ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചിട്ടുള്ളത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആദ്യതരംഗകാലത്തേക്കാൾ കൂടുതൽ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ കേസുകൾ തൊണ്ണൂറായിരത്തോളമായിരുന്നത് ഇപ്പോൾ ഒരു ലക്ഷമായി. മഹാമാരികൾ പലപ്പോഴും നൂറ്റാണ്ടുകൾപോലും നീളുന്ന പലതരംഗങ്ങളായാണ് ആവിർഭവിച്ചിട്ടുള്ളത്. പ്ലേഗ് രണ്ടാം നൂറ്റാണ്ട്, (അന്റോണിയൻ പ്ലേഗ്), 5, 6 നൂറ്റാണ്ടുകൾ (ജസ്റ്റിനിയൻ പ്ലേഗ്), 14,19 നൂറ്റാണ്ടുകൾ (കരിമരണ കാലം), 19–-ാംനൂറ്റാണ്ട് (ഏഷ്യൻ പ്ലേഗ്) എന്നിങ്ങനെ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കോളറ പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച് ഏഴുതരംഗത്തിലായി ഇരുപതാം നൂറ്റാണ്ടുവരെ സാന്നിധ്യം അറിയിച്ചു. ഫ്ലൂ മഹാമാരി 19–-ാം നൂറ്റാണ്ടിൽ ഏഷ്യാറ്റിക്ക് റഷ്യൻ ഫ്ലൂ ആയി ആരംഭിച്ച് സ്പാനിഷ് ഫ്ലൂ (1918–-20), ഏഷ്യൻ ഫ്ലൂ (1957–-58), ഹോങ്കോങ് ഫ്ലൂ (1968–-69), പന്നിപ്പനി (2009) എന്നിങ്ങനെ അഞ്ചു തരംഗത്തിലൂടെയാണ് കടന്നുപോയത്. വ്യക്തമായ ശാസ്ത്രീയ വിജ്ഞാനത്തിന്റെ അഭാവവും ഉചിതമായ രോഗനിർണയ ഉപാധികളും മരുന്നുകളും വാക്സിനുകളും ലഭ്യമല്ലാതിരുന്നതുകൊണ്ടുമാണ് പഴയകാല മഹാമാരികൾ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.
കോവിഡ് വ്യാപനം ഇന്ത്യയിൽ
2020 ജനുവരിയിൽ കേരളത്തിലാണ് കോവിഡ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് മറ്റ് മിക്ക സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. 2020 ജൂണിൽ അഞ്ച് ലക്ഷം കേസുമായി ബ്രിട്ടനെ മറികടന്ന് അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം രോഗികളുള്ള നാലാമത്തെ രാജ്യമായി. 2020 ഡിസംബർ അവസാനത്തോടെ ഇന്ത്യയിൽ ഒരു കോടിയിലേറെ (10, 207, 871) രോഗികളും ഒന്നരലക്ഷത്തിനടുത്ത് (147, 901 )മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് റഷ്യയെയും മറികടന്ന് 2021 ഓടെ ഏറെ രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ, ദശലക്ഷം പേരിൽ, രോഗികളുടെയും മരണമടയുന്നവരുടെയും കണക്കെടുത്താൽ അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളേക്കാൾ ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയിലാണെന്ന് കാണാം. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ലോക ശരാശരിയേക്കാളും (2,17) ബ്രസീൽ (2.44), അമേരിക്ക (1.81) എന്നീ രാജ്യങ്ങളേക്കാളും 1.38 എന്ന നിലയിൽ കുറഞ്ഞിരുന്നു.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളായിരുന്നു ഏറ്റവുമധികം രോഗികളുള്ള ആദ്യ പത്ത് സംസ്ഥാനം. രോഗികളുടെയും മരണത്തിന്റെയും എണ്ണത്തിൽ മഹാരാഷ്ട്രയായിരുന്നു മുന്നിൽ. നഗരങ്ങളിൽ മൊത്തം കേസുകളിൽ പകുതിയും കാണപ്പെട്ടത് ഡൽഹി, പുണെ, മുംബൈ, താണെ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, നാഗ്പുർ എന്നീ നഗരങ്ങളിലായിരുന്നു. മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും 2020 ഡിസംബറോടെ രോഗികളുടെ എണ്ണം കുറഞ്ഞുവന്നെങ്കിലും കേരളത്തിൽമാത്രം വർധിച്ചു. ഫെബ്രുവരിയോടെ കേരളത്തിൽ കുറഞ്ഞെങ്കിലും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വീണ്ടും വർധനയുണ്ടായി. ഇപ്പോൾ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെങ്കിലും രോഗത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
രണ്ടാം വ്യാപനം വിദേശത്ത്
മറ്റ് മഹാമാരികളുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേന വ്യാപനസാധ്യത കൂടുതലുള്ളതാണ് കോവിഡ്. എന്നാൽ, മരണനിരക്ക് ആപേക്ഷികമായി കുറവുമാണ്. ആഗോളാന്തരയാത്രകൾ മുൻകാലങ്ങളേക്കാൾ വളരെ വർധിച്ചിട്ടുള്ളതുകൊണ്ട് പകർച്ചാനിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. ആദ്യഘട്ടത്തിലെ യാത്രാവിലക്ക് നീക്കിയതോടെ രോഗവ്യാപന സാധ്യത വർധിച്ചു. 2020 മെയ്, ജൂൺ മാസത്തോടെ മിക്ക വികസിത രാജ്യങ്ങളിലും രോഗവ്യാപനം കുറഞ്ഞുവന്നെങ്കിലും ശൈത്യകാലം ആരംഭിച്ചതോടെ 2020 സെപ്തംബർ, ഒക്ടോബറോടെ രണ്ടാം തരംഗം ആരംഭിച്ചു. ബെൽജിയം, ബ്രിട്ടൻ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, ജർമനി തുടങ്ങിയ രാജ്യങ്ങളിലാണ് അത് കൂടുതലായി പ്രത്യക്ഷമായത്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചും സമ്പർക്കാന്വേഷണം ത്വരിതപ്പെടുത്തിയും മാസ്ക് ധരിക്കലും സാമൂഹ്യദൂരം പാലിക്കലും കർശനമായി നടപ്പാക്കിയും വിവിധ മേഖലകളിൽ പൂർണമായോ ഭാഗികമായോ ലോക്ഡൗൺ പുനഃസ്ഥാപിച്ചും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയുമാണ് മിക്ക രാജ്യങ്ങളും രണ്ടാം തരംഗത്തെ നേരിട്ടത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണനിരക്ക് വർധിച്ചിട്ടില്ല. കൂടുതൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതോടെയാണ് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞത്. 2021 ജനുവരി അവസാനത്തോടെ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് കണ്ടുതുടങ്ങി. ആദ്യഘട്ടത്തിൽ ലോക കോവിഡ് മരണനിരക്ക് അഞ്ചിൽ കൂടുതലായിരുന്നത് പിന്നീട് കുറഞ്ഞുവരികയും 2021 മാർച്ചോടെ രണ്ട് ശതമാനത്തിനടുത്തായി കുറയുകയുംചെയ്തു. മിക്ക രാജ്യങ്ങളിലും വാക്സിൻ വിതരണം ആരംഭിച്ചിട്ടുള്ളതുകൊണ്ട് ഇനിയൊരു രോഗവർധന ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, വിദേശരാജ്യങ്ങളിൽ രണ്ടാം തരംഗം അവസാനിച്ചു കഴിഞ്ഞാണ് ഇന്ത്യയിൽ ആരംഭിച്ചിട്ടുള്ളത്.
വൈറസ് ജനിതകമാറ്റം
രണ്ടാം തരംഗത്തിന്റെ മറ്റൊരു പ്രധാന കാരണം കോവിഡ് വൈറസിന്റെ ജനിതകമാറ്റമാണ്. കോവിഡിന് കാരണമായ സാർഴ്സ് കൊറോണ വൈറസ് 2 ആർഎൻഎ വൈറസായതുകൊണ്ട് ജനിതകമാറ്റങ്ങളിലൂടെ വിവിധ ഭിന്നതരം വൈറസുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ വ്യത്യസ്ത ജനിതകഘടനയുള്ള മൂന്നുതരം വൈറസുകൾ കണ്ടെത്തി. ബ്രിട്ടനിൽ നിന്നാണ് ആദ്യത്തെ ബി.1.1.7 എന്ന ഭിന്നതരം വൈറസ് സെപ്തംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പകർച്ചാനിരക്കും മരണസാധ്യതയും കൂടുതലുള്ള വൈറസാണിതെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്നാലിത് സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. പിന്നീട് ഡിഡംബറിൽ അമേരിക്കയിലും ഇന്ത്യയടക്കം പല രാജ്യങ്ങളിലും ബ്രിട്ടീഷ് വൈറസ് പ്രത്യക്ഷപ്പെട്ടു. ബി.1.351 എന്ന രണ്ടാമത്തെ ഭിന്നതരം വൈറസ് ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിൽ കാണപ്പെട്ടു. 2021 ജനുവരിയിൽ ഇത്തരം വൈറസുകൾ അമേരിക്കയിലും പ്രത്യക്ഷപ്പെട്ടു. ബ്രസീലിൽനിന്ന് ജപ്പാനിലെത്തിയ ചില യാത്രക്കാരിലാണ് പി.1 എന്ന മൂന്നാമത്തെ ഭിന്നതരം വൈറസ് എയർപോർട്ട് സ്ക്രീനിങ്ങിനിടെ യാദൃച്ഛികമായി കാണാൻ കഴിഞ്ഞത്. ഇപ്പോൾ ലഭ്യമായ വാക്സിനുകൾ എല്ലാംതന്നെയും ഈ മൂന്നു ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധ ശേഷിയുണ്ടാക്കുമെന്നാണ് നിഗമനം. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിയതോടെ മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലും ഇത്തരം വൈറസുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സിഎസ്ഐആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2–-ൽ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണീകരണം നടത്താനും അവയുടെ വംശാവലി ഉപവിഭാഗം എ2എ ആണെന്ന് നിർണയിക്കാനും സാധിച്ചു. വിദേശ വംശാവലിയിൽപ്പെട്ട രോഗാണുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, എ2എ ഉപവിഭാഗം രോഗവ്യാപന സാധ്യത കൂടുതലുള്ളതാണ്.
രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകേണ്ടതുണ്ട്. കുറച്ചുപേർ മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് വാക്സിനേഷൻവഴിയുള്ള രോഗപ്രതിരോധ ശേഷിയിൽനിന്ന് രക്ഷപ്പെടാനായി ജനിതകമാറ്റത്തിന് വിധേയമായി കൂടുതൽ തീവ്ര സ്വഭാവം കൈവരിക്കും. വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽപ്പോലും രോഗത്തിന് കാരണമാകും. മാത്രമല്ല, വീണ്ടും രോഗതരംഗം സമൂഹത്തിലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യപ്രവർത്തകർ ആദ്യംതന്നെ വാക്സിൻ സ്വീകരിക്കുന്നതുകൊണ്ടും അവർ കോവിഡ് രോഗികളുമായി ഇടപെടേണ്ടിവരുന്നതുകൊണ്ടും എസ്കേപ്പ് മ്യൂട്ടൻസ് ആദ്യമുണ്ടാകാനുമിടയുണ്ട്.
കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ
കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പിന്തുടർന്നു വരുന്നതിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടാകാവുന്ന തളർച്ചയ്ക്കും അലംഭാവത്തിനും ജനങ്ങൾ വിധേയരാകുന്നത് രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന കാരണമായിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. മരണനിരക്ക് കുറഞ്ഞിരിക്കുന്നതും വാക്സിനേഷൻ ആരംഭിച്ചതുമൂലമുണ്ടായ സുരക്ഷിതബോധവും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ അവഗണിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, രോഗവ്യാപനം വർധിച്ചാൽ മരണനിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, മരണസാധ്യതയില്ലാത്തവർപോലും കോവിഡാനന്തര രോഗങ്ങൾക്ക് വിധേയരാകുകയും ചെയ്യും. സാമ്പത്തിക മേഖലയിലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തൊഴിൽനഷ്ടത്തിലേക്കും വലിയ സാമൂഹ്യ അസമത്വങ്ങളിലേക്കും നയിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടർന്ന് അടച്ചിടേണ്ടിവരും.
ഇനി എന്ത്?
രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി കോവിഡ് വാക്സിൻ വിതരണം ത്വരിതപ്പെടുത്തുകയും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്. 60 ശതമാനം പേർക്കെങ്കിലും വാക്സിൻ ലഭ്യമാക്കി ഹേർഡ് ഇമ്യൂണിറ്റി അതിവേഗം വികസിപ്പിച്ചെടുക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതുണ്ട്. കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിലായി ആരംഭിക്കണം.
രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ആവശ്യാനുസരണം ലോക്ഡൗണിനോ കണ്ടെയ്ൻമെന്റ് സോണുകൾക്കോ വിധേയമാക്കേണ്ടിവരും. കേരളത്തിൽ വിജയകരമായി പ്രയോഗിച്ചുവരുന്ന ബ്രേക്ക് ദ ചെയിൻ (മാസ്ക്, കൈകഴുകൽ, ശരീരദൂരം പാലിക്കൽ) ക്യാമ്പയിൻ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കേണ്ടതാണ്. ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങൾ, ആൾക്കൂട്ട സ്ഥലങ്ങൾ, അടുത്ത ബന്ധപ്പെടൽ എന്നിവ കർശനമായി ഒഴിവാക്കിക്കൊണ്ടുള്ള 3 സി (3ഇ) നടപടികൾ പലരാജ്യങ്ങളും സ്വീകരിച്ചതുകൊണ്ടാണ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കഴിഞ്ഞത് എന്ന് മനസ്സിലാക്കി ജാഗ്രത കാട്ടേണ്ടതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..