം ക്യാൻസറുകൾക്കും കരൾ രോഗങ്ങൾക്കുമാണ് ഇപ്പോൾ നൽകിവരുന്നത്. ഇവയ്‌ക്ക് പുറമേ ഫ്ലൂ രോഗത്തിനു നൽകുന്ന ഫാവി പിറാവിർ, സോറിയാസ് ത്വക്ക് രോഗത്തിനുപയോഗിക്കുന്ന  ഇറ്റോലിസുമാബ്  എന്നീ മരുന്നുകളും കോവിഡ് ചികിത്സയ്‌ക്കായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്.


 

വിദേശമരുന്നു കമ്പനികൾ നിർമിച്ച് മാർക്കറ്റ് ചെയ്തുവരുന്ന കോവിഡ് ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ അമിതവില ഉയർത്തുന്ന സാമ്പത്തികപ്രശ്നങ്ങൾ ഈ സാഹചര്യത്തിൽ ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.  ഇതുവരെയുള്ള ചികിത്സാനുഭവങ്ങൾ നോക്കുമ്പോൾ ഇവയിൽ ഏതാനും മരുന്നുകൾ കോവിഡ്  ചികിത്സയ്‌ക്ക് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയിൽ പ്രധാനപ്പെട്ട മരുന്നാണ് റെംഡെസിവിർ.  അമേരിക്കയിലെ ജിലിയാഡ് കമ്പനിയാണ് റെംഡെസിവിറിന്റെ പേറ്റന്റ് ഉടമകളും ഉൽപ്പാദകരും. 100 മി.ഗ്രാം കുപ്പികളിലായിട്ടാണ് റെംഡെസിവിർ ലഭ്യമാക്കിയിട്ടുള്ളത്. അത്ര ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് ആദ്യദിവസം 200 മി. ഗ്രാമും തുടർന്ന് 100 മി.ഗ്രാം വീതം നാലു ദിവസമായി മൊത്തം 6 കുപ്പി മരുന്നും കൂടുതൽ ഗുരുതരമായ രോഗികളിൽ ആദ്യദിവസം 200 മി. ഗ്രാമും തുടർന്ന് 100 മി. ഗ്രാം വീതം ഒമ്പത് ദിവസമായി മൊത്തം 11 കുപ്പി മരുന്നും നൽകുക എന്നതാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ള മാർഗനിർദേശം.  
ഇന്ത്യയിൽ നാലുകമ്പനിക്ക് മരുന്ന്‌ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് ജിലിയാഡ് നൽകിയിട്ടുണ്ട്.  ഇതനുസരിച്ച്  സിപ്ലാ, ഹെറ്ററോ, സൈഡസ് കാഡില എന്നീ മൂന്ന് കമ്പനി വ്യത്യസ്ഥവിലകളിലായി മരുന്ന് മാർക്കറ്റ് ചെയ്തുതുടങ്ങിയിട്ടുണ്ട്. വിവിധ കമ്പനികളുടെ മരുന്നുകളുടെ വില കണക്കാക്കിയാൽ അഞ്ച് ദിവസത്തെ കോഴ്സിന് 16,800 മുതൽ 32,000 രൂപയോ പത്ത് ദിവസത്തെ കോഴ്സിന് 30,800 രൂപമുതൽ 59,000 രൂപവരെയോ ചെലവിടേണ്ടിവരും

ലക്ഷക്കണക്കിനാളുകളെ രോഗം ബാധിച്ചുവരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ വിലയ്‌ക്കുള്ള  മരുന്നുപോലും ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ബുദ്ധിമുട്ടേണ്ടിവരും. ധാരാളം പേർ  പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടേണ്ടിവരുന്നതുകൊണ്ട്  സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമാകും. മരണനിരക്ക് വർധിക്കും.


 

റെംഡെസിവിർ ഒരു കുപ്പി ഉൽപ്പാദിപ്പിക്കാൻ ജിലിയാഡ് കമ്പനിക്ക് കേവലം 100 രൂപ മാത്രമാണ് ചെലവാക്കേണ്ടിവരുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യരാശി വലിയ വിപത്തിനെ നേരിടുമ്പോൾ മരുന്ന് വിലക്കുറയ്‌ക്കാൻ ജിലിയാഡ് കമ്പനി തയ്യാറാകുന്നില്ല. ഇന്ത്യൻ കമ്പനികളിൽനിന്ന്‌ വൻ തുക റോയൽറ്റിയായി വാങ്ങുന്നതുമൂലമാണ് വില ഒരു പരിധിയിൽ കൂടുതൽ കുറയ്‌ക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയാതെ വരുന്നത്.  മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന കാര്യത്തിൽ കുപ്രസിദ്ധിയുള്ള കമ്പനികൂടിയാണ് ജിലിയാഡ്. നേരത്തേ ഒരു ചെറിയ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന  ഹെപ്പറ്റൈറ്റിസ് സി ക്കുള്ള മരുന്നിന്റെ പേറ്റന്റ് പടുവിലയ്‌ക്ക് കരസ്ഥമായി, പ്രസ്തുത മരുന്ന് ഭീമമായ വിലയ്‌ക്ക് വിറ്റുവരുന്നതിന്റെ ദുഷ്പേരുള്ള കമ്പനികൂടിയാണ് ജിലിയാഡ്. 

ഈ സാഹചര്യത്തിൽ ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ  92–-ാം നിർബന്ധിത ലൈസൻസിങ്‌ വകുപ്പ് പ്രയോഗിച്ച് റെംഡെസിവിർ കുറഞ്ഞവിലയ്‌ക്ക് ഉൽപ്പാദിപ്പിക്കാൻ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നൽകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.  മാത്രമല്ല, 92എ വകുപ്പ്കൂടി പ്രയോഗിച്ചാൽ മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതിചെയ്യാൻ ഇന്ത്യൻ കമ്പനികൾക്ക്‌ അവകാശം ലഭിക്കുകയും ചെയ്യും. ഇപ്പോൾ ലൈസൻസ് നൽകിയിട്ടുള്ള കമ്പനികൾക്ക് ജിലിയാഡ് നിർദേശിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമേ മരുന്ന് കയറ്റുമതി ചെയ്യാനാകൂ. ജർമൻ കമ്പനിയായ ബേയർ കോർപറേഷൻ നെക്സാവർ എന്ന  കമ്പനി നാമത്തിൽ വിറ്റുവന്നിരുന്ന സൊറാഫെനിബ് റ്റൊസിലേറ്റ്  എന്ന മരുന്ന്‌ ഉൽപ്പാദിപ്പിക്കാനുള്ള അവകാശം നാറ്റ്കോ എന്ന ഇന്ത്യൻ കമ്പനിക്ക്‌ നൽകിക്കൊണ്ട്‌  2013ൽ അന്ന് പേറ്റന്റ് കൺട്രോളറായിരുന്ന പി എച്ച് കുര്യൻ ഉത്തരവിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു.  വൃക്ക, കരൾ ക്യാൻസർ ചികിത്സയ്‌ക്കാണ് നെക്സാവർ ഉപയോഗിച്ചിരുന്നത്. ക്യാൻസർ ചികിത്സയ്‌ക്ക് നെക്സാവർ ഉപയോഗിക്കുമ്പോൾ ഒരുമാസത്തെ ചികിത്സയ്‌ക്ക് 2,80,428 രൂപ ചെലവ്‌ വരുമായിരുന്നു. ഇന്ത്യൻ കമ്പനിക്ക് പേറ്റന്റ് അനുവദിച്ചതിനെത്തുടർന്ന് ഇതേ മരുന്ന്  ഒരു മാസത്തേക്ക് കേവലം 4400 രൂപയ്‌ക്ക് ലഭ്യമാണ്. എന്നാൽ, പിന്നീട് പല കമ്പനികളും മുന്നോട്ട് വന്നിരുന്നെങ്കിലും അമേരിക്കൻ സമ്മർദത്തെ തുടർന്ന് മറ്റൊരു മരുന്ന് ഉൽപ്പാദിപ്പിക്കാനും  ഇന്ത്യൻ സർക്കാർ നിർബന്ധിത ലൈസൻസ് നൽകിയിട്ടില്ല.


 

നിരവധി രാജ്യങ്ങൾ കോവിഡ് ചികിത്സയ്‌ക്കുള്ള മരുന്നുകൾ കുറഞ്ഞവിലയ്‌ക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇസ്രയേൽ സർക്കാർ പ്രത്യേക അധികാരമുപയോഗിച്ച്  ലോപിനാവിർ, റിറ്റോനാവിർ മരുന്നുകൾ ഇന്ത്യൻ കമ്പനിയായ ഹെറ്ററയിൽനിന്ന്‌ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ക്യാനഡ സർക്കാർ മരുന്നുവില നിയന്ത്രിക്കുന്നതിനായി കോവിഡ്–-19 എമർജൻസി റെസ്പോൺസ് ആക്ടും ജർമനി പ്രിവൻഷൻ ആൻഡ്‌ കൺട്രോൾ ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ഹൂമൻസ് ആക്ടും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.  സമാന സ്വഭാവമുള്ള നിയമനിർമാണങ്ങൾക്ക്  ചിലിയും ഇക്കഡോറും നടപടികൾ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ, സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ട പ്രകാരം നിർബന്ധിത ലൈസൻസ് പ്രയോഗിച്ച് കോവിഡ് ഔഷധവില കുറയ്‌ക്കാൻ നടപടികൾ സ്വീകരിക്കാൻ ശക്തമായ ജനവികാരം ഉയരേണ്ടിയിരിക്കുന്നു. മാത്രമല്ല, ട്രംപ്‌ ആവശ്യപ്പെട്ടതനുസരിച്ച് ക്ലോറോക്വിൻ ഇന്ത്യയിൽനിന്ന്‌ അമേരിക്കയ്‌ക്ക് കയറ്റുമതി ചെയ്യാൻ മടികാണിക്കാത്ത മോഡി സർക്കാർ തിരിച്ച് കുറഞ്ഞ വിലയ്‌ക്ക് റെംഡെസിവിർ മരുന്ന് ഇന്ത്യക്ക് നൽകണമെന്ന് ആവശ്യപ്പെടാൻ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. അമേരിക്കയ്‌ക്ക് വിടുപണിചെയ്യുകയല്ലാതെ ഇന്ത്യൻ ജനതയുടെ ആരോഗ്യത്തിൽ മോഡി സർക്കാരിന് ഒരു താൽപ്പര്യവുമില്ലെന്നല്ലെ ഇത് ചൂണ്ടിക്കാട്ടുന്നത്?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top