13 May Thursday

കോവിഡിനും കോർപറേറ്റിനും ഇടയിൽ - ടി ഗോപകുമാർ എഴുതുന്നു

ടി ഗോപകുമാർUpdated: Wednesday Apr 28, 2021

കോവിഡ്–-19നെ നേരിടുന്നതിന് വാക്സിനുകളുമായി ശാസ്ത്രലോകം മുന്നോട്ടുവന്നത് ഏറെ ആശ്വാസദായകമാണ്. കോവിഡ് റിപ്പോർട്ട് ചെയ്ത്‌ ഏതാണ്ട് ഒരുവർഷം ആകുമ്പോൾ തന്നെ പ്രതിരോധ വാക്സിൻ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന സ്ഥിതിയുണ്ടായിയെന്നത് ചെറിയ കാര്യമല്ല. പക്ഷേ, ഇപ്പോഴും മനസ്സിലാക്കേണ്ട കാര്യം ഒരു വാക്സിനും വിപണിയിൽ വിൽക്കാനുള്ള സ്വാഭാവിക അനുമതി നേടിയിട്ടില്ല എന്നതാണ്. പത്തുവർഷം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് മനുഷ്യർക്ക് നൽകാനുള്ള അനുമതി നേടുന്നത്. എന്നാൽ, മഹാവ്യാധി മനുഷ്യകുലത്തിനുതന്നെ വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ വാക്സിൻ ഇപ്പോൾ ഉപയോഗിക്കാൻ താൽക്കാലികമായാണ് തീരുമാനിച്ചത്. യഥാർഥത്തിൽ വാക്സിന് വിലയിട്ട് വിപണിയിൽ വിൽക്കാനുള്ള അനുമതി ആർക്കുമില്ല, എമർജൻസി യൂസ് ഓതറൈസേഷൻ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അത് മറയാക്കി ഇന്ത്യയിൽ വാക്സിൻ വഴി തീവെട്ടിക്കൊള്ള നടത്താനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇതേസമയം, വാക്സിൻ ഗവേഷണത്തിൽത്തന്നെ നേരിട്ട് ഇടപെട്ട് വലിയ നിലയിൽ കോർപറേറ്റ് താൽപ്പര്യസംരക്ഷണം സാധ്യമാക്കിയ മറ്റൊരു കഥയാണ് ഇവിടെ പറയുന്നത്.

മൈക്രോസോഫ്റ്റ്‌ സ്ഥാപകനായ ബിൽ ഗേറ്റ്സ് നേതൃത്വം കൊടുക്കുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ 21 വർഷംകൊണ്ട് പോളിയോയും മലേറിയയും അടക്കമുള്ള രോഗങ്ങൾ നേരിടാനും പല രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഒക്കെയായി സംഭാവന നൽകിയത് ഏതാണ്ട് 54 ബില്യൺ ഡോളറാണ്. ഈ സംഭാവനകൾ സ്വീകരിച്ചവരിൽ സർക്കാരുകളും സർക്കാരിതര സ്ഥാപനങ്ങളും സ്ഥാപനങ്ങളും മാധ്യമങ്ങളും ഒക്കെയുണ്ട്. ലോകാരോഗ്യ സംഘടനയുടെ ബജറ്റിന്റെ 12 ശതമാനത്തിന്റെയും സ്രോതസ്സ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ്. ആഗോള ആരോഗ്യമേഖലയുടെ നയങ്ങൾക്കുമേൽ ഈ സ്ഥാപനത്തിന് ഉണ്ടാകാവുന്ന സ്വാധീനം എത്രത്തോളമാണെന്ന് ഈ തുകയുടെ വലുപ്പം വ്യക്തമാക്കുന്നു.

ഫെബ്രുവരി 11ന്‌ ജനീവയിൽ നടന്ന വിദഗ്ധരുടെ യോഗം രൂപംകൊടുത്ത ഗവേഷണ രൂപരേഖയിൽ ഇനിയങ്ങോട്ട് കോവിഡ് ഗവേഷണം എങ്ങനെ നീങ്ങണമെന്ന് വ്യക്തമാക്കിയിരുന്നു. ഒരർഥത്തിൽ, അതൊരു പ്രതീക്ഷയുടെ രേഖകൂടിയായിരുന്നു. പരസ്പര സഹകരണത്തോടെ, വിവരങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്കോടെയുള്ള ഗവേഷണം. സർക്കാരുകൾ "സഹകരണത്തെ"ക്കുറിച്ചും മരുന്ന് കമ്പനികൾ "നോ- പ്രോഫിറ്റ്" മോഡലുകളെക്കുറിച്ചും സംസാരിച്ചു. വൈറസിന്റെ ഘടന കണ്ടെത്താൻ സാധാരണ മാസങ്ങളോ വർഷങ്ങളോ എടുക്കുന്ന പഠനങ്ങൾ അന്താരാഷ്ട്രതലത്തിലെ ഒരു കൺസോർഷ്യം ആഴ്ചകൾകൊണ്ടാണ് പൂർത്തിയാക്കിയത്.


 

ഇത്തരം പ്രവർത്തനങ്ങൾ മുന്നിൽക്കണ്ട് ഉരുത്തിരിഞ്ഞുവന്നതാണ് ഓപ്പൺ കോവിഡ് എന്ന കൂട്ടായ്മ. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും ശാസ്ത്രജ്ഞരും സ്ഥാപനങ്ങളും ചേർന്ന് കോവിഡ് ഗവേഷണം ഏകോപിപ്പിക്കാനും ആവശ്യമുള്ള സാമ്പത്തികസഹായം കണ്ടെത്താനുമൊക്കെ വേണ്ടി രൂപീകരിച്ചതാണ് ഓപ്പൺ കോവിഡ്. എല്ലാ മേഖലയിലും ഒന്നിച്ചുപ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഏറെ പ്രതീക്ഷ നൽകിയ ഒരു ആശയമായിരുന്നു ഇത്.

മെയ് അവസാനത്തോടെ, പൊതുസ്ഥാപനങ്ങളും സ്വകാര്യകേന്ദ്രങ്ങളും ചേർന്ന് അറിവ് പങ്കുവച്ച് പ്രവർത്തിക്കാനുള്ള ഒരു വേദിയായി ഡബ്ല്യുഎച്ച്‌ഒയുടെ സി ടാപ്‌ നിലവിൽ വന്നു. ഇതിനുമുമ്പ്‌ ഏപ്രിലിൽത്തന്നെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ Covid-19 ACT-Accelerator എന്ന പദ്ധതി സ്ഥാപിച്ചിരുന്നു. ഔദ്യോഗികമായി ഈ ആക്സിലേറ്റർ ലോകാരോഗ്യ സംഘടനയുടെ കീഴിലാണെങ്കിലും അതിന്റെ രൂപരേഖയും നയങ്ങളും ഉദ്യോഗസ്ഥരുമടക്കം ഫൗണ്ടേഷന്റേതാണ്. സുതാര്യത ഉറപ്പാക്കാനുള്ള നിബന്ധനകൾ ഇവർക്ക് ബാധകമല്ലായിരുന്നു.

പൊതുജനാരോഗ്യമേഖലയിലെ ഗേറ്റ്സ് ഫൗണ്ടേഷന്റെ മറ്റു പ്രവർത്തനങ്ങൾ പോലെ സ്വകാര്യ പങ്കാളിത്തവും കോർപറേറ്റ് ജീവകാരുണ്യ പ്രവർത്തനവുമായിരുന്നു ഇതിന്റെയും അടിസ്ഥാനം. എന്നാൽ, സി ടാപ്പിൽനിന്ന് വ്യത്യസ്തമായി, ഇവർ അതത് കമ്പനിയുടെ ബൗദ്ധികാവകാശങ്ങൾ മാനിക്കപ്പെടേണ്ടതുണ്ടെന്ന് ശഠിച്ചു. ഇത് ഗേറ്റ്സിന്റെ ദീർഘകാലമായുള്ള നയങ്ങളുടെ തുടർച്ച തന്നെയാണ്. കോവിഡ് ചികിത്സ മുതൽ ടെസ്റ്റിങ്‌ വരെയുള്ള എല്ലാ മേഖലയിലും നിർമാണവും വിതരണവുമടക്കം അവർ സ്വാധീനിച്ചു. തങ്ങൾ കണ്ടെത്തുന്ന വാക്‌സിൻ പേറ്റന്റ് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കുമെന്ന്‌ അറിയിച്ച ഓക്സ്ഫെഡ് സർവകലാശാല ആഴ്ചകൾക്കകം ഫൗണ്ടേഷന്റെ സമ്മർദത്തിനു വഴങ്ങി ആസ്ട്രസെനെക്കയുമായി കരാറിൽ ഏർപ്പെടുകയാണ്‌ ഉണ്ടായത്. ഗേറ്റ്സ് ഫൗണ്ടേഷൻ ലക്ഷക്കണക്കിന് ഡോളറിന്റെ സംഭാവന ഓക്സ്ഫെഡ് സർവകലാശാലയ്ക്കും വാക്സിൻ പഠനങ്ങളിൽ ഏർപ്പെട്ടിരുന്ന ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിനും നൽകിയിട്ടുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് വാക്സിൻ കുത്തകാവകാശം ആസ്ട്രസെനെക്കയ്ക്ക്‌ നൽകാനുള്ള ചരടുവലി അവർ നടത്തിയത്.

സത്യത്തിൽ ഈ ആസ്ട്രസെനെക്ക വാക്‌സിൻ നിർമാണത്തിലെ വമ്പന്മാരൊന്നുമല്ല. നിലവിൽ ഒരു വാക്സിന് മാത്രമേ പേറ്റന്റുള്ളൂ. പക്ഷേ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇടപെടലിലൂടെ ഓക്സ്ഫെഡുമായി ചേർന്ന്‌ ടെസ്റ്റുകൾ നടത്താനും ലോകമാകെ അത് വിതരണം ചെയ്യാനുമുള്ള ലൈസൻസ് ആസ്ട്രസെനെക്കയ്ക്ക് കിട്ടി. ഇവർ ബ്രിട്ടനിലെ ജനങ്ങളിൽ വാക്സിൻ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ പങ്കെടുത്തവരെല്ലാം സ്വയംസന്നദ്ധരായി വന്നവരായിരുന്നു. ഒരു പ്രതിഫലവും അവർ വാങ്ങിയിട്ടില്ല.

ഈ ആക്സിലേറ്ററിന്റെ സുപ്രധാന പദ്ധതിയായ കോവാക്‌സ്‌ വഴി ഒരു ഭാഗികമായ പോംവഴിയാണ് ഫൗണ്ടേഷൻ മുന്നോട്ടുവച്ചത് - താഴ്ന്ന/ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ജനസംഖ്യയുടെ 20 ശതമാനം ജനങ്ങൾക്ക് വികസിത രാജ്യങ്ങളിൽനിന്നുള്ള സംഭാവനകൾ വഴി കുറഞ്ഞ നിരക്കിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുക. കേൾക്കുമ്പോൾ നല്ലതാണെന്ന്‌ തോന്നുമെങ്കിലും ഇതിന്റെ മറുപുറം ഇതാണ് - ബാക്കി 80 ശതമാനത്തിന് അതത് സർക്കാരുകൾ വിപണിയിലെ ലഭ്യതയും വിലയുമനുസരിച്ച് വാങ്ങേണ്ടിവരും. നിർമാണാവകാശം കുത്തകകളുടെ കൈയിൽ ഭദ്രമായിരിക്കുകയും ചെയ്യും. മഹാമാരിയുടെ ആദ്യഘട്ടത്തിൽ ഉരുത്തിരിഞ്ഞുവന്ന "ജനങ്ങളുടെ വാക്സിൻ’ എന്ന സങ്കൽപ്പത്തിന് വിപരീതമായ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തനിക്ക് ആഗോള തലത്തിൽത്തന്നെ ആരോഗ്യമേഖലയിലുള്ള സ്വാധീനം ഗേറ്റ്സ് ഉപയോഗപ്പെടുത്തിയെന്നാണ് ന്യൂസ് റിപ്പബ്ലിക്, മെയിൽ ആൻഡ് ഗാർഡിയൻ തുടങ്ങിയ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തിനിപ്പുറം ഗേറ്റ്സ് മാതൃകയിൽ പറയുന്ന ‘20 ശതമാനത്തിനുള്ള വാക്സിൻ' ലഭ്യമായിട്ടില്ല. ഈ പദ്ധതി ഉപയോഗിച്ച് നേടിയ സൽപ്പേരുപയോഗിച്ച് മരുന്നു കമ്പനികളും ലാഭകരമായ കരാറുകളുടെ വഴിക്ക്‌ പോയിക്കഴിഞ്ഞു.

ഈ സാഹചര്യത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമടക്കം 100 രാജ്യം കോവിഡ് വാക്സിനുമേലുള്ള പേറ്റന്റ് നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന് ലോക വ്യാപാരസംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ മറ്റു രാജ്യങ്ങൾ - പ്രത്യേകിച്ച് തങ്ങൾക്ക്‌ ആവശ്യമുള്ള വാക്സിൻ നേരത്തെ തന്നെ ആവശ്യത്തിലേറെ വാങ്ങിക്കൂട്ടിയ രാജ്യങ്ങൾ -എതിർത്തുതോൽപ്പിച്ചു. ഈ എതിർപ്പിനു പിന്നിലും ഗേറ്റ്സ് ഫൗണ്ടേഷൻ തന്നെയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൗദ്ധികാവകാശത്തെക്കുറിച്ചും കുത്തകകളെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചിട്ടുള്ള ചോദ്യങ്ങളോട് ഗേറ്റ്സ് അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചിരുന്നത്. ഗേറ്റ്സ് മുന്നോട്ടുവച്ച ‘നിയമങ്ങൾ മാറ്റുന്നതുകൊണ്ട് ഈ വൈകിയ വേളയിൽ ഗുണമുണ്ടാകില്ല' എന്നും ‘വാക്സിൻ നിർമിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും' എന്നുമുള്ള വാദങ്ങളും ശരിയല്ല. ആസ്ട്രസെനെക്കയുടെ വാക്സിൻ നിർമാണം പ്രയാസമേറിയതാണെങ്കിലും ഫൈസർ, മോഡേണ എന്നിവ നിർമിക്കുന്ന എം ആർഎൻഎ വാക്സിനുകൾ നിർമിക്കാൻ താരതമ്യേന എളുപ്പമാണെന്നാണ് വിദഗ്ധർ പറയുന്നത്.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രമുഖ മരുന്നുനിർമാണ കമ്പനികളിൽ വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. തന്ത്രപ്രധാന നിക്ഷേപങ്ങൾക്കായി ഫൗണ്ടേഷൻ നീക്കിവച്ചിരിക്കുന്ന രണ്ടര ബില്യൺ ഡോളറിൽനിന്ന്‌ 250 മില്യൺ ഡോളർ -ഏകദേശം 2000 കോടി രൂപയാണ് റെംഡിസിവർ നിർമിക്കുന്ന gilead, ജർമൻ വാക്സിൻ നിർമാതാക്കളായ ക്യൂർ വാക്‌ എന്നീ കമ്പനികളിൽ മാത്രം അവർ നിക്ഷേപിച്ചത്. മറ്റു കമ്പനികളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ഒരൊറ്റ വർഷംകൊണ്ട് ബിൽ ഗേറ്റ്സിന്റെ ആസ്തി വർധിച്ചത് ഏകദേശം ഒന്നരലക്ഷം കോടി രൂപയാണ് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ വലിയ വ്യാപ്തിയുള്ള ഒരു മഹാമാരിയെ നേരിടാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങൾക്കിടയിൽപ്പോലും നുഴഞ്ഞുകയറി ലാഭമുണ്ടാക്കാനുള്ള കോർപറേറ്റ് താൽപ്പര്യങ്ങളുടെ നീചമായ ഉദാഹരണമാണ്‌ ഇത്. തീർച്ചയായും സ്വതന്ത്രമായ ഗവേഷണത്തിന് അതിന്റേതായ പരിമിതികളുണ്ട്. ഓപ്പൺ സോഴ്സ് മാതൃക ഇങ്ങനെയൊരു മഹാമാരിയെ നേരിടാൻ കെൽപ്പുള്ളതാകാൻ ഇനിയും സമയമെടുത്തേക്കാം. എന്നാൽ, മൂലധനം സ്വയംപ്രവർത്തിക്കുന്ന ഒരു ഏജൻസിയായി മാറി കണക്കറ്റ ലാഭം കുന്നുകൂട്ടാനുള്ള ശ്രമമാണ്‌ ഇവിടെ നടത്തുന്നത്. മനുഷ്യജീവന്റെ കാര്യത്തിൽപ്പോലും അതിന്റെ സഹജസ്വഭാവം വിട്ട് പെരുമാറാൻ മുതലാളിത്തത്തിന് കഴിയുന്നില്ലെന്നത് എത്ര ഭീതിദമാണ്.

(ഡിഎകെഎഫ് സംസ്ഥാന ജനറൽ 
സെക്രട്ടറിയാണ് ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top