16 January Saturday

വാക്‌സിൻ വിൽപ്പനയുടെ താൽപ്പര്യങ്ങൾ - എ കെ രമേഷ്‌ എഴുതുന്നു

എ കെ രമേഷ്‌Updated: Wednesday Jan 6, 2021


കോവിഡിനുള്ള വാക്സിൻ  അവസാന ട്രയലും കഴിഞ്ഞ്   ഇന്ത്യയിലും പ്രയോഗിച്ചു തുടങ്ങുകയാണ്. ആസ്ട്രാ സെനേക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയാണ്. ലോകത്ത് 150 ഇനം വാക്സിനുകളാണത്രെ, ക്യാൻഡിഡേറ്റുകളായി പരീക്ഷ പാസാകാൻ കാത്തിരിക്കുന്നത് . അതിൽ 44 എണ്ണം ക്ലിനിക്കൽ ട്രയലിലാണ്; 11 എണ്ണം അവസാന ഘട്ടപരീക്ഷണത്തിലുമാണ് എന്നാണ് ലോകാരോഗ്യ സംഘടന (2019 )ഡിസംബറിൽ അറിയിച്ചത്. ആസ്ട്രാ സെനേക്ക, ഫൈസർ, മൊഡേണ, ഇനോ വിയോ, മെർക്ക്, റോഷ്  അങ്ങനെയങ്ങനെ വിവിധ കമ്പനിപ്പേരുകളാണ് ഇപ്പോൾ വാക്സിൻ കണ്ടുപിടിത്തത്തിന്റെ കാര്യത്തിൽ കേൾക്കുന്നത്.

സാൽക്കും സാബിനും
എന്നാൽ പോളിയോ വാക്സിന്റെ കാര്യമെടുത്തു നോക്കൂ. കമ്പനിനാമങ്ങളല്ല, വ്യക്തികളുടെ പേരാണ്, ശാസ്ത്രജ്ഞരുടെ പേരാണ് വാക്സിനുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോൾ കമ്പനികൾ തമ്മിലുള്ള നിയമത്തർക്കങ്ങളും കോടതി നടപടികളുമാണ് ചർച്ച ചെയ്യപ്പെടുന്നതെങ്കിൽ, 1960 കളിൽ സാൽക്കും സാൽവിനുമായിരുന്നു ചർച്ചാ വിഷയം. രണ്ട് ശാസ്ത്രജ്ഞരുടെ വ്യത്യസ്ത രീതികളെക്കുറിച്ചുള്ള ചർച്ച. അതും ലോകം ഞെട്ടിവിറച്ചുകൊണ്ടിരുന്ന പോളിയോയുടെ കാര്യത്തിൽ. അരനൂറ്റാണ്ട് കഴിയുമ്പോൾ വിജ്ഞാനശാഖകളത്രയും സ്വകാര്യ കുത്തക കമ്പനികളുടെ നീരാളിപ്പിടിത്തത്തിൽ അമരുന്നതിന്റെ വ്യക്തമായ ചിത്രമാണ്  തെളിഞ്ഞു വരുന്നത്.

ഇന്നത്തെ വാക്സിൻ വിതരണത്തെപ്പോലെ തന്നെ ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു 1954 ലെ പോളിയോ വാക്സിൻ ഫീൽഡ്ടെസ്റ്റ്. 10 വയസ്സിൽ താഴെയുള്ള 20 ലക്ഷം കുട്ടികളിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പരീക്ഷണം നടന്നത്. ഒരു വർഷമെടുത്തു ഫലപ്രഖ്യാപനത്തിന്. ജോനാസ് സാൽക്ക് വികസിപ്പിച്ച വാക്സിനായിരുന്നു അത്. 39-ാം വയസ്സിൽ പോളിയോ പിടിപെട്ട  പ്രസിഡന്റ്‌ റൂസ് വെൽറ്റ്‌ തന്നെ നേരിട്ടിടപെട്ട് ആരംഭിച്ച  നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഫന്റൈൽ പരാലിസിസിൽ നിന്ന് അദ്ദേഹത്തിന് എല്ലാ സഹായവും കിട്ടുകയും ചെയ്തു.

സാൽക്കിന്റെ ചോദ്യം
സാൽക്കിന്റെ ടെക്നിക്കല്ല ശരി എന്നു പറഞ്ഞാണ്, ആയുഷ്‌കാല രോഗപ്രതിരോധം ഉറപ്പാക്കാനുള്ള ഒരു പുതിയ വാക്സിൻ ആൽബർട്ട് സാബിൻ അവതരിപ്പിച്ചത്. സാൽക്കിനെ അമേരിക്കയും സാബിനെ യുഎസ്എസ്ആറും പിന്തുണച്ചു. സാബിന്റെ വാക്സിൻ 1961 ൽ അമേരിക്ക അംഗീകരിച്ചു. സാൽക്കിന്റെതിലും ചെലവ് കുറവായിരുന്നു സാബിന്റെത്. പക്ഷേ ഏറെക്കഴിയും മുമ്പ് അമേരിക്ക  സാൽക്ക് വാക്സിനിലേക്ക് തന്നെ തിരിയുകയായിരുന്നു.  സാൽക്കിനോട് ആരാണ് വാക്സിന്റെ ഉടമ എന്ന നേർച്ചോദ്യത്തിന്  അദ്ദേഹം നൽകിയ മറുപടി

“ അതോ, അത് ജനങ്ങളാണ് എന്ന് ഞാൻ പറയും. ഇതിന് പേറ്റന്റില്ല. നിങ്ങൾക്ക് സൂര്യനെ പേറ്റന്റ്‌ ചെയ്യാനാകുമോ?’ എന്നായിരുന്നു.

കമ്പനികൾ തമ്മിൽത്തമ്മിൽ പേറ്റന്റുകളുടെ പേരിൽ വേട്ടനായ്ക്കളെപ്പോലെ പരസ്പരം കടിപിടികൂടി വൈറസ് വികസനത്തിന് തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ  വൈറസ് പ്രതിരോധത്തിലെ ആദ്യ പഥികരുടെ നിലപാടുകൾ ഓർക്കേണ്ടതുണ്ട്.

ശ്മശാനത്തിലും ലാഭക്കണക്ക്
15 ലക്ഷം മനുഷ്യരെ കൊന്നു തള്ളിയ ഒരു രോഗത്തിൽനിന്ന് മനുഷ്യവംശത്തെ രക്ഷിക്കാനുള്ള മഹായത്നത്തിൽ ഏർപ്പെടുമ്പോൾ, അവിടെ ലാഭതാൽപ്പര്യത്തിന് സ്ഥാനമുണ്ടാകരുത് എന്നാണ് ലോകം ഇന്നാവശ്യപ്പെടുന്നത്. അതിനു കണക്കായി അന്താരാഷ്ട്ര കരാറുകളിൽ ഭേദഗതി വരുത്തണം എന്ന ആവശ്യം ശക്തമായി ഉയരാൻ തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബർ 10 ന് ചേർന്ന ലോക വ്യാപാര സംഘടനയുടെ ട്രിപ്സ് (ട്രെയ്ഡ്റിലേറ്റഡ് ആസ്പക്ട്സ് ഓഫ് ഇന്റലക്ച്വൽ  പ്രോപ്പർട്ടി റൈറ്റ്സ്) കൗൺസിൽ യോഗത്തിൽ ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും കെനിയയും ഈസ്വാത്തിനിയും (പഴയ സ്വാസിലാൻഡ്‌) മൊസാമ്പിക്കും ബൊളീവിയയും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടു. കോവിഡ്‐19 നുള്ള  പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്‌ക്കുമായി ബൗദ്ധിക സ്വത്തവകാശക്കരാറിലെ ചില വ്യവസ്ഥകൾ തൽക്കാലം നിർത്തിവയ്‌ക്കണം എന്നായിരുന്നു ആവശ്യം.കോവിഡ്‐19 നല്ലാത്ത മറ്റൊരു കാര്യത്തിനും ഈ ഇളവ് വേണ്ടെന്നും അവർ വ്യക്തമാക്കി.

വാക്സിൻ ദേശീയത എന്ന ഒരു പുതിയ തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ദേശ സ്നേഹം വളർന്നു വരുന്നുണ്ട്. പീപ്പിൾസ് വാക്സിൻ അലയൻസ് ഓർമിപ്പിക്കുന്നത്, 67 ദരിദ്ര രാജ്യങ്ങളിലെ പത്തിൽ ഒമ്പത് പേർക്കും 2021 ൽ കോവിഡിനുള്ള പ്രതിരോധ കുത്തിവയ്‌പ്പ് കിട്ടാൻ പോകുന്നില്ല എന്ന കാര്യമാണ്. എന്തെങ്കിലും മാറ്റങ്ങൾ നാടകീയമായി ഉണ്ടായില്ലെങ്കിൽ, ലോകത്തെങ്ങുമുള്ള ശതകോടികൾക്കാണ് വരും വർഷങ്ങളിൽ ഫലപ്രദമായ വാക്സിനുകൾ കിട്ടാതെ പോവുക എന്ന് ഓക്സ്ഫാമിന്റെ ആരോഗ്യനയ മാനേജർ അന്നാ മരിയോറ്റ് പറയുന്നു.


 

മരുന്നു കമ്പനികൾ തമ്മിൽത്തമ്മിൽ കാലുവാരിയും നിയമയുദ്ധത്തിൽ ഏർപ്പെട്ടും ചില്ലറ തടസ്സങ്ങളല്ല വാക്സിൻ വികസനത്തിൽ വരുത്തി വയ്‌ക്കുന്നത്.കനേഡിയൻ കമ്പനിയായ ആർബട്ടസ്സിന്റെ എംആർഎൻഎ വാക്സിനുള്ള അവകാശം തള്ളിക്കളയണം എന്നാവശ്യപ്പെട്ട് മൊഡേണ 2019 ആദ്യം അമേരിക്കയിൽ ഒരു കേസ് കൊടുത്തു. ജൂലൈ 23 ന് യുഎസ് പേറ്റന്റ്‌ ട്രയൽ ആൻഡ്‌ അപ്പീൽ ബോർഡ്  ആർബട്ടസ്സിന്റെ അവകാശമല്ല, മൊഡേണയുടെ കേസാണ് തള്ളിയത്.  എംആർഎൻഎ 1273 ആണ് മൊഡേണയുടെ മരുന്ന്. അതും ആർബട്ടസ്സിന്റെ വാക്സിനുമായി ബന്ധമൊന്നുമില്ല എന്നാണ് കമ്പനി പറഞ്ഞതെങ്കിലും കോടതി സത്യം കണ്ടെത്തി.  അമേരിക്കയിലെ ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അടിയന്തര അംഗീകാരം നേടിയിരിക്കുകയാണ് മൊഡേണയുടെ എംആർഎൻഎ 1273.

മറ്റു വാക്സിനുകളിൽനിന്ന് വ്യത്യസ്തമായി,  സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചുവയ്‌ക്കാനാകുന്ന  ഒന്നാണ് ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഇനോ4800 എന്ന വാക്സിൻ.  2020 അവസാനത്തോടെ 10 ലക്ഷം ഡോസും 2021 ഓടെ 10 കോടി ഡോസും ഉൽപ്പാദിപ്പിക്കുമെന്നായിരുന്നു കമ്പനിയുടെ വീമ്പ്. യുഎസ് ഡിഫൻസ് ഇത് കേട്ട് 7 കോടി 10 ലക്ഷം ഡോളറാണത്രെ ഇനോവിയോക്ക് ധനസഹായമായി നൽകിയത്. 2020 ജൂൺ 25 ന് പെൻസിൽവാനിയയിലെ കോടതി ഇനാേവിയോക്ക് എതിരായി ഒരു വിധി പ്രസ്താവിച്ചു.

വി ജി എക്സ് ഐ എന്ന  മരുന്നുൽപ്പാദനക്കമ്പനിക്കെതിരെ ഇനോവിയോ  കൊടുത്ത കേസായിരുന്നു അത്. കൊറിയൻ കമ്പനിയായ ജീൻ വൺ ലൈഫ് സയൻസസിന്റെ ഉടമസ്ഥതയിലുള്ള ആ സ്ഥാപനം അതിന്റെ വാക്സിൻ നിർമാണത്തിനുള്ള ബൗദ്ധിക സ്വത്തവകാശം മറ്റു കമ്പനികൾക്ക് വിട്ടുകൊടുക്കണം എന്നതാണ് ആവശ്യം. അവരുടെ നിർമാണ പ്രക്രിയ മറ്റ് കമ്പനികളുടെതിനേക്കാൾ മികവുറ്റതാണ്, അത് മറ്റുള്ളവർക്ക് കൂടി നൽകാൻ വിജി എക്സ് ഐ തയാറായാൽ മാനവരാശിയെ മഹാവ്യാധിയിൽനിന്ന്  കരകയറ്റാനാകും എന്ന മട്ടിലായിരുന്നു വാദം. കമ്പനി അതിന് കൂട്ടാക്കാത്തതിന് കാരണം, അതിന്റെ മാതൃകമ്പനിയായ ജീൻ വൺ ഇതേ തരത്തിലുള്ള മറ്റൊരു വാക്സിൻ, കൊറോണ 19, സ്ഥാനാർഥി മരുന്നാക്കി അധികൃതർക്ക് സമർപ്പിച്ചതുകൊണ്ടാണ് എന്നും ഇനോവിയോ ആരോപിച്ചു. ആ കേസിലാണ്  വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ഇനോവിയോ തോറ്റമ്പിയത്.

വി ജി എക്സ് ഐ തിരിച്ചടിക്കാൻ തന്നെ തീരുമാനിച്ചു. ജൂലൈ 7ന് അവർ ഇനോവിയോയെയും അവരുടെ മറ്റൊരു മരുന്നുൽപ്പാദനക്കമ്പനിയായ ഒളോഗി ബയോ സർവീസസിനെയും കോടതി കയറ്റി. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം കൈക്കലാക്കി മറ്റ് കമ്പനികൾ വഴി ലാഭം കുന്നുകൂട്ടാനാണ് ഇനോവിയോയുടെ ശ്രമം എന്നാണ് അവർ വാദിച്ചത്.
വാക്സിൻ വികസിപ്പിച്ചെടുത്ത അത്ര എളുപ്പമല്ല അത് ഉൽപ്പാദിപ്പിച്ചെടുക്കാൻ. വി ജി എക്സ് ഐ, ഒളോഗി തുടങ്ങിയ മരുന്നുൽപ്പാദനക്കമ്പനികളുടെ ബയോ റിയാക്ടറുകളിൽ വച്ചാണ് അത്  നടക്കുക.  10 കോടി ഡോസ് വാക്സിൻ ഉൽപ്പാദിപ്പിച്ചെടുക്കാൻ 15 ലക്ഷം ലിറ്റർ ശേഷിയുള്ള ബയോ റിയാക്ടറുകൾ വേണമെന്നിരിക്കെ, വി ജിഎക്സ് ഐയുടെ  ബയോ റിയാക്ടർ ശേഷി വെറും 400 ലിറ്റർ മാത്രമാണ്.

കോവിഡ് വാക്സിൻ ഫലപ്രദമായി കുറ്റമറ്റ രീതിയിൽ ജനതകൾക്കാകെ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഡബ്‌ള്യു എച്ച്ഒ ആവർത്തിച്ചു പറയുന്നുണ്ട്. എല്ലാവരും സുരക്ഷിതരാകുന്നതു വരെ ആരും സുരക്ഷിതരല്ല എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം.

ദയാരഹിതമായ മൂലധന താൽപ്പര്യം
പക്ഷേ ഇത്തരം പരിശ്രമങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെ അവഹേളിച്ചു വിടുകയാണ് വൻകിട കുത്തകക്കമ്പനികളുടെ തലവന്മാർ. കോവിഡ്‐19 ടെക്നോളജി ആക്സസ് പൂൾ ഉന്നംവയ്‌ക്കുന്നത്, ആരോഗ്യമേഖലയിലെ സാങ്കേതിക വിദ്യയെ സംബന്ധിച്ചുള്ള വിവരവും വിജ്ഞാനവും ബൗദ്ധിക സ്വത്തും പരസ്പരം കൈമാറുകയാണ്. ദയാരഹിതമായ മൂലധന താൽപ്പര്യം നല്ല ലാഭം കിട്ടിയാൽ അതിന്റെ ഉടമയെത്തന്നെ തൂക്കിലേറ്റും എന്ന മാർക്സിന്റെ ഉദ്ധരണി ഓർമിപ്പിക്കുന്നതാണ് മരുന്നു കുത്തകകളുടെ പെരുമാറ്റം.  പുതിയ തിരിച്ചറിവുകളാണ് അതുവഴി മനുഷ്യരാശിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും. മുതലാളിത്ത വ്യവസ്ഥ അത്യന്തം മനുഷ്യവിരുദ്ധവും വിനാശകരവും ആണ് എന്നുതന്നെയാണ് കൊറോണയും തെളിയിച്ചു കാട്ടുന്നത്. സോഷ്യലിസം അല്ലെങ്കിൽ കാടത്തം എന്ന പറച്ചിലിന്റെ സാംഗത്യം തന്നെയാണ് വെളിപ്പെട്ടു വരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top